രാജ്യം ഭരിച്ച ഭരണാധികാരികള്‍ 'തിളങ്ങുന്ന ഇന്ത്യ'യെമാത്രം എന്നും പൊക്കിക്കാണിക്കുമ്പോള്‍ അതില്‍ ഒരിക്കലും കാണാത്ത തിളങ്ങാത്ത, ഇരുണ്ട ഇന്ത്യ അതിന്റെതന്നെ മറുപുറത്തുണ്ട്. ഇത് വെളിപ്പെടുത്തപ്പെടുമ്പോള്‍ അധികാരക്കസേരകള്‍ക്ക് അലോസരമുണ്ടാകുന്നത് സ്വാഭാവികം മാത്രമാണ്. മാതൃഭൂമി മുഖപ്രസംഗം വായിക്കാം. മാതൃഭൂമി മുഖപ്രസംഗത്തോട് പ്രമുഖര്‍ പ്രതികരിച്ചത് താഴെ വായിക്കാം.
നിങ്ങള്‍ക്കും പ്രതികരിക്കാം
സുഗതകുമാരി
മാതൃഭൂമിയുടെ ശക്തവും അര്‍ത്ഥപുഷ്ടവുമായ എഡിറ്റോറിയലിന് നന്ദി. ഇന്ന് പെണ്‍കുട്ടികളുടെ അമ്മമാരുടെ ഉള്ളില്‍ നിറയെ തീയാണ്. എന്റെ കുട്ടിക്ക് എന്തു സംഭവിക്കും എന്ന ആശങ്കയാണ്. 'നിര്‍ഭയ'യുടെ തണലിലുള്ള നൂറുകണക്കിന് പെണ്‍കുട്ടികളെയും അഭയയില്‍ എത്തിച്ചേരുന്ന പെണ്‍മക്കളെയും അദാലത്തില്‍ മുന്നില്‍ കണ്ണീരോടെയെത്തുന്ന അമ്മമാരെയും എപ്പോഴും കാണുന്നവളാണ് ഞാന്‍. മൂന്നു വയസ്സുമുതല്‍ പ്രായമുള്ള കുട്ടികള്‍ - മനുഷ്യനു ഭ്രാന്തുപിടിച്ചിരിക്കുന്ന കാലമാണിത് - ഭോഗാസക്തിയും മദ്യാസക്തിയും അഹങ്കാരവും ഫണമുയര്‍ത്തി നില്‍ക്കുന്ന കാലം. ഇന്നു നിര്‍ഭയരായി നടക്കുന്നതു ക്രിമിനലുകള്‍ മാത്രമാണ്. അവരെ നിലയ്ക്കു നിര്‍ത്താന്‍ നാട്ടില്‍ ആങ്ങളമാരില്ലാത്തിടത്തോളം കാലം ഈ പെണ്‍കുട്ടികള്‍ക്ക് സ്വാസ്ഥ്യമില്ല. ധാര്‍മ്മികമായ കരുത്തുള്ള സമൂഹവും ഭരണകൂടവും നീതിപീഠവുമുണ്ടെങ്കില്‍ മാത്രമെ അമ്മമാര്‍ക്ക് സമാധാനമായി ഉറങ്ങാനൊക്കുകയുള്ളൂ. പെണ്‍കുട്ടികളോട്, പെണ്ണുങ്ങളോട് എനിക്ക് ഒരു വാക്കുമാത്രമെ പറയാനുള്ളൂ. 'അഭിമാനിനികളാവുക' - എന്ന് - മാതൃഭൂമിയുടെ സദ് വാക്യങ്ങള്‍ ഞങ്ങള്‍ ചെവിയോര്‍ത്തിരിക്കുന്ന ആങ്ങളമാരുടെ വാക്കുകള്‍ തന്നെയാണ് - നന്ദി
സാറ ജോസഫ്
എഴുത്തുകാരി, സാമൂഹ്യപ്രവര്‍ത്തക

2012-ല്‍ ഈ സംഭവം നടന്നപ്പോള്‍ ദേശീയ തലത്തില്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ട വിഷയം ഇന്ത്യന്‍ സമൂഹത്തിന്റെ സ്ത്രീകളോടുള്ള മനോഭാവത്തെക്കുറിച്ചായിരുന്നു. നമ്മുടെ മനോഭാവം മാറാതെ ഈ അതിക്രമങ്ങള്‍ അവസാനിപ്പിക്കാനാവില്ല. എന്തിന് കുറയ്ക്കാന്‍ പോലും സാധിക്കില്ല. നമ്മുടെ സര്‍ക്കാരിന്റെ നിലപാടുകള്‍ പോലും പുരുഷകേന്ദ്രീകൃതവും സ്ത്രീ വിരുദ്ധവുമാണ്. കുറ്റവാസനകളെ ഉദ്ദീപിപ്പിക്കുന്ന മയക്കുമരുന്നുകള്‍ഉള്‍പ്പടെയുളള ലഹരി പദാര്‍ത്ഥങ്ങള്‍ ഇന്ന് സുലഭമാണ്. അതിന് പുറമേ ഇന്റര്‍നെറ്റിലൂടെയും മൊബൈലിലൂടെയും ലൈംഗീകത വില്പനച്ചരക്കായി മാറിക്കഴിഞ്ഞു. പാപത്തിന്റെ അന്തരീക്ഷമാണ് ഇപ്പോള്‍ ഇന്ത്യയുടെ ആകാശത്ത് നിറഞ്ഞ് നില്‍ക്കുന്നത്. നമ്മുടെ സമൂഹത്തിലാകട്ടെ ഭൂരിഭാഗവും ഇതിനെ സ്വാംശീകരിക്കുന്നവരുമാണ്. ജനവിരുദ്ധനയങ്ങള്‍ കൂടിച്ചേരുന്ന പേടിപ്പിക്കുന്ന ഈ അന്തരീക്ഷം മാറണം. ഇന്ത്യന്‍ ഡോട്ടര്‍ എന്ന ഡോക്യുമെന്ററി കാണുന്നവനോട് നിങ്ങള്‍ക്ക് സ്ത്രീകളോടുള്ള മനോഭാവമെന്താണെന്ന് ചോദിക്കുന്നതാണെങ്കില്‍, മനസ്സിലെ സ്ത്രീകളെ കുറിച്ചുള്ള കാഴ്ച്ചപ്പാടുകള്‍ ഇളക്കം സൃഷ്ടിക്കുന്നതാണെങ്കില്‍ അത് തീര്‍ച്ചയായും കാണണം.ഓരോ ഇന്ത്യന്‍ കുടുംബവും അത് കണ്ടിരിക്കണം. ഈ ഡോക്യുമെന്ററി ഏറ്റവുമധികം ബാധിക്കുന്നത് ആ പെണ്‍കുട്ടിയുടെ കുടുംബത്തെയാണ്. അവര്‍ പോലും ഇതിനെ പിന്തുണക്കുന്നുണ്ട്. തനിക്ക് ഒരു മകളുള്ളതായി ഇത് നിര്‍മ്മിച്ച ലെസ്ലിയും ആവര്‍ത്തിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ മറ്റൊരു മകളെ മുറിപ്പെടുത്തുന്ന ഒന്നിനും അവരാരും തയ്യാറാവില്ല. ഡോക്യുമെന്ററി എല്ലാവരും കാണണം. പൊതുസമൂഹത്തില്‍ അത് ചര്‍ച്ച ചെയ്യപ്പെടണം. അടഞ്ഞ സമൂഹത്തില്‍ അത് ഒരിക്കലും നടക്കില്ല. അതുകൊണ്ട് ഒരു തുറന്ന സമീപനമാണ് ഇക്കാര്യത്തില്‍ വേണ്ടത്.
മൈന ഉമൈബാന്‍
എഴുത്തുകാരി, സാമൂഹ്യപ്രവര്‍ത്തക

ഞങ്ങളുടെ സംസ്‌ക്കാരം ഉദാത്തമാണെന്നും അവിടെ പെണ്ണില്ലെന്നും ഡോക്യുമെന്ററിയില്‍ അഭിഭാഷകന്‍ പറയുന്നത് കേട്ടപ്പോള്‍ ഇത്രയൊക്ക പുരോഗമിച്ചിട്ടും എന്ത് മാറ്റമാണ് നമുക്ക് ഉണ്ടായിട്ടുള്ളതെന്നാണ് ഞാന്‍ ചിന്തിച്ചത്. മഹാരാഷ്ട്രയില്‍ ഒരു സ്ത്രീയോ ദളിതോ മുസ്ലീമോ ആയിരിക്കുന്നതിനേക്കാള്‍ സുരക്ഷിതമാണ് ഒരു പശുവായിരിക്കുന്നത് എന്ന സല്‍മാന്‍ റുഷ്ദിയുടെ വാക്കുകള്‍ പ്രസക്തമാണ്. ഇന്ത്യയില്‍ ഒരു പശുവിന് കിട്ടുന്ന മാന്യത പോലും സ്ത്രീകള്‍ക്ക് ലഭിക്കുന്നില്ല. പലരും പറയുന്നു ബിബിസി ഇരട്ടത്താപ്പാണ് കാണിക്കുന്നതെന്നാണ്. ഇന്ത്യയുടെ മുഖത്ത് കരിവാരിത്തേക്കാനാണ് ബിബിസിയുടെ ശ്രമമെന്ന് പറയുന്നത് ഒരുതരം മുട്ടാപ്പോക്ക് വാദമാണ്. ഇന്ത്യയിലെ പുരുഷാധിപത്യം, പുരുഷന്മാരുടെ മനസ്സ് അത് എല്ലാവരും അറിയട്ടെ. ഇന്ത്യയെ പോലുള്ള ഒരു ജനാധിപത്യ രാജ്യത്ത് എന്ത് ആവിഷ്‌ക്കാര സ്വാതന്ത്ര്യമാണ് ഉള്ളത് എന്നതിലേക്കാണ് പ്രദര്‍ശനം നിരോധിക്കുന്നതിലൂടെ ഉയരുന്ന ചോദ്യം.
ഒരു വിദേശ വനിതയാണ് ഇത് ചെയ്തതെങ്കിലും ഇത് കണ്ടില്ലെന്ന് നടിക്കാനാവില്ല. സ്ത്രീക്ക് ഗര്‍ഭപാത്രമുണ്ട്, ആര്‍ത്തവമുണ്ട് എന്ന് പറയുന്നത് പോലെ അവള്‍ക്കായുള്ള ഒരു ദിനമാണ് മാര്‍ച്ച് എട്ട്, അന്താരാഷ്ട്ര വനിതാദിനം. പതിവ് സെമിനാറാുകള്‍ക്കും ചര്‍ച്ചകള്‍ക്കുമുപരി ഇന്ത്യയില്‍ എത്രത്തോളം സ്ത്രീ മുന്നേറ്റമുണ്ടാകുന്നു, അല്ലെങ്കില്‍ അവരുടെ മുന്നേറ്റങ്ങളെ കണ്ടില്ലെന്ന് നടിക്കുന്നത് എന്തുകൊണ്ട് എന്നെല്ലാമാണ് ചിന്തിക്കേണ്ടത്. ഇവിടുത്തെ സ്ത്രീയെ സംസ്‌ക്കാരത്തിന്റെ പേരുപറഞ്ഞ് കുലീനതയുടെ പേര് പറഞ്ഞ് ഭയപ്പെടുത്തുകയാണ്. നമ്മുടെ സമൂഹത്തിലെ ഭൂരിപക്ഷവും ഈ ക്രിമിനലിനൊപ്പമാണ്. അവന്‍ പറയുന്നതിനെ ന്യായീകരിക്കുന്ന ഒരു സമൂഹമാണ് നമുക്ക് ചുറ്റുമുള്ളത്. ഇന്റര്‍നെറ്റും മൊബൈല്‍ ഫോണുമടങ്ങുന്ന വൈഫൈ ലോകത്ത് ജീവിക്കുമ്പോഴും ചിന്തകള്‍ക്ക് എന്ത് പുരേഗതിയാണ് ഉണ്ടായിട്ടുള്ളതെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. ടെക്‌നോളജിയില്‍ നാം മുന്നോട്ട് പോകുമ്പോഴും മനുഷ്യമനസ്സ് പിറകിലേക്കാണ് പോകുന്നത്. എന്റെയൊന്നും കുട്ടിക്കാലത്ത് പുറത്തിറങ്ങുന്നതിനെ ആരും വിലക്കിയിരുന്നില്ല.
വിജനമായ വഴികളിലൂടെ സ്‌കൂളിലേക്കും കടകളിലേക്കും നടന്നുപോയിരുന്നു. അന്നൊന്നും പുരുഷനെ ഭയക്കണമെനന്ന് എനിക്ക് ആരും പറഞ്ഞ് തന്നിട്ടില്ല. പക്ഷേ ഇന്ന് നാലാംക്ലാസില്‍ പഠിക്കുന്നഎന്റെ മകളെ പുറത്തേക്കയക്കാന്‍ എന്റെ ചുറ്റുമുള്ളവര്‍ക്ക് ഭയമാണ്. സ്ത്രീക്ക് പണ്ടുണ്ടായിരുന്ന സുരക്ഷിതത്വം നഷ്ടപ്പെട്ടു കഴിഞ്ഞിരിക്കുന്നു. എന്തൊക്കെയായാലും അവള്‍ അകത്തു തന്നെയിരിക്കില്ലെന്നും അഇവള്‍ പുറത്തേക്ക് വരുമെന്നും തന്നെയാണ് ഞാന്‍ കരുതുന്നത്. ഒന്നല്ല ആയിരം നിര്‍ഭയമാര്‍ ഉണ്ടായാലും അവള്‍ അവളുടെ ഇടങ്ങള്‍ തിരിച്ച് പിടിക്കുക തന്നെ ചെയ്യും. അതോടെ സ്വന്തം ആധിപത്യ നഷ്ടപ്പെടുമെന്ന കരുതുന്ന പുരുഷസമൂഹമാണ് അവളെ ഭയപ്പെടുത്തി അകത്തിരുത്താന്‍ ശ്രമിക്കുന്നത്. കുറച്ചു വൈകിയായാലും അവള്‍ അവളുടെ ഇടങ്ങള്‍ തിരിച്ചു പിടിക്കുക തന്നെ ചെയ്യും എന്ന ശുഭാപ്തിവിശ്വാസത്തിലാണ് ഞാന്‍.
ഡോ.ഖദീജ മുംതാസ്
ഡോക്ടര്‍, എഴുത്തുകാരി, സാമൂഹ്യപ്രവര്‍ത്തക

ഇന്ത്യന്‍ പുരുഷന്മാരുടെ മനസ്ഥിതി തുറന്നുകാട്ടുന്ന ഇത്തരമൊരു ഡോക്യുമെന്ററിയുടെ പ്രദര്‍ശനം നിരോധിക്കുന്നതല്ല പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള പ്രതിവിധി. അയാള്‍(മുകേഷ് സിംഗ്) ഇപ്പോഴും താന്‍ ചെയ്തത് തെറ്റല്ലെന്നാണ് വിശ്വസിക്കുന്നത്. ഡല്‍ഹി സംഭവം ഉണ്ടായ ഉടനെ മതനേതാക്കള്‍ പറഞ്ഞതെന്താണ്? സന്ധ്യ കഴിഞ്ഞാന്‍ പെണ്‍കുട്ടികള്‍ പുറത്തിറങ്ങി നടക്കരുതെന്നും അവരുടെ സ്ഥാനം വീടിനകത്താണെന്നും അല്ലേ. അതു തന്നെയാണ് ഇപ്പോള്‍ മുകേഷും പറഞ്ഞിരിക്കുന്നത്. ഇത്രയൊക്കെ അഡ്‌വാന്‍സ്ഡ് ആയിക്കഴിഞ്ഞിട്ടും സാംസ്‌ക്കാരികമായി നമുക്ക് എന്തുമാറ്റമാണ് ഉണ്ടായിരിക്കുന്നത്. ഇനി നമുക്ക് എന്ത് ചെയ്യാന്‍ കഴിയുമെന്ന ആലോചനയാണ് വേണ്ടത്. അതുകൊണ്ട് ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുകയും അതേകുറിച്ച് ചര്‍ച്ച നടത്തുകയുമാണ് വേണ്ടത്. ഒരു ജനാധിപത്യരാജ്യമായ ഇന്ത്യ പോലും ഇങ്ങനെയാണ് ചിന്തിക്കുന്നതെന്ന് എല്ലാവരും അറിയട്ടെ. ആത്മവിശകലനത്തിനുള്ള ഒരു അവസരമായി ഇതിനെ കാണണം. തൂക്കിക്കൊല്ലല്‍ ഇതിന് ഒരു പരിഹാരമായി ഞാന്‍ കരുതുന്നില്ല.കാരണം ചെയ്തത് തെറ്റാണെന്ന മനസ്സിലാക്കാതെയാണ് അയാള്‍ മരണത്തിലേക്ക് പോകുന്നത്. അത് ഒരു പ്രതിവിധിയല്ല. സ്ത്രീകളെ സംബന്ധിച്ചുള്ള കാഴ്ചപ്പാടില്‍ യുവാക്കളുടെ മനസ്സില്‍ ഒരു മാറ്റമുണ്ടാകണം. അതിന് തുറന്ന ചര്‍ച്ചകള്‍ കൂടിയേ കഴിയൂ.
പ്രൊഫസര്‍ കുസുമം ജോസഫ്
ഈ ഡോക്യുമെന്ററി നിരോധിക്കേണ്ട എന്താവശ്യമാണ് ഉള്ളത.് ഇന്ത്യയുടെ മകളെ കുറിച്ച് ഇങ്ങനെയൊരു ഡോക്യുമെന്ററി എടുക്കാന്‍ ഏതെങ്കിലും ഇന്ത്യക്കാര്‍ക്ക് തോന്നിയോ? എത്ര ഭീകരമാണ് പുരുഷന്റെ മനസ്സ് എന്നാണ ് ഇത് കാണിക്കുന്നത്. തെറ്റിന് ശിക്ഷ അനുഭവിച്ച് ജയിലില്‍ കഴളിയുമ്പോഴും അയാള്‍ക്ക് ചെയ്തതത് തെറ്റാണെന്ന് തോന്നുന്നില്ല. അയാള്‍ പറയുന്നത് അവള്‍ രാത്രിയില്‍ ഇറങ്ങി നടക്കരുതെന്നാണ്. അവള്‍ നിശബ്ദം എല്ലാം സഹിക്കുമായിരുന്നെങ്കില്‍ കൊല്ലപ്പെടില്ലെന്നായിരുന്നു. അത്രത്തോളം ആഴത്തില്‍ വേരൂന്നിയ കാഴ്ചപ്പാടുകളാണ് സ്ത്രീയെ കുറിച്ച് അയാള്‍ക്കുള്ളത്. ഒരു ഗ്രൂപ്പ് ആളുകള്‍ ചേര്‍ന്നല്ലേ പെണ്‍കുട്ടിയെ ഉപദ്രവിച്ചത്. അവരില്‍ എഒരാള്‍ക്കു പോലും ചെയ്തത് തെറ്റാണെന്ന് തോന്നിയില്ലല്ലോ. അപ്പോള്‍ തന്നെ ഊഹിക്കാമല്ലോ എത് സമൂഹത്തിനുള്ള പങ്ക്. വജ്രത്തെ റോഡില്‍ വച്ചിരിക്കുന്നത് കണ്ടാല്‍ അത് കടിച്ചെടുക്കാന്‍ ഏത് നായക്കും തോന്നും എന്ന് ആ അഭിഭാഷകന്‍ പറയുന്നതില്‍ നിന്നും എന്താണ് മനസ്സിലാക്കേണ്ടത്. ഇതില്‍ നിന്നും എന്താണ് മനസ്സിലാക്കേണ്ടത്. പുരുഷന്മാര്‍ക്ക് കാമാര്‍ത്തികളായ തെണ്ടിപ്പട്ടികളുടെ സംസ്‌ക്കാരമാണെന്നോ. എല്ലാ പുരുഷന്മാരേയും ഞാന്‍ അടച്ചാക്ഷേപിക്കുന്നില്ല. ഡല്‍ഹി സംഭവത്തില്‍ സ്ത്രീകളുടെ അവകാശങ്ങള്‍ക്കുവേണ്ടി വാദിച്ച് തെരുവിലിറങ്ങിയവരില്‍ ചുണക്കുട്ടികളായ ആമ്പിള്ളേരുണ്ടായിരുന്നു. ഇന്ത്യാസ് ഡോട്ടര്‍ കാണുമ്പോള്‍ ലജ്ജ തോന്നുന്ന ഒരു യുവത്വം ഒരു പുരുഷ സമൂഹം ഉണ്ടാകുമെങ്കില്‍ അത് പ്രദര്‍ശിപ്പിക്കുക തന്നെ വേണം.
എരിയങ്കുടി ജയശ്രീ
അധ്യാപിക
ഇതൊക്കെ കേട്ട് മനസ്സ് പുകഞ്ഞുകൊണ്ടിരിക്കുകയാണ്. ഇരകള്‍ വീണ്ടും ഇരകളാക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. പ്രതികളാണ് ഇപ്പോള്‍ രാജ്യം ഭരിക്കുന്നത്. അവര്‍ ഭരിക്കുമ്പോള്‍ ഭയപ്പെട്ട് നിസ്സഹായാവസ്ഥയില്‍ ജീവിക്കേണ്ട അവസ്ഥയിലാണ് നാം.കുടുംബത്തില്‍ പിറന്ന പെണ്‍കുട്ടികള്‍ വൈകുന്നേരം ഒമ്പത് മണിക്ക് ശേഷം പുറത്തിറങ്ങി നടക്കരുതെന്ന് പറയുന്നു.പുരുഷന്മാര്‍ ഇറങ്ങി നടക്കുന്നില്ലേ അവര്‍ക്ക് കുടുംബമില്ലേ. സമൂഹം പണ്ടുമുതലേ അങ്ങനെ കല്പിച്ചു വച്ചിരിക്കുന്നതാണിത്.ലോകം വളരുന്നത് കൊണ്ടോ വിദ്യാഭ്യാസ നിലവാരം കൊണ്ടോ അതിന് മാറ്റമുണ്ടാകുന്നില്ല. പുരുഷന് എന്തുമാകാം എന്നൊരവസ്ഥയാണ് ഇന്നുള്ളത്.
പെണ്‍കുട്ടികള്‍ തന്നെ അവര്‍ക്കുള്ള ഇടമുണ്ടാക്കിയെടുക്കണം. അതിന് പോരാടുക തന്നെ വേണം. പുരുഷസമൂഹം പെണ്ണിനോട് പറയുന്ന അരുതുകള്‍ സ്ത്രീക്കും തിരികെ പറയാന്‍ സാധിക്കണം. പുരുഷന്‍ അത് അച്ഛനോ, സഹോദരനോ, ഊര്‍ത്താവോ പ്രധാനമന്ത്രിയോ പ്രസിഡന്റോ ആരുമായിക്കൊള്ളട്ടെ തെറ്റു ചെയ്താല്‍ അത് തെറ്റാണ് അത് ചെയ്യരുത് എന്ന് പറയാനുള്ള ആര്‍ജ്ജവം സ്ത്രീകള്‍ നേടിയെടുത്തേ പറ്റൂ. സ്ത്രീശാക്തീകരണം എന്നൊക്കെ പറയുന്നത് എന്താണെന്ന് തന്നെ മനസ്സിലാകുന്നില്ല. എന്താണ് അതുകൊണ്ട് ഉദ്ദേശിക്കുന്നത്. സ്ത്രീ അവളുടെ സ്ഥാനം വെട്ടിപ്പിടിക്കുകയാണ് വേണ്ടത്. സ്വന്തം പ്രവര്‍ത്തികളിലൂടെ അത് നേടിയെടുത്തേ പറ്റൂ.
മുകേഷ് സിങ്ങിനെ പോലുള്ള ക്രിമിനലുകള്‍ക്ക് ഇങ്ങനെ പറയാനുള്ള അവസരം ഒരിക്കലും അനുവദിക്കരുത്. പുരുഷന്റെ മനസ്ഥിതിക്ക് മാറ്റമുണ്ടാകാനൊന്നും പോകുന്നില്ല. അറബ് നാടുകളിലുള്ളത് പോലുള്ള ശിക്ഷാരീതികള്‍ ഇവിടേയും നടപ്പിലാക്കണം. ചെയ്ത തെറ്റിന് ഉടനടി ശിക്ഷ വിധിക്കണം.
ഡോക്യുമെന്ററി ബാന്‍ ചെയ്തിരിക്കുന്നു. എന്തുകൊണ്ടാണ് അത് ബാന്‍ ചെയ്യേണ്ടി വന്നത്. അതിനുള്ള സാഹചര്യമുണ്ടാക്കിയത് ആരാണ്. അതിനുള്ള മൂലകാരണം ആരാണ്. ബാന്‍ ചെയ്യുന്നതിനേക്കാള്‍ ഇത്തരമൊന്ന് ഉണ്ടാകാതിരിക്കാനുള്ള സാഹചര്യമല്ലേ സൃഷ്ടിക്കേണ്ടത്. രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാള്‍ രോഗം വരാതിരിക്കാന്‍ നോക്കുന്നതല്ലേ നല്ലത്.
റോഷ്‌നി സ്വപ്‌ന
എഴുത്തുകാരി

ഡോക്യുമെന്ററി ഒരു ആര്‍ട്ട് ഫോമാണ്. ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിനുള്ള നേര്‍ക്കുള്ള ലംഘനമാണ് ഇത് നിരോധിക്കുന്നതിലൂടെ ഉണ്ടാകുന്നത്. ഇന്ത്യാസ് ഡോട്ടര്‍ ബാന്‍ ചെയ്യപ്പെടേണ്ട ഒന്നല്ല അത് ലോകം മുഴുവന്‍ പ്രദര്‍ശിപ്പിക്കേണ്ട ഒന്നാണ്. തെറ്റുചെയ്ത് ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന ഒരു കുറ്റവാളിയുടെ നിലപാട് ഇതാണെങ്കില്‍ അയാള്‍ക്ക് ചെയ്ത തെറ്റ് എന്താണെന്ന് ബോധ്യപ്പെടുന്നില്ല എന്നാണ് മനസ്സിലാക്കേണ്ടത്. തെറ്റ് മനസ്സിലാക്കുന്നതിനുള്ള സാഹചര്യം നമ്മുടെ സാമൂഹ്യവ്യവസ്ഥിതിയില്‍ ഇല്ലെന്നാണ് മനസ്സിലാക്കേണ്ടത്. ഇത് ഒരു കുറ്റവാളിയുടെ മാത്രം ശബ്ദമല്ല. ഒരു സമൂഹത്തിന്റെ ശബ്ദമാണ്. സ്ത്രീകളെപ്പോഴും ഇരകളാണ് സമൂഹം വേട്ടക്കാരും. സ്ത്രീകള്‍ ഒമ്പതുമണിക്ക് ശേഷം പുറത്തിറങ്ങി നടക്കുന്നത് കൊണ്ടാണ് ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതെന്ന് പറയുന്നുണ്ടല്ലോ. എങ്കില്‍ പിന്നെ പുരുഷന്മാര്‍ ഒന്തുമണിക്കുശേഷം സ്ത്രീകള്‍ പുറത്തിറങ്ങി നടക്കട്ടെ എല്ലാ പുരുഷന്മാരും അടച്ചുപൂട്ടി വീടനകത്ത് ഇരിക്കട്ടെ അതും പ്രാശ്‌നങ്ങള്‍ ഒഴിവാക്കാനുള്ള ഒരു മാര്‍ഗമാണല്ലോ? സ്ത്രീകളെ അംഗീകരിക്കുന്ന ഒരു ഭാഷ ഒരു അഭിഭാഷകന് പോലും ഇല്ലെന്നുള്ളത് ഖേദകരമാണ്.
ആര്യ .എസ്

എത്ര അധപതിച്ച മനുഷ്യരാണ് നമ്മള്‍. വലിയ സംസ്‌ക്കാരത്തിന് ഉടമകളാണെന്ന് പറയുമ്പോഴും നമ്മുടെ സംസ്‌ക്കാരമില്ലായ്മയാണ് ഇത് കാണിക്കുന്നത്. പ്രാകൃതമനുഷ്യനില്‍ നിന്ന് നമുക്ക് ഒരു മാറ്റവും വന്നിട്ടില്ല. ഈ ഡോക്യുമെന്ററി സ്‌ക്രീന്‍ ചെയ്യണം. ഇതനെ കുറിച്ച് ചര്‍ച്ചകല്‍ നടക്കണം. ഇന്ത്യയില്‍ ഏറ്റവും മുന്നിട്ട് നില്‍ക്കുന്നവര്‍ എന്ന് അവകാശപ്പെടുന്ന കേരളത്തില്‍ എന്താണ് സംഭവിച്ചത്. സൗമ്യക്ക് സംഭവിച്ച ദുരന്തത്തിന് നാമെല്ലാം സാക്ഷികളാണ്. എന്നിട്ട് ഡോവിന്ദച്ചാമിക്ക് എന്തുസംഭവിച്ചു എന്ന് നമുക്കറിയാം. നോര്‍ത്തിലേക്കെത്തുമ്പോള്‍ സ്ത്രീകളുടെ നില കുറേക്കൂടി പരിതാപകരമാകുന്നു. രാത്രി സുഹൃത്തിനൊപ്പം സിനിമയ്ക്കു പോയതാണോ ഡല്‍ഹിയിലെ പെണ്‍കുട്ടി ചെയ്ത തെറ്റ്. സത്യത്തില്‍ അവളുടെ സ്വാതന്ത്ര്യം വിനിയോഗിച്ചതിനാണ് അവള്‍ ബലിയാടായത്. ഹൈക്ലാസ് ആയാലും ലോക്ലാസ് ആയാലും സമൂഹത്തിന് സ്ത്രീകളോട് ഒരേ കാഴ്ചപ്പാടാണ്. എന്തിന് സ്ത്രീകള്‍ പോലും അതേ കാഴ്ച്ചപ്പാട് വച്ചു പുലര്‍ത്തുന്നവരാണ്. ഡല്‍ഹിയിലെ പെണ്‍കുട്ടിക്കുണ്ടായ ദുരനുഭവത്തില്‍ ദു:ഖിക്കുമ്പോഴും എന്തിനാണവള്‍ രാത്രി പുറത്തിറങ്ങിയത് എന്ന് ചേദിച്ചവരില്‍ സ്ത്രീകളുമുണ്ട്. സ്ത്രീകള്‍ക്ക് ഉദ്യോഗവും വരുമാനവും നേടിക്കൊടുക്കുന്നതല്ല സ്ത്രീശാക്തീകരണം. സ്ത്രീയുടെ സ്വത്വം എന്താണെന്നോ അവളുടെ സ്വതന്ത്ര്യം എങ്ങനെയാണ് വിനിയോഗിക്കേണടതെന്നോ അവള്‍ക്കിപ്പോഴുമറിയില്ല. അവളേത് വസ്ത്രം ധരിക്കണമെന്ന് പോലും തീരുമാനിക്കുന്നത് സമൂഹമാണ്.അവള്‍ക്ക് ചിന്തിക്കാനും ശ്വസിക്കാനും ഉള്ള ഒരു സ്‌പെയ്‌സ് അവര്‍ക്ക് നല്‍കുകയാണ് വേണ്ടത്.