കോഴിക്കോട്: ചെക്കുട്ടിക്ക് ജീവനാണ് മണ്ണ്. നൂറാംവയസ്സിലും ചെക്കുട്ടി ജീവിക്കുന്നത് മണ്ണിനെ മാറോടണച്ചാണ്. 'മണ്ണാണ് ജീവന്‍, മണ്ണിലാണ് ജീവന്‍' എന്നറിയണമെങ്കില്‍ കോഴിക്കോട് ബാലുശ്ശേരി മണ്ണാംപൊയില്‍ അരീപ്രം മുക്കിലെ കര്‍ഷകനായ ചെക്കുട്ടിയുടെ ജീവിതം കണ്ടാല്‍മതി.
പ്രായത്തിന്റെ അവശതകളോ അലട്ടലോ ഇല്ലാതെ സ്വയം കൃഷിയിറക്കി അതുകൊണ്ട് കഞ്ഞികുടിക്കുന്ന ഒരാള്‍. മണ്ണ് ചതിക്കില്ലെന്ന അടയാളപ്പെടുത്തലാണ് മണ്ണാന്റെ പിണങ്ങോട്ട് വീട്ടില്‍ ചെക്കുട്ടിയുടെ ജീവിതം. ആറും ഏഴും ഏക്കറില്‍ കൃഷിയിറക്കി തലമുറകളെ ഊട്ടിയതിന്റെ അനുഭവമാണ് മണ്ണിനോട് മല്ലിടാന്‍ ഈ കര്‍ഷകന് പ്രചോദനം.
വിഷരഹിതമായ കാര്‍ഷികവിഭവങ്ങള്‍ ആഗ്രഹിക്കുന്ന ഒരു നാടിന്റെ ആശ്രയമാണിന്ന് ചെക്കുട്ടി. അദ്ദേഹം വിളയിച്ച ചേനയും ചേമ്പും വാഴക്കുലയുമെല്ലാം ഇക്കുറിയും ബാലുശ്ശേരിയിലെ ഓണച്ചന്തയിലെത്തും.
ഹരിതതീരം റെസിഡന്‍റ്‌സ് അസോസിയേഷന്‍ കുടുംബാംഗങ്ങളുടെ ഒന്നടക്കമുള്ള ആഗ്രഹമാണ് ചെക്കുട്ടിയിലൂടെ സഫലമാവുന്നത്.
പരമ്പരാഗത കൃഷിപ്പണികള്‍ അദ്ദേഹം മുറുകെപ്പിടിക്കുന്നു. രാസവളമിട്ട് വലിയ വിളവെടുപ്പ് നടത്താനുള്ള അതിമോഹമൊന്നും ചെക്കുട്ടിക്കില്ല. 'അത് മണ്ണിനെ കൊല്ലലാകും' അദ്ദേഹം പറയുന്നു.
40 സെന്റിലാണ് ഇക്കുറി വിത്തിട്ടത്. മഴമാറുംമുമ്പ് മുളച്ച നെല്ലിന്റെ തല വെട്ടണം. പിന്നെ ഡിസംബറില്‍ കൊയ്ത്ത്. ആറുമാസത്തേക്ക് കഞ്ഞിക്കുള്ള അരിയായി. കൃത്യമായ കൃഷിക്കലണ്ടര്‍ ചെക്കുട്ടിക്കുണ്ട്.
നേരം വെളുത്താല്‍ കൃഷിയറിയാനും പഠിക്കാനും നാട്ടുകാരും കുട്ടികളും ചെക്കുട്ടിയെ തേടിയെത്തും. തിപ്പലി, രാമച്ചം, കൊടുവേലി, രക്തചന്ദനം, മുഞ്ഞ, മഞ്ഞള്‍, കഞ്ഞിക്കൂര്‍ക്കല്‍, വാതം കൊല്ലി, ആടലോടകം, കരിനൊച്ചി തുടങ്ങി അമ്പതോളം ഔഷധസസ്യങ്ങളും ചെക്കുട്ടിയുടെ പറമ്പിലുണ്ട്.
''എട്ടുവരെ പഠിച്ചു. പിന്നെ പാടത്തും പറമ്പിലും അച്ഛന്‍ രാരിച്ചന്റെ സഹായിയായി. മണ്ണിനെ അറിഞ്ഞപ്പോള്‍പ്പിന്നെ വിടാന്‍ തോന്നിയില്ല'' കര്‍ഷകനായ കഥ അദ്ദേഹം അഭിമാനത്തോടെ പറയുന്നു.
ചെക്കുട്ടിയുടെ പാതയില്‍ ഇപ്പോള്‍ മക്കളുമുണ്ട്. രാരിച്ചനും ചോയിക്കുട്ടിയും ചന്ദ്രനും അശോകനും ചന്ദ്രമതിയുമെല്ലാം അച്ഛനൊപ്പം കൃഷിക്കിറങ്ങാറുണ്ട്. സര്‍ക്കാര്‍ സര്‍വീസില്‍നിന്ന് വിരമിച്ചതിനുശേഷം രാരിച്ചനും ചോയിക്കുട്ടിയും ചന്ദ്രനും കൃഷിപ്പണിക്ക് ഏറെ സമയം കണ്ടെത്തുന്നവരാണ്.
കൂത്താളി, ജീരകപ്പാറ, എഴുകണ്ടി, എരമംഗലം മിച്ചഭൂമി സമരങ്ങളില്‍ പങ്കെടുത്ത് പോലീസ് മര്‍ദനമേല്‍ക്കേണ്ടിവന്നിട്ടുണ്ട് ഈ കര്‍ഷകന്. ജയിലിലും കിടന്നു. 1979ല്‍ സി.പി.എമ്മിന്റെ ബാലുശ്ശേരി പഞ്ചായത്തംഗമായിരുന്നു.
താനൊരു 'സംഭവ'മാണെന്ന് പറയുന്നവരോട് ചെക്കുട്ടി യോജിക്കില്ല. മണ്ണിനെയറിഞ്ഞ് ജീവിച്ചാല്‍ നിങ്ങളും ഒരു സംഭവം ഇതുംപറഞ്ഞ് അദ്ദേഹം ഇറങ്ങുന്നു, തൂമ്പയുമായി വീണ്ടും മണ്ണിലേക്ക്.