Home>Ayurveda
FONT SIZE:AA

പനിചികിത്സ ആയുര്‍വേദത്തില്‍

ഡോ. സറീന ശിഹാബ്‌

കേരളം പനിയുടെ പിടിയിലമര്‍ന്നുകൊണ്ടിരിക്കുകയാണ്. മഴക്കാലം തുടങ്ങിയപ്പോള്‍ പലവിധത്തിലുള്ള പനികളും തുടങ്ങി. കൂട്ടത്തില്‍ ചിക്കന്‍പോക്‌സ്, മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങളും. ആയുര്‍വേദത്തില്‍ ഋതുചര്യയും ദിനചര്യയും കര്‍ശനമായി അനുഷ്ഠിച്ചുകൊണ്ടുള്ള ജീവിതശൈലിയാണ് പറയുന്നത്. എന്നാല്‍, ഇന്ന് അതൊന്നും സാധ്യമാകുന്നില്ല. കാലംതെറ്റിവരുന്ന മഴയും വെയിലും കാലാവസ്ഥയിലും മാറ്റംവരുത്തുന്നു. ഏതായാലും പനിയില്‍ നമുക്ക് ലളിതമായി ചെയ്യാവുന്ന ആയുര്‍വേദചികിത്സകള്‍ ഏതെല്ലാമാണെന്നു നോക്കാം.

മഴക്കാലം തുടങ്ങുമ്പോള്‍ത്തന്നെ തുളസിയില ഇട്ട് കാച്ചിയ വെള്ളം ഇടയ്ക്കിടെ കുടിക്കണം. നിത്യേന തുളസിവെള്ളം കുടിച്ചാല്‍ പനിവരാതെ രക്ഷപ്പെടാം. അഥവാ പനിച്ചാല്‍ത്തന്നെ പെട്ടെന്ന് ശമനംകിട്ടും. പനി തുടങ്ങിയാല്‍ ഷഡംഗം തോയം കുടിക്കാന്‍കൊടുക്കണം. മുത്തങ്ങാക്കിഴങ്ങ്, ചന്ദനം, ചുക്ക്, ഇരുവേലി, പര്‍പ്പടകപ്പുല്ല്, രാമച്ചം എന്നിവ തിളപ്പിച്ച് തണുപ്പിച്ചെടുക്കുന്നതാണ് ഷഡംഗം തോയം. ദഹനത്തിനും ജ്വരശമനത്തിനും ദാഹത്തിനും ഇതു വളരെനല്ലതാണ്.

പര്‍പ്പടകപ്പുല്ലിന്റെ നീര് തനിച്ചുസേവിച്ചാല്‍ ചുട്ടുനീറ്റലോടുകിയ പനി ശമിക്കും. കരിനൊച്ചിയില കഷായംവെച്ച് കുരുമുളകുപൊടി മേമ്പൊടി ചേര്‍ത്തു സേവിച്ചാല്‍ പനിയുടെ ഭാഗമായി കണങ്കാലുകള്‍ക്കുള്ള ബലക്ഷയവും ചെവിവേദനയും മാറിക്കിട്ടും. കരിനൊച്ചിയിലയുടെ നീരില്‍ തേന്‍ ചേര്‍ത്തു സേവിക്കുന്നതും നല്ലതാണ്.

കൊത്തമ്പാലയരി ചതച്ച് ഒരു രാത്രി മുഴുവന്‍ വെള്ളത്തിലിട്ടുവെച്ച് രാവിലെ പിഴിഞ്ഞരിച്ച് പഞ്ചസാരചേര്‍ത്തു കഴിച്ചാല്‍ പനിയുടെ ഫലമായുണ്ടാകുന്ന അന്തര്‍ദാഹവും ചുട്ടുപുകച്ചിലും മാറിക്കിട്ടും. വലിയ ശക്തിയില്ലാതെ ദീര്‍ഘകാലമായി പനിച്ചുകൊണ്ടിരുന്നാല്‍ തിപ്പലിപ്പൊടി ശര്‍ക്കയില്‍ കുഴച്ച് സേവിക്കുന്നത് നല്ലതാണ്.

സുദര്‍ശനം ഗുളിക, വില്ല്വാദിഗുളിക, വെട്ടുമാറന്‍ ഗുളിക, അമൃതാരിഷ്ടം, കനകാസവം എന്നിവ ജ്വരത്തില്‍ ആവശ്യാനുസരണം ഉപയോഗിക്കാം. കുട്ടികള്‍ക്ക് ചുക്കുംതിപ്പല്യാദി ഗുളികയും മുക്കാമുക്കടുകാദി ഗുളികയുമാണ് നല്ലത്.

രാസ്‌നാദിചൂര്‍ണവും കച്ചൂരാദിചൂര്‍ണവും നെറുകയില്‍ തിരുമ്മാനും താലീസപത്രാദിചൂര്‍ണവും വ്യോഷാദിവടകവും വായിലിട്ട് അലിയിച്ചിറക്കാനും നല്ലതാണ്. അപരാജിതധൂപചൂര്‍ണംകൊണ്ട് വീടിനകം പുകയ്ക്കുന്നതും നല്ലതാണ്. മറ്റു ക്രിയാക്രമങ്ങളും ഔഷധങ്ങളും വിദഗ്ധഡോക്ടറുടെ മേല്‍നോട്ടത്തില്‍ ചെയ്യാം.

(ഡോ. സറീന ശിഹാബ്, മെഡിക്കല്‍ ഓഫീസര്‍, ഗവ. ആയുര്‍വേദ ഡിസ്‌പെന്‍സറി, ഫറോക്ക്)


Loading