2008 ന് മുമ്പ് നികത്തിയ നെല്‍വയലുകള്‍ നിശ്ചിത ഫീസ് ഒടുക്കിയാല്‍ നിയമവിധേയമായി ക്രമവത്കരിക്കും. ഇതിനാവശ്യമായ നിയമഭേദഗതി കൊണ്ടുവരുമെന്ന് ധനമന്ത്രി കെ.എം. മാണി ബജറ്റില്‍ പ്രഖ്യാപിച്ചു. കേരള നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ ആക്ട് നിലവില്‍ വന്ന 2008 ന് മുമ്പ് നികത്തിയ നെല്‍വയലുകള്‍ക്ക് അംഗീകാരം നല്‍കാനാണ് തീരുമാനം. ഇതേസ്ഥലത്ത് നികത്തിയ സമാനഭൂമിയുടെ പ്രഖ്യാപിത ന്യായവിലയുടെ 25 ശതമാനം ഫീസ് ഒടുക്കിയാല്‍ ഇത് അംഗീകരിച്ചുനല്‍കും. ഇതുവഴി 150 കോടി രൂപ സമാഹരിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.
നിലമ്പൂരില്‍ മിനി സിവില്‍ സ്റ്റേഷന്‍ നിര്‍മിക്കാന്‍ 50 ലക്ഷം രൂപയും ബജറ്റില്‍ വകയിരുത്തി.
ലീഗല്‍ മെട്രോളജി വകുപ്പില്‍ ജീവനക്കാരുടെ കാര്യക്ഷമത വര്‍ധിപ്പിക്കാനുള്ള പദ്ധതികള്‍ക്കായി 2.75 കോടി നീക്കിവെച്ചു. സേവനം മെച്ചപ്പെടുത്താനായി നടപ്പാക്കുന്ന ലീഗല്‍ മെട്രോളജി മാനേജ്‌മെന്റ് സിസ്റ്റം എന്ന പദ്ധതിക്കായി ഒരു കോടിയും അനുവദിച്ചിട്ടുണ്ട്.
കോഴിക്കോട്, കൊച്ചി ഇന്‍ഫോ പാര്‍ക്ക്, തൃശ്ശൂര്‍ എന്നിവിടങ്ങളില്‍ സൈബര്‍ പോലീസ് സ്റ്റേഷനുകള്‍ സ്ഥാപിക്കും.
ഹൈബ്രിഡ് ഫയര്‍ ടെന്ററുകള്‍ നിലവിലുളള മുനിസിപ്പല്‍ സ്റ്റേഷനുകളില്‍ സാറ്റലൈറ്റ് ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സ്റ്റേഷനുകള്‍ സ്ഥാപിക്കും. വിജിലന്‍സിന്റെ ഇടുക്കി ജില്ലാ യൂണിറ്റുകള്‍ക്ക് കെട്ടിടം നിര്‍മിക്കാന്‍ മൂന്നുകോടി വകയിരുത്തി. ഇ-ഗവേണന്‍സ് നടപ്പാക്കാന്‍ രണ്ടുകോടി വകയിരുത്തി.
ഒ.ചന്ദുമേനോന്റെ ഓര്‍മയ്ക്കായി പരപ്പനങ്ങാടിയില്‍ രണ്ടുകോടി ചെലവില്‍ കോടതിസമുച്ചയം നിര്‍മിക്കും. കട്ടപ്പനയില്‍ കോടതി സമുച്ചയത്തിനും രണ്ടുകോടി നീക്കി െവച്ചിട്ടുണ്ട്. പോലീസ് വകുപ്പിന് പദ്ധതിയേതര വിഹിതമായി ബജറ്റില്‍ 3042.63 കോടി വകയിരുത്തി. ഉദ്യോഗസ്ഥരുടെ കാര്യശേഷി വര്‍ധിപ്പിക്കല്‍, പൊതുസേവന ഗുണമേന്മ വര്‍ധിപ്പിക്കല്‍ എന്നിവയ്ക്കായി 26.50 കോടിയും നീക്കിവെച്ചിട്ടുണ്ട്.