Home>Ayurveda
FONT SIZE:AA

മഞ്ഞള്‍ മാഹാത്മ്യം

നമ്മള്‍ ഇന്ത്യക്കാര്‍ക്ക് എന്തിനും മഞ്ഞള്‍ വേണം. കറികള്‍ക്കു നിറം നല്‍കാന്‍, ശുഭകരമായ ചടങ്ങുകള്‍ക്ക് ഐശ്വര്യം പകരാന്‍ എന്നുവേണ്ട മരുന്നിനും മന്ത്രത്തിനും ഒക്കെ മഞ്ഞള്‍ പണ്ടുതൊട്ടേ നമ്മുടെ അവശ്യവസ്തുവായിരുന്നു. മുക്കിനു മുക്കിന് ബ്യൂട്ടി പാര്‍ലറുകള്‍ മുളച്ചുപൊന്തുംമുമ്പ് നമ്മുടെ സ്ത്രീകള്‍ ചര്‍മത്തിന് പ്രായം തോന്നാതിരിക്കാന്‍ ആശ്രയിച്ചതും മഞ്ഞളിനെത്തന്നെ.

ആവശ്യത്തിനും അനാവശ്യത്തിനുമുള്ള നമ്മുടെ മഞ്ഞളുപയോഗം ഇന്ത്യക്കാരന്റെ പല 'പ്രാന്തുകളില്‍' ഒന്നെന്നേ ആദ്യമൊക്കെ പാശ്ചാത്യര്‍ കരുതിയുള്ളൂ. വളരെ വൈകിയാണ് അവര്‍ മഞ്ഞളിനെ മനസ്സിലാക്കാന്‍ തുടങ്ങിയത്. മനസ്സിലാക്കാന്‍ തുടങ്ങിയപ്പോള്‍ മഞ്ഞളിന്റെ പേറ്റന്‍റ് തന്നെ തട്ടിയെടുക്കാനായി അവരുടെ ശ്രമം.

അല്‍ഷിമേഴ്‌സിനെയും ക്യാന്‍സറിനെയും പ്രതിരോധിക്കാനുള്ള ശേഷി മഞ്ഞളിനുണ്ടെന്നു കണ്ടെത്തിയ പാശ്ചാത്യഗവേഷകര്‍ അതുകൊണ്ടൊന്നും തൃപ്തരായില്ല. മഞ്ഞളിന്റെ ഔഷധഗുണത്തെക്കുറിച്ചുള്ള ഗവേഷണങ്ങള്‍ നിരന്തരം തുടരുകയാണവര്‍. ഏറ്റവുമൊടുവിലായി തലച്ചോറിലെ രക്തസ്രാവം മൂലമുള്ള പക്ഷാഘാതത്തിന്റെ കാഠിന്യം കുറയ്ക്കാന്‍ മഞ്ഞളിനാവുമെന്ന കണ്ടെത്തലാണ് പുറത്തുവന്നിരിക്കുന്നത്. അമേരിക്കയിലെ ജോര്‍ജിയ മെഡിക്കല്‍ കോളേജിലെ ന്യൂറോ സയന്‍റിസ്റ്റായ ഇന്ത്യന്‍ വംശജന്‍ ഡോ. കൃഷ്ണന്‍ ദണ്ഡപാണിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഗവേഷണം നടത്തിയത്.

ഹെമിറിജ് സ്‌ട്രോക്ക് എന്നറിയപ്പെടുന്ന പക്ഷാഘാതം തലച്ചോറിലെ രക്തസ്രാവം മൂലമാണുണ്ടാകുന്നത്. ആദ്യഘട്ടത്തില്‍ രോഗി രക്തസ്രാവം തിരിച്ചറിയാനുള്ള സാധ്യത കുറവാണ്. തലവേദനയോ കാഴ്ചയ്ക്കു മങ്ങലോ ഓക്കാനമോ ഒക്കെ ആയിരിക്കും ആദ്യ ലക്ഷണങ്ങള്‍. അതിനാല്‍ പലപ്പോഴും വൈകിമാത്രമേ ഇവര്‍ചികിത്സയ്‌ക്കെത്താറുള്ളു. ചിലരിലെങ്കിലും കട്ടപിടിച്ച രക്തം നീക്കംചെയ്യുന്നതിനുള്ള ശസ്ത്രക്രിയ പ്രായോഗികവുമായിരിക്കില്ല. ഈ സാഹചര്യത്തിലാണ് രക്തം കട്ടപിടിക്കുന്നതു കുറയ്ക്കുന്ന ഔഷധത്തെക്കുറിച്ച് ഗവേഷകര്‍ ആലോചിക്കുന്നത്.

ഇത്തരം രോഗികളില്‍ മഞ്ഞളിന്റെ സാന്നിദ്ധ്യം രക്തം കട്ടപിടിക്കുന്നതിന്റെ അളവു കുറയ്ക്കുന്നതായി ഗവേഷകസംഘം നിരീക്ഷിച്ചു.
പഠനത്തിനായി ചോളമെണ്ണയില്‍ മഞ്ഞള്‍പ്പൊടി ചേര്‍ത്ത് പരീക്ഷണമൃഗത്തില്‍ കുത്തിവെക്കുകയാണ് ചെയ്തത്. മൂന്നു മണിക്കൂറില്‍ മൂന്നു തവണ ഈ കുത്തിവെപ്പ് നല്‍കിയ മൃഗങ്ങളില്‍ രക്തംകട്ടപിടിക്കുന്നതിന്റെ അളവു കുറവായാണ് അനുഭവപ്പെട്ടതെന്ന് ഗവേഷകസംഘം അവകാശപ്പെടുന്നു.
Tags- Turmeric
Loading