Home>Ayurveda
FONT SIZE:AA

മുടിയഴകിന് ആയുര്‍വേദം

ഹെന്ന ചെയ്യുന്നത് മുടിയഴകിനും മുടിയുടെ ആരോഗ്യത്തിനും നല്ലതാണ്. നാല് ടീസ്പൂണ്‍ ചെറുനാരങ്ങാ നീരില്‍ കാപ്പിപ്പൊടി സമം ചേര്‍ത്ത് രണ്ട് മുട്ടയും ഒരു ടീസ്പൂണ്‍ ഉലുവപ്പൊടിയും ഇടുക. മൈലാഞ്ചിപ്പൊടിയും ചേര്‍ക്കുക. ഇത് തേയില ഇട്ടു തിളപ്പിച്ച വെള്ളത്തില്‍ ചേര്‍ത്ത് കുഴമ്പ് പരുവത്തിലാക്കുക. ഒരു മണിക്കൂറിനു ശേഷം ഹെന്ന ബ്രഷ് ഉപയോഗിച്ച് തലയിലും മുടിയിലും തേച്ചു പിടിപ്പിക്കുക. ഒരു മണിക്കൂറിനുശേഷം കഴുകാം. മഴക്കാലത്ത് നീര്‍വീഴ്ച വരുമെന്ന പേടിയുള്ളവര്‍ ഹെന്ന ചെയ്യുന്നതിനു മുമ്പ് നെറുകയില്‍ അല്‍പം രാസ്‌നാദിപ്പൊടി തടവുക. ഹെന്നയില്‍ ത്രിഫലപ്പൊടി കൂടി ചേര്‍ക്കുന്നതും നീര്‍വീഴ്ച വരാതിരിക്കാന്‍ സഹായിക്കും.

നാലു കപ്പ് ചൂടുവെള്ളത്തിലേക്ക് രണ്ടു കൈപ്പിടി വേപ്പില കുതിര്‍ത്തു വയ്ക്കുക. പിറ്റേ ദിവസം മുടി കഴുകാന്‍ ഈ വെള്ളം ഉപയോഗിക്കാം. വേപ്പില വെളളത്തില്‍ കുതിര്‍ത്തു വെച്ച് അരച്ചു കുഴമ്പാക്കി തലയോട്ടിയില്‍ അരമണിക്കൂര്‍ പുരട്ടുന്നതും മുടികൊഴിച്ചിലിനും താരനും പരിഹാരമാണ്. ആര്യവേപ്പിന്‍ തൊലി അരച്ച് തലയോട്ടിയില്‍ തേച്ചുപിടിപ്പിച്ച് വേപ്പിലയിട്ടു കാച്ചിയ വെള്ളത്തില്‍ കഴുകി കളയുന്നതും മുടിയഴകിന് നല്ലതാണ്.

മൂന്നു നേന്ത്രപ്പഴവും തേനും ചേര്‍ത്ത കുഴമ്പ് പരുവത്തിലാക്കി 50 മിനിട്ട് തലയില്‍ തേച്ചു പിടിപ്പിക്കുക. മുടി മിനുസമുള്ളതാവും. പുതീന ഇടിച്ചു പിഴിഞ്ഞ ചാറ് തലയോട്ടിയിലും മുടിയിലും തേച്ചു പിടിപ്പിച്ച് 10-15 മിനുട്ടിനു ശേഷം കഴുകി കളയുക. ഇത് മുടിയുടെ ആരോഗ്യത്തിന് നല്ലതാണ്.

മുടിക്ക് നല്ല കറുപ്പു നിറം ലഭിക്കാന്‍ കറിവേപ്പില ഇട്ടു കാച്ചിയ വെളിച്ചെണ്ണനല്ലതാണ്. ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ വീര്യം കുറഞ്ഞ ഷാംപു ഉപയോഗിച്ച് മുടി കഴുകുക. പരുപരുത്ത മുടിയുള്ളവര്‍ കണ്ടീഷണര്‍ ഉള്ള ഷാംപു തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം.
Loading