എന്തുകൊണ്ടാണ് ഇന്ത്യയില് ദിവസം ശരാശരി 92 സ്ത്രീകള് ബലാത്സംഗം ചെയ്യപ്പെടുന്നത്?
'ഇന്ത്യാസ് ഡോട്ടര്‍' എന്ന ബി.ബി.സി. ഡോക്യുമെന്ററിക്ക് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വിലക്കു മറികടന്ന് ലക്ഷങ്ങള്‍ അത് കണ്ടുകഴിഞ്ഞു. സാങ്കേതികവിദ്യയുടെ പുതിയകാലത്ത് മൂടിവെയ്ക്കലുകള്ക്കും വിലക്കുകള്‍ക്കും പരിധിയും പരിമിതിയുമുണ്ടെന്ന് ഇത് ഓര്‍മ്മിപ്പിക്കുന്നു
'അവിസ്മരണീയമായ ഇന്ത്യ' കാണിക്കാനാഗ്രഹിക്കാത്ത കാഴ്ചകളാണ് 'ഇന്ത്യാസ് ഡോട്ടറി'ലുണ്ടായിരുന്നത്. ഇന്ത്യയെ 'അപകീര്ത്തിപ്പെടുത്തുന്ന' ആ കാഴ്ച തടയുന്നതില് കേന്ദ്രസര്ക്കാര് ഒരുപരിധിവരെ വിജയിച്ചു. ഇന്റര്‌നെറ്റും യുട്യൂബും മറ്റ് സാമൂഹികമാധ്യമങ്ങളും കൈയെത്തുംദൂരത്തില്ലാത്ത ഇന്ത്യയിലെ മഹാഭൂരിപക്ഷം ജനങ്ങളും 'ഇന്ത്യാസ് ഡോട്ടര്' കണ്ടില്ല. ബുധനാഴ്ച രാത്രി ബി.ബി.സി.യുടെ 'സ്റ്റോറിവില്' പരിപാടിയിലൂടെ ബ്രിട്ടനില് 2,86,000 പേര് ഇതു കണ്ടു; ഇതിന്റെ ബി.ബി.സി. ലിങ്ക് വ്യാഴാഴ്ച രാത്രിവരെ ഒരുലക്ഷംതവണ യുട്യൂബിലും. സാങ്കേതികവിദ്യയുടെ പുതിയകാലത്ത് മൂടിവെയ്ക്കലുകള്ക്കു പരിധിയുണ്ടെന്ന് ഭരണകൂടം മറന്നുപോയി.
2012 ഡിസംബര് 16ന് ഡല്ഹിയില് ഓടുന്ന ബസ്സില് ഇരുപത്തിമൂന്നുകാരിയെ കൂട്ടബലാത്സംഗംചെയ്തു വലിച്ചെറിഞ്ഞവരിലൊരാളായ മുകേഷ് സിങ്ങിന്റെ അഭിമുഖമുണ്ടെന്നതായിരുന്നു 'ഇന്ത്യാസ് ഡോട്ടര്' നിരോധിക്കാന് സകലരുംനിരത്തിയ കാരണം. വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് തിഹാര്ജയിലില്ക്കഴിയുന്ന മുകേഷ് സിങ്ങിന് തന്റെഭാഗം പറയാന് ഡോക്യുമെന്ററിയെടുത്ത ബ്രിട്ടീഷുകാരി ലെസ്ലി ഉഡ്വിന് അവസരമൊരുക്കിയെന്നാരോപിച്ചു ഒരുവിഭാഗം. തിഹാര്ജയിലില്ക്കടന്ന് തടവുകാരുടെ അഭിമുഖമെടുക്കാനുണ്ടായ സാഹചര്യം ചോദ്യംചെയ്യപ്പെട്ടു. വനിതാ എം.പി.മാരും ചില വനിതാവകാശപ്രവര്ത്തകരുമടക്കം കാണാത്ത ഡോക്യുമെന്ററിക്കെതിരെ രംഗത്തുവന്നു. കുറ്റവാളിയുടെ അഭിമുഖം ചിത്രീകരിച്ചതിന്റെ ധാര്മികതയെയും അധാര്മികതയെയും ചുറ്റിപ്പറ്റിയാണ് ചര്ച്ചനടന്നത്. 'സ്ത്രീകള്ക്കുനേരെയുള്ള അതിക്രമത്തിനു പ്രേരണംനല്കു'മെന്നുപറഞ്ഞ് ഡോക്യുമെന്ററി ഇന്ത്യയില് നിരോധിച്ചു. ബ്രിട്ടനില് അതുകാണിച്ച ബി.ബി.സി.യോടും സംവിധായിക ലെസ്ലി ഉഡ്വിനോടും കേന്ദ്രസര്ക്കാര് വിശദീകരണംതേടി.
ഈ കോലാഹലങ്ങള്ക്കിടെ അവഗണിക്കപ്പെട്ടുപോയത് യഥാര്ഥ വിഷയമാണ്. പെണ്കുട്ടി പീഡനമേറ്റുമരിച്ചിട്ടും മനസ്താപമേതുമില്ലാതെ ആ രാത്രി ഓര്‌ത്തെടുക്കുന്ന മുകേഷ് സിങ്ങും അയാളുടെ അഭിഭാഷകരായ എം.എല്.ശര്മയും എ.കെ.സിങ്ങും പ്രതിനിധീകരിക്കുന്ന സാമൂഹികവ്യവസ്ഥിതിയാണ് ചര്ച്ചചെയ്യപ്പെടാതെപോയത്. 'ആണ്കുട്ടികള്‍ എല്ലായ്‌പ്പോഴും ആണ്കുട്ടികളാണ്' എന്ന എസ്.പി. അധ്യക്ഷന് മുലായം സിങ് യാദവിന്റെയും 'പെണ്കുട്ടി മാന്യമായി വസ്ത്രംധരിച്ചാല് ആണ്കുട്ടി അവളെ തെറ്റായരീതിയില് നോക്കില്ല' എന്ന ഹരിയാണ മുഖ്യമന്ത്രി മനോഹര് ലാല് ഖട്ടാറിന്റെയും 'സുഹൃത്തിനൊപ്പം രാത്രി 11നുതന്നെ നിര്ഭയക്ക് സിനിമകാണാന് പോകണമായിരുന്നോ? ശക്തി മില് കേസിലെ പെണ്കുട്ടി വൈകിട്ട് ആറിന് എന്തിന് അതുപോലൊരു സ്ഥലത്തുപോയി?' എന്ന എന്.സി.പി. നേതാവ് ആഷ മിര്‌ജെയുടെയും വാക്കുകളില്‌നിന്നു വ്യത്യസ്തമല്ല മുകേഷിന്റെയും അയാളുടെ അഭിഭാഷകരുടെയും വാക്കുകള്. പെണ്ണിനൊരു ലോകമില്ല എന്നുവിശ്വസിക്കുന്ന ഒരുവലിയ സമൂഹത്തെ പ്രതിനിധീകരിക്കുന്നവയാണിവ. എന്തുകൊണ്ടാണ് ഇന്ത്യയില് ദിവസം ശരാശരി 92 സ്ത്രീകള് ബലാത്സംഗംചെയ്യപ്പെടുന്നത് എന്നതിനുള്ള ഉത്തരം.
എതിര്‌ലിംഗത്തോട് തെല്ലും ബഹുമാനമില്ല. 'വജ്ര'മെന്നു പറയുമ്പോഴും (''പെണ്കുട്ടി വജ്രമാണ്. പുറത്തുകാണിച്ചാല് നഷ്ടപ്പെടും'' എന്നാണ് എം.എല്.ശര്മ പറഞ്ഞത്) സ്ത്രീക്ക് 'ഭാരതീയസംസ്‌കാര'ത്തില് ഒരുവിലയുമില്ല. അവിടെ പുരുഷന് അടിച്ചേല്പ്പിച്ച വിലക്കുകളുടെ വേലി തകര്ക്കുന്നവളെ അവര്ക്ക് ആക്രമിക്കാം, പാഠം പഠിപ്പിക്കാം. താനും അതേ ചെയ്തുള്ളൂവെന്നാണ് മുകേഷ് പറഞ്ഞത്. സമ്പന്നര് ധനശേഷിയുപയോഗിച്ചു ചെയ്യുന്നത് തങ്ങള് കായികശേഷിയുപയോഗിച്ചു ചെയ്യുന്നു. അതുതന്നെ അയാളുടെയും കൂട്ടാളികളുടെയും അഭിഭാഷകരും പറഞ്ഞു: ''ഞങ്ങളുടേത് ലോകത്തിലെ ഏറ്റവും മികച്ച സംസ്‌കാരമാണ്. ആ സംസ്‌കാരത്തില് പെണ്ണിന് ഇടമില്ല.''
അഞ്ചുവയസ്സുകാരിയെ ബലാത്സംഗംചെയ്തതിന് പത്തുകൊല്ലം തടവനുഭവിക്കുന്ന ഗൗരവും(34) സംസാരിക്കുന്നുണ്ട് ഡോക്യുമെന്ററിയില്. കുട്ടിയെ ബലാത്സംഗത്തിനു തിരഞ്ഞെടുത്തതിന് അയാള്പറയുന്ന കാരണം, ''അവളൊരു ഭിക്ഷക്കാരിയായിരുന്നു, അവളുടെ ജീവന് ഒരു വിലയുമില്ല'' എന്നാണ്. 200 ബലാത്സംഗങ്ങള്‌ചെയ്തിട്ടും 12 കൊല്ലം മാത്രം തടവുകിട്ടിക്കഴിയുന്നവര് തിഹാര് ജയിലിലുണ്ട്. ഡോക്യുമെന്ററിയില് പ്രത്യക്ഷപ്പെടുന്ന മനഃശാസ്ത്രവിദഗ്ധരിലൊരാളുടെ വെളിപ്പെടുത്തലാണിത്.
ബലാത്സംഗത്തിന്റെ വേരെവിടെയെന്നറിയാനെങ്കിലും 'ഇന്ത്യാസ് ഡോട്ടര്' കാണണം. സ്വന്തം തീരുമാനങ്ങളും തിരഞ്ഞെടുപ്പുകളുമുള്ള സ്ത്രീകളെ, 'ജീവനുവിലയില്ലാത്ത' ഭിക്ഷക്കാരികളെ, ബലാത്സംഗംചെയ്യാമെന്നും കൊല്ലാമെന്നുമുള്ള 'ബോധ്യ'ത്തില്ക്കഴിയുന്ന പുരുഷന്മാരുള്ളിടത്തോളംകാലം ഒരു സുരക്ഷാസേനയ്ക്കും ഒരു മൊബൈല് ആപ്ലിക്കേഷനും ഇലക്ട്രോണിക് അടിവസ്ത്രത്തിനും കുരുമുളക് സ്‌പ്രേക്കും ബലാത്സംഗത്തെ പൂര്ണമായും പ്രതിരോധിക്കാനാവില്ല. ഈ ബോധ്യങ്ങള്ക്കാണു തിരുത്തല്വേണ്ടത്. ഇത്തരക്കാരുടെ മനസ്സാണു വായിക്കപ്പെടേണ്ടത്. അതാണിവിടെ വെളിവായതും.
ദേശീയ ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ കണക്കുപ്രകാരം 2013ല് ഇന്ത്യയില് നടന്നത് 33,707 ബലാത്സംഗങ്ങളാണ്. 2012ല് ഇത് 29,923 ആയിരുന്നു. ഇവിടെയിപ്പോള് ജോലിക്കുപോകുന്ന സ്ത്രീകളുടെ എണ്ണം കുറഞ്ഞിരിക്കുന്നു. രണ്ടുവര്ഷത്തിനിടെ 26.5 ശതമാനം കുറഞ്ഞെന്നാണ് വ്യവസായിസംഘടനയായ 'അസോച്ച'ത്തിന്റെ കണക്ക്. സുരക്ഷാകാര്യത്തിലുള്ള ആശങ്കയാണു കാരണമെന്ന് പഠനം പറയുന്നു. വാര്ത്താവിതരണപ്രക്ഷേപണ വകുപ്പ് സഹമന്ത്രി രാജ്യവര്‍ധന് സിങ് റാത്തോഡ് ആഹ്വാനംചെയ്യുംമുമ്പുതന്നെ സ്ത്രീകള് രാത്രിജോലി ഉപേക്ഷിച്ചുതുടങ്ങിയിരിക്കുന്നു. സൈന്യം, മാധ്യമം തുടങ്ങിയ മേഖലകളിലെ ജോലിയുപേക്ഷിച്ച് സ്ത്രീകള് ചെറുജോലികളില്‍ ഒതുങ്ങിക്കഴിയണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആഹ്വാനം.
ബലാത്സംഗങ്ങളും പീഡനങ്ങളും വിവേചനങ്ങളും ഇന്ത്യയുടെ മാത്രം പ്രത്യേകതയല്ല. ഇംഗ്ലണ്ടിലും വെയ്‌ല്‌സിലും ഓരോവര്ഷവും 85,000 സ്ത്രീകളാണ് ബലാത്സംഗംചെയ്യപ്പെടുന്നത്. ഡെന്മാര്ക്കില് അഞ്ചിലൊരു സ്ത്രീക്ക് ലൈംഗികപീഡനമേല്ക്കുന്നു. ആഫ്രിക്കന് രാജ്യങ്ങളില് ഒരു മതവിഭാഗത്തിനിടയില് സ്ത്രീകള് ചേലാകര്മത്തിനു വിധേയരാക്കപ്പെടുന്നു. ഇങ്ങനെയൊക്കെയുള്ളപ്പോള് ലെസ്ലി ഉഡ്വിന് എന്തിന് ഡല്ഹി ബലാത്സംഗം ഡോക്യുമെന്ററിക്കു തിരഞ്ഞെടുത്തുവെന്നത് സ്വാഭാവികമായുയരുന്ന ചോദ്യം. അതിനവര്ക്കുള്ള ഉത്തരം, ആണ്‌പെണ് ഭേദമില്ലാതെ യുവജനതയെ ഒന്നാകെ തെരുവിലിറക്കിയ, ഭാവിയെക്കുറിച്ച് പ്രതീക്ഷയേകുംവിധം നിയമമുണ്ടാക്കാനിടയാക്കിയ, അതുവഴി ലോകം ഓര്ത്തിരിക്കുന്ന ഒരു ബലാത്സംഗം അടുത്തിടെ വേറെയുണ്ടായില്ല എന്നതാണ്. ഇനി ഇന്ത്യയെ അപമാനിക്കണമെന്ന 'വെളുത്തമനസ്സാണ്' ഇതിനുപിന്നിലെങ്കില്ത്തന്നെ അവര് തുറന്നുകാട്ടിയ കറുത്ത സത്യങ്ങള് കണ്ടില്ലെന്നു നടിക്കാനാവില്ല.
ലിംഗവിവേചനത്തിനും സ്ത്രീകള്ക്കും പെണ്കുട്ടികള്ക്കുംനേരെ ലോകമാകമാനം നടക്കുന്ന പീഡനങ്ങള്‍ക്കുമെതിരായ പ്രചാരണപരിപാടിക്കു മുന്നോടിയായി, അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് മാര്ച്ച് ഒമ്പതിന് ന്യൂയോര്ക്കില് 'ഇന്ത്യാസ് ഡോട്ടര്' കാണിക്കും.