'അന്തസ്സുള്ള ഒരു പെണ്‍കുട്ടി രാത്രി ഒമ്പതുമണിക്ക് ശേഷം പുറത്തിറങ്ങി നടക്കരുത്. ആണിനേക്കാള്‍ സ്ത്രീകളാണ് ബലാത്സംഗത്തിന്റെ കാരണക്കാര്‍. ആണും പെണ്ണും ഒരിക്കലും തുല്യരല്ല. വീട്ടുജോലിയും വീട്ടുകാര്യങ്ങള്‍ നോക്കി നടത്തലുമാണ് ഒരു പെണ്‍കുട്ടിയുടെ കടമ. അല്ലാതെ മോശമായ വസ്ത്രങ്ങള്‍ ധരിച്ച് ഡിസ്‌ക്കോ തെക്കുകളിലും ബാറുകളിലും രാത്രി കറങ്ങി നടക്കുകയല്ല വേണ്ടത്.' ഒരു നല്ല സ്ത്രീ എങ്ങനെയായിരിക്കണമെന്നതിനെ കുറിച്ചുള്ള ഏറ്റവും പുതിയ നിര്‍വചനം.
നിര്‍ഭയയുടെ ഓര്‍മ്മകള്‍ക്ക് രണ്ടുവയസ്സ് പിന്നിട്ടപ്പോള്‍ സ്ത്രീ സുരക്ഷ എവിടെ വരെയെത്തി എന്നന്വേഷിച്ചവര്‍ക്കുള്ള കൃത്യമായ ഉത്തരമാണ് ഡല്‍ഹി പീഡനക്കേസിലെ പ്രതിയായ മുകേഷ് സിംഗിന്റെ ഈ വാക്കുകള്‍. രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷവും നാം എവിടേയും എത്തിയില്ല. എവിടേയും എത്തുന്നുമില്ല. സ്ത്രീ സുരക്ഷ പോയിട്ട് സ്ത്രീയോടുള്ള കാഴ്ചപ്പാടുകള്‍ക്ക് വരെ മാറ്റം വരുത്താന്‍ തയ്യാറാകാത്ത മനസ്സുമായി കുറ്റവാളി ഇന്നും ജയിലില്‍ കഴിയുന്നു.

ബിബിസിക്കു നല്‍കിയ അഭിമുഖ സംഭാഷണത്തില്‍ ഒരിക്കല്‍ പോലും യാതൊരു മന:സാക്ഷിക്കുത്തും മുകേഷ് സിംഗിനെ അലട്ടിയില്ല. പകരം തെറ്റുകളൊക്കെയും പെണ്‍കുട്ടിയുടെ സ്വഭാവ ദൂഷ്യമാണെന്ന് സ്ഥാപിച്ചെടുക്കാനായിരുന്നു ശ്രമം. രാത്രിയില്‍ പുറത്തിറങ്ങിയ പെണ്‍കുട്ടിയേയും അവളുടെ സുഹൃത്തിനേയും ഒരു പാഠം പഠിപ്പിക്കുന്നതിന് വേണ്ടിയാണ് മുകേഷ് സിംഗും സുഹൃത്തുക്കളും അവരെ ആക്രമിച്ചതത്രേ. തന്നെ പിച്ചിച്ചീന്തുന്നവരോട് എതിര്‍ക്കാതെ നിശബ്ദം സഹകരിക്കുകയായിരുന്നെങ്കില്‍ അവള്‍ക്ക് ജീവനെങ്കിലും തിരിച്ച് കിട്ടുമായിരുന്നു എന്നും മുകേഷ് കുറ്റപ്പെടുത്തുന്നു. തന്റേയും സുഹൃത്തുക്കളുടേയും കൈയില്‍ കിടന്നു പിടഞ്ഞ പെണ്‍കുട്ടിയുടെ ധാര്‍മികതയെ ചോദ്യം ചെയ്ത് സ്വന്തം തെറ്റിനെ ന്യായീകരിക്കാന്‍ മുകേഷ് സിംഗ് കാണിച്ച തിടുക്കം പുരുഷാധിപത്യത്തിന് ഊന്നല്‍ നല്‍കുന്ന, സങ്കുചിത ചിന്തകള്‍ ഇന്നും നിലനില്‍ക്കുന്ന ഒരു സമൂഹത്തിന്റെ പ്രതിഫലനമായി വേണം വിലയിരുത്തേണ്ടത്.
നിര്‍ഭയ സംഭവം രണ്ടാണ്ട് തികച്ച കഴിഞ്ഞ ഡിസംബറില്‍ നിര്‍ഭയക്കു ശേഷവും സ്ത്രീകള്‍ നേരിട്ട ആക്രണണങ്ങളുടെ കണക്കുകള്‍ നിരത്തി ഇതിനെല്ലാം കാരണം സ്ത്രീകളുടെ വസ്ത്രധാരണമാണെന്നും അവള്‍ പുറത്തിറങ്ങി നടക്കരുതെന്നും പറഞ്ഞിരിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞുവെന്ന് ആവര്‍ത്തിച്ചതാണ്. പക്ഷേ ചര്‍ച്ച ചെയ്തും കാരണങ്ങള്‍ തേടിയും പോംവഴികള്‍ ആരാഞ്ഞും വീണ്ടും തുടങ്ങിയിടത്തേക്ക് തന്നെ ചെന്നെത്തിയിരിക്കുന്നു. ഒരു നല്ല സ്ത്രീയുടെ നിര്‍വചനം ഇതൊക്കെയാണെങ്കില്‍ മനസ്സില്‍ ഉയരുന്ന മറ്റൊരു ചോദ്യമുണ്ട്. ഒരു നല്ല പുരുഷന്‍ എങ്ങനെയായിരിക്കണം?
തന്റെ ആത്മാവില്‍ കറപുരണ്ടുവെന്നാണ് മുകേഷുമായുള്ള അഭിമുഖത്തിന് ശേഷം ഡോക്യുമെന്ററി നിര്‍മ്മിച്ച ലെസ്ലി ഉഡ്വിന്‍ പറഞ്ഞത്. 'ഡല്‍ഹി പീഡനക്കേസിലെ പ്രതികളായ മുകേഷും മറ്റു നാലുപേരുമായുള്ള അഭിമുഖം ആത്മാവിനെ ടാറില്‍ മുക്കിയത് പോലെയുള്ള വികാരമാണ് എന്നില്‍ അവശേഷിപ്പിച്ചത്. ഈ ലോകത്തിലെ ഒരു ക്ലീനിംഗ് ഏജന്റിനും എന്റെ ആത്മാവില്‍ പുരണ്ട ശാശ്വതമായ ആ കറ മായ്ച്ചുകളയാന്‍ സാധിക്കില്ല.' ലെസ്ലി പറയുന്നു. ചിത്രീകരണത്തിനിടയിലുള്ള ഒരു ദിവസം പേടിച്ച് വിയര്‍ത്ത് കുളിച്ചെണീറ്റ അനുഭവവും ലെസ്ലി പങ്കുവെച്ചു. ' എന്റെ ഹൃദയം എല്ലിന്‍ കൂടുകള്‍ക്കുമേല്‍ വന്നു തട്ടുന്നത് എനിക്ക് കേള്‍ക്കാമായിരുന്നു.' ലെസ്ലിയുടെ മനസ്സിനെ ബാധിച്ച അമിതമായ ഉത്കണ്ഠ അത്രത്തോളം ഭീകരമായിരുന്നു.

സംപ്രേഷണത്തിന് മുമ്പേ ഉയര്‍ന്ന അലയടിച്ചുയര്‍ന്ന പ്രതിഷേധക്കടലില്‍ ഇന്ത്യന്‍ മാധ്യമങ്ങളില്‍ അഭിമുഖം സംപ്രേഷണം ചെയ്യുന്നത് കേന്ദ്ര സര്‍ക്കാര്‍ വിലക്കിയിരിക്കുന്നു. സംഭവത്തില്‍ ഡല്‍ഹി പോലീസ് കേസെടുത്തു കഴിഞ്ഞു. എന്നാല്‍ അത്യധികം മനോവേദന നല്‍കുന്ന ഈ അഭിമുഖം ഭീതിജനകമായ കുറ്റകൃത്യത്തിന്റെ ഉള്ളറകളിലേക്കുള്ള ഒരു യാത്രയാണെന്നും ഇത് ലോകം മുഴുവന്‍ ഞെട്ടിത്തരിക്കുന്ന തരംഗങ്ങള്‍ സൃഷ്ടിക്കുമെന്നും സ്ത്രീകളോടുള്ള സമീപനത്തില്‍ മാറ്റങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ട് ഇന്ത്യ മുഴുവന്‍ പ്രകടനങ്ങളും പ്രതിഷേധങ്ങളും പൊട്ടിപ്പുറപ്പെടുന്നതിന് കാരണമാകുമെന്നുമാണ് ബിബിസിയുടെ ഭാഷ്യം. ഇത് സംപ്രേഷണം ചെയ്യാന്‍ അനുവദിക്കാതിരിക്കുന്നത് ആവിഷ്‌ക്കാര സ്വാതന്ത്രത്തിന് നേരെയുള്ള കടന്നുകയറ്റുമായും നിര്‍മാതാക്കള്‍ കുറ്റപ്പെടുത്തുന്നുണ്ട്.
രണ്ടു കൈകളും കൂട്ടിയടിച്ചാലാണത്രേ ശബ്ദമുണ്ടാകുക. അതുകൊണ്ട് നിശബ്ദരാക്കപ്പെടുന്നവരാകാം. സമൂഹത്തിന്റെ കാഴ്ച്ചപ്പാടുകള്‍ക്ക് മുമ്പിലും നീതിക്ക് മുന്നിലും വാപൊത്തി നില്‍ക്കാം. നിയമങ്ങള്‍ തെറ്റിക്കുന്നവരെ പാഠം പഠിപ്പിക്കാന്‍ തുനിഞ്ഞിറങ്ങുന്നവരെ ഭയന്നല്ലേ പറ്റൂ.