ചിങ്ങമെത്തി; പ്രതീക്ഷയുടെ പച്ചപ്പകന്ന് വയല്‍നാട്‌

Posted on: 16 Aug 2015


കല്പറ്റ: കാര്‍ഷിക ജീവിതത്തിന്റെ നല്ലനാളുകളുടെ ഓര്‍മയുണര്‍ത്തി ചിങ്ങമെത്തി. വയല്‍പ്പണികളെല്ലാം കഴിഞ്ഞ് പൊന്നിന്‍ ചിങ്ങത്തെ വരവേല്‍ക്കാനുള്ള പഴയതലമുറയുടെ ഉത്സാഹം വയനാടിന് കൈമോശംവന്നിട്ട് കാലമേറെയായി. കാര്‍ഷികവിളകളില്‍ മുഖ്യമായ കാപ്പികൃഷിക്കും വയനാട്ടില്‍ പ്രിയംകുറയുന്നു. കാലാവസ്ഥ അനുകൂലമല്ലാത്തതിനാല്‍ ഉത്പാദനം ഗണ്യമായി കുറയുന്നതിനാലാണ് മിക്ക കര്‍ഷകരും കാപ്പിത്തോട്ടം പരിപാലിക്കുന്നതില്‍നിന്നും വിട്ടുനില്‍ക്കുന്നത്. 2001ലെ കണക്കുപ്രകാരം ജില്ലയില്‍ 67510 ഹെക്ടറില്‍ കാപ്പികൃഷിയുണ്ടായിരുന്നു. വര്‍ഷംതോറും ഉത്പാദനം താഴേയ്ക്കുപതിച്ചപ്പോള്‍ ഇപ്പോള്‍ അതിന്റെ പകുതിപോലും കാപ്പികൃഷിയില്ല എന്നതാണ് അവസ്ഥ.

2001ല്‍ 54110 ടണ്ണായിരുന്നു കാപ്പി ഉത്പാദനം. 2007 ആയപ്പോഴേക്കും 40240 ടണ്ണായി കുറഞ്ഞു. ഇതേ കാലയളവില്‍ കുരുമുളകിന്റെ ഉത്പാദനത്തിലും വന്‍കുറവുണ്ടായി. 40088 ഹെക്ടര്‍ സ്ഥലത്ത് കൃഷിനടന്നിരുന്ന കുരുമുളക് 20232 ഹെക്ടറായി കുറഞ്ഞു, 13083 ടണ്ണില്‍ നിന്നും 3600 ടണ്ണിലേക്ക് ഉത്പാദനം കൂപ്പുകുത്തി. ഇന്ന് മരുന്നിനുള്ള ആവശ്യത്തിനുപോലും കുരുമുളക് കര്‍ഷകരുടെ പക്കലില്ല എന്നതാണ് സാഹചര്യം. ഹെക്ടറിന് 326 കിലോഗ്രാം എന്ന നിലയിലായിരുന്നു വയനാട്ടിലെ കുരുമുളകുത്പാദനത്തിന്റെ തോത്. ഇതിന്ന് 100 കിലോ എന്നകണക്കില്‍പോലും എത്തുന്നില്ല. തേയില 6049 ഹെക്ടറില്‍ നിന്നും 2001ല്‍ 15255 ടണ്‍ വിളവ് ലഭിച്ചിരുന്നത് 2008ല്‍ 10709 ആയി കുറഞ്ഞു. നെല്ലിന്റെ വിളവിലും വന്‍തോതില്‍ കുറവുണ്ടായി. ഇതിനിടയില്‍ റബ്ബര്‍കൃഷിയില്‍ നേരിയ വര്‍ധനവുണ്ടായി. എന്നാല്‍, 2009 ആയപ്പോഴേക്കും റബ്ബര്‍വില താഴോട്ടുപോയതിനാല്‍ ഇതില്‍നിന്നും കര്‍ഷകര്‍ പിന്‍വലിഞ്ഞു.

ഇഞ്ചികൃഷി വയനാട്ടിലെ കര്‍ഷകരുടെ അത്താണിയായിരുന്നു. ഇതിനും വിലയിടിഞ്ഞതോടെ കര്‍ഷകര്‍ നെട്ടോട്ടത്തിലാണ്. വന്‍തോതില്‍ കര്‍ഷകര്‍ ഈ വിളയിലേക്ക് ചുവടുമാറ്റിയതും വിലകുറയുന്നതിന് കാരണമായി. കര്‍ണാടകയിലെ കുടകിലും മറ്റും കൃഷിഭൂമി പാട്ടത്തിനെടുത്ത് കൃഷിയിറക്കിയ ഒട്ടേറെ കര്‍ഷകര്‍ ഇപ്പോള്‍ വന്‍പ്രതിസന്ധി നേരിടുകയാണ്. പിന്നീട് കര്‍ഷകര്‍ക്ക് ആശ്രയം വാഴകൃഷിയായി. കാറ്റിനേയും പ്രതികൂല കാലാവസ്ഥയേയും അതിജീവിച്ച് ഈ വിളയെ മാത്രം ആശ്രയിക്കുന്നതിന് കര്‍ഷകര്‍ക്ക് ധൈര്യമില്ല. ഓണക്കാലമെത്തിയിട്ടും വാഴക്കുലയ്ക്ക് പ്രതീക്ഷിച്ച വില ലഭിക്കാത്തതിനാല്‍ നേന്ത്രവാഴകര്‍ഷകര്‍ നിരാശരാണ്.
ഉത്പാദനച്ചെലവുകുറഞ്ഞ മരച്ചീനികൃഷിയില്‍ ഒട്ടേറെ കര്‍ഷകര്‍ അഭയംതേടിയിരുന്നു. ഇത്തവണ കപ്പയ്ക്കും വില കുറഞ്ഞതിനാല്‍ ഇതിലും ഗതിയില്ലാതായി. മാറ്റൊരു വരുമാനമാര്‍ഗമായ കമുകിന്‍ തോട്ടങ്ങളും വിസ്തൃതി കുറഞ്ഞുവരികയാണ്. അടക്കരോഗബാധ കൂടുതലായതിനാല്‍ മരുന്നുതളിച്ചും മറ്റും കൃഷിപരിപാലിക്കാന്‍ കര്‍ഷകര്‍ക്ക് വന്‍ചെലവാണ് വരുന്നത്. ഇതനുസരിച്ച് വിപണി വില ഉയരാത്തതും പ്രതീക്ഷകള്‍ നഷ്ടപ്പെടുത്തി.



 

ga