മാണി കേരളത്തിന് അപമാനം- പിണറായി വിജയന്‍

Posted on: 14 Mar 2015

തിരുവനന്തപുരം: ബജറ്റ് പണം കൊയ്യാനുള്ള അവസരമായിക്കണ്ട മന്ത്രി കെ.എം.മാണി കേരളത്തിന് അപമാനമാണെന്ന് സി.പി.എം. പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ പറഞ്ഞു. എല്‍.ഡി.എഫിന്റെ നിയമസഭാ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മാണിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത് ഉമ്മന്‍ചാണ്ടിയുടെ സര്‍ക്കാരാണ്. ബജറ്റ് മാണി അവതരിപ്പിക്കാന്‍ പാടില്ലെന്ന എല്‍.ഡി.എഫ്. നിലപാട് തെറ്റാണെന്ന് ജനാധിപത്യവിശ്വാസികളാരും പറയില്ല.
നിയമങ്ങള്‍ മറികടന്ന് മാണിയെ സംരക്ഷിക്കാനാണ് ഉമ്മന്‍ചാണ്ടിയുടെ ശ്രമം. നിയമങ്ങളും ജനാധിപത്യരീതികളും തനിക്ക് ബാധകമല്ലെന്നാണ് ഉമ്മന്‍ചാണ്ടിയുടെ നിലപാട്. മാണിയെ തൊടാന്‍ ധൈര്യമില്ലാത്ത നേതാവായി ഉമ്മന്‍ചാണ്ടി അധഃപതിച്ചുവെന്നും പിണറായി ആരോപിച്ചു.
ജനാധിപത്യത്തിലെ കറുത്ത അധ്യായമായി ബജറ്റ് അവതരണം മാറിയെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. ബജറ്റ് അവതരിപ്പിക്കേണ്ടത് ഭരണഘടനാബാധ്യതയാണ്. എന്നാല്‍ അഴിമതിക്കേസില്‍ പ്രതിയായ മാണി അത് അവതരിപ്പിക്കാന്‍ പാടില്ലെന്നതായിരുന്നു സി.പി.ഐയുടെ നിലപാടെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.
എല്‍.ഡി.എഫ്. കണ്‍വീനര്‍ വൈക്കം വിശ്വന്‍, പന്ന്യന്‍ രവീന്ദ്രന്‍, എം.വിജയകുമാര്‍, കെ.ഇ.ഇസ്മയില്‍, കടകംപള്ളി സുരേന്ദ്രന്‍, എം.സ്വരാജ്, കടന്നപ്പളളി രാമചന്ദ്രന്‍, ഉഴവൂര്‍ വിജയന്‍, വി.സുരേന്ദ്രന്‍ പിള്ള, ബാബു ദിവാകരന്‍ എന്നിവര്‍ പ്രസംഗിച്ചു.



1
budget full

 

ga