
പാലക്കാട്: വയലുകള്‍ കുറഞ്ഞുവരുന്ന നാട്ടില്‍ കൂടുതല്‍ നെല്ലുത്പാദനക്ഷമത കൈവരിക്കയെന്ന ലക്ഷ്യവുമായി കേരള കാര്‍ഷിക സര്‍വകലാശാല മികവിന്റെകേന്ദ്രം തുടങ്ങുന്നു. പട്ടാമ്പി കാര്‍ഷികഗവേഷണ കേന്ദ്രത്തിലാണ് സംസ്ഥാനത്തെ ആദ്യ മികവിന്റെകേന്ദ്രം വരുന്നത്.
വര്‍ഷന്തോറും നെല്‍ക്കൃഷിയിടം കുറയുന്നതും ഉപഭോഗം കൂടുന്നതും കണക്കിലെടുത്താണ് മികവിന്റെകേന്ദ്രം ആരംഭിക്കുന്നത്. അഞ്ചുവര്‍ഷത്തില്‍ 9.17 കോടിയുടെ പദ്ധതിയാണ് അംഗീകാരത്തിനായി സര്‍ക്കാരിന് സമര്‍പ്പിച്ചിരിക്കുന്നത്.
പദ്ധതി യാഥാര്‍ഥ്യമായാല്‍ രാജ്യത്തെ നെല്ലുത്പാദനരംഗത്തെ നയരൂപവത്കരണ സ്ഥാപനമായിമാറും പട്ടാമ്പിയിലെ മികവിന്റെകേന്ദ്രം.
നിരന്തര പഠനഗവേഷണങ്ങളിലൂടെ നെല്ലുത്പാദനം പരമാവധി വര്‍ധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ഏറ്റവുംചുരുങ്ങിയത് ഹെക്ടറില്‍നിന്ന് പത്തുടണ്‍ നെല്ലാണ് ലക്ഷ്യമിടുന്നത്. ഇതിനായി ഹ്രസ്വകാല-ദീര്‍ഘകാല കര്‍മപദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ട്. വിത്തുത്പാദന-മാനേജ്‌മെന്റ് സംബന്ധിയായ അത്യന്താധുനിക സംവിധാനങ്ങള്‍ ഇവിടെ ഒരുക്കും. മാറിയ കാലത്തിനനുയോജ്യമായ നെല്‍ക്കൃഷിരീതികളായിരിക്കും കണ്ടെത്തുക. ചെലവുകുറഞ്ഞ സാങ്കേതികവിദ്യ, പരിസ്ഥിതിസൗഹൃദ കൃഷിരീതികള്‍, കാര്‍ഷികാനുബന്ധിയായ വിവരദാനം എന്നിവയാണ് ഹ്രസ്വകാലപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
അത്യുത്പാദനയിനം നെല്ല്, ഗുണംകൂടിയ അരി, കാലാവസ്ഥയ്ക്കനുകൂലമായ നെല്ലിനങ്ങള്‍ എന്നിവ വികസിപ്പിച്ചെടുക്കലാണ് ദീര്‍ഘകാലപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അഞ്ച് പതിറ്റാണ്ടിനിടെ കേരളത്തിലെ നെല്ലുത്പാദനം നാലിലൊന്നായി ചുരുങ്ങി. എന്നാല്‍, ജനസംഖ്യ രണ്ടിരട്ടിയോളമായി. നെല്ലുത്പാദിപ്പിക്കുന്ന മേഖല അരനൂറ്റാണ്ടിനിടെ പത്തിലൊന്നായി ചുരുങ്ങി. അത്യുത്പാദനയിനം നെല്ലിനങ്ങള്‍ വികസിപ്പിച്ചാണ് കൃഷിയിടത്തിന്റെ കുറവ് പരിഹരിക്കുന്നത്. കേരളത്തില്‍ ആവശ്യമുള്ള അരിയുടെ 14 ശതമാനം മാത്രമാണ് സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്നത്. ബാക്കി അന്യസംസ്ഥാനത്തുനിന്ന് കൊണ്ടുവരികയാണ്.
നെല്ല് ഗവേഷണമേഖലയില്‍ 88 വര്‍ഷം പിന്നിടുന്ന പട്ടാന്പിയിലെ നെല്ല് ഗവേഷണകേന്ദ്രം ഇതിനകം 60 ഇനം നെല്ലിനങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്. 600ലധികം നെല്ലിനങ്ങളുടെ ജനിതക ശേഖരവും ഇവിടെയുണ്ട്.