'എന്റെ ധാര്‍മികതയും ഉദ്ദേശവും തികച്ചും സത്യസന്ധമാണ്. ലിംഗഅസമത്വം അവസാനിപ്പിക്കുക എന്നൊരൊറ്റ ലക്ഷ്യം മാത്രമേ എനിക്കുള്ളൂ.' സംപ്രേഷണത്തിന് മുമ്പേ വിവാദമായി മാറിയ ഇന്ത്യാസ് ഡോട്ടര്‍ എന്ന ഡോക്യമെന്ററിയുടെ നിര്‍മാതാവ് ലെസ്ലി ഉഡ്വിന്‍ പറയുന്നു. 'നിങ്ങള്‍ കരുതുന്ന പോലെ റേപ്പിസ്റ്റിനെ ന്യായീകരിക്കുന്ന ഒരു ഡോക്യുമെന്ററിയല്ല ഇത്. ലിംഗസമത്വത്തിന് വേണ്ടിയും സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് വേണ്ടിയും സംസാരിക്കുന്ന ഒന്നാണ്.' ഡല്‍ഹി കൂട്ടബലാത്സംഗത്തെ കുറിച്ചുള്ള ഡോക്യുമെന്ററി തയ്യാറാക്കുന്നതിന് വേണ്ടി രണ്ട് വര്‍ഷമാണ് ലെസ്ലി ഇന്ത്യയില്‍ ചെലവഴിച്ചത്.
ഡല്‍ഹി സംഭവത്തിന് ശേഷം തെരുവിലിറങ്ങിയ പ്രതിഷേധ പ്രകടനക്കാരാണ് ഇന്ത്യയിലേക്ക് വരാനും ഇത്തരമൊരു ഡോക്യുമെന്ററിയെടുക്കാനും ലെസ്ലിക്ക് പ്രചോദനം നല്‍കിയത്. ജലപീരങ്കികളേയും കണ്ണീര്‍ വാതകത്തേയും ലാത്തിയടികളേയും വകവയ്ക്കാതെ അവര്‍ തെരുവിലേക്കിറങ്ങി. അവരില്‍ സാധാരണക്കാരായ പുരുഷന്മാരും സ്ത്രീകളും വിദ്യാര്‍ത്ഥി-വിദ്യാര്‍ത്ഥിനികളും ഉണ്ടായിരുന്നു. സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ അവസാനിപ്പിക്കൂ എന്നവര്‍ ഒറ്റക്കെട്ടായി അലമുറയിട്ടുകൊണ്ടിരുന്നു. ' ഞാനുള്‍പ്പടെയുള്ള എല്ലാ സ്ത്രീകളുടേയും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് അവര്‍ പ്രതിഷേധിച്ചിരുന്നത്. അതെനിക്ക് ശുഭപ്രതീക്ഷ തന്നു. എന്റെ ജീവിതത്തില്‍ മറ്റൊരു രാജ്യത്തു നിന്നും എനിക്കിത്തരമൊരു പ്രചോദനം ലഭിച്ചിട്ടില്ല.' ലെസ്ലി പറയുന്നു.
1.2 മില്യണ്‍ ജനസംഖ്യയുള്ള ഇന്ത്യയില്‍ ഓരോ ഇരുപത് മിനിട്ടിലും ഓരോ ബലാത്സംഗം വീതമാണ് നടക്കുന്നത്. ഇംഗ്ലണ്ടിലും വെയ്ല്‍സിലും 85,000 ത്തോളം സ്ത്രീകള്‍ ബലാത്സംഗം ചെയ്യപ്പെടുന്നു. ഡെന്മാര്‍ക്കിലെ അഞ്ചു സ്ത്രീകളില്‍ ഒരാള്‍ ബലാത്സംഗത്തിനിരയാകുന്നു. ഡല്‍ഹി കൂട്ടബലാത്സംഗത്തിന്റെ വെളിച്ചത്തില്‍ എന്തുകൊണ്ട്് പുരുഷന്മാര്‍ സ്ത്രീകളെ ബലാത്സംഗം ചെയ്യുന്നു എന്ന ചോദ്യത്തിനുള്ള ഉത്തരം തേടിയാണ് ഇന്ത്യാസ് ഡോട്ടര്‍ എന്ന ഡോക്യമെന്ററിയുമായി ലെസ്ലി തന്റെ യാത്ര ആരംഭിച്ചത്.
കുറ്റവാളികളുടെ മനോഗതി അറിയാതെ നിര്‍മ്മിക്കുന്ന ഡോക്യുമെന്ററി വെറും ഉപരിപ്ലവമായി മാറുമെന്നതിനാല്‍ കുറ്റവാളികളില്‍ നിന്നു തന്നെ ഉത്തരം കണ്ടെത്താന്‍ ശ്രമിച്ചു. അതിന് വേണ്ടി അധികാരികളുടെ അനുമതിയോടെ തീഹാര്‍ ജയിലില്‍ ചെന്ന് ഡല്‍ഹി പീഡനക്കേസിലെ പ്രതികളെ കണ്ടു. അഞ്ച് വയസ്സ് പ്രായമുള്ള ബാലികയെ ബലാത്സംഗം ചെയ്ത ഒരാളുള്‍പ്പടെ ബലാത്സംഗക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മറ്റു കുറ്റവാളികളുമായും ലെസ്ലി സംസാരിച്ചു. സ്ത്രീകളെ കുറിച്ച് അവര്‍ക്കുള്ള കാഴ്ച്ചപ്പാടുകളും അവരുടെ ജീവിതത്തിലെ പ്രധാനപ്പെട്ട സ്ത്രീകളെ കുറിച്ചും അവരില്‍ നിന്ന് തന്നെ മനസ്സിലാക്കാനായിരുന്നു ലെസ്ലി ശ്രമിച്ചത്. നല്ല സ്ത്രീ എങ്ങനെയാണ് പെരുമാറേണ്ടതെന്നും ഒരു സ്ത്രീയെ ചീത്തയായി കരുതുന്നത് എപ്പോഴാണെന്നും അവരോട് തന്നെ ചോദിച്ചറിഞ്ഞു.
കഠിനമായിരുന്നു ചിത്രീകരണ കാലം. കുറ്റവാളികള്‍ യാതൊരു പശ്ചാത്താപവുമില്ലാതെ ചെയ്ത തെറ്റുകള്‍ വിവരിക്കുമ്പോള്‍ അമിത ഉത്കണ്ഠക്കടിമപ്പെട്ട് ലെസ്ലി പലപ്പോഴും ഉറക്കത്തില്‍ നിന്ന് ഞെട്ടിയുണര്‍ന്നു. അഞ്ചുവയസ്സുകാരിയായ ഒരു കുഞ്ഞിന്റെ ജീവിതം തന്നെ തകര്‍ക്കുന്ന ഇത്തരമൊരു കാര്യം നിങ്ങള്‍ക്കെങ്ങനെ ചെയ്യാന്‍ സാധിച്ചു എന്ന ലെസ്ലിയുടെ ചോദ്യത്തിന് അവളൊരു യാചകപെണ്‍കുട്ടിയാണ്. അവളുടെ ജീവിതത്തിന് യാതൊരു വിലയുമില്ലെന്നാണ് അവളെ പീഡിപ്പിച്ച വ്യക്തി ഉത്തരം നല്‍കിയത്. തങ്ങള്‍ ചെയ്തതില്‍ എന്താണ് തെറ്റെന്ന രീതിയില്‍ അവര്‍ സംസാരിക്കുന്നതിനുള്ള കാരണം സമൂഹം അതനുവദിക്കുന്നത് കൊണ്ടാണെന്ന് ലെസ്ലി കുറ്റപ്പെടുത്തുന്നു.
കുറ്റവാളികളേക്കാള്‍ അവരെ ഞെട്ടിച്ചത് വാദിഭാഗം വക്കീലന്മാരുടെ അഭിപ്രായപ്രകടനങ്ങളാണ്. 'ഞങ്ങള്‍ക്കുള്ളത് അതിവിശിഷ്ടമായ സംസ്‌ക്കാരമാണ്. അതില്‍ സ്ത്രീകള്‍ക്ക് സ്ഥാനമില്ല.' വാദിഭാഗം വക്കീലായ എം.എല്‍ ശര്‍മ്മ പറയുന്നു. വിവാഹത്തിന് മുമ്പ് തെറ്റായ രീതിയല്‍ മകളോ സഹോദരിയോ നടന്നാല്‍ കുടുംബാംഗങ്ങളുടെ മുന്നില്‍ വച്ച് അവളെ പെട്രോളൊഴിച്ച് കത്തിക്കുമെന്നാണ് മറ്റൊരു വക്കീലായ എ.പി സിംഗ് പറഞ്ഞത് .
' ഒന്നോ രണ്ടോ ആപ്പിളുകള്‍ മാത്രമല്ല ചീഞ്ഞിരിക്കുന്നത്. മറിച്ച് ആപ്പിള്‍ നിറച്ച ബാരല്‍ ഒന്നാകെ ചീഞ്ഞിരിക്കുന്നു.' ലെസ്ലി പറയുന്നു. സമൂഹമാണ് സ്ത്രീകള്‍ക്ക് യാതൊരു വിലയും നല്‍കേണ്ടെന്ന് പുരുഷനെ പഠിപ്പിക്കുന്നത്. പെണ്‍കുഞ്ഞ് ജനിക്കുമ്പോള്‍ മധുരം നല്‍കാത്ത സമൂഹം ആണ്‍കുട്ടി ജനിക്കുമ്പോള്‍ മധുരം വിതരണം ചെയ്യുന്നു. ആണ്‍കുട്ടിക്ക് ഒരു ഗ്ലാസ് പാല്‍ കൊടുക്കുമ്പോള്‍ പെണ്‍കുട്ടിക്ക് അര ഗ്ലാസ് പാല്‍ നല്‍കുന്നു. സ്ത്രീക്ക് മൂല്യമില്ലാതാക്കുന്നത് സമൂഹമാണ്. അതുകൊണ്ട് പുരുഷന്മാര്‍ അവര്‍ക്ക് തോന്നിയത് സ്ത്രീകളോട് പ്രവര്‍ത്തിക്കുന്നു. ഇരകള്‍ക്ക് നീതി ലഭിക്കാന്‍ കാലതാമസമെടുക്കുന്നതും ലെസ്ലിയെ അലോസരപ്പെടുത്തുന്നുണ്ട്.
'ഞാന്‍ ഒരു ശുഭാപ്തി വിശ്വാസിയാണ്. മാറ്റമുണ്ടാക്കാന്‍ സാധിക്കുമെന്ന് തന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്. അത് പെട്ടെന്നുണ്ടാകാനുള്ള പ്രചരണത്തിനുള്ള തുടക്കം കുറിക്കലാണ് ഇന്ത്യാസ് ഡോട്ടര്‍ ' ആത്മവിശ്വാസത്തോടെയുള്ള ലെസ്ലിയുടെ വാക്കുകള്‍ നാളേക്കുള്ള ഒരു പ്രതീക്ഷയാണ്.