കനോലി കമ്പനി ഇന്ന് തുറക്കും

Posted on: 16 Aug 2015

കോട്ടയ്ക്കല്‍: പതിനാറ് കര്‍ഷകരും വെട്ടം കൃഷിഭവനും ചേര്‍ന്ന് ആരംഭിക്കുന്ന സംസ്ഥാനത്തെ ആദ്യ കാര്‍ഷികപരിശീലന കമ്പനി തിങ്കളാഴ്ച പ്രവര്‍ത്തനമാരംഭിക്കും. കനോലി കാര്‍ഷികപരിശീലന കമ്പനിയെന്നു പേരിട്ടിരിക്കുന്ന സംരംഭത്തിന്റെ ഉദ്ഘാടനം മന്ത്രി എം.കെ. മുനീര്‍ നിര്‍വഹിക്കും.

കൃഷിയിലെ വിവിധ മേഖലകളിലുള്ള പരിശീലനം കമ്പനിയില്‍നിന്ന് ലഭ്യമാകും. മുപ്പതേക്കറില്‍ വാഴക്കൃഷി, തീറ്റപ്പുല്‍ക്കൃഷി, പശുവളര്‍ത്തല്‍, കോഴിവളര്‍ത്തല്‍, ജൈവവള-കീടനാശിനി നിര്‍മാണം, കൂണ്‍വിത്ത് നിര്‍മാണം, പച്ചക്കറി ഗ്രാഫ്റ്റിങ് എന്നിവയുടെ യൂണിറ്റുകള്‍ കമ്പനിയില്‍ ആരംഭിച്ചുകഴിഞ്ഞു. പ്രാരംഭപ്രവര്‍ത്തനങ്ങള്‍ക്ക് അന്‍പതുലക്ഷം രൂപയാണ് ചെലവഴിച്ചിട്ടുള്ളത്. പരിശീലനകേന്ദ്രത്തിന് ജൈവശ്രീ എന്നാണ് പേര്.

കൃഷി, മൃഗസംരക്ഷണം, മത്സ്യക്കൃഷി എന്നിവയില്‍ ജൈവശ്രീ വഴി പരിശീലനംനല്‍കും. ജൈവകൃഷിയിലെ ആധുനിക സാങ്കേതികവിദ്യകള്‍, ഹൈടെക് ഡെയറി ഫാമിങ്, ജൈവരീതിയിലുള്ള കീടനിയന്ത്രണം, തുറസ്സായ സ്ഥലത്തെ കൃത്യതാകൃഷി, ട്രൈക്കോഡെര്‍മ നിര്‍മാണം, മിത്രകീടങ്ങളുടെ ഉത്പാദനവും വിതരണവും എന്നിവയും പരിശീലനപദ്ധതിയില്‍ ഉള്‍പ്പെടും.

വിദേശരാജ്യങ്ങളില്‍ ലഭ്യമായ പുതിയ കൃഷിരീതികള്‍, കേരളത്തിലെ കാലാവസ്ഥയ്ക്ക് യോജിച്ചതാണോയെന്ന് പരീക്ഷിച്ചശേഷം കര്‍ഷകരിലെത്തിക്കാനും പദ്ധതിയുണ്ട്. കര്‍ഷകരായ സി.എം. മുഹമ്മദ്, മുഹമ്മദ് ഇക്ബാല്‍, അബ്ദുല്‍നാസര്‍, ജവഹര്‍ മഹ്മൂദ്, അബ്ദുല്‍മജീദ് എന്നിവരാണ് കമ്പനിയുടെ ഡയറക്ടര്‍മാര്‍.

ഗവേഷണപ്രവര്‍ത്തനങ്ങള്‍ക്ക് വെട്ടം കൃഷിഓഫീസര്‍ ടി.ടി. തോമസ്, മലപ്പുറം കൃഷിവിജ്ഞാനകേന്ദ്രത്തിലെ അസിസ്റ്റന്റ് പ്രൊഫസര്‍മാരായ ഡോ. സുനില്‍, ഡോ. ബെറിന്‍ പത്രോസ് എന്നിവര്‍ നേതൃത്വംനല്‍കും. ജൈവശ്രീക്ക് സംസ്ഥാന പ്ലാനിങ്‌ബോര്‍ഡ് കൃഷിവിഭാഗം മേധാവി ഡോ. പി. രാജശേഖരന്റെ പിന്തുണയുണ്ട്. നബാര്‍ഡ്, ആത്മ, ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ എന്നിവയുടെ സഹായത്തോടെയാകും ജൈവശ്രീ പ്രവര്‍ത്തിക്കുക.

വെട്ടത്തെ കര്‍ഷകനും കര്‍ഷകോത്തമ പുരസ്‌കാരജേതാവുമായ സി.എം. മുഹമ്മദിന്റെ കൃഷിയിടത്തില്‍ നടപ്പാക്കിയ പുതിയ കൃഷിരീതികളാണ് കമ്പനിരൂപവത്കരണത്തിന് പ്രേരണയായത്.




 

ga