കേരളത്തിന്റെ കര്‍ഷകോത്തമന്‍

അനു എബ്രഹാം Posted on: 16 Aug 2015

കോഴിക്കോട്: ഞങ്ങളെത്തുമ്പോള്‍ ആനക്കാംപൊയിലില്‍ നൂലുപോലെ മഴ പെയ്തിറങ്ങുകയായിരുന്നു. കോഴിക്കോട് നഗരത്തില്‍ നിന്ന് ഏകദേശം രണ്ടുമണിക്കൂര്‍ യാത്ര ചെയ്താല്‍ ഈ മലയോര ഗ്രാമത്തിലെത്താം. ഇവിടെയാണ് മികച്ച കര്‍ഷകനുള്ള ഈ വര്‍ഷത്തെ കര്‍ഷകോത്തമ പുരസ്‌കാരം ലഭിച്ച എം.എ. ഡൊമിനിക്കിന്റെ വീടും കൃഷിയിടവും.

മുറ്റത്ത് കൂട്ടമായി പാഞ്ഞുനടന്നുകൊണ്ടിരുന്ന താറാവുകള്‍ക്ക് മഴ വകവെക്കാതെ തീറ്റ കൊടുക്കുകയായിരുന്നു ആ കര്‍ഷകന്‍. മുറ്റത്തിന്റെ ഒരുവശത്ത് എണ്ണൂറോളം തേങ്ങകള്‍ മുളപ്പിക്കാനായി പാകിയിരിക്കുന്നു. തൊട്ടടുത്ത് മീനുകള്‍ നിറഞ്ഞ ചെറിയൊരു കുളം.

ഇതിനോടുചേര്‍ന്ന് ചെറിയൊരു പൂന്തോട്ട നഴ്‌സറി. ഒപ്പം കുടകില്‍നിന്ന് കൊണ്ടുവന്ന ആയിരത്തോളം കുരുമുളക് തൈകളും. ഒരിഞ്ചുസ്ഥലം പോലും പാഴാക്കിക്കളയാത്ത ഈ വീട്ടുമുറ്റംമതി ഈ കുടിയേറ്റ കര്‍ഷന്റെ മികവറിയാന്‍. 'മണ്ണു'ക്കുശുമ്പില്‍ എന്ന വീട്ടുപേരില്‍ നിന്നുതന്നെ തുടങ്ങുന്നു ഈ കുടുംബത്തിന്റെ മണ്ണുമായുള്ള ആത്മബന്ധം.

ഇരുവഞ്ഞിപ്പുഴയുടെയും സമാന്യം വലിയൊരു തോടിന്റെയും മടിത്തട്ടിലാണ് ഡൊമിനിക്കിന്റെ ഒമ്പതേക്കര്‍ കൃഷിയിടം. പ്രശസ്തമായ അരിപ്പാറ വെള്ളച്ചാട്ടം ഡൊമിനിക്കിന്റെ കനകം വിളയുന്ന ഭൂമിക്ക് അതിരിടുന്നു. തോട്ടില്‍നിന്ന് പൈപ്പ് ഇട്ടിട്ടാണ് പറമ്പ് നനയ്ക്കുക. വീടിനോട് ചേര്‍ന്ന് 130 ജാതി. ഇടവിളയായി തെങ്ങ്, കമുക്, വാഴ, ഏലം, കൊക്കൊ, ഞാലിപ്പൂവന്‍, നേന്ത്രന്‍, പൂവന്‍, മൈസൂര്‍ എന്നീ ഇനങ്ങളില്‍പ്പെട്ട 300 വാഴകള്‍ തോട്ടത്തില്‍ നിരനിരയായി നില്‍ക്കുന്നു. കൊക്കൊ 500 എണ്ണമുണ്ട്.

തെങ്ങിന്‍ തോപ്പിലേക്ക് കടക്കണമെങ്കില്‍ വീടിനോട് ചേര്‍ന്നുള്ള തോട് മുറിച്ച് കടക്കണം. കഷ്ടി മുട്ടോളം വെള്ളം. വെള്ളത്തിന് നല്ല തണുപ്പം ഒഴുക്കും. 35 വര്‍ഷം മുമ്പ് ഒരു ഉരുള്‍പൊട്ടലില്‍ ഉണ്ടായതാണ് ഈ തോട്. ഉരുള്‍പൊട്ടി മലവെള്ളം പാഞ്ഞപ്പോള്‍ ഡൊമിനിക്കിന്റെ പറമ്പും രണ്ടായി മുറിഞ്ഞു.

തോടിനോടുചേര്‍ന്ന് ഡൊമിനിക്കിന്റെ ഒമ്പത് ആടുകള്‍ പുല്ലുമേയുന്നു. 'ജംന പ്യാരി' ഇനത്തില്‍പ്പെട്ടവയാണിവ. 'ഇവനാരെടാ' എന്ന ഭാവത്തില്‍ തലയുയര്‍ത്തി നോക്കുന്ന 15 കരിങ്കോഴികള്‍ തൊട്ടടുത്തുണ്ട്. ഇതിനുപുറമെയാണ് അലങ്കാരക്കോഴികളും പ്രാവുകളും ലൗ ബേഡ്‌സും. തോട്ടില്‍ നിറയെ പാറകളാണ്. ഇവയ്ക്കിടയിലുള്ള തുറസ്സായ സ്ഥലങ്ങളാണ് താറാവുകളുടെ 'സ്വിമ്മിങ് പൂള്‍'. തോടുകടന്നാല്‍ കാണാം കഷ്ടി രണ്ടാള്‍ പൊക്കം മാത്രമുള്ള തെങ്ങുകള്‍. ചിലതില്‍ കൈകൊണ്ട് പറിക്കാവുന്ന അത്ര ഉയരത്തില്‍ തേങ്ങ. ഒരു തെങ്ങില്‍നിന്ന് വര്‍ഷം ശരാശരി 160 തേങ്ങ ലഭിക്കും.

2006ലാണ് ഇവിടുത്തെ പാറക്കല്ലുകള്‍ മണ്ണുമാന്തിയന്ത്രം കൊണ്ടുമാറ്റി ഡൊമിനിക് തെങ്ങുവെച്ചത്. ഉയരംകുറഞ്ഞ ഇനത്തില്‍പ്പെട്ട ഇവ മൂന്നാം വര്‍ഷം കായ്ച്ച് ഡൊമിനിക്കിന്റെ ആത്മവിശ്വാസം ആകാശംമുട്ടെ ഉയര്‍ത്തി. 2011ല്‍ മികച്ച നാളികേര കര്‍ഷകനുള്ള കേരകേസരി പുരസ്‌കാരം ഈ വിജയകഥയ്ക്ക് അടിവരയിട്ടു.

30 മീറ്റര്‍ അകലമുള്ള തെങ്ങിന് ഇടവിളയായി വാഴയും കമുകും കുരുമുളകും. ഏതെങ്കിലും ഒന്നിന് വിലയുണ്ടെങ്കില്‍ കൃഷി നഷ്ടത്തിലാകില്ലെന്ന് ഡൊമിനിക്കിന്റെ അനുഭവം.

ചവറും ചാണകവും ആണ് പ്രധാനവളം. ഇതിനുപുറമെ, പിണ്ണാക്ക്, ചാണകം, വന്‍പയര്‍, ശര്‍ക്കര എന്നിവയുടെ മിശ്രിതം തളിക്കും.
ചാണകത്തിനായി മൂന്ന് ജഴ്‌സിപ്പശുക്കളുണ്ട്.

മരിച്ചുപോയ പിതാവ് മാത്യു ആണ് ഡൊമിനിക്കിന്റെ വഴികാട്ടി. അമ്മ ഏലിയാമ്മ. ഭാര്യ എല്‍സിയും രണ്ടാമത്തെ മകന്‍ ജിഫിനും ലണ്ടനിലാണ്. സിവില്‍ എന്‍ജിനീയറിങ് കഴിഞ്ഞ മൂത്ത മകന്‍ ജൂബിന്‍ ജോലിയുപേക്ഷിച്ച് കൃഷിയെന്ന ഡൊമിനിക്കിന്റെ മന്ത്രം സ്വീകരിച്ചുകഴിഞ്ഞു.വിളവ് കൊടുക്കാതെ, മണ്ണ് ഡൊമിനിക്കിനെ ഇന്നേവരെ തോല്‍പിച്ചിട്ടില്ല. രാസവളം വിതറി ഡൊമിനിക് മണ്ണിനേയും തോല്‍പിച്ചിട്ടില്ല. പരസ്പര ബഹുമാനത്തോടെയുള്ളൊരു മത്സരം ഇരുവഞ്ഞിപ്പുഴയുടെ മധ്യസ്ഥതയില്‍ ഇവിടെ തുടരുകയാണ്...



 

ga