മനസ്സ് നിര്‍ഭയമായിരിക്കാന്‍ സ്ത്രീക്ക് ഇടമെവിടെ?

Posted on: 07 Mar 2015

രാജ്യം ഭരിച്ച ഭരണാധികാരികള്‍ 'തിളങ്ങുന്ന ഇന്ത്യ'യെമാത്രം എന്നും പൊക്കിക്കാണിക്കുമ്പോള്‍ അതില്‍ ഒരിക്കലും കാണാത്ത തിളങ്ങാത്ത, ഇരുണ്ട ഇന്ത്യ അതിന്റെതന്നെ മറുപുറത്തുണ്ട്. ഇത് വെളിപ്പെടുത്തപ്പെടുമ്പോള്‍ അധികാരക്കസേരകള്‍ക്ക് അലോസരമുണ്ടാകുന്നത് സ്വാഭാവികം മാത്രമാണ്. നിര്‍ഭയ കേസില്‍ ബലാത്സംഗത്തിന് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതിയുമായുള്ള അഭിമുഖം രേഖപ്പെടുത്തിയ ലെസ്ലി ഉഡ്വിന്‍ സംവിധാനംചെയ്ത 'ഇന്ത്യയുടെ മകള്‍' എന്ന ഡോക്യുമെന്ററി സംപ്രേഷണം ചെയ്യുന്നത് വിലക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിയും ഇതേ അലോസരത്തിന്റെ പിന്തുടര്‍ച്ചയല്ലാതെ മറ്റൊന്നുമല്ല. കാരണം, സര്‍ക്കാര്‍ പറയുന്നതുപോലെ ഈ വിഷയത്തില്‍ എന്തെങ്കിലും ചട്ടലംഘനം ഉണ്ടായിരുന്നെങ്കില്‍, തിഹാര്‍ ജയിലില്‍ ഇതുപോലൊരു ഡോക്യുമെന്ററി, ഒരു വിദേശ ചാനലായ ബി.ബി.സി.ക്ക് ഒരിക്കലും ചിത്രീകരിക്കാനാകുമായിരുന്നില്ല. അഥവാ അത് നിയമവിരുദ്ധമാണെങ്കില്‍ ആ കുറ്റം ചെയ്തത് ഇന്ത്യ ഭരിക്കുന്നവര്‍ തന്നെയാണ്. അനുമതികൊടുത്ത ആഭ്യന്തരമന്ത്രാലയം മുതല്‍ തിഹാര്‍ ജയില്‍ അധികൃതര്‍വരെ അതില്‍ കുറ്റക്കാരാണ്. എന്നാല്‍, വെറും ചട്ടലംഘനത്തിനപ്പുറത്താണ് ഇതിനകത്ത് പതിയിരിക്കുന്ന 'തിളങ്ങാത്ത ഇന്ത്യ'യിലെ ഇരുണ്ട യാഥാര്‍ഥ്യം. ഇന്ത്യ ഇന്ന് യാഥാര്‍ഥ്യബോധത്തോടെ അഭിമുഖീകരിക്കേണ്ടതും അസ്വാസ്ഥ്യമുണ്ടാക്കുന്ന ഈ യാഥാര്‍ഥ്യത്തെയാണ്.

ഇക്കഴിഞ്ഞ ചൊവ്വാഴ്ച മഹാരാഷ്ട്രയില്‍ ഗോമാംസം നിരോധിച്ചപ്പോള്‍ ലോകപ്രശസ്ത ഇന്ത്യന്‍ എഴുത്തുകാരനായ സല്‍മാന്‍ റുഷ്ദി നടത്തിയ ട്വിറ്റര്‍ സന്ദേശം സാമൂഹികമാധ്യമങ്ങളില്‍ ഏറ്റവും വലിയ ചര്‍ച്ചയാണിപ്പോഴും. 'മഹാരാഷ്ട്രയില്‍ ഒരു സ്ത്രീയോ ദളിതോ മുസ്ലിമോ ആയിരിക്കുന്നതിനേക്കാള്‍ സുരക്ഷിതമാണ് പശുവായിരിക്കുന്നത്' എന്നായിരുന്നു റുഷ്ദിയുടെ പരിഹാസം. നിര്‍ഭയയെച്ചൊല്ലി നിരന്തരം വിലപിക്കുന്ന ഒരു രാജ്യത്ത് സ്ത്രീകളുടെ അവസ്ഥയെന്ത് എന്ന മറുചോദ്യമാണ് ഇവിടെ ഉയര്‍ന്നുവരുന്നത്. 'ഇന്ത്യയുടെ മകള്‍' എന്ന ഡോക്യുമെന്ററിയില്‍ ബലാത്സംഗത്തിന് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് തിഹാര്‍ ജയിലില്‍ കഴിയുന്ന പ്രതി എന്തുചിന്തിക്കുന്നു, എങ്ങനെ ചിന്തിക്കുന്നു എന്നത് ഇന്ന് ഈ മഹാരാജ്യത്ത് ജീവിക്കുന്ന മുഴുവന്‍ മനുഷ്യരെയും നിര്‍ബന്ധമായും കാണിക്കുകയാണ് വേണ്ടത്. ഒരു കുറ്റവാളിയുടെ ചിന്തയും നമ്മുടെ സമൂഹത്തില്‍ സ്ത്രീ സംരക്ഷകരായി അവതരിച്ചിട്ടുള്ള, ഹനുമാന്‍ സേനക്കാരുടെയായാലും പോലീസുകാരുടെയായാലും ന്യായാധിപന്മാരുടെയായാലും ഭരണകര്‍ത്താക്കളുടെയായാലും എല്ലാവരുടെ ഭാഷയിലും ചിന്തയിലുമൊക്കെയുള്ള പ്രത്യയശാസ്ത്ര സാദൃശ്യം അമ്പരപ്പിക്കുന്നതാണ്. എല്ലാവരുടെയും സ്വരത്തിലും വാദത്തിലും ഇരയായ പെണ്‍കുട്ടിയാണ് കുറ്റക്കാരി. വെറുതെയല്ല ഇന്ത്യയെ ബലാത്സംഗക്കാരുടെ നാട് എന്നും ഡല്‍ഹി എന്നാല്‍, ബലാത്സംഗത്തിന്റെ തലസ്ഥാനം എന്നും രാജ്യത്തെത്തന്നെ നാണംകെടുത്തുന്ന മട്ടില്‍ നമ്മുടെ ജനസംഖ്യയില്‍ പാതിവരുന്ന സ്ത്രീസമൂഹത്തിന്റെ പോരാളികള്‍ ഇന്ന് ഉച്ചത്തില്‍ പ്രഖ്യാപിച്ചുകൊണ്ടിരിക്കുന്നത്. 1965'66 കാലത്ത് ഇന്‍ഡൊനീഷ്യയില്‍ അഞ്ചുലക്ഷം കമ്യൂണിസ്റ്റ് വിപ്ലവകാരികളെ കൂട്ടക്കൊലയ്ക്ക് ഇരയാക്കിയവരെക്കൊണ്ട് ആത്മകഥ പറയിക്കുന്ന ലോകപ്രശസ്ത ഡോക്യുമെന്ററിയായ ജോഷ്വാ ഓപ്പണ്‍ ഹീമറുടെ 'ആക്ട് ഓഫ് കില്ലിങ്ങി'ന് സമാനമാണ് ഇന്ത്യയെ സംബന്ധിച്ചിടത്തോളം ബലാത്സംഗക്കാരനെക്കൊണ്ട് സാമൂഹികപാഠം പറയിപ്പിക്കുന്ന ലെസ്ലി ഉഡ്വിന്റെ 'ഇന്ത്യാസ്

ഡോട്ടര്‍' എന്നതാണ് സത്യം. ഇന്ത്യന്‍ മനസ്സില്‍ വേരുകളാഴ്ത്തിക്കിടക്കുന്ന പുരുഷാധിപത്യ ചിന്താഗതികളെ ഉള്ളുതുരന്ന് പുറത്തേക്കെടുക്കാന്‍ ഈ ആവിഷ്‌കാരം സഹായിക്കുന്നുണ്ട്.

2012 ഡിസംബര്‍ 16 എന്നത് ആധുനിക ഇന്ത്യാചരിത്രത്തില്‍ ഒരിക്കലും മറക്കാനാകാത്ത ദിവസമാണ്. അന്നാണ് സുഹൃത്തിനൊപ്പം രാത്രിയാത്ര ചെയ്തു എന്ന കുറ്റത്തിന് നിര്‍ഭയ എന്ന മെഡിക്കല്‍ വിദ്യാര്‍ഥിനിയെ ആറ് കാപാലികര്‍ ചേര്‍ന്ന് ഓടിക്കൊണ്ടിരുന്ന ബസ്സില്‍വെച്ച് കൂട്ടബലാത്സംഗത്തിനിരയാക്കി മരണശയ്യയിലേക്ക് വലിച്ചെറിഞ്ഞത്. അവളുടെ ചോരയില്‍നിന്നാണ് ഇന്ന് ഡല്‍ഹിയില്‍ ഭരണത്തിലിരിക്കുന്ന കെജ്രിവാളും ആം ആദ്മിയുമൊക്കെ പൊട്ടിമുളച്ചത്. എന്നാല്‍, ഡല്‍ഹിയില്‍ കഴിഞ്ഞദിവസം ആ പെണ്‍കുട്ടിയെച്ചൊല്ലി വീണ്ടും രാജ്യമാകെ ഹൃദയത്തില്‍ ചോരപൊടിയുന്ന ചര്‍ച്ചകളുണ്ടായപ്പോള്‍ കെജ്രിവാളും കൂട്ടരും പുതിയ അധികാരത്തര്‍ക്കങ്ങളുടെ മതിമറക്കുന്ന നാടകീയ മുഹൂര്‍ത്തങ്ങളിലായിരുന്നു. ഒരു പ്രതികരണംപോലും കെജ്രിവാളിന്റെ ഭാഗത്തുനിന്നുണ്ടായില്ല. അതാണ് രാഷ്ട്രീയം. ആം ആദ്മിയേ ഉണ്ടായുള്ളൂ. ആം ഔരത്ത്‌സ്ത്രീ അതിലില്ല. ഓരോ 20 മിനിറ്റിലും ഒരു സ്ത്രീ ബലാത്സംഗം ചെയ്യപ്പെടുന്ന നാടാണിത്. 31,000 ബലാത്സംഗക്കേസാണ് വിചാരണകാത്ത് കോടതിയില്‍ കിടക്കുന്നത്. 250ലേറെ പാര്‍ലമെന്റ് അംഗങ്ങള്‍ ബലാത്സംഗം, കൊല, കൊള്ള എന്നിവയടക്കമുള്ള കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ട പുരുഷന്മാരാണ്. പാര്‍ലമെന്റിലായാലും നിയമസഭയിലായാലും കോടതികളിലായാലും തീരുമാനമെടുക്കപ്പെടുന്ന ഇടങ്ങളിലൊക്കെ സ്ത്രീകള്‍ ഇന്നും തീര്‍ത്തും അദൃശ്യരും ദുര്‍ബലരുമാണ്. ഒരു ദേശംതന്നെ സ്ത്രീകളുടെ പേരില്‍ നുണ പറഞ്ഞുകൊണ്ടേയിരിക്കുമ്പോള്‍ ഗോമാംസം നിരോധിക്കാനല്ലാതെ ലോകത്തില്‍ ഏറ്റവും കൂടുതല്‍ ലൈംഗികത്തൊഴിലാളികള്‍ അടിമവേലചെയ്യുന്ന മഹാരാഷ്ട്രയിലെ കാമാത്തിപുരയിലെ വേശ്യാലയങ്ങള്‍ നിര്‍ത്തല്‍ചെയ്യാന്‍ സര്‍ക്കാര്‍ ധൈര്യപ്പെടുന്നതെങ്ങനെയാണ്? ബലാത്സംഗങ്ങള്‍ നിരോധിക്കല്‍ കോടതികള്‍ക്ക് സ്വപ്നം കാണാന്‍ പറ്റുന്നതെങ്ങനെയാണ്? ടാഗോര്‍ ഗീതാഞ്ജലിയില്‍ പാടിയതുപോലെ 'മനസ്സ് നിര്‍ഭയമായിരിക്കാന്‍' സ്ത്രീക്ക് ഇടമെവിടെ?

നിങ്ങള്‍ക്ക് പ്രതികരിക്കാം

 






 

ga