തിരുവനന്തപുരം: നിയമസഭാചട്ടങ്ങളനുസരിച്ച് സഭയില്‍ ധനമന്ത്രി കെ.എം.മാണി ബജറ്റ് അവതരണം നിര്‍വഹിച്ചുവെന്ന് നിയമസഭാ സ്പീക്കര്‍ എന്‍.ശക്തന്‍. 'എന്റെ ക്ഷണം ലഭിച്ച ശേഷമാണ് മന്ത്രി കെ.എം.മാണി ബജറ്റ് പ്രസംഗം തുടങ്ങിയത്. സഭയുടെ ഡയസിലേക്ക് എന്നെ കയറ്റാതിരിക്കാന്‍ പ്രതിപക്ഷം ശ്രമിച്ചെങ്കിലും വാച്ച് ആന്‍ഡ് വാര്‍ഡിന്റെ സഹായത്തോടെ ഡയസില്‍ പ്രവേശിച്ച ഞാന്‍, ധനമന്ത്രിയെ ബജറ്റ് അവതരിപ്പിക്കാന്‍ ക്ഷണിച്ചു. എന്റെ മുന്നിലെ മൈക്ക് തകര്‍ക്കുകയും മേശപ്പുറത്ത് പ്രതിപക്ഷാംഗങ്ങള്‍ ഇരിപ്പുറപ്പിക്കുകയും ചെയ്തതിനാല്‍ ഞാന്‍ എഴുന്നേറ്റുനിന്നാണ് ധനമന്ത്രിയോട് ബജറ്റ് അവതരിപ്പിക്കാന്‍ അഭ്യര്‍ത്ഥിച്ചത്. ഇതിനുശേഷം ബജറ്റ് അവതരണം തുടങ്ങാന്‍ ഞാന്‍ കൈയുയര്‍ത്തി ആംഗ്യം കാട്ടി. തുടര്‍ന്ന് ധനമന്ത്രി ബജറ്റ് പ്രസംഗം അവസാനിപ്പിക്കുന്നതുവരെ ഞാന്‍ സഭയുടെ അധ്യക്ഷസ്ഥാനത്തുണ്ടായിരുന്നു. സഭ ഇപ്പോള്‍ പിരിയുന്നതും തിങ്കളാഴ്ച സമ്മേളിക്കുന്നതുമാണെന്ന് പ്രഖ്യാപിച്ച ശേഷമാണ് സ്പീക്കറുടെ ചേംബറിലേക്ക് മടങ്ങിയത്' -നിയമസഭാ സ്പീക്കര്‍ പത്രസമ്മേളനത്തില്‍ വിശദീകരിച്ചു.
സഭയില്‍ ചട്ടപ്രകാരം മാണി ബജറ്റ് അവതരണം നടത്തിയിട്ടില്ലെന്ന വാദം പ്രതിപക്ഷം ഉയര്‍ത്തിയ പശ്ചാത്തലത്തിലാണ് സ്പീക്കര്‍ ഇക്കാര്യം വിശദീകരിച്ചത്.
ബജറ്റ് അവതരിപ്പിക്കുകയെന്നത് ഭരണഘടനാപരമായ ബാദ്ധ്യതയാണ്. അതിന് സൗകര്യമൊരുക്കുകയെന്നത് സ്പീക്കറുടെ ഉത്തരവാദിത്വമാണ്. എന്നാല്‍, സഭയിലരങ്ങേറിയ സംഭവങ്ങള്‍ 125 വര്‍ഷത്തെ ചരിത്രത്തില്‍ ഇതുവരെയില്ലാത്തതാണ്. സഭയുടെ അദ്ധ്യക്ഷവേദി തകര്‍ക്കുകയും സ്പീക്കറുടെ കസേര എടുത്തെറിയുകയും ചെയ്തു. കമ്പ്യൂട്ടര്‍, മൈക്ക് എന്നിവയും തകര്‍ത്തു. ഇതുസംബന്ധിച്ച് നിയമസഭാ സെക്രട്ടേറിയറ്റ് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍, നശിപ്പിച്ചവരുടെ പേരുകള്‍ നല്‍കിയിട്ടില്ല. ഔദ്യോഗിക ടി.വി. സംവിധാനവും ചാനല്‍ദൃശ്യങ്ങളും പരിശോധിച്ച് പോലീസുതന്നെ അക്കാര്യം കണ്ടെത്തുമെന്നും അനന്തരനടപടി സ്വീകരിക്കുമെന്നും സ്പീക്കര്‍ പറഞ്ഞു.
പോലീസ് അന്വേഷണത്തിനുപുറമെ മറ്റെന്തെങ്കിലും അച്ചടക്കനടപടി സ്വീകരിച്ചിട്ടുണ്ടോയെന്ന ചോദ്യത്തിന് ഇതുവരെയില്ലെന്നായിരുന്നു മറുപടി. നടപടി സംബന്ധിച്ച് ആവര്‍ത്തിച്ചുള്ള ചോദ്യങ്ങള്‍ക്ക് നടപടി പ്രഖ്യാപിക്കേണ്ടത് സഭയിലാണെന്നും നടപടിയുണ്ടെങ്കില്‍ സഭയില്‍ പ്രഖ്യാപിക്കുമെന്നും സ്പീക്കര്‍ മറുപടി നല്‍കി.
സഭയില്‍ കഴിഞ്ഞ ദിവസമുണ്ടായ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ വെള്ളിയാഴ്ച രാവിലെ 8.30ന് പ്രതിപക്ഷനേതാക്കളെ താന്‍ ചര്‍ച്ചയ്ക്ക് ക്ഷണിച്ചിരുന്നു. ബജറ്റ് അവതരണത്തിന് സൗകര്യമൊരുക്കേണ്ടത് സ്പീക്കറുടെ ഉത്തരവാദിത്വമാണെന്നും എന്നാല്‍, സഭയില്‍ വാച്ച് ആന്‍ഡ് വാര്‍ഡിനെ വിളിക്കാന്‍ ഉദ്ദേശ്യമില്ലെന്നും അവരെ അറിയിച്ചു. ബജറ്റ് അവതരണം തടയാന്‍ ഏതുരീതിയിലും ശ്രമിക്കുമെന്ന് അവര്‍ പറഞ്ഞു. ഇതിനുശേഷമാണ് വാച്ച് ആന്‍ഡ് വാര്‍ഡിനെ കവാടത്തില്‍ നില്‍ക്കാന്‍ അനുവദിച്ചത്.
8.55ന് ആദ്യ ബെല്‍ മുഴങ്ങുന്നതിന് തൊട്ടുമുമ്പ് സ്പീക്കറുടെ ഡയസിലേക്ക് പ്രതിപക്ഷാംഗങ്ങള്‍ തള്ളിക്കയറി എല്ലാം തച്ചുതകര്‍ത്തു. അദ്ധ്യക്ഷവേദിയിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ച തന്നെ ബലംപ്രയോഗിച്ച് തടഞ്ഞു. വാച്ച് ആന്‍ഡ് വാര്‍ഡിന്റെ സഹായത്തോടെയാണ് വേദിയിലേക്ക് കടക്കാനായത്. സ്പീക്കറുടെ കസേര എടുത്തെറിഞ്ഞതുകാരണം മറ്റൊരു കസേര കൊണ്ടുവന്നാണ് ഇരുന്നതെന്നും എന്‍.ശക്തന്‍ പറഞ്ഞു.
മന്ത്രി കെ.എം.മാണി മറ്റൊരു മന്ത്രിയുടെ സീറ്റിലിരുന്നാണ് ബജറ്റ് അവതരിപ്പിച്ചതെന്നത് ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍, എം.എല്‍.എ.മാരുടെ സീറ്റുകള്‍ നിശ്ചയിക്കുന്നത് സ്പീക്കറാണെങ്കിലും മന്ത്രിമാരുടെ സീറ്റുകള്‍ നിര്‍ദ്ദേശിക്കുന്നത് മുഖ്യമന്ത്രിയാണെന്നും ധനമന്ത്രിയുടെയും സഹകരണമന്ത്രിയുടെയും സീറ്റുകള്‍ പരസ്പരം മാറ്റണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുെന്നന്നും അതനുസരിച്ച് സീറ്റുകള്‍ മാറ്റിയെന്നുമായിരുന്നു മറുപടി.