രാസവളങ്ങള്‍ക്ക് ഗുഡ് ബൈ; ചാണകപ്പൊടിവളം പാക്കറ്റിലെത്തിക്കാന്‍ ജില്ലാ പഞ്ചായത്ത്‌

Posted on: 16 Aug 2015

കാസര്‍കോട്: വിഷരഹിതപച്ചക്കറി ഉത്പാദിപ്പിക്കാന്‍ കര്‍ഷകര്‍ക്ക് ഇനി ചാണകപ്പൊടി വളങ്ങളെ ഉപയോഗപ്പെടുത്താം. ജില്ലാപഞ്ചായത്ത് കൃഷിവകുപ്പുമായി ചേര്‍ന്ന് ജൈവശ്രീ എന്ന പേരില്‍ ചാണകപ്പൊടി പാക്കറ്റിലെത്തിക്കും. പുല്ലൂരിലെ സീഡ്ഫാമിലെ ഫാക്ടറിയില്‍ യന്ത്രങ്ങള്‍ സ്ഥാപിച്ച് രണ്ടുമാസത്തിനുള്ളില്‍ വളം വിപണിയിലെത്തിക്കും. സംസ്ഥാനത്താദ്യമായാണ് ചാണകപ്പൊടിവളം പാക്കറ്റ് രൂപത്തിലാക്കി കര്‍ഷകര്‍ക്ക് എത്തിക്കുന്ന പദ്ധതി തയ്യാറാകുന്നത്. ജൈവ ജില്ലയായതിനാല്‍ ചാണകവളമെന്ന പേരില്‍ വ്യാജചാണകപ്പൊടികള്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്ന് എത്തിക്കുന്നതായും കര്‍ഷകര്‍ വഞ്ചിക്കപ്പെടുന്നതും മനസ്സിലാക്കിയാണ് പുതിയ പദ്ധതിക്ക് രൂപം കൊടുത്തത്.
നിലവില്‍ ക്ഷീരകര്‍ഷകര്‍ക്ക് അവരുടെ ഫാമില്‍ നിന്ന് ലഭിക്കുന്ന ചാണകം വേണ്ടരീതിയില്‍ ഉപയോഗപ്പെടുത്താന്‍ സാധിക്കുന്നില്ല. ക്ഷീരകര്‍ഷകര്‍ക്ക് അവരുടെ കൃഷിയിടങ്ങളില്‍ ഉപയോഗിച്ച്, ശേഷം ബാക്കി വരുന്നവ വില്‍ക്കാന്‍ സംവിധാനങ്ങളില്ലാതെ ഉപയോഗശൂന്യമായി പോകുന്നതാണ് ഇത്തരമൊരു സംരംഭവുമായി മുന്നോട്ട് പോകാന്‍ അധികൃതരെ പ്രേരിപ്പിച്ചത്.

തുടക്കത്തില്‍ ജില്ലയിലും പിന്നീട് സംസ്ഥാനത്തും പദ്ധതി വ്യാപിപ്പിക്കും. 25 ലക്ഷം രൂപയുടെ തനത് ഫണ്ട് ഉപയോഗിച്ച് ക്ഷീരകര്‍ഷകരുമായി ചേര്‍ന്നാണ് കൃഷി വകുപ്പ് മുഖേന ജില്ലാ പഞ്ചായത്ത് ജൈവശ്രീ പദ്ധതി നടപ്പിലാക്കുക. കാസര്‍കോട്ടെ 182 ക്ഷീരകര്‍ഷകസംഘങ്ങള്‍ വഴി ശേഖരിക്കുന്ന ചാണകം പുല്ലൂരിലെ സീഡ് ഫാമിലെ ഫാക്ടറിയില്‍ മെഷീനിലൂടെ പൊടിയായും ദ്രാവകരൂപത്തിലും വിതരണം ചെയ്യും. പത്തുകിലോ, 50കിലോ പാക്കറ്റുകളിലാണ് ചാണകപ്പൊടി വില്പനയ്‌ക്കൊരുക്കുന്നത്. തുടക്കത്തില്‍ ദിവസം അഞ്ച് ടണ്‍ ചാണകപ്പൊടി ഉത്പാദിപ്പിക്കാനാകും.

നിലവില്‍ മണ്ണ്, ചകിരിച്ചോറ്, ചാണകപ്പൊടി എന്നിവ തുല്യ അനുപാതത്തില്‍ ചേര്‍ത്തെടുത്തുണ്ടാക്കുന്ന ചാണകവളങ്ങളേക്കാള്‍ ഗുണകരമാണ് മറ്റ് ചേരുവകളൊന്നുമില്ലാതെ നിര്‍മിക്കുന്ന ജൈവശ്രീ ചാണകപ്പൊടിയെന്ന് കൃഷി ഓഫീസര്‍മാരും സാക്ഷ്യപ്പെടുത്തുന്നു. ജൈവശ്രീ ചാണകപ്പൊടി പാക്കറ്റിലാക്കി വിപണിയിലെത്തിക്കുന്നതുവഴി ക്ഷീരകര്‍ഷകര്‍ക്കും അതൊരു വരുമാന മാര്‍ഗമാകുമെന്ന് ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഇ.പി.രാജ്‌മോഹന്‍ മാതൃഭൂമിയോട് പറഞ്ഞു.




 

ga