ചിറ്റൂര്‍: സുന്ദരമായ തെങ്ങിന്‍തോട്ടം, ഇടയില്‍ ജാതിമരങ്ങള്‍. വരികള്‍ വിട്ട് വഴുതന, വെണ്ട, ചേന എന്നിങ്ങനെ.
ഈവര്‍ഷത്തെ സംസ്ഥാന സര്‍ക്കാരിന്റെ കേരകേസരി അവാര്‍ഡ് നേടിയ പെരുമാട്ടി എഴുത്താണിക്കളം കെ. നാരായണന്‍കുട്ടിയുടെ പതിനൊന്നരയേക്കര്‍ തോപ്പ് ഒരു കാഴ്ചയാണ്.
രാവിലെ ആറുമണിക്ക് കൃഷിയിടത്തിലേക്കിറങ്ങുന്ന നാരായണന്‍കുട്ടിയുടെ പ്രഭാതസവാരിയും ഈ വഴികളിലൂടെത്തന്നെ. ഓരോ മരത്തെയും തൊട്ടുതലോടിയുള്ള നടപ്പ് ചില ദിവസങ്ങളില്‍ പത്തുമണിവരെ നീളും.
രണ്ടേക്കറോളം സ്ഥലം ഒരുദിവസം പരിശോധിക്കും. മണ്ണിന്റെ നനവ്, രോഗങ്ങള്‍, തൈകള്‍ക്കുണ്ടാവുന്ന വാട്ടം എല്ലാം ശ്രദ്ധിച്ചാണീ സവാരി.
കൃഷിയിടം പൂര്‍ണമായും കമ്പിവേലി കെട്ടി സംരക്ഷിച്ചിട്ടുണ്ട്. തെങ്ങുകള്‍ക്കിടയില്‍ കൃത്യമായ അകലത്തിലാണ് ജാതികള്‍ വളരുന്നത്. കൃത്യമായ തുള്ളിനന നടത്തുന്നതിനാല്‍ മണ്ണ് നനവാര്‍ന്നതാണ്. തെങ്ങിന്റെ ഉപോത്പന്നങ്ങളായ മടല്‍, കൊതുമ്പ് എന്നിവയെല്ലാം തെങ്ങുകള്‍ക്ക് ചുവട്ടില്‍ത്തന്നെയിടും. തടത്തിന് ഈര്‍പ്പവും വളവുമാണിത്. ജാതിയുടെ ഇലകള്‍ക്കുണ്ടാവുന്ന നിറവ്യത്യാസം ജോലിക്കാരെ വിളിച്ച് കാണിച്ചുകൊടുത്തശേഷം സംഭരണകേന്ദ്രത്തിലേക്ക് കയറി. തെങ്ങുകള്‍ക്കിടയില്‍ ജാതിക്കൃഷി ലാഭകരമാവില്ലെന്ന് മുന്നറിയിപ്പുകള്‍ അവഗണണിച്ച നാരായണന്‍കുട്ടിക്കിന്ന് ജാതി മികച്ച സാമ്പത്തികലാഭമാണ് നല്‍കുന്നത്.
കര്‍ഷകന് സാമ്പത്തികഭദ്രത നല്‍കാന്‍ ജാതിക്കയ്ക്കാവുമെന്ന് കണ്ടെത്തിയപ്പോള്‍ സ്വന്തമായി രൂപകല്പനചെയ്ത് സ്ഥാപിച്ചതാണീ സംഭരണകേന്ദ്രം. കായ സംഭരിക്കാനായിമാത്രം 4,000 സ്‌ക്വയര്‍ സെന്റീമീറ്റര്‍ വിസ്തൃതിയിലാണ് സംഭരണകേന്ദ്രമൊരുക്കിയിരിക്കുന്നത്.
മികച്ചവിളവ് ലഭിക്കുന്ന ജാതിയില്‍നിന്ന് വിളവ് കുറഞ്ഞവയിലേക്ക് ബഡ്ഡ് ചെയ്താണ് തോട്ടത്തിന്റെ വിളവിലെ സ്ഥിരത നിലനിര്‍ത്തുന്നത്. ശേഷികൂടിയ വിത്തുകള്‍ കോട്ടയത്തുനിന്നാണ് എത്തിക്കുന്നത്.