ഒരുപാടു വര്‍ഷങ്ങളായി കേള്‍ക്കുന്നൊരുകാര്യമുണ്ട്: സ്ത്രീകള്‍ക്ക് സാമ്പത്തികസ്വാതന്ത്ര്യമുണ്ടെങ്കില്‍ സ്ത്രീപ്രശ്‌നം പരിഹരിക്കാം. എന്നാല്‍, ഈയടുത്തകാലത്ത് സ്ത്രീകള്‍ ചോറിനും പേറിനും പുറമേ സാമ്പത്തികാവശ്യങ്ങള്‍ക്കുവേണ്ടിയും നിര്‍ബന്ധമായി ഇടപെടേണ്ടിവന്നു.
തൊഴില്‍നിയമമനുസരിച്ച് തൊഴിലാളികള്‍ക്ക് എട്ടുമണിക്കൂര്‍ ജോലി, എട്ടുമണിക്കൂര്‍ വിനോദം, എട്ടുമണിക്കൂര്‍ വിശ്രമം ആണ്. എന്നാല്‍, അസംഘടിതമേഖലയിലെ മിക്ക തൊഴിലാളിസ്ത്രീകള്‍ക്കും വിശ്രമത്തിനും വിനോദത്തിനും അവകാശമില്ല. മനുഷ്യരെന്ന പരിഗണനയോ തൊഴിലാളിയെന്ന പരിഗണനയോ ഇല്ല.
ഏതാനും വര്‍ഷംമുമ്പ് (20052006) കോഴിക്കോട് മിഠായിത്തെരുവിലെ കടകളില്‍ പുരുഷതൊഴിലാളികള്‍ക്കു പകരം സ്ത്രീത്തൊഴിലാളികള്‍ ജോലിക്കെത്തി; റെഡിമെയ്ഡ് ഷോപ്പ്, ഫാന്‍സി ഷോപ്പ്, ചെരുപ്പുകട, ടെക്‌സ്‌റ്റൈല്‍ ഷോപ്പ്, പാത്രക്കട, സൂപ്പര്‍മാര്‍ക്കറ്റ് തുടങ്ങിയ സ്ഥാപനങ്ങളില്‍. എന്നാല്‍, ഇവര്‍ക്കു മൂത്രമൊഴിക്കാനുള്ള സംവിധാനമില്ല; ഉണ്ടെങ്കില്‍ത്തന്നെ അനുവാദമില്ല. രാവിലെ 9.30മണിക്ക് ജോലിക്കു കടയിലെത്തിയശേഷം രാത്രി 89മണിക്ക് വീട്ടിലെത്തിയാല്‍മാത്രമേ മൂത്രമൊഴിക്കാന്‍ കഴിയുകയുള്ളൂ. പലരുമിന്ന് ഗര്‍ഭപാത്രരോഗങ്ങള്‍ക്കടിമയാണ്.
2008ല്‍ അസംഘടിതമേഖലയിലെ തൊഴിലാളികള്‍ക്ക് എല്ലാവിധ ആനുകൂല്യങ്ങളും പ്രസവാവധിയും അനുവദിച്ചുകൊണ്ട് ഒരു ബില്‍ കേന്ദ്രസര്‍ക്കാറും സംസ്ഥാനസര്‍ക്കാറും പാസാക്കിയിരുന്നു. അതില്‍ ഞങ്ങള്‍ക്കു പങ്കാളിയാവാന്‍കഴിയുമോയെന്ന ഞങ്ങളുടെ കൂട്ടായചര്‍ച്ചയിലാണ് മൂത്രമൊഴിക്കാനുള്ള മാനുഷികപരിഗണനപോലും ഞങ്ങള്‍ക്കില്ലെന്നറിയാന്‍കഴിഞ്ഞത്. തുടര്‍ന്ന് ആ കൊല്ലത്തെ അന്താരാഷ്ട്ര വനിതാദിനത്തിലാണ് ഞങ്ങള്‍ ഉറക്കെ വിളിച്ചുപറഞ്ഞത്, ഞങ്ങള്‍ക്കു മൂത്രപ്പുരവേണം, ഞങ്ങള്‍ക്കു മൂത്രമൊഴിക്കണം, ഞങ്ങളും മനുഷ്യരാണ്, തൊഴിലാളികളാണ് എന്ന്.
മൂത്രമൊഴിക്കാനുള്ള അവകാശസമരത്തിനിടെയാണ് 'പെണ്‍കൂട്ട്' രൂപംകൊണ്ടത്. ഞങ്ങള്‍ തൊഴിലാളികള്‍ മൂത്രമൊഴിക്കാനുള്ള അവകാശത്തിനും മാനുഷികപരിഗണനയ്ക്കുംവേണ്ടി 2010ലെ വനിതാദിനം ആഘോഷിച്ചു. അപ്പോഴാണ് വ്യാപാരിവ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡന്റ് മറുപടിപറഞ്ഞത്: ''മൂത്രമൊഴിക്കാനവകാശപ്പെടുന്നവര്‍ വീട്ടിലിരുന്നാല്‍മതി; അല്ലാതെ മിഠായിത്തെരുവിലെ കടകള്‍ പൊളിച്ചുമാറ്റി മൂത്രപ്പുരയുണ്ടാക്കാന്‍ കഴിയില്ല''. ശരിയാണ്, മിഠായിത്തെരുവിലെ മിക്ക കെട്ടിടത്തിലെയും പ്‌ളാനനുസരിച്ച് മൂത്രപ്പുരകള്‍ കടകളാണ്! അവ പൊളിക്കാന്‍കഴിയില്ലെന്നാണു പ്രഖ്യാപിച്ചത്. തുടര്‍ന്ന് സമരം ശക്തമാക്കേണ്ടിവന്നു. 'അന്വേഷി', 'നിസ' തുടങ്ങിയ സ്ത്രീസംഘടനകളും സ്ത്രീപക്ഷക്കാരും സമരത്തില്‍ പങ്കാളിയായി. കളക്ടര്‍ക്ക് ഇടപെടേണ്ടിവന്നു. ആറുമാസത്തിനകം പരിശോധനനടത്തി നിലവിലെ കെട്ടിടങ്ങളില്‍ സൗകര്യങ്ങളേര്‍പ്പെടുത്തുമെന്ന് ഓര്‍ഡര്‍ എഴുതിത്തന്നു. ഓര്‍ഡര്‍പ്രകാരം കുറച്ചു കെട്ടിടങ്ങളില്‍ സംവിധാനമുണ്ടായി. മറ്റു തൊഴിലാളിസ്ത്രീകള്‍ പുറത്തുപോയി മൂത്രമൊഴിക്കാന്‍ തീരുമാനിച്ചു. അതിനായി 20 മിനിറ്റ് നടന്നുപോയാലും അത് തൊഴിലാളിയുടെ അവകാശമാണെന്ന് മുതലാളിയും തിരിച്ചറിഞ്ഞു.
ഈസമരത്തിലൂടെ പുരുഷതൊഴിലാളികളും ഞങ്ങളുടെ കൂട്ടായ്മയില്‍ പങ്കാളികളാവാന്‍ താത്പര്യം പ്രകടിപ്പിച്ചു. അതിന്റെഭാഗമായാണ് 2011ല്‍ എ.എം.ടി.യു. (അസംഘടിതമേഖലാ തൊഴിലാളിയൂണിയന്‍) രൂപംകൊടുക്കുന്നത്. അസംഘടിത തൊഴിലാളിസ്ത്രീകളുടെ അധ്വാനത്തിനു മൂല്യമില്ല, കൂലിക്കും മൂല്യമില്ല; എന്തെങ്കിലും കൂലികൊടുത്താല്‍മതി. നഗരത്തില്‍ എന്റെ അനുഭവത്തില്‍ സ്ത്രീത്തൊഴിലാളിക്ക് പുരുഷതൊഴിലാളികള്‍ക്കു കൊടുക്കുന്ന കൂലിയുടെ മൂന്നിലൊരുഭാഗംമാത്രമാണ് ഇന്നും കൊടുക്കുന്നത്. ജോലിസുരക്ഷിതത്വമില്ല, മിനിമം വേതനമില്ല, പിരിച്ചുവിടല്‍ഭീഷണി, തൊഴിലാളികളായി രജിസ്റ്റര്‍ ചെയ്യുന്നില്ല, തുല്യജോലിക്കു തുല്യവേതനമില്ല, മണിക്കൂറുകള്‍ നിജപ്പെടുത്തിയിട്ടില്ല. ചില സ്ഥാപനങ്ങളില്‍ അവധിദിനംപോലുമില്ല, ജോലിക്കുവന്നില്ലെങ്കില്‍ കൂലിയില്ല... ഇങ്ങനെയുള്ള പ്രശ്‌നങ്ങള്‍ വേറെ.
അസംഘടിതരായ സ്ത്രീകള്‍ ഏറ്റവും ദുരിതമനുഭവിക്കുന്ന മേഖലയാണ് ടെക്‌സ്‌റ്റൈല്‍ മേഖല. ഈയടുത്തകാലത്തു പൊന്തിവന്ന മാളുകളിലും വന്‍കിടഷോപ്പുകളിലും 300ഉം 400ഉം തൊഴിലാളികള്‍ ജോലിചെയ്യുന്നുണ്ടെങ്കിലും അന്‍പതോ അറുപതോ പേരെയാണ് തൊഴിലാളികളായി അംഗീകരിക്കുന്നത്. മാത്രമല്ല, ഈ തൊഴിലാളിസ്ത്രീകള്‍ മുഴുവന്‍സമയവും ക്യാമറാനിരീക്ഷണത്തിലാണ്. അവരുടെ ഏതുചലനവും ക്യാമറയില്‍ പതിയും. ഇവരുടെ ജോലിസമയം രാവിലെ 9.30മുതല്‍ രാത്രി 89 വരെയാണ്. ഹോസ്റ്റലില്‍ താമസിക്കുന്ന തൊഴിലാളിസ്ത്രീക്കാണെങ്കില്‍ സീസണില്‍ കടയടയ്ക്കുന്നതനുസരിച്ചായിരിക്കും ജോലിസമയം. എന്നാല്‍, ആസമയംവരെയും ഇവര്‍ക്ക് ഇരിക്കാനുള്ള അവകാശമില്ല, മിനിമം വേതനമില്ല, അവധിയില്ല, വിശ്രമമില്ല. മൂത്രമൊഴിക്കുന്നതിനുവരെ സമയം നിജപ്പെടുത്തും. ഇവര്‍ക്കു ഭക്ഷണംകഴിക്കാനുള്ള സമയം 20 മിനിറ്റാണ്. എന്നാല്‍, സമയത്തിനു ഭക്ഷണംകഴിക്കാന്‍ അവകാശമില്ല. ഒരു കച്ചവടംനടന്നുകൊണ്ടിരിക്കുമ്പോള്‍ ചിരിക്കണം. ചിരി മങ്ങാന്‍പാടില്ല, കണ്ണിന്റെ ദൃഷ്ടി മാറരുത്, ദീര്‍ഘശ്വാസംവിടരുത്. അവരുടെ ബാഗിലെ കാശ് മുതലാളിയുടെ പെട്ടിയിലാവുന്നതുവരെ ഈ തൊഴിലാളിസ്ത്രീകള്‍ സ്വന്തം വേദന മറക്കണം. അല്ലാത്തപക്ഷം പെര്‍ഫോമന്‍സ് കുറവുപറഞ്ഞ് ജോലിയില്‍നിന്നു പിരിച്ചുവിടും. കഷ്ടകാലത്തിന് കച്ചവടം നടന്നില്ലെങ്കില്‍ ആ തൊഴിലാളിസ്ത്രീയുടെ കണ്ണില്‍പ്പിന്നെ ചോരക്കണ്ണീരാണ്. കൂടാതെ താഴ്ന്നജാതിയില്‍പ്പെട്ടവരോടും കറുത്ത സ്ത്രീകളോടും കൂലിവിവേചനവും ജോലിവിവേചനവും കാണിക്കുന്നതു ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.?
ടെക്‌സ്‌റ്റൈല്‍ മേഖലയിലെ തൊഴിലാളിസ്ത്രീകള്‍ക്ക് ഇരിക്കാനുള്ള അവകാശത്തിനുവേണ്ടിയാണ് കഴിഞ്ഞ 2014 അന്താരാഷ്ട്ര വനിതാദിനം ആഘോഷിച്ചത്. 'ഇരിക്കല്‍സമര'ത്തിന് കോഴിക്കോട് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാളില്‍ സമരപ്രഖ്യാപന കണ്‍വെന്‍ഷനില്‍ പ്രശസ്ത സാഹിത്യകാരി സാറാ ജോസഫും കെ.അജിതയും പിന്തുണയുമായെത്തി.
'ഇരിക്കല്‍സമര'ത്തിന്റെ ഭാഗമായി ടെക്‌സ്‌റ്റൈല്‍ മേഖലയിലെ തൊഴിലാളികള്‍ അവരുടെ അവകാശങ്ങള്‍ക്കുവേണ്ടി സംഘടിക്കാന്‍ തീരുമാനിച്ചു. സര്‍ക്കാര്‍തലത്തിലേക്കും ലേബര്‍ ഉദ്യോഗസ്ഥരുടെ ഇടയിലേക്കും വിഷയമെത്തിച്ചപ്പോള്‍ അവര്‍പറയുന്ന മറുപടി, ഇരിക്കാനുള്ള നിയമം ഇല്ല എന്നാണ്. ഞങ്ങള്‍ക്കു ചോദിക്കാനുള്ളത് ഇരിക്കണ്ട എന്ന നിയമം ഉണ്ടോ എന്നാണ്. തൊഴില്‍വകുപ്പുമന്ത്രി ഇടപെട്ടു. സര്‍ക്കാര്‍ ഏജന്‍സിയൂത്ത് കമ്മീഷന്‍ ഇടപെട്ടു. ഇവര്‍ക്കൊന്നും ഇരിക്കാനവകാശമില്ലാത്ത ഈ തൊഴിലാളിസ്ത്രീകള്‍ക്ക് ഒരുമറുപടിയുംകൊടുക്കാന്‍ കഴിഞ്ഞില്ല. ഇന്നും, കച്ചവടമില്ലാത്ത സമയത്തുപോലും, നാലുമണിക്കൂറില്‍ ഒരുമണിക്കൂര്‍ വിശ്രമം എന്ന് എഴുതിവെച്ച നിയമമുണ്ടായിട്ടും ഇരിക്കാനനുവാദമില്ല.
കുടുംബശ്രീ എന്ന ഓമനപ്പേരിട്ട് 16 കൊല്ലമായി അയല്‍ക്കൂട്ടംവഴി സ്ത്രീകളെ പുറത്തിറക്കി കടബാധ്യതയും സ്ത്രീത്വത്തെ അവഹേളിക്കുന്ന പദ്ധതികളും (ഖരമാലിന്യം) നടപ്പാക്കി. 16 വര്‍ഷം ആഘോഷിക്കാനും മഹത്ത്വവത്കരിക്കാനും ഭരണാധികാരികള്‍ക്കു സാധിച്ചു. അതിന് സ്ത്രീകളായ കമ്യൂണിറ്റി ഓര്‍ഗനൈസര്‍മാരെ ബലിയാടുകളാക്കി. 16 കൊല്ലമായി 1000മുതല്‍ 1500വരെ രൂപമാത്രമായിരുന്ന ഇവരുടെ ശമ്പളം. ശമ്പളം വര്‍ധിപ്പിക്കുന്നതിനുവേണ്ടി 41 ദിവസം സമരംചെയ്യേണ്ടിവന്നു. ഒടുവില്‍ 10,000 രൂപ ശമ്പളമായി അനുവദിച്ചുകിട്ടിയിരിക്കുന്നു. 'പെണ്‍കൂട്ടി'ന്റെയും എ.എം.ടി.യു.വിന്റെയും നേതൃത്വത്തിലായിരുന്നു സമരം. കുടുംബത്തില്‍നിന്ന് ജോലിക്കിറങ്ങിവരുന്ന തൊഴിലാളിസ്ത്രീകള്‍ അവകാശത്തിനുവണ്ടി സമരംചെയ്യാന്‍ മുന്നോട്ടുവരുന്നത് നാളത്തെ സ്ത്രീസമൂഹത്തിന്റെ മാറ്റമാണ്. മാത്രമല്ല, പുതിയ തലമുറ ഇത്തരത്തിലുള്ള സമരങ്ങളും തൊഴിലാളിസ്ത്രീകളുടെ പ്രശ്‌നങ്ങളും അറിയാനും പഠിക്കാനും ശ്രമിക്കുന്നത് പ്രത്യാശപകരുന്നു. സോഷ്യല്‍ മീഡിയയുടെ ഗംഭീര ഇടപെടലും പ്രതീക്ഷയാണ്. കഴിഞ്ഞ മൂത്രപ്പുരസമരത്തിലും ഇരിക്കല്‍സമരത്തിലും കോര്‍പ്പറേഷന്‍ സമരത്തിലും മീഡിയയുടെ നല്ല സഹകരണമുണ്ടായിട്ടുണ്ട്.
തീരുമാനത്തില്‍ പങ്കാളിയാവാനും തീരുമാനമെടുക്കാനും ഇന്ന് തൊഴിലാളിസ്ത്രീകളില്‍ എത്രപേര്‍ക്കു കഴിയും? മാനുഷികപരിഗണന നേടിയെടുക്കാന്‍കഴിയാതെ നമ്മള്‍ എത്രകാലമിങ്ങനെ സഹിക്കേണ്ടിവരും?
കറുത്തസ്ത്രീകള്‍, താഴ്ന്ന ജാതിയില്‍പ്പെട്ട സ്ത്രീകള്‍ എന്നിവരോട് ജോലിയിലും കൂലിയിലും വിവേചനം കാണിക്കുന്നത് എനിക്ക് കാണാന്‍ കഴിഞ്ഞിട്ടുണ്ട്. എന്റെ കുട്ടിക്കാലത്ത് സ്ത്രീകള്‍ ജോലിക്കുപോകുന്നതു കുറവായിരുന്നു. വീട്ടിലെ ജോലികള്‍തന്നെ ധാരാളമായിരുന്നു. ഇന്ന് പുറത്തു ജോലിക്കുപോവുന്നു, സാമ്പത്തികസ്വാതന്ത്ര്യം കിട്ടുന്നു. എന്നിട്ടും സ്ത്രീകളെവിടെയാണ്? പൊതു ഇടത്തിലും കുടുംബത്തിലും തൊഴിലിടത്തിലും സ്ത്രീകള്‍ക്കെവിടെയാണു സ്ഥാനം? രാഷ്ട്രീയപ്പാര്‍ട്ടിക്കകത്ത് സ്ത്രീകളെവിടെ? കുറേ സമ്മേളനങ്ങള്‍ കാണാന്‍കഴിഞ്ഞു. അതിലൊക്കെ സ്ത്രീപ്രാതിനിധ്യം അട്ടിമറിക്കുന്നു.
കാലം മാറും അതാണ് മാര്‍ച്ച് എട്ടിന്റെ പ്രസക്തി. സ്ത്രീകള്‍ തീരുമാനമെടുക്കാന്‍ വൈകിയേക്കും. എന്നാല്‍, തീരുമാനമെടുത്താല്‍ ഞങ്ങള്‍ തീരുമാനിക്കും, ആരു ഭരിക്കണമെന്ന്. അതായിരിക്കും നാളത്തെ വലിയ വിപ്‌ളവം.
(കേരളത്തില്‍ അസംഘടിതരായ സ്ത്രീകളുടെ പോരാട്ടങ്ങള്‍ക്ക് തുടക്കംകുറിച്ച് രൂപവത്കരിക്കപ്പെട്ട അസംഘടിതമേഖലാ തൊഴിലാളിയൂണിയന്‍ സ്ഥാപകയും സെക്രട്ടറിയുമാണ് ലേഖിക.)