സുനിതാ കൃഷ്ണനും ജയിലിലാകുമോ?

ഡോ. പി. വിനോദ് ഭട്ടതിരിപ്പാട്‌ Posted on: 07 Mar 2015


വാട്ട്‌സ് ആപ്പ് വഴി പ്രചരിച്ചതും ഒരു കൂട്ടബലാത്സംഗത്തിന്റേതെന്നു സംശയിക്കപ്പെടുന്നതുമായ വീഡിയോ ദൃശ്യങ്ങള്‍ സ്വന്തം ഫെയ്‌സ്ബുക്ക് പേജിലിട്ട് ശ്രദ്ധേയയായിരിക്കുകയാണ് ഡോ. സുനിതാ കൃഷ്ണന്‍. തുടര്‍ന്നുവന്ന പ്രതികരണങ്ങളും അവയുടെ വ്യത്യസ്തതമൂലം ശ്രദ്ധേയമായിരിക്കുന്നു. നിയമത്തിന്റെ തലനാരിഴകീറി പരിശോധിച്ചാല്‍ ബലാത്സംഗവീരന്മാര്‍ക്കെതിരെമാത്രമല്ല ഈ വീഡിയോ ദൃശ്യങ്ങള്‍ സ്വന്തം ഫെയ്‌സ്ബുക്ക് പേജിലിട്ട സുനിതാ കൃഷ്ണനെതിരെയും കേസെടുക്കേണ്ടതായിവരുമെന്ന് കേരളത്തിലെ ഒരുന്നത പോലീസ് ഓഫീസര്‍ പ്രതികരിച്ചിരുന്നു. ഇങ്ങനെതന്നെയാണ് നിയമജ്ഞരും പ്രതികരിച്ചത്.

സമയത്തുതന്നെ ഈ ബലാത്സംഗവീരന്മാരെ അറസ്റ്റ് ചെയ്യാത്തതിനാലല്ലേ തനിക്കീ വീഡിയോ ദൃശ്യങ്ങള്‍ പരസ്യപ്പെടുത്തി സമൂഹത്തിന്റെ ശ്രദ്ധ ഇതിലേക്കു തിരിച്ചുവിടേണ്ടിവന്നതെന്ന് സുനിതാ കൃഷ്ണന്‍ തിരിച്ചു ചോദിക്കുന്നുണ്ട്. സാമൂഹികപ്രവര്‍ത്തകയെന്നനിലയില്‍ സുനിതാ കൃഷ്ണന്റെ വാക്കിലും പ്രവൃത്തിയിലും ന്യായമുണ്ടെന്നു തോന്നിയതിനാലാകാം പൊതുവികാരവും അവര്‍ക്കൊപ്പമാണ്. ഇങ്ങനെയുള്ള ദൃശ്യങ്ങള്‍ പരസ്യപ്പെടുത്തി, ബലാത്സംഗവീരന്മാരെ മാത്രമല്ല, ബലാത്സംഗം വീഡിയോയില്‍ പകര്‍ത്തി ആ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചവരെയും ഒപ്പം പോലീസിനെയും സമൂഹമധ്യത്തില്‍ നാണംകെടുത്തുന്ന ഇത്തരം സാമൂഹികപ്രവര്‍ത്തകര്‍ ജയിലിലടയ്ക്കപ്പെടുമെന്ന് ഈ പോലീസ് ഓഫീസര്‍ പറയാതെ പറയുകയായിരുന്നോയെന്നും അതിലൊരു ഭീഷണിയുടെ സ്വരമില്ലേയെന്നും സാമൂഹികപ്രവര്‍ത്തകരും ജനങ്ങളും സംശയിക്കുന്നുണ്ട്.

ഏതായാലും ഈ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹികശാസ്ത്രതലത്തിലും നിയമപരമായുമൊക്കെ ഒരുപാട് ചര്‍ച്ചചെയ്യപ്പെട്ടുകഴിഞ്ഞു. പക്ഷേ, ഈ ദൃശ്യങ്ങളിലടങ്ങിയിരിക്കുന്ന സൈബര്‍ തെളിവുകളെക്കുറിച്ച് ആരും ചര്‍ച്ചചെയ്തതായിക്കണ്ടില്ല. ശാസ്ത്രസാങ്കേതികത ദുരുപയോഗംചെയ്ത് സൈബര്‍ലോകംവഴി പ്രചരിക്കുന്ന ദൃശ്യങ്ങളില്‍ പലതും സാധാരണക്കാരെയും വനിതാ മാധ്യമപ്രവര്‍ത്തകരെയും സിനിമാനടിമാരെയുമൊക്കെ അവഹേളിക്കുന്നതാകയാല്‍ അവ കോടതിയിലെത്താന്‍ സാധ്യതയുണ്ട്. അവ അവശേഷിപ്പിക്കുന്ന സൈബര്‍ തെളിവുകളെക്കുറിച്ചുള്ള ഒരു ചിന്ത അതിനാല്‍ത്തന്നെ ആവശ്യമാണ്. ഇത്തരമൊരു ചിന്തയാണ് ഈ ലേഖനത്തിന്റെ ഉദ്ദേശ്യം.
മൊബൈല്‍ ക്യാമറയോ മറ്റു ഡിജിറ്റല്‍ ക്യാമറകളോ ഉപയോഗിച്ചെടുക്കുന്ന ഏതു ദൃശ്യത്തിലും ആ ദൃശ്യത്തെക്കുറിച്ചുള്ള പലവിവരങ്ങളുമടങ്ങിയിട്ടുണ്ടാകും. ആ ദൃശ്യമെടുത്ത ക്യാമറയുടെ വിവരങ്ങള്‍, തീയതി, സമയം തുടങ്ങി ഉപയോഗിച്ച സാങ്കേതികവിദ്യവരെ പലവിവരങ്ങളും ആ ദൃശ്യത്തിനുപിറകില്‍ ക്യാമറതന്നെ ഒളിപ്പിച്ചുവെക്കും. അതേപോലെതന്നെ ഈ ദൃശ്യം കമ്പ്യൂട്ടറോ മൊബൈലോ ഉപയോഗിച്ച് മോര്‍ഫിങ്ങടക്കം എന്തുമാറ്റംവരുത്തിയാലും, വരുത്തിയ മാറ്റങ്ങളുടെ വിവരങ്ങളും മാറ്റം വരുത്താനുപയോഗിച്ച സോഫ്‌റ്റ്വേറിന്റെ വിവരങ്ങളുമൊക്കെ തീയതിയും സമയവുംവെച്ച് ആ ദൃശ്യത്തില്‍ത്തന്നെ ഒളിഞ്ഞിരിപ്പുണ്ടാകും. ദൃശ്യസംബന്ധമായ ഒരു കേസ് വരുമ്പോള്‍ ഈ വിവരങ്ങളൊക്കെ തെളിവുകളായിമാറുകയും ചെയ്യും. ഇതില്‍ ചിലവിവരങ്ങള്‍ സാധാരണ കമ്പ്യൂട്ടര്‍ വിദഗ്ധര്‍ക്കുപോലും ലഭ്യമാക്കാനുമാകും.

എന്നാല്‍, ഈ ദൃശ്യം ഫെയ്‌സ്ബുക്കിലോ വാട്ട്‌സ് ആപ്പിലോ മറ്റോ ഇടുന്നതോടെ അതിലടങ്ങിയിരിക്കുന്ന പല വിവരങ്ങളും നഷ്ടമാകും. കാരണം ഫെയ്‌സ്ബുക്കും വാട്ട്‌സ്ആപ്പുമടക്കം എല്ലാ സോഷ്യല്‍മീഡിയാ സൈറ്റുകളും ഇത്തരം വിവരങ്ങളെ 'അനാവശ്യ'വിവരങ്ങളായാണു കരുതുന്നത്. അനാവശ്യമായത് ഒഴിവാക്കപ്പെടണമല്ലോ. അതിനാല്‍ത്തന്നെ ഫെയ്‌സ്ബുക്കും വാട്ട്‌സ് ആപ്പും മറ്റ് സോഷ്യല്‍മീഡിയാ സൈറ്റുകളുമെല്ലാംതന്നെ അവരുടെ കമ്പ്യൂട്ടര്‍ സെര്‍വറുകളില്‍ ഇത്തരം 'അനാവശ്യ'വിവരങ്ങളൊഴിവാക്കാനും അതുവഴി ഈ ദൃശ്യത്തെ ലഘൂകരിച്ച് പെട്ടെന്നയക്കാന്‍പാകത്തിലാക്കാനുമുള്ള സജ്ജീകരണങ്ങള്‍ ചെയ്തിട്ടുണ്ട്.
ദൃശ്യങ്ങള്‍ ഇങ്ങനെ ലഘൂകരിക്കപ്പെടുമെങ്കിലും ശേഷിക്കുന്ന തെളിവുകളടങ്ങിയ അവയുടെ ഡാറ്റാ സ്ട്രക്ചര്‍ കൂടുതല്‍ ഗഹനമായിത്തീരുന്നതായിക്കാണാം. അതിനാല്‍ത്തന്നെ ശേഷിക്കുന്ന തെളിവുകള്‍ സാധാരണ കമ്പ്യൂട്ടര്‍ വിദഗ്ധര്‍ക്ക് അപ്രാപ്യമായിത്തീരുന്നു.

ഇതിനാലൊക്കെയാകാം ഫെയ്‌സ്ബുക്കിലോ വാട്ട്‌സ് ആപ്പിലോ ഇട്ട ദൃശ്യങ്ങളില്‍നിന്ന് തെളിവുകളൊന്നും ലഭിക്കില്ലെന്ന (ദുഷ്)പ്രചാരണം സമൂഹത്തില്‍ നടക്കുന്നത്. ഈ പ്രചാരണം വിശ്വസിച്ചിട്ടാകാം തങ്ങള്‍ പിടിക്കപ്പെടില്ലെന്ന (മൂഢ)വിശ്വാസത്തില്‍ അശ്‌ളീലമോ വ്യാജമോ ദുരുദ്ദേശ്യപരമോ ആയ ദൃശ്യങ്ങള്‍ നിര്‍മിച്ച് സൈബര്‍ വിരുതന്മാര്‍ സോഷ്യല്‍ മീഡിയവഴി പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നതും പോലീസ് അവര്‍ക്കെതിരെ കേസെടുക്കാന്‍ മടിക്കുന്നതും കേസെടുത്താല്‍ത്തന്നെ തെളിവുകള്‍ ശേഖരിക്കാനുള്ള വ്യഗ്രതകാണിക്കാതിരിക്കുന്നതും. ഇതിനാലൊക്കെയാകാം ഇരകള്‍ക്ക് നീതിലഭിക്കാതിരിക്കുന്നതും.
എന്നാല്‍, ഫെയ്‌സ്ബുക്കിലോ വാട്ട്‌സ് ആപ്പിലോ ഇട്ട ദൃശ്യങ്ങളില്‍നിന്ന് തെളിവുകളൊന്നും ലഭിക്കില്ലെന്ന പ്രചാരണം തീര്‍ത്തും തെറ്റാണ്. സോഷ്യല്‍ മീഡിയയിലൂടെ കടത്തിവിട്ട ഏതൊരു ദൃശ്യത്തില്‍നിന്നും അത്യാവശ്യം ചില വിവരങ്ങള്‍ ലഭ്യമാക്കാനാകും. പക്ഷേ, സാധാരണക്കാര്‍ക്കു വായിച്ചാല്‍ മനസ്സിലാകാത്ത ആ വിവരങ്ങള്‍ ഡീകോഡ് ചെയ്ത് കോടതിക്കു മനസ്സിലാകുന്ന ഭാഷയില്‍ തെളിവുകളായവതരിപ്പിക്കാന്‍ സൈബര്‍ ഫൊറന്‍സിക് വൈദഗ്ധ്യമാവശ്യമാണെന്നുമാത്രം. നല്ല സൈബര്‍ ഫൊറന്‍സിക് വിദഗ്ധരെ കേസന്വേഷണസംഘത്തിലുള്‍പ്പെടുത്തിയാലേ അത്തരം തെളിവുകള്‍ പുറത്തുവരാന്‍ സാധ്യതയുള്ളൂ.

ഇത്തരമൊരു സാധ്യതയുമായി ബന്ധപ്പെട്ട ചില തെളിവുകള്‍ ഈയടുത്തൊരുദിവസം മാതൃഭൂമി ടി.വി. ചാനലിലെ 'അകം പുറം' എന്ന പരിപാടിയുടെ ഭാഗമായി അവതരിപ്പിക്കപ്പെടുകയുണ്ടായി. മാത്രമല്ല, ഈയൊരു സാധ്യതയെക്കുറിച്ച് യുവ സൈബര്‍ ഫൊറന്‍സിക് വിദഗ്ധയും മലയാളിയുമായ സ്‌നേഹയും ഈയിടെ സൂചിപ്പിക്കുകയുണ്ടായി.
ഏതായാലും അത്തരം സാധ്യതകളുപയോഗിച്ച് തെളിവുകള്‍ പുറത്തെടുത്ത് ഐ.ടി. ആക്ടിലെ സെക്ഷനുകള്‍ ചേര്‍ത്ത് വിദഗ്ധമായി തയ്യാറാക്കിയ കേസ് ഫയല്‍ പോലീസ് കോടതിയില്‍ സമര്‍പ്പിക്കുകയും പിന്നീട് തികഞ്ഞ സൈബര്‍ വൈദഗ്ധ്യത്തോടെ പ്രോസിക്യൂഷന്‍ ആ കേസ് വാദിക്കുകയുംചെയ്താലേ സോഷ്യല്‍ മീഡിയയിലെ വിരുതന്മാരെ കുടുക്കാനാകൂ. അങ്ങനെ പോലീസ് പ്രവര്‍ത്തിച്ചാല്‍മാത്രമേ ഇത്തരം ദൃശ്യങ്ങളുടെ നിര്‍മാണവും പ്രചാരണവും കുറ്റകൃത്യമാണെന്നും ശാസ്ത്രീയ തെളിവെടുപ്പു നടത്തിയാല്‍ തങ്ങള്‍ പിടിക്കപ്പെടുമെന്നുമുള്ള ശക്തമായ സന്ദേശം സൈബര്‍ വിരുതന്മാര്‍ക്ക് കിട്ടുകയുമുള്ളൂ. സോഷ്യല്‍ മീഡിയയില്‍നിന്നുള്ള ഇത്തരം തെളിവുകള്‍ ശേഖരിച്ച് ചിലരെയെങ്കിലും കോടതികയറ്റാനായാല്‍മാത്രമേ ഇത്തരം ദൃശ്യങ്ങളുടെ നിര്‍മാണവും സോഷ്യല്‍ മീഡിയവഴിയുള്ള വിതരണവും ഒരുപരിധിവരെയെങ്കിലും കുറച്ചുകൊണ്ടുവരാനാകൂ. ആവഴിമാത്രമേ സോഷ്യല്‍മീഡിയാ ഇരകള്‍ക്ക് സ്വാഭാവികനീതി ലഭ്യമാക്കാന്‍ സാധിക്കുകയുള്ളൂ. ഇത്തരമൊരന്വേഷണരീതി പോലീസിനറിയായ്കയല്ല. പോലീസ് വിചാരിച്ചാല്‍ ഇത്തരം ദൃശ്യങ്ങളിലടങ്ങിയിരിക്കുന്ന ഗഹനമായ തെളിവുകള്‍ മാത്രമല്ല അവ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുന്നവരുടെ വിവരങ്ങളും കൃത്യമായി ശേഖരിക്കാനാകും. ടി.പി. കേസിന്റെയും പിണറായി വിജയന്റെ വീടുമായി ബന്ധപ്പെട്ട ഒരു കേസിന്റെയുമൊക്കെ അന്വേഷണങ്ങളുടെ ഭാഗമായി പോലീസിന്റെ ഈ സൈബര്‍ മിടുക്കും ജാഗ്രതയും ഇതിനകംതന്നെ തെളിഞ്ഞിട്ടുണ്ട്.

പക്ഷേ, ഇത്രയും സൈബര്‍ ജാഗ്രത സാധാരണക്കാരുടെ കേസുകളില്‍ പോലീസ് കാണിക്കാതിരിക്കുമ്പോഴാണ് സുനിതാ കൃഷ്ണനെപ്പോലുള്ള സാമൂഹികപ്രവര്‍ത്തകര്‍ക്ക് നിയമം കൈയിലെടുക്കേണ്ടതായിവരുന്നത്. സൈബര്‍ പോലീസിന്റെ കുറവുമൂലം പ്രതികള്‍ പകല്‍മാന്യന്മാരായി സമൂഹത്തില്‍ വിലസിനടക്കുന്നുവെന്നറിയുമ്പോഴാണ് സാമൂഹികപ്രവര്‍ത്തകര്‍ തങ്ങളുടെ ഫെയ്‌സ്ബുക്കിലൂടെ അവരെ അവഹേളിക്കാന്‍ നിര്‍ബന്ധിതരാകുന്നത്. തങ്ങളുടെ ജീവന്‍ പണയപ്പെടുത്തിയിട്ടായാലും പ്രതികള്‍ തിരിച്ചറിയപ്പെടട്ടേയെന്നും അതുവഴി ഇരകളുടെ സത്യസന്ധത വെളിപ്പെടട്ടേയെന്നും സുനിതാ കൃഷ്ണനെപ്പോലുള്ള സാമൂഹികപ്രവര്‍ത്തകര്‍ ചിന്തിക്കുന്നുവെങ്കില്‍ അവരെ കുറ്റംപറയാനാകില്ല. എന്നുമാത്രമല്ല ഇത്തരം സാമൂഹികപ്രവര്‍ത്തകരെ സംരക്ഷിക്കേണ്ടത് സമൂഹത്തിന്റെ കടമയാണുതാനും. എന്നാല്‍, സാമൂഹികപരമായി ശരിയെന്ന് എത്രതവണ പറഞ്ഞാലും ഐ.ടി. നിയമപ്രകാരം സുനിതാ കൃഷ്ണന്റെ വഴി തെറ്റാണെന്നുതന്നെ വ്യാഖ്യാനിക്കപ്പെടുന്നുണ്ട്. കാരണം, ബലാത്സംഗദൃശ്യങ്ങള്‍ വാട്ട്‌സ്ആപ്പില്‍നിന്നെടുത്ത് ഫെയ്‌സ്ബുക്കിലിട്ടതോടെ സുനിതാ കൃഷ്ണനും ഈ അശ്‌ളീലദൃശ്യങ്ങളുടെ ഒരു വിതരണക്കാരിയാവുകയായിരുന്നു. മാത്രമല്ല, അതു തെളിയിക്കാനുള്ള സൈബര്‍ തെളിവുകള്‍ അവരുടെ സ്വന്തം ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍ അവര്‍തന്നെ അവശേഷിപ്പിച്ചിട്ടുമുണ്ട്. മറ്റൊന്ന്, സുനിതാ കൃഷ്ണന്‍ പുറത്തുവിട്ട ദൃശ്യങ്ങളുടെ ഒരു വിദഗ്ധ സൈബര്‍ ഫൊറന്‍സിക് പഠനത്തിലൂടെ, ബലാത്സംഗത്തിന്റെ ദൃശ്യങ്ങള്‍ വ്യാജമല്ലെന്നു തെളിഞ്ഞാല്‍ത്തന്നെ അതില്‍ക്കാണുന്ന ആണ്‍മുഖങ്ങള്‍ വ്യാജമായും ദുരുദ്ദേശ്യപരമായും നേരത്തേയെപ്പോഴോ കൂട്ടിച്ചേര്‍ക്കപ്പെട്ടതാണെന്നു തെളിയാനുമിടയുണ്ട്. അത്തരം ദൃശ്യങ്ങളുടെ 'വിതരണ'ക്കാരിയും 'കുറ്റവാളി'യാണ്. ഇതിനാലൊക്കെതന്നെ ഈ ദൃശ്യങ്ങള്‍ എടുത്തവര്‍ക്കും പ്രചരിപ്പിച്ചവര്‍ക്കും
ശിക്ഷവാങ്ങിക്കൊടുക്കുന്ന അതേ ഐ.ടി. നിയമംതന്നെയാകും ഒരുപക്ഷേ, സുനിതാ കൃഷ്ണനും വിനയാകാന്‍പോകുന്നത്.

ഉന്നതസ്ഥാനമലങ്കരിക്കുന്ന സുനിതാ കൃഷ്ണന് ഇതൊക്കെ നല്ല ബോധ്യമുള്ളകാര്യമാകാം. പക്ഷേ, സുനിതയില്‍നിന്ന് ഊര്‍ജമുള്‍ക്കൊണ്ട് ഭാവിയില്‍ ഈ മേഖലയിലേക്കിറങ്ങുന്ന മറ്റു സാമൂഹികപ്രവര്‍ത്തകര്‍ ശ്രദ്ധിക്കേണ്ട വിഷയങ്ങളാണിവ. ഇത്തരം ദൃശ്യങ്ങള്‍ പോസ്റ്റ് ചെയ്യുമ്പോഴും പ്രചരിപ്പിക്കുമ്പോഴും പുലര്‍ത്തേണ്ട സൈബര്‍ മര്യാദകളും കടമകളും വിസ്മരിച്ചാല്‍ സൈബര്‍ തെളിവുകളുടെ ശക്തിയെന്താണെന്ന് സൈബര്‍ വിരുതന്മാര്‍ മാത്രമല്ല സാമൂഹികപ്രവര്‍ത്തകരും തിരിച്ചറിയുകതന്നെചെയ്യും.
(ഒരു സ്വതന്ത്ര സൈബര്‍ ഫൊറന്‍സിക് വിദഗ്ധനായ

ലേഖകന്‍ ഈ മേഖലയിലെ പല ലോകപ്രശസ്ത ജേര്‍ണലുകളുടെയും റിവ്യൂവറുമാണ്. അഭിപ്രായങ്ങള്‍ വ്യക്തിപരം)








 

ga