പാലക്കാട് : പാലക്കാട്ടുനിന്ന് ഏറെ ദൂരെയല്ല പുതുശ്ശേരി. അവിടെനിന്ന് ഒരുകിലോമീറ്ററേയുള്ളൂ സൂര്യചിറയ്ക്ക്. അവിടെയുണ്ട് കൂറ്റന്‍ മകുടംമാതിരി മൂന്ന് പോളിഹൗസുകള്‍. അതിനുള്ളിലെ കാര്‍ഷികവിളകള്‍ക്ക് നൂറുമേനി. അവ പറയുന്നത് അടിസ്ഥാനവിദ്യാഭ്യാസംപോലുമില്ലാത്ത കര്‍ഷകന്റെ വിജയകഥ. കഥയറിയാതെ കൃഷികാണരുത്. കര്‍ഷകന്‍ ഏറെ ദൂരെയല്ല. സൂര്യചിറയിലെ പോളിഹൗസിന്റെ എതിരിലെ വീട്ടിലുണ്ട് കൃഷിക്കാരന്‍. പി. മുരളീധരന്‍ എന്ന സാധാരണക്കാരന്‍. ഇത്തവണ സംസ്ഥാനത്തെ മികച്ച ഹൈടെക് കര്‍ഷകനായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തി.
മുരളീധരന് ഹൈടെക്കൃഷി മാത്രമേയുള്ളൂവെന്ന് കരുതിയാല്‍ തെറ്റി. പത്തേക്കറുണ്ട് കൃഷിയിടം. ഒന്നരയേക്കറോളം കുളമാണ്. ഇതില്‍ വിവിധയിനം മീനുകളെ വളര്‍ത്തുന്നു. കുളത്തിനുമീതെ വലയില്ല. പരുന്തും മീന്‍കൊത്തിയും മീനുകളെ കൊണ്ടു പോകില്ലേയെന്ന് ചോദിച്ചാല്‍ അവയ്ക്കും വിശപ്പില്ലേയെന്ന് മുരളീധരന്റെ മറുചോദ്യം. അഞ്ചേക്കറോളം തെങ്ങിന്‍ തോപ്പാണ്. മീന്‍കുളത്തിലെ വെള്ളം ഇടയ്ക്കിടെ തോപ്പിലേക്കൊഴുക്കും. തെങ്ങിന് നല്ല വളമാണിത്. വെള്ളം മാറുന്നതിലൂടെ മീനുകള്‍ക്ക് കൂടുതല്‍ ഊര്‍ജവും കിട്ടും.
നാലേക്കറോളം പാടമാണ്. വിവിധയിനം നെല്ലിനങ്ങള്‍. അച്ഛന്റെ കാലത്ത് തുടങ്ങിയതാണ് നെല്‍ക്കൃ!ഷി. വിടാതെ ഇപ്പോഴും കൊണ്ടുപോകുന്നു. ജൈവ കൃഷിയാണ്. മിക്ക ജൈവയിനങ്ങളും പൊള്ളാച്ചിയില്‍നിന്നാണ് കൊണ്ടുവരുന്നത്. ചാണകവും ചകിരിച്ചോറും തെങ്ങിന്‍തോപ്പില്‍ കുന്നുകൂട്ടിയിട്ടിരിക്കുന്നു. വീടിന്റെ മുറ്റത്ത് ആയിരക്കണക്കിന് തൈകള്‍ മുളപ്പിച്ചുവെച്ചിട്ടുണ്ട്. ഗ്രോബാഗില്‍ ഇവ നട്ട് വില്പനയും നടത്തുന്നുണ്ട്. ഇതിനായാണ് ചാണകവും ചകിരിച്ചോറും പൊള്ളാച്ചിയില്‍നിന്നെത്തിക്കുന്നത്.
പോളിഹൗസിലേക്ക് കയറണമെങ്കില്‍ പൂര്‍ണ ശുചിത്വംവേണം. അത്രമേല്‍ കാര്യമായാണ് മൂന്ന് പോളിഹൗസുകളും കാത്തുസൂക്ഷിച്ചിരിക്കുന്നത്. 400 ചതുരശ്രമീറ്ററിലാണ് മൂന്ന് പോളിഹൗസുകള്‍. ഒന്നില്‍ നിറയെ പച്ചമുളക്. അത്യുത്പാദന ഇനമായ എച്ച്.പി.എച്ച്. 1048 ഇനമാണ്. 40 ദിവസത്തില്‍ പൂവിട്ടു. രണ്ടാംമാസത്തില്‍ വിളവെടുത്തുതുടങ്ങി. മുളകിന് 14 സെന്റീമീറ്റര്‍വരെ നീളമുണ്ട്. പ്രതിദിനം 100 കിലോഗ്രാം വിളവെടുക്കുന്നുണ്ട്.
ഒരു പോളിഹൗസില്‍ കര്‍ണാടകയിലെ അത്യപൂര്‍വയിനം ചീരയാണ്. മറ്റൊന്നില്‍ ഹരിത എന്ന ആത്യുത്പാദനയിനം നീലവഴുതന. രണ്ടിനും വിളസമൃദ്ധി. പോളി ഹൗസിലെ ഒന്‍പതാമത്തെ വിളയാണിത്.