തിരുവനന്തപുരം: സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ പണം വകയിരുത്തിയെന്ന കേന്ദ്രത്തിന്റെ വാദം അസത്യത്തെ മൂടിവെക്കലാണെന്ന് മന്ത്രി കെ.എം.മാണി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.
കൂടുതല്‍ നികുതി വിഹിതം കൈമാറിയെന്ന് അവകാശപ്പെടുമ്പോഴും കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ വെട്ടിക്കുറച്ചത് സംസ്ഥാനത്തെ സാമ്പത്തിക സമ്മര്‍ദത്തിലാക്കുന്നു. എട്ട് കേന്ദ്ര പദ്ധതികളാണ് നിര്‍ത്തലാക്കിയത്. ഇരുപത് പദ്ധതികളില്‍ കേന്ദ്രവിഹിതം പകുതിയാക്കി. പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്ക് പ്രയോജനം ലഭിക്കുന്ന പല പദ്ധതികളും തുടര്‍ന്ന് നടത്താന്‍ ധനകാര്യ കമ്മീഷന്റെ വിഹിതം വിനിയോഗിക്കേണ്ടിവരും. ഇത് വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പണമില്ലാതാക്കും.
എന്നാല്‍ റവന്യൂ കമ്മി നികത്തുന്നതിന് 9,519 കോടി രൂപ അനുവദിച്ചത് സ്വാഗതാര്‍ഹമാണ്. എന്നാല്‍ ഇതിന്റെ നിബന്ധനയുടെ ഭാഗമായി കര്‍ശനമായ സാമ്പത്തിക അച്ചടക്കം പാലിക്കേണ്ടിവരും. മാന്ദ്യത്തിന്റെ ആഘാതത്തില്‍ നിന്ന് സംസ്ഥാനത്തെ കരകയറ്റാന്‍ ഈ പണം ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇത്തവണ മുതല്‍ മുന്‍ വര്‍ഷങ്ങളില്‍ പ്രഖ്യാപിച്ച പദ്ധതികള്‍ക്ക് മതിയായ ബജറ്റ് വിഹിതം വകയിരുത്തിയ ശേഷമേ പുതിയ പദ്ധതികള്‍ ഏറ്റെടുക്കുകയുള്ളൂ. വകുപ്പുകള്‍ മാര്‍ച്ച് 31 ന് മുമ്പ് ചെലവാക്കാത്ത തുക ഇലക്ട്രോണിക് ലഡ്ജര്‍ അക്കൗണ്ടിലേക്ക് മാറ്റും. സപ്തംബര്‍ 30 വരെ ആവശ്യാനുസരണം ഇത് ചെലവാക്കാം. തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള തുകയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തില്ലെന്നും മന്ത്രി പറഞ്ഞു.
തിരുവനന്തപുരം: പ്രത്യേകം ശ്രദ്ധ ലഭിക്കേണ്ട ഏഴ് മേഖലകള്‍ മന്ത്രി മാണി അവതരിപ്പിച്ചു. ഈ മേഖലകളിലെ പദ്ധതികള്‍ക്ക് മേല്‍നോട്ടം നല്‍കാന്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ ഉപസമിതികള്‍ രൂപവത്കരിക്കും. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ വകുപ്പ് സെക്രട്ടറിമാരെ ഉള്‍പ്പെടുത്തി ഉന്നതാധികാര സമിതിക്കും രൂപം നല്‍കും.
കാര്‍ഷിക മേഖല, അടിസ്ഥാന സൗകര്യ വികസനം, സമ്പൂര്‍ണ ആരോഗ്യ കേരളം, വിരല്‍ത്തുമ്പില്‍ സേവനവുമായി ഡിജിറ്റല്‍ കേരള, എല്ലാവര്‍ക്കും പാര്‍പ്പിടം, വ്യവസായ തൊഴില്‍ സംരംഭങ്ങള്‍, ക്ഷേമ പ്രവര്‍ത്തനങ്ങള്‍ എന്നിവയാണ് ഈ മേഖലകള്‍.