
ഒറ്റപ്പാലം: കോതകുറുശ്ശി കോട്ടപ്പുറത്തെ ശ്രീജേഷിന് ഔപചാരിക സാങ്കേതികവിദ്യാഭ്യാസമൊന്നുമില്ല. ചെറിയ വിദ്യകളിലൂടെ സ്വന്തം റൈസ് മില്‍ പുനഃസംവിധാനംചെയ്തത് കാണുമ്പോള്‍ ആര്‍ക്കും കൗതുകമേറും. ഇതോടെ പങ്കജ് മോഡേണ്‍ റൈസ് ആന്‍ഡ് ഫ്‌ലോര്‍ മില്ലില്‍ കാര്യങ്ങള്‍ അനായാസമായി. അച്ഛന്‍ പങ്കജാക്ഷന്‍ നെടുങ്ങാടി നടത്തിയിരുന്ന റൈസ് മില്‍ ഒന്നരവര്‍ഷംമുമ്പ് ഏറ്റെടുക്കുമ്പോള്‍ പരിമിതമായ സംവിധാനങ്ങളാണ് ഉണ്ടായിരുന്നത്. നെല്ലുകുത്തി അരിയാക്കാന്‍ യന്ത്രങ്ങള്‍ക്കുള്ള അന്വേഷണം പുതിയ രൂപകല്പനയുടെ ആവശ്യകതയിലേക്കാണ് ശ്രീജേഷിനെ നയിച്ചത്.
ചെന്നൈയിലെ സ്വകാര്യസ്ഥാപനം യന്ത്രങ്ങള്‍ എത്തിച്ചപ്പോള്‍ പല പരിമിതികളും മുന്നിലെത്തി. ഇതില്‍ ശ്രീജേഷിന്റെ അഭിരുചിക്കനുസരിച്ച് രൂപമാറ്റം വരുത്തുകയായിരുന്നു. നെല്ലുപുഴുങ്ങാനുള്ള ഫര്‍ണസ് മുതല്‍ തുടങ്ങുന്നു മാറ്റങ്ങള്‍. ഉമി ഉപയോഗിക്കുന്ന രീതി ഏര്‍പ്പെടുത്തിയതോടെ വിറക് തീ കത്തിപ്പിടിക്കാന്‍മാത്രം മതി. കയറുകള്‍ ഘടിപ്പിച്ച് എലിവേറ്റര്‍ നിയന്ത്രിക്കാം. നാല് എലിവേറ്റര്‍ ഉപയോഗിക്കുന്നതിനുപകരം ഒന്നുമതി. സാധാരണയന്ത്രത്തില്‍ ചെറിയ അളവില്‍ നെല്ല് പുഴുങ്ങാനാവാത്തപ്പോള്‍ ഇവിടെ അതും പറ്റും. ഒറ്റപ്പുഴുക്കും രണ്ട് പുഴുക്കലും നടത്താം.
കണ്ടെയ്‌നറിന് പുറത്ത് ഡ്രയര്‍മാറ്റിയതും നേട്ടമായി. ഇതും ചെറിയ അളവ് നെല്ലുണക്കുന്നതിനായാണ്. നെല്ല് പൊടിക്കുന്നിടത്തും ഒരുകുത്തിന്നിടത്തും ഒഴിവാക്കാനായി. ഹള്ളറിന് മുകളില്‍ മറ്റൊരു ഹള്ളര്‍ ക്രമീകരിച്ചാണ് ഇത് സാധിക്കുന്നത്. അരിയില്‍നിന്ന് കല്ലുനീക്കാനുള്ള ഡീ സ്‌റ്റോണറിലുമുണ്ടായി മാറ്റങ്ങള്‍. പൊടിയരിയും ചെറിയരിയും വേര്‍തിരിക്കാനും ഉമിമാറ്റാനും മൂന്ന് യന്ത്രത്തിന് പകരം ഇതില്‍ ത്തന്നെ കഴിയും. എല്ലാറ്റിനുമായി 15 ലക്ഷം ചെലവായി.
പായ്ക്കറ്റുകളിലാക്കി അരിവില്പനയും ഇവിടെയുണ്ട്. ഇപ്പോള്‍ വില്പനയ്ക്ക് പുതിയ ആപ്പും വരികയാണ്. ഇനി 'വരരുചി'യിലെ ഒരു ക്ലിക്ക്മതി കോതകുറുശ്ശിയിലെ നാട്ടിന്‍പുറത്തുനിന്ന് പൊടിയരി പാഴ്‌സലായി നിങ്ങളുടെ അരികിലെത്തും. ആന്‍ഡ്രോയ്ഡ് ഫോണില്‍ ഉപയാഗിക്കാവുന്ന വരരുചി ആപ് ചിങ്ങം ഒന്നിന് പ്രവര്‍ത്തനക്ഷമമാകും.