സര്‍ക്കാര്‍ ബജറ്റ് അവതരിപ്പിച്ചില്ല- വി.എസ്.

Posted on: 14 Mar 2015

തിരുവനന്തപുരം: സര്‍ക്കാര്‍ ബജറ്റ് അവതരിപ്പിച്ചിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍. ബജറ്റ് അവതരിപ്പിക്കുമെന്ന മാണിയുടെ ശപഥം നിറവേറ്റപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു. നാണംകെട്ട് നിയമസഭയുടെ മീഡിയ റൂമില്‍ ബജറ്റ് വായിക്കേണ്ട ഗതികേടാണ് അഴിമതിവീരന്‍ മാണിക്കുണ്ടായത്. നിയമസഭയില്‍ തുടരാന്‍ നിയമപരമായോ ധാര്‍മികമായോ മാണിക്ക് അവകാശമില്ലെന്നും വി.എസ്. പറഞ്ഞു.

ചട്ടങ്ങള്‍ അനുസരിച്ചല്ല മാണി ബജറ്റ് അവതരിപ്പിച്ചത്. ചട്ടപ്രകാരം സ്പീക്കര്‍ ചെയറിലിരുന്ന് ധനമന്ത്രിയെ ബജറ്റ് അവതരിപ്പിക്കാന്‍ ക്ഷണിക്കണം. അതുണ്ടായിട്ടില്ല. നിയമസഭയുടെ ഏതോ മൂലയിലിരുന്ന് മാണി എന്തോ പുലമ്പുകയായിരുന്നു. മാണിയുടെ പതിവ് കസേരയില്‍ കൊണ്ടോട്ടി എം.എല്‍.എ. മുഹമ്മദുണ്ണി ഹാജി കുത്തിയിരിക്കുന്നതാണ് കണ്ടത്. നിയമസഭാ നടപടികള്‍ റെക്കോഡ്‌ചെയ്തിട്ടില്ലെന്നും വി.എസ്.അച്യുതാനന്ദന്‍ ആരോപിച്ചു.

ഡൊമിനിക് പ്രസന്റേഷന്‍, ശിവദാസന്‍ നായര്‍ എന്നിവരടക്കമുള്ള ഭരണപക്ഷ എം.എല്‍.എ.മാരും വാച്ച് ആന്‍ഡ് വാര്‍ഡും നടത്തിയ ആക്രമണത്തില്‍ 20 പ്രതിപക്ഷ എം.എല്‍.എ.മാര്‍ക്ക് പരിക്കേറ്റു. വനിതാ എം.എല്‍.എ.യെ ശിവദാസന്‍നായര്‍ കാല്‍മുട്ടുകൊണ്ട് ഇടിച്ചു. മറ്റൊരംഗത്തെ ജാതിപ്പേര് പറഞ്ഞ് ആക്ഷേപിച്ചു. പ്രതിപക്ഷ സമരത്തോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് സമരംചെയ്ത പ്രവര്‍ത്തകരെ അടിച്ചും വെടിവെച്ചുമാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നേരിട്ടതെന്നും വി.എസ്. പറഞ്ഞു.

സഭാചരിത്രത്തില്‍ കറുത്തദിനം സമ്മാനിച്ചതിന്റെ ഉത്തരവാദിത്വം മുഖ്യമന്ത്രിക്കും മന്ത്രി മാണിക്കുമാണെന്ന് പത്രസമ്മേളനത്തില്‍ പങ്കെടുത്ത മാത്യു ടി.തോമസ് പറഞ്ഞു. ദുരഭിമാനം കാട്ടിയ മാണി സഭാചട്ടപ്രകാരം ബജറ്റ് അവതരിപ്പിച്ചിട്ടില്ല. വാച്ച് ആന്‍ഡ് വാര്‍ഡിനെ സഭയ്ക്കുള്ളില്‍ നിയോഗിക്കില്ലെന്ന് പറയുന്നവര്‍ വ്യാഴാഴ്ച രാവിലെ 11 മുതല്‍ അവരെ സഭയില്‍ നിയോഗിച്ചിരിക്കുകയായിരുന്നു. 20ലേറെ എം.എല്‍.എ.മാര്‍ ആശുപത്രിയിലായിട്ട് ഖേദം പ്രകടിപ്പിക്കാന്‍പോലും മുഖ്യമന്ത്രി തയ്യാറായിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.



1
budget full

 

ga