പുനര്‍ജനിക്കുന്നു, യന്ത്രം വിഴുങ്ങിയ നാടന്‍ പാടക്കാഴ്ചകള്‍
എം.ബി. ബാബു
Posted on: 16 Aug 2015
പാലക്കാട് : നമ്മുടെ പാടങ്ങളെ യന്ത്രം വിഴുങ്ങിയ കാലത്തിനുമുമ്പുള്ള കാര്‍ഷികോപകരണങ്ങളും നാടന്‍ പാടക്കാഴ്ചകളും ഒരിക്കല്‍ കൂടി പുനര്‍ജനിക്കുന്നു, പന്തിരുകുലത്തിന്റെ ചരിത്രമുണര്‍ന്നിരിക്കുന്ന പട്ടാമ്പിയില്‍.
രാജ്യത്ത് ആദ്യ നെല്ല് കാഴ്ചബംഗ്ലാവൊരുക്കിയ ഇവിടുത്തെ നെല്ല് ഗവേഷണകേന്ദ്രമാണ് പഴമ തുടിക്കുന്ന പാടം പുനര്‍സൃഷ്ടിക്കുന്നത്. കാഴ്ചപ്പാടത്ത് കന്നുകളെ പൂട്ടിയ കലപ്പകൊണ്ട് കര്‍ഷകര്‍ ഉഴുതുമറിക്കും. പനയോല തൊപ്പിക്കുടയണിഞ്ഞവര്‍ പാടത്ത് വിത്തെറിയും. കൊക്കരണിയിലെ വെള്ളം തേക്കുകൊട്ട കൊണ്ട് കോരി പനമ്പാത്തിയിലൊഴുക്കും.
പാടത്തേക്കൊഴുകുന്ന വെള്ളം ചക്രം ചവിട്ടി തിരിച്ചുവിടും. പണിക്കാരുടെ നാടന്‍പാട്ടുമുണ്ടാകും. വിളവെടുക്കാന്‍ സ്ത്രീകള്‍ കൊയ്ത്തരിവാളുമായി പാടത്തിറങ്ങും. കൊയ്ത്ത്പാട്ടുണരും. കറ്റകെട്ടിയ നെല്ക്കതിരുകള്‍ ചവിട്ടിമെതിക്കും. പനന്പില്‍ ഉണക്കിയെടുക്കും.
നെല്ലും പതിരും മുറംകൊണ്ട് പാറ്റിത്തിരിക്കും. കുന്താണിയിലിട്ട് ഉലക്ക കൊണ്ടിടിച്ച് നെല്ല് അരിയാക്കും. ഇത് പറയിലളന്ന് കണക്കെടുക്കും. അരി ചണച്ചാക്കിലാക്കി കെട്ടിവെക്കും. പിന്നീട് കാളവണ്ടിയില്‍ കയറ്റി പത്തായപ്പുരയിലേക്ക് കൊണ്ടുപോകും. പത്തായത്തിലാക്കി സൂക്ഷിക്കും.
കാഴ്ചബംഗ്ലാവിന് സമീപത്തെ അഞ്ചേക്കറിലായിരിക്കും ഇത് യാഥാര്‍ഥ്യമാക്കുക. ഇതിനായുള്ള എല്ലാ ഉപകരണങ്ങളും കാഴ്ചബംഗ്ലാവിലുണ്ട്.
മിക്കവയും പഴയകാല നെല്‍ക്കര്‍ഷകര്‍ സൗജന്യമായി നല്കിയത്. കാണാമറയത്തായ നെല്‍കൃഷിയുപകരണങ്ങള്‍ കാണാന്‍ നിരവധിപേരാണ് ഇപ്പോള്‍ കാഴ്ചബംഗ്ലാവിലെത്തുന്നത്. ഇവരില്‍ വിദ്യാര്‍ഥികള്‍ മുതല്‍ പഴയകാല നെല്‍ക്കര്‍ഷകര്‍ വരെ. മിക്കവരും പഴയകാല കാര്‍ഷികോപകരണങ്ങള്‍ എത്തിച്ച് നല്കുന്നുണ്ട്.
ഇവയെല്ലാംകൊണ്ട് കാഴ്ചബംഗ്ലാവ് നിറയുമ്പോഴാണ് പഴയകാല പാടം പുനരാവിഷ്‌കരിക്കാന്‍ നെല്ലുഗവേഷണ കേന്ദ്രം തീരുമാനിച്ചത്. പാടവരമ്പത്ത് ഞാറ്റുപുരയും പാടത്ത് കാവല്‍മാടവും നിര്‍മിക്കും. പാടത്ത് കിളികളെയോടിക്കാന്‍ വൈക്കോല്‍ക്കോലവും ഉണ്ടാക്കും. അന്യമായ വൈക്കോല്‍ക്കൂനയും പാടത്ത് കാണാനാകും.
ഇതിനോട് ചേര്‍ന്ന് 100ല്‍പ്പരം നെല്ലിനങ്ങളുടെ മാതൃകാ പ്രദര്‍ശന പാടവും ഒരുക്കും. വിവിധരീതിയില്‍ വിവിധ കാലാവസ്ഥയില്‍ വിവിധയിടങ്ങളില്‍ കൃഷിയിറക്കുന്ന നെല്ലിനങ്ങളായിരിക്കും പ്രദര്‍ശനയിടത്ത് ഉണ്ടാകുക.