മണ്ണിന്റെ ഗുണമറിഞ്ഞ് കൃഷിയിറക്കി 86ലും തളരാതെ പ്രഭാകരന്‍ നായര്‍

Posted on: 16 Aug 2015


നെയ്യാറ്റിന്‍കര: മണ്ണ് ചതിക്കില്ല. മണ്ണിന്റെ ഗുണമറിഞ്ഞ് വിത്തിറക്കിയാല്‍ നൂറ് മേനി വിളവ് തരും. നടൂര്‍ക്കൊല്ല കളത്തലയ്ക്കല്‍ ഏലായില്‍ പാട്ടത്തിനെടുത്ത വയലിലെ കതിരിട്ടു നില്‍ക്കുന്ന നെല്ല് പാടത്തില്‍ നിന്നുകൊണ്ട് എണ്‍പത്തിയാറുകാരനായ പ്രഭാകരന്‍ നായര്‍ പറയുന്നു. അതും വാര്‍ദ്ധക്യം തളര്‍ത്തിയിട്ടും തളരാത്ത മനസ്സുമായി.

നടൂര്‍ക്കൊല്ല കുശക്കുടി വിളാകത്ത് വീട്ടില്‍ പ്രഭാകരന്‍ നായര്‍ കുട്ടിക്കാലം മുതലേ കൃഷിപ്പണി ചെയ്യാന്‍ തുടങ്ങി. അച്ഛന്‍ കുട്ടന്‍പിള്ളയെ സഹായിക്കാനാണ് പ്രഭാകരന്‍ നായര്‍ കൃഷി ചെയ്യാനിറങ്ങിയത്. പന്ത്രണ്ടാം വയസ്സില്‍ തുടങ്ങിയ കാര്‍ഷികവൃത്തിക്ക് ഇതുവരെ വിശ്രമം നല്‍കിയിട്ടില്ല. അച്ഛന്‍ പഠിപ്പിച്ച് തന്നതും പരമ്പരാഗതവുമായ കൃഷി രീതിയാണ് പ്രഭാകരന്‍ നായര്‍ ഇപ്പോഴും പിന്തുടരുന്നത്.
നെല്‍വയല്‍ ഒരുക്കാനായി ഇപ്പോഴും ചാണകവും ചാമ്പലും തന്നെയാണ് പ്രഭാകരന്‍ നായര്‍ ആശ്രയിക്കുന്നത്. എന്നാല്‍ പരമ്പരാഗതമായ നിലം ഉഴവിന് പണിക്കാരെ കിട്ടാതായതോടെ കലപ്പയും നുകവും ഒതുക്കിവെച്ചു. ഇപ്പോള്‍ കൃഷി ഭവനില്‍ നിന്നും ട്രാക്ടര്‍ കൊണ്ടുവരും നിലം ഒരുക്കാനായി.

പരമ്പരാഗതമായി നെല്ല് കൃഷിയാണ് പ്രഭാകരന്‍നായര്‍ ചെയ്യുന്നത്. രണ്ട് പ്രാവശ്യം നെല്ല് കഴിഞ്ഞാല്‍ ഇടവിളയായി പയറോ, പച്ചക്കറിയോ കൃഷി ചെയ്യും. സ്വന്തമായി കൃഷി ഭൂമി ഉണ്ടായിരുന്നെങ്കിലും മക്കളെ കല്യാണം കഴിപ്പിച്ചയച്ചതോടെ ഭൂമിയെല്ലാം നഷ്ടമായി. ഇപ്പോള്‍ വര്‍ഷങ്ങളായി പാടം പാട്ടത്തിനെടുത്താണ് പ്രഭാകരന്‍ നായര്‍ കൃഷി ചെയ്യുന്നത്. ഈ വര്‍ഷം 62 സെന്റ് വയല്‍ പാട്ടത്തിനായി എടുത്താണ് നെല്‍ കൃഷി ചെയ്തിരിക്കുന്നത്. എന്നാല്‍ ഇപ്പോഴത്തെ കൃഷി ചെലവും പാട്ടക്കൂലിയും പോയാല്‍ ബാക്കിയൊന്നും ഉണ്ടാവില്ലെന്നാണ് പ്രഭാകരന്‍ നായരുടെ പരിഭവം.

വിളവെടുക്കുന്ന നെല്ല് സ്വകാര്യ മില്ലുകാര്‍ വന്ന് വാങ്ങിക്കൊണ്ടുപോകും. എന്നാല്‍ നെല്ലിന് നല്ല വിലകിട്ടുന്നില്ലെന്ന പരാതിയും ഉണ്ട്. ഇപ്പോള്‍ കിലോയ്ക്ക് 19 രൂപയിട്ടാണ് സ്വകാര്യ മില്ലുകള്‍ നെല്ലെടുക്കുന്നത്. പലപ്പോഴും നെല്ല് നല്‍കിയാലും സമയത്തിന് പണം ലഭിക്കാറില്ല. ഒപ്പം നില്‍ക്കുന്ന കര്‍ഷക തൊഴിലാളിക്കുള്ള കൂലിയും വളത്തിന്റെയും കണക്കു കൂടി നോക്കിയാല്‍ നെല്ലിന് നല്ല വില ലഭിക്കുന്നില്ലെന്ന് പ്രഭാകരന്‍ നായര്‍ക്ക് പരാതിയുണ്ട്.

ഭാര്യ ഓമനയമ്മയുമൊത്താണ് പ്രഭാകരന്‍ നായര്‍ താമസിക്കുന്നത്. ഒരു മകള്‍ കൂടി വീട്ടലുണ്ട്. രണ്ടര സെന്റ് സ്ഥലമാണ് സ്വന്തമായി അവശേഷിക്കുന്നത്. ഓടുകള്‍ പൊട്ടിപ്പൊളിഞ്ഞ് വീഴാറായ വീട്ടിലാണ് താമസം. ഇപ്പോഴും കൃഷിയില്‍ നിന്നും കിട്ടുന്നതാണ് പ്രഭാകരന്‍ നായരുടെ വീട്ടിലെ വരുമാനം.

ജീവിതാവസാനം വരെയും മണ്ണിനെയറിഞ്ഞ് കൃഷിയിറക്കി കഴിയണമെന്നതാണ് പ്രഭാകരന്‍ നായരുടെ ആഗ്രഹം. ഇക്കൊല്ലം കൊല്ലയില്‍ പഞ്ചായത്ത് മുതിര്‍ന്ന കര്‍ഷകരെ ആദരിക്കുന്നവരുടെ പട്ടികയില്‍ പ്രഭാകരന്‍ നായരും ഉണ്ട്. എന്നാല്‍ തന്റെ പൊട്ടിപ്പൊളിഞ്ഞ വീട് നന്നാക്കാന്‍ മാത്രം പഞ്ചായതത്തിന്റെയാതൊരു സഹായവും പ്രഭാകരന്‍ നായര്‍ക്ക് കിട്ടിയിട്ടില്ല.



 

ga