തൃശ്ശൂര്‍: മാനസികവെല്ലുവിളികള്‍ നേരിടുന്ന സ്ത്രീകളുടെ അഭയകേന്ദ്രമായ പ്രത്യാശാഭവനില്‍ കൃഷി ഒറ്റമൂലിയാവുന്നു. പ്രത്യാശാഭവനിലെ ഒന്നര ഏക്കര്‍ ഭൂമിയില്‍ രണ്ടു വര്‍ഷം മുമ്പ് തുടങ്ങിയ കൃഷി അന്തേവാസികളുടെ മാനസികാരോഗ്യം തന്നെ മെച്ചപ്പെടുത്തിയെന്ന കണ്ടെത്തലിലാണ് സാമൂഹിക നീതി വകുപ്പ്. പദ്ധതി സംസ്ഥാനം മുഴുവന്‍ വ്യാപിപ്പിക്കാനുള്ള ആലോചനകളും നടക്കുന്നുണ്ട്.
മാനസികവെല്ലുവിളികള്‍ നേരിടുന്ന 25 സ്ത്രീകളാണ് രാമവര്‍മ്മപുരത്തെ പ്രത്യാശാഭവനില്‍ ഉള്ളത്. കൃഷിയിലെ ഇടപെടലുകള്‍ ഇവരുടെ ജീവിതം മാറ്റിമറിച്ചുവെന്ന് ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു.
ജീവിതക്രമത്തിലേക്ക് ഇവരെ കൊണ്ടുവരാന്‍ സാധിച്ചു എന്നതാണ് പ്രധാനം. ചിന്താശേഷി, തിരിച്ചറിവിനുള്ള കഴിവ്, ആശയവിനിമയശേഷി, കാര്യങ്ങള്‍ സ്വയം നിര്‍വഹിക്കാനുള്ള കഴിവ്, ശുചിത്വബോധം എന്നിവയെല്ലാം വര്‍ദ്ധിച്ചു. കൃഷിക്കു വേണ്ടിയുള്ള അധ്വാനം ഉറക്കക്കുറവിനും മരുന്നായി.
ചെടിയും കളയും എങ്ങനെ തിരിച്ചറിയണമെന്നും കളയെങ്ങനെ പറിച്ചൊഴിവാക്കാമെന്നും അറിയാതിരുന്നവരുടെ മനസ്സിലേക്കാണ് കൃഷിയൊരു ആവേശമാക്കി കടത്തിവിട്ടത്. ഇവരുടെ പരിചരണത്തില്‍ വളരുന്ന നെല്ലും കരിമ്പും ഓണക്കുലകളുമെല്ലാം പാകമായിക്കൊണ്ടിരിക്കുകയാണിവിടെ.
പാമ്പും പന്നിയും വാസസ്ഥലമാക്കി കാടുമൂടിക്കിടന്നിരുന്ന സ്ഥലത്താണ് രണ്ടുവര്‍ഷം മുമ്പ് സ്വാശ്രയ വിള പദ്ധതി ആരംഭിച്ചത്. നാലേമുക്കാല്‍ ടണ്ണോളം വിവിധതരം പച്ചക്കറികളാണ് ഇവിടെ ഉത്പാദിപ്പിച്ചത്. കൂടുതല്‍ അധ്വാനം ആവശ്യമുള്ള കൃഷിപ്പണികളെല്ലാം തൊഴിലാളികളെ ഉപയോഗിച്ചാണ് ചെയ്യുന്നത് . പുല്ലുപറിക്കുക, നനയ്ക്കുക തുടങ്ങി മാനസികോല്ലാസം കൂടി കിട്ടുന്ന ജോലികളാണ് ഇവിടത്തെ അന്തേവാസികളെ ഏല്‍പ്പിച്ചിരുന്നത്. രാവിലെയും വൈകീട്ടും കൃഷിഭൂമിയിലേക്കിറങ്ങാന്‍ ഇവര്‍തന്നെ ആവശ്യപ്പെടുന്ന സ്ഥിതിയാണിപ്പോള്‍ ഉള്ളതെന്ന് സൂപ്രണ്ട് കെ.ഐ. റാബിയ പറയുന്നു.