എന്തൊരു ദുര്യോഗമാണ് വന്നു ചേര്‍ന്നിരിക്കുന്നത്. ജീവിതം വെല്ലുവിളികള്‍ ഉയര്‍ത്തുന്നത് എത്ര അപ്രതീക്ഷിതവും അനായാസവും ആയാണ് എന്ന് മനസ്സിലായത് ഈയിടെ ആണ്. എക്കാലവും അന്തസ്സും ആഭിജാത്യവും നിലനിര്‍ത്തി സുരക്ഷിതമായി ജീവിക്കാമെന്ന് കരുതുന്നത് വ്യാമോഹമാണെന്നും ഓര്‍ക്കുമ്പോള്‍ നിരാശ തന്നെ ബാക്കി.
ഇക്കണ്ട കാലം മുഴുവന്‍ പുണ്യവും, പവിത്രവും ,പരമ്പരാഗതവും സാംസ്‌കാരികമായി ഉന്നതിയും ഉള്ള ഒരു പൊതു ഇടത്തില്‍ ജീവിച്ചു പോന്ന ഒരു മലയാളി ആയിരുന്നു ഞാന്‍. അതില്‍ അഭിമാനം കൊണ്ട് വീര്‍പ്പു മുട്ടുകയും ചെയ്തിട്ടുണ്ട് പലപ്പോഴും. എന്നിട്ടിപ്പോള്‍, എന്റെ കേരളത്തിന്റെ പൊതുഇടം എത്ര മഹത്തരമായിരുന്നു.
മനുഷ്യനായി പിറന്നാലും പൊതു വഴി നടക്കണം എങ്കില്‍ ഉയര്‍ന്ന ജാതിക്കാരനാവണം എന്ന് കട്ടായം പറഞ്ഞിരുന്ന ഇടം. 'തൊട്ടു കൂടാത്തവര്‍, തീണ്ടിക്കൂടാത്തവര്‍, ദൃഷ്ടിയില്‍ പ്പെട്ടാലും ദോഷമുള്ളോര്‍ ഇങ്ങനെ ഒട്ടല്ലഹോ ജാതിക്കോമരങ്ങള്‍'.
പിന്നെ പൊതു ഇടത്ത് ചില ജാതിക്കാരായ സ്ത്രീകള്‍ മാറ് മറച്ചു നടക്കാനേ പാടില്ലായിരുന്നുവല്ലോ. അങ്ങനെ ചെയ്യുന്നവരെ മുദ്ര കുത്തിയിരുന്നത് 'വേഷം കെട്ടുകാരത്തികളാ'യിട്ടായിരുന്നു.
കുടുംബത്തിലെ ഒരു പുരുഷന്‍ വിവാഹം കഴിച്ച സ്ത്രീയെ മറ്റുള്ളവര്‍ ഭാര്യ ആക്കിയിരുന്നത് ഈ പൊതു ഇടത്തില്‍ തന്നെ ആയിരുന്നു. സ്മാര്‍ഥവിചാരം, കുറിയെടത്ത് താത്രിമാര്‍, ചാരിത്ര്യം നഷ്ടമായതിന്റെ പേരില്‍ പൊതുഇടത്തിലേക്ക് ഇറക്കി വിട്ട സ്ത്രീകള്‍ , പുലപ്പേടി, മണ്ണാപ്പേടി..നദി യും പുഴയും കടന്നാല്‍ ഭ്രഷ്ടാവുന്നവര്‍ എന്ത് അന്തസ്സുള്ള നാട് ആയിരുന്നു.
സ്വാമി വിവേകാനന്ദന്‍ മറ്റൊന്നും പറഞ്ഞില്ലല്ലോ, ഭ്രാന്താലയം എന്നല്ലാതെ. ശ്രീനാരായണഗുരുവും ചട്ടമ്പി സ്വാമിയും അയ്യങ്കാളിയും എന്നുവേണ്ട ബിഷപ്പുമാരും കമ്മ്യൂണിസ്റ്റുകാരും ഒക്കെ അന്ധവിശ്വാസങ്ങള്‍ക്കും അസമത്വങ്ങള്‍ക്കും ഒക്കെ എതിരെ വാ തോരാതെ ഉദ്‌ബോധിപ്പിക്കാന്‍ പോന്നത്ര അത്യുജ്വലമായ സാംസ്‌കാരിക അന്തരീക്ഷം നിലനിന്ന ഒരു സ്ഥലം അല്ലെ ഇത്.
ചുവര്‍ ചിത്രങ്ങളില്‍, പുസ്തങ്ങളില്‍, കലകളില്‍ എവിടെയും സ്‌നേഹം, പ്രണയം ഒക്കെ വിഷയങ്ങള്‍ ആയിരുന്ന ഒരു നാട്, ഒക്കെ ചരിത്രം. പഴയത് പറഞ്ഞു സമയം, കളയുകയും വേണ്ട.
അഭിമാനിക്കാന്‍ പോന്ന വര്‍ത്തമാനകാല യാഥാര്‍ത്ഥ്യങ്ങളിലേക്ക് ചെന്നെത്തുമ്പോള്‍ സംഭവിച്ച നഷ്ടം പെരുപ്പാര്‍ന്നു വളര്‍ന്നു മുന്നില്‍ നില്ക്കു ന്നു. ഒന്നര പോലും ഇല്ലാത്ത പെണ്‍കുഞ്ഞു മരിച്ചു കിടക്കുന്നത് തീവണ്ടിപ്പാതയില്‍. അതുമിനി ആത്മഹത്യ എന്ന് പറയുമോ, ഏതായാലും ബലാത്സംഗം ചെയ്യപ്പെട്ട് ലൈഗികാവയങ്ങള്‍ തകര്‍ന്നു മരിക്കുകയായിരുന്നു കുഞ്ഞുവാവ. അങ്ങിനെ പറയാന്‍ തുടങ്ങിയാല്‍ എന്താല്ലേ ? എത്ര എത്ര കുഞ്ഞുങ്ങള്‍, ആ കുഞ്ഞു ശരീരങ്ങള്‍ ഒക്കെ ഈ പൊതുഇടത്തില്‍ എത്ര മാത്രമാണ് പിച്ചി ചീന്തപ്പെടുന്നത്? ലൈംഗിക സുഖത്തിനു വേണ്ടി മാത്രമല്ല പിഞ്ചു കുഞ്ഞുങ്ങള്‍ ആക്രമിക്കപെടുന്നത്, അമ്മയും അച്ഛനും ബന്ധുക്കളുമൊക്കെ കൂടി ആക്രമിച്ചു തകര്‍ക്കുവല്ലേ? എന്തൊരു സാംസ്‌കാരിക ഔന്നത്യം.
സ്ത്രീശരീരം അത് ഏതു പ്രായത്തിലും ആക്രമിക്കപ്പെടാന്‍ ഉള്ളതാണ്, പൊതു സ്ഥലത്ത്, (വീട്ടിനുള്ളില്‍ സ്ഥിതി മെച്ചം എന്നല്ല), അത് കൊണ്ട് എഴുപത്തഞ്ചു വയസ്സിലും ഇവിടെ സ്ത്രീകള്‍ മാനഭംഗത്തിന് വിധേയരാകുന്നു. ആശുപത്രിക്കിടക്കയില്‍, ആംബുലന്‍സില്‍, ശവപ്പെട്ടിയില്‍, സ്ത്രീയായാല്‍ മതി ബാക്കി കഥ ഒന്ന് തന്നെ.
പോട്ടെ, അത് സ്ഥിരം സ്ത്രീ കഥ.നമ്മുടെ ആണ്‍കുഞ്ഞുക്കള്‍ക്ക് പൊതു ഇടം നല്കുവന്നത് എന്താണ്? നാട് നീളെ മദ്യ ഷാപ്പുകള്‍, കഞ്ചാവ്, മയക്കു മരുന്ന്. തീവ്രവാദ പരിശീലനകേന്ദ്രങ്ങള്‍.
രാഷ്ട്രീയം ആണ് പൊതു ഇടത്തിന്റെ ചക്രം തിരിക്കുന്നത്. എന്ത് മധുരമനോജ്ഞ പൂങ്കാവനം. സത്യസന്ധത, അഴിമതി, അനീതി, കുതികാല്‍ വെട്ട്, കുത്ത്, വെട്ടു, അടിപിടി.
പെരുവഴികള്‍ യുദ്ധക്കളങ്ങള്‍ ആക്കുന്ന സമര കോലാഹലങ്ങള്‍, പൊതുമുതല്‍ നശിപ്പിക്കലുകള്‍, സാമാന്യ ജീവിതം നിഷേധിക്കലുകള്‍ അവിടെ സ്ത്രീകള്‍ ഉണ്ടാവാന്‍ നിയമനിര്‍മ്മാണം നടത്തേണ്ടി വന്നു. അത്ര വിശാലത.
സ്ത്രീ പൊതു ഇടത്തില്‍ എവിടെ ആണ് ഉള്ളത്? പഠിക്കാന്‍ മുന്നില്‍ ഉണ്ട്, ജോലിക്കും പോകാം. പക്ഷെ സന്ധ്യ ആയാല്‍ അടങ്ങി ഒതുങ്ങി അകത്ത് ഇരുന്നു കൊള്ളണം. രാത്രി സ്ത്രീക്ക് ഉള്ളതേ അല്ല. ജനസംഖ്യയുടെ പകുതി ആണ്, ഭരണ ഘടന സഞ്ചാര സ്വാതന്ത്ര്യം ഉറപ്പ് തന്നിട്ടുണ്ട് എന്നതൊക്കെ പള്ളിയില്‍ പറഞ്ഞാല്‍ മതി .ഇറങ്ങി നടന്നാല്‍ ഞങ്ങളുടെ സംയമനം നഷ്ടപ്പെട്ടു പോകും, ഞങ്ങള്‍ എന്തെങ്കിലും ഒക്കെ ചെയ്തു പോകും. പിന്നെ, കടിക്കുന്ന പട്ടിയെയല്ലേ തുടല്‍ കെട്ടി വീട്ടില്‍ ഇടേണ്ടത്, സന്ധ്യക്ക് ശേഷം വീട്ടിലിരുത്തേണ്ടത് സ്ത്രീകളെ ആക്രമിക്കാന്‍ തോന്നുന്ന പുരുഷനെ അല്ലേ എന്നൊന്നും ചോദിക്കരുത്.
ഇവിടെ അതി വിചിത്രമായ സാമൂഹ്യ നീതി ആണുള്ളത്. കാട്ടുനീതി, പുരുഷ നീതി. അത് കൊണ്ടല്ലേ പീഡിപ്പിക്കപ്പെടുന്ന പെണ്‍കുട്ടികള്‍ക്ക് പേരും മുഖവും നഷ്ടമാക്കി, ഇരുട്ട് മുറികളില്‍ നമ്മള്‍ അവരെ ശിഷ്ടകാലം അടച്ചിടുന്നത്. ആക്രമിക്കുന്ന പുരുഷന്മാരെ വീണ്ടും വീണ്ടും ആക്രമിച്ചോളൂ എന്ന് പറഞ്ഞു നാട്ടില്‍ നടക്കാന്‍ സമ്മതിക്കുന്നത്. ആക്രമിക്കപ്പെടുന്ന പെണ്‍കുഞ്ഞുങ്ങളെ പോലെ കൊണ്ടിടാന്‍ നാടുനീളെ ജയില്‍ പോലെയുള്ള കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതും ഈ പൊതു ഇടത്തില്‍ ആണല്ലോ. വിശന്നു തളര്‍ന്നു കുഞ്ഞുങ്ങളും മനുഷ്യരും തളര്‍ന്നു വീഴ്ന്നതും ഇവിടെ..
കുഞ്ഞുങ്ങളുടെ വിശപ്പു മാറാന്‍ അമ്മ ശരീരം വില്ക്കു്ന്നതും ഇവിടെ. തല ചായ്ക്കാന്‍ ഇടമില്ലാതവരുടെ താവളവും ഈ പൊതു ഇടം തന്നെ.
ജീവിക്കാന്‍ വേണ്ടി ഇരിപ്പ് സമരങ്ങളും നില്‍പ്പു സമരങ്ങളും നടത്താനും നമുക്ക് ഈ പൊതു ഇടമേ ഉള്ളൂ.
അന്യനെ നശിപ്പിക്കാന്‍ ആസൂത്രണങ്ങള്‍ നടക്കുന്ന പൊതുഇടം, അസൂയയും ,കുശുമ്പും വാഴുന്ന ഇടം.. അക്രമങ്ങളുടെയും കൊലപാതകങ്ങളുടെയും കഥകള്‍ക്ക് പഞ്ഞമില്ലാത്ത ഇടം. അതാണ് നമ്മുടെ പൊതു ഇടം. ഇവിടെ സഹോദരനൊപ്പം, ഭര്‍ത്താവിനൊപ്പം ഒപ്പം എന്തിനു ആണ്‍സുഹൃത്തിനോ പെണ്‍സുഹൃത്തിനോ ഒപ്പം നടക്കരുത്, മിണ്ടരുത്.
ഫ്ലാറ്റുകളില്‍, ഹൗസിംഗ് കോളനികളില്‍, വീടുകളില്‍ അന്യപുരുഷനോ സ്ത്രീയോ വന്നാല്‍ പ്രശ്‌നമാകുന്നത് ഇവിടെ തന്നെ. വ്യക്തി സ്വാതന്ത്ര്യം നമ്മുടെ നിഘണ്ടുവിലെ വാക്കല്ല. മനുഷ്യനും മനുഷ്യനും തമ്മിലുള്ള ബന്ധത്തില്‍ മഞ്ഞക്കണ്ണാടി വച്ച് മാത്രം നോക്കാന്‍ തോന്നുന്ന സംസ്‌കാരം നമുക്ക് തന്നതും നാം അഭിമാനിക്കുന്ന, പൊതുവേദികളില്‍ ഉറക്കെ പറയുന്ന പാരമ്പര്യവും പൈതൃകവും തന്നെ ആണോ എന്ന് ചരിത്രകാരന്മാര്‍ സാക്ഷ്യപ്പെടുത്തേണ്ടി ഇരിക്കുന്നു.
പവിത്രവും പുണ്യവും സാംസ്‌കാരിക ഔന്നത്യവും വാഴുന്ന ഈ പൊതു ഇടത്തിന്റെ പരിശുദ്ധി ആണ് കുറെ പേര്‍ ആണ് കുറേപ്പേര്‍ ചുംബിച്ചു നശിപ്പിചിരിക്കുന്നത്. വീട്ടിനുള്ളില്‍ പോലും പ്രകടിപ്പിക്കാന്‍ പാടില്ലാത്തത് എന്ന് നാം നിര്‍ബന്ധം പിടിക്കുന്ന സ്‌നേഹം പരസ്യമായി പ്രദര്‍ശിപ്പിക്കുക. മനുഷ്യന്മാര്‍ക്ക് ആവശ്യം ഇല്ലാത്തത് എന്ന് ഇക്കാലം അടിവരയിട്ട് പറഞ്ഞു കഴിഞ്ഞ സ്‌നേഹം, പ്രണയം, സൗഹാര്‍ദ്ദം ഇവയൊക്കെ പ്രധാനം ആണെന്ന് കൂട്ടം കൂടി പറയുക. ക്ഷമിക്കാന്‍ പറ്റുമോ?
എന്തൊരു വീറും വാശിയുമാണ് എവിടെയും. സംസ്‌കാരം തകര്‍ന്നടിയാതെയിരിക്കാന്‍ എത്ര ആത്മാര്‍ഥമായാണ് സംസ്‌കാര സംരക്ഷകര്‍ മുന്നിട്ടിറങ്ങുന്നത്. ഇനി ഒരു ചുംബനം കൊണ്ടും കൂടി പൊതു ഇടം മലീമസമാക്കാന്‍ സമ്മതിക്കില്ല എന്ന് ഉറപ്പിച്ചവര്‍ എത്ര ഏറെ.
ഇവരില്‍ നമുക്ക് പ്രതീക്ഷ അര്‍പ്പിക്കാം. നമ്മുടെ നാടിന്റെ പ്രശ്‌നങ്ങള്‍ എല്ലാം അവസാനിപ്പിക്കാന്‍ മുന്നോട്ടിറങ്ങുന്ന ഉജ്വല ശക്തിയായി അവര്‍ മാറുമെന്നു വിശ്വസിക്കാം. ഇതുവരെ ഉദയം കൊണ്ടിട്ടില്ലാത്ത ഒരു ശക്തിയുടെ പുലരൊളികള്‍ കാണാം.
ശ്ശെ, എന്നാലും ആ മൗഡ്യം മാറുന്നില്ല. ചുംബിച്ചു പരിശുദ്ധി നഷ്ടപ്പെട്ട ഒരു പൊതു ഇടത്തിലാണല്ലോ ശിഷ്ടകാലം ജീവിച്ചു തീര്‍ക്കേണ്ടത്..