ഇന്ത്യാസ് ഡോട്ടറിന്റെ പശ്ചാത്തലത്തില്‍ സ്ത്രീകള്‍ക്ക് നേരെ സമൂഹം ഇന്നും തുടരുന്ന കാഴ്ചപ്പാടുകളെ കുറ്റപ്പെടുത്തി തന്റെ ഫെയ്‌സ്ബുക്ക് പേജിലാണ് നടി മഞ്ജുവാര്യര്‍ അഭിപ്രായം രേഖപ്പെടുത്തിയത്. കഠിനമായ വേദനയോട് കൂടിയും ഭാരമേറിയ മനസ്സോടും കൂടിയാണ് ഞാന്‍ ഇത് പോസ്റ്റ് ചെയ്യുന്നത്. വിവാദമായ പ്രശ്‌നങ്ങളില്‍ ഒരിക്കലും അഭിപ്രായം പറയാത്ത ഒരാളാണ് ഞാന്‍. പക്ഷേ എന്നിലെ സ്ത്രീ തല ഉയര്‍ത്തിപ്പിടിക്കുകയാണ്. എന്റെ കൂടെയുള്ള എല്ലാ സ്ത്രീകള്‍ക്കും കരുത്തുള്ള ഒരു വനിതാ ദിനം ആശംസിക്കുന്നു. നിങ്ങള്‍ക്ക് ഈ ലോകത്ത് ജീവിക്കാനുള്ള ധൈര്യമുണ്ടാകട്ടെ.- എന്നു പറഞ്ഞ് ആരംഭിക്കുന്ന പോസ്റ്റില്‍ ആര്‍ക്കും ഇന്ത്യാസ് ഡോട്ടറിനെ ബഹുമാനിക്കാതിരിക്കാനാവില്ലെന്ന് മഞ്ജു പറയുന്നു.
എല്ലാവരും മുകേഷ് സിങ്ങിന്റെ പരാമര്‍ശങ്ങള്‍ക്ക് പിറകേയാണെങ്കിലും തന്നെ അത്ഭുതപ്പെടുത്തിയതും ഞെട്ടിച്ചതും കുറ്റവാളിയുടെ പരാമര്‍ശങ്ങളല്ലെന്ന് മഞ്ജു പറയുന്നു. സമൂഹത്തിലെ പ്രധാന പങ്കുവഹിക്കുന്ന അഭിഭാഷകര്‍ക്ക് തങ്ങള്‍ നടത്തിയ ഞെട്ടിക്കുന്ന പരാമര്‍ശങ്ങളെ കുറിച്ച് എന്ത് ന്യായീകരണമാണ് നല്‍കാനുള്ളതെന്ന് രോഷത്തോടെ അവര്‍ ചോദിക്കുന്നു. ക്യാമറ കണ്ടപ്പോള്‍ ഉണ്ടായ പകപ്പില്‍ നിന്നല്ല ഇത്തരം അഭിപ്രായം ഉണ്ടായത്. അവര്‍ പറഞ്ഞതെല്ലാം അവരുടെ മനസ്സില്‍ നിന്നാണ് വന്നത്.
സമൂഹത്തിന്റെ അസുഖ ബാധിതമായ മനസ്സ് എപ്പോഴും സ്ത്രീകളെ താഴ്ത്തിക്കെട്ടാനും അവളെ എന്തിനും ഏതിനും കുറ്റപ്പെടുത്താനുമാണ് ആഗ്രഹിക്കുന്നത്. നമ്മുടെ സമൂഹത്തിന്റെ മനസ്സ് ഇതാണെന്ന് കാണിക്കാന്‍ ഇത്തരമൊരു ഡോക്യുമെന്ററിയുടെ ആവശ്യമൊന്നും ഇല്ലെന്നും അവര്‍ പറയുന്നു.
ഒരു സ്ത്രീയോട് ചോദിച്ചു നോക്കൂ അവള്‍ എല്ലാ ദിവസവും അത് അനുഭവിക്കുന്നുണ്ട്. നിര്‍ഭയയെ പോലുള്ള ചിലര്‍ അതിനെ എതിര്‍ക്കാന്‍ ശ്രമിക്കും. മറ്റുള്ളവര്‍ അത് നിശബ്ദമായി സഹിക്കും. വനിതാ ദിനം ആശംസിച്ചുകൊണ്ടാണ് പോസ്റ്റ് അവസാനിക്കുന്നത്.