Home>Ayurveda
FONT SIZE:AA

ചുവന്നുള്ളിയുടെ ഔഷധഗുണങ്ങള്‍

ലോകമെമ്പാടുമുള്ള ജനങ്ങള്‍ വളരെയേറെ ഇഷ്ടപ്പെടുകയും ഉപയോഗിക്കുകയും ചെയ്യുന്ന ഒരു ഭക്ഷ്യവസ്തുവും ഔഷധവുമാണ് ചുവന്നുള്ളി.

പ്രോട്ടീന്‍, വിറ്റമിനുകള്‍, സള്‍ഫര്‍ തുടങ്ങിയ രാസഘടകങ്ങളാല്‍ ഉത്കൃഷ്ടമാണ് ചുവന്നുള്ളി. ആധുനിക ശാസ്ത്രപ്രകാരം രോഗാണുനാശനം, ഹൃദയസംരക്ഷണം, പ്രമേഹരോഗികളില്‍ പഞ്ചസാരയുടെ അളവുനിയന്ത്രണം, ആസ്ത്മ, കാന്‍സര്‍ എന്നീ രോഗങ്ങളെ ചെറുക്കുക തുടങ്ങിയ നിരവധി ഗുണങ്ങള്‍ ചുവന്നുള്ളിക്കുണ്ട്. നാട്ടുവൈദ്യസമ്പ്രദായങ്ങളിലും ഉള്ളിക്കുള്ള പങ്ക് അതിപ്രശംസനീയംതന്നെ. പനി, ചുമ, ശ്വാസംമുട്ടല്‍, വിശപ്പില്ലായ്മ, ദഹനക്കുറവ്, മൂത്രാശയരോഗങ്ങള്‍, ആര്‍ത്തവരോഗങ്ങള്‍, ചര്‍മരോഗങ്ങള്‍, വിഷബാധ എന്നിവയില്‍ ചുവന്നുള്ളി ഫലപ്രദമായി ഉപയോഗിക്കപ്പെടുന്നു.

ചുവന്നുള്ളിയുടെ ഏതാനും ചില ഔഷധപ്രയോഗങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

*ചുവന്നുള്ളിനീരും ഇഞ്ചിനീരും തേനും ചേര്‍ത്ത് കഴിക്കുന്നത് പനി, ചുമ, ശ്വാസംമുട്ടല്‍, കഫക്കെട്ട് എന്നിവയെ ശമിപ്പിക്കും.
*ചുവന്നുള്ളി ചതച്ച് ഇടയ്ക്കിടെ മണപ്പിക്കുന്നത് മോഹാലസ്യം, തലവേദന, ജലദോഷം എന്നീ അവസ്ഥകളില്‍ നല്ലതാണ്.
*ലേശം കറിയുപ്പ് ചേര്‍ത്ത് ചുവന്നുള്ളി വയറുവേദനയ്ക്ക് സേവിക്കാം.
*ചുവന്നുള്ളി അരച്ച് കഴിക്കുന്നത് മൂത്രവര്‍ധകമാണ്. ചുവന്നുള്ളി കഷായം മൂത്രതടസ്സത്തിനും മൂത്രം ചുടിച്ചിലിനും നല്കാവുന്നതാണ്.
*ചുവന്നുള്ളി വെള്ളത്തില്‍ തിളപ്പിച്ച് ചെറുചൂടോടുകൂടി സേവിക്കുന്നത് ആര്‍ത്തവസംബന്ധമായ നടുവേദനയ്ക്കും മറ്റു വിഷമതകള്‍ക്കും ഫലപ്രദമാണ്.
*രക്താര്‍ശസ്സില്‍ ചുവന്നുള്ളി ചെറുതായി നുറുക്കി പാലില്‍ കാച്ചി പഞ്ചസാര ചേര്‍ത്ത് കുടിച്ചാല്‍ രക്തസ്രാവം നില്‍ക്കും.
*ചുവന്നുള്ളിയും ശര്‍ക്കരയും കൂട്ടി കഴിക്കുന്നത് കുട്ടികളുടെ വളര്‍ച്ചയ്ക്കു നന്ന്.
*കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിനായി ചുവന്നുള്ളിനീരും നാരങ്ങാനീരും ചേര്‍ത്ത് കഴിക്കാവുന്നതാണ്. 10-20 മി.ലി. ഉള്ളിനീര് മോരില്‍ ചേര്‍ത്ത് ദിവസവും കഴിച്ചുകൊണ്ടിരുന്നാലും കൊളസ്‌ട്രോള്‍ വര്‍ധന നിയന്ത്രിക്കാം.
*പുകയില കഴിച്ചുണ്ടാകുന്ന വിഷാംശത്തെ നിര്‍മാര്‍ജനം ചെയ്യുന്നതിന് ചുവന്നുള്ളിനീര് സേവിക്കുന്നത് ഉത്തമമത്രേ.
*ചുവന്നുള്ളിനീരും കടുകെണ്ണയും സമാസമം ചേര്‍ത്ത് പുരട്ടുന്നത് വാതസംബന്ധമായ നീര്‍ക്കെട്ടും വേദനയും അകറ്റും.
*ചുവന്നുള്ളി ചതച്ച് ഇന്തുപ്പുമായി ചേര്‍ത്ത് ചൂടാക്കി കിഴികെട്ടി അര്‍ശോരോഗികളില്‍ വിയര്‍പ്പിക്കാം.
*ചുവന്നുള്ളിനീര് എരുക്കിലയില്‍ തേച്ച് വാട്ടി പിഴിഞ്ഞ് നന്നായി അരിച്ചെടുത്ത് ചെറുചൂടോടുകൂടി ചെവിയില്‍ നിറുത്തുന്നത് ചെവിവേദനയ്ക്കും കേള്‍വിക്കുറവിനും നല്ലതാണ്.
*മുറിവുകളിലും ചതവുകളിലും ചുവന്നുള്ളി അരച്ചു പുരട്ടുന്നത് ചുടിച്ചിലകറ്റാന്‍ സഹായിക്കും.
*തേള്‍ മുതലായ വിഷജന്തുക്കള്‍ കടിച്ചാലുണ്ടാകുന്ന അസ്വസ്ഥതകളില്‍ കടിയേറ്റ ഭാഗത്ത് ചുവന്നുള്ളിനീര് പുരട്ടുന്നത് ഏറെ ഗുണംചെയ്യും.

ഡോ. പ്രീതാ ശ്രീകുമാര്‍

ലക്ചറര്‍, പങ്കജകസ്തൂരി ആയുര്‍വേദ മെഡിക്കല്‍ കോളേജ്, കാട്ടാക്കട, തിരുവനന്തപുരം
Tags- Small onion
Loading