മൊഗ്രാലിലെ സൂക്കേടുകാര്‍

റൈഹാന.കെ. Posted on: 01 Jun 2015

സെക്കന്റ് ടെര്‍മിനല്‍ പരീക്ഷയുടെ ഉത്തരക്കടലാസ് പരിശോധിക്കുകയായിരുന്നു. അഞ്ചാം ക്ലാസിലെ ഹിന്ദി പേപ്പര്‍-
''മേം ഇര്‍ഷാദ് ഹൂം/ മേരീ ആയു ഗ്യാരഹ് സാല്‍ ഹേ/ മേരാ ഗാവ് മൈമൂണ്‍ നഗര്‍ ഹേ/ ഘര്‍ മേം ദാദീ, മാമാ, മാമീ, ഭായീ ഔര്‍ ബഹന്‍ ഹേ.''

അഞ്ച് 'ബി'യിലെ ഇര്‍ഷാദിന്റെ പേപ്പര്‍ ഹൃദയത്തില്‍ ഒരു കമ്പി കുത്തിക്കയറ്റിക്കൊണ്ടുപോയി. അവന്റെ ഉമ്മ മരിച്ചിട്ട് കഷ്ടിച്ച് ഒരു മാസം ആയിട്ടുണ്ടാകും.
'അപ്‌നേ ബാരേ മേം ലിഖേം' എന്ന ചോദ്യത്തിന് മറ്റു കുട്ടികളെപ്പോലെ 'ഘര്‍ മേം മാതാജി ഔര്‍ പിതാജീ ഹേ' എന്ന് എഴുതാന്‍ അവനാവില്ല. ചെറുപ്പത്തില്‍ത്തന്നെ ഉപ്പയും ഉമ്മയും നഷ്ടപ്പെട്ട അവന് ചേച്ചിമാരും ചേട്ടന്‍മാരും മാമനും മാമിയും ഉമ്മുമ്മയും കൂട്ട്.
മരണം നടന്നത് അവധിദിവസമായതിനാല്‍ ഞങ്ങള്‍ രണ്ടുമൂന്ന് ടീച്ചര്‍മാര്‍ ഒരാഴ്ച കഴിഞ്ഞാണ് മരണവീട്ടിലെത്തിയത്. അന്ന് ഇര്‍ഷാദ് സ്‌കൂളില്‍ വന്നിരുന്നു. അവനെയും ഒപ്പം കൂട്ടി. ഇടവഴികളിലൂടെ ഓട്ടോറിക്ഷ യാത്ര ചെയ്യുമ്പോള്‍ ഈ കുട്ടികള്‍ സ്‌കൂളിലേക്ക് നടന്നുവരേണ്ട ദൂരം എന്നെ അമ്പരപ്പിച്ചു. ശോകമൂകമായ വീട്. കുട്ടിയുടെ ഉമ്മയ്ക്ക് മഞ്ഞപ്പിത്തമായിരുന്നോ എന്ന ചോദ്യത്തിന് (കേട്ടറിവ് വെച്ച്) കണ്ണീര്‍ തോരാത്ത വിങ്ങിവീര്‍ത്ത കണ്ണുകളോടെ ഉമ്മുമ്മ പതിഞ്ഞ സ്വരത്തില്‍ പറഞ്ഞു.
''അല്ല മോളേ സൂക്കേട് മറ്റതായിരുന്നു. ആയുസ്സ് തീരാറായപ്പോ മേലെല്ലാം മഞ്ഞനെറായതാ...''
'മറ്റത്' എന്നാല്‍ കാന്‍സര്‍. ഇവിടുത്തുകാര്‍ക്ക് ഈ പേര് ഉച്ചരിക്കാന്‍തന്നെ ഭയമാണ്.
പെട്ടെന്ന് മനസ്സിലോടിയെത്തിയത് ഹിന്ദി സാഹിത്യത്തിലെ 'കഹാനി സനമ്രാട്ടാ'യ പ്രേംചന്ദിന്റെ 'ഈദ്ഗാഹ്' എന്ന കഥയിലെ 'ഹാമിദ്' എന്ന കൊച്ചു കഥാപാത്രമായിരുന്നു. ഹാമിദിന്റെ അച്ഛന്‍ കോളറ വന്നും അമ്മ അജ്ഞാതകാരണത്താല്‍ ശരീരം മുഴുവനും മഞ്ഞനിറമായും മരിച്ചുപോയതായിരുന്നു. ഹാമിദിന്റെ അതേ 'പ്രായത്തില്‍ കവിഞ്ഞ പക്വത' ഇര്‍ഷാദിനും ഉണ്ടായിരുന്നു.
ഇര്‍ഷാദിന്റെ ഉത്തരക്കടലാസും പിടിച്ച് ഞാന്‍ ആലോചിക്കുകയായിരുന്നു. പാവം! അനാഥമായ ആ ബാല്യം ഈ ഉത്തരമെഴുതുമ്പോള്‍ വേദനിച്ചിട്ടുണ്ടാവില്ലേ? ക്ലാസില്‍ വെച്ച് കണ്ണടയ്ക്കിടയിലൂടെയുള്ള അവന്റെ വലിയ കണ്ണുകള്‍ അധികനേരം നോക്കാന്‍ ഭയമായിരുന്നു. സഹതാപനോട്ടം അവനെ വേദനിപ്പിക്കുമോ എന്ന് ഒാര്‍ത്ത്.
അഞ്ചാം ക്ലാസിലെ കുട്ടികള്‍ക്ക് ഹിന്ദി എന്നും കൗതുകമായിരുന്നു. പുതിയ ഭാഷ. കുട്ടികള്‍ നക്ഷത്രക്കണ്ണുകള്‍ വിടര്‍ത്തി അദ്ഭുതത്തോടെ ഇരിക്കും. ആദ്യത്തെ പാഠം അമ്മയെക്കുറിച്ചുള്ള ബാലഗീതമാണ്.
ഇനി പുതിയ അധ്യയനവര്‍ഷത്തില്‍ തീര്‍ച്ചയായും 'പ്യാരി പ്യാരീ അമ്മാ മേരീ' എന്ന് പാടിക്കൊടുക്കുമ്പോള്‍ ഞാന്‍ കരുതിയിരിക്കും-
മിന്നിത്തിളങ്ങുന്ന ഈ നക്ഷത്രക്കണ്ണുകള്‍ക്കിടയിലെവിടെയെങ്കിലും സങ്കടക്കടലിരമ്പുന്നുണ്ടോ എന്ന്.
ഇത്രയും പറഞ്ഞ സ്ഥിതിക്ക് ആറ് 'സി'യിലെ ഷാഹിലിനെക്കുറിച്ച് പറയാതിരിക്കാനാവില്ല. അവന് അമ്മ മാത്രമേയുള്ളൂ. ഉപ്പ മരിച്ചുപോയി. അമ്മയും 'മറ്റേ' രോഗത്തിന്റെ പിടിയിലാണ്.
പുതുവര്‍ഷത്തിലെ പായസ വിതരണം- ഗ്ലാസില്‍ ഓരോരുത്തര്‍ക്കും പായസം ഒഴിച്ചുകൊടുത്തു. ഷാഹില്‍ മെല്ലെ ബാഗില്‍നിന്ന് ബോട്ടിലെടുത്ത് അതിലൊഴിച്ചുവെച്ചു. മറ്റുകുട്ടികള്‍ പരാതിപ്പെട്ടു. ''ടീച്ചറെ ഓന്‍ ഇനീം വാങ്ങും.'' അവനെ അടുത്തുവിളിച്ചു.
''ഇനീം വേണോ?''
''വേണ്ട ടീച്ചറെ''
''കുപ്പിയിലൊഴിച്ചത് ആര്‍ക്ക് കൊടുക്കാനാ?''
''ഉമ്മയ്ക്ക്''
''നിനക്ക് പായസം ഇഷ്ടമില്ലേ?''
മൗനം. അവന്റെ കൈയിലുള്ള ഗ്ലാസില്‍ വീണ്ടും പായസം ഒഴിച്ചുകൊടുത്തു. കുടിച്ചോളൂ എന്ന് ആംഗ്യം കാണിച്ചു. അവന്‍ മെല്ലെ പായസം നുണയാന്‍ തുടങ്ങി.
'പ്യാരി അമ്മ' എന്ന കവിതയ്ക്ക് കൂട്ടിച്ചേര്‍ക്കാന്‍ ഒരു വരികൂടി എനിക്ക് കിട്ടി.
'മീഠീ മീഠീ അമ്മാ മേരീ''


കാസര്‍കോട് ജില്ലയിലെ മൊഗ്രാല്‍ ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ അധ്യാപികയാണ് ലേഖിക


(അധ്യാപകരുടെ വിദ്യാലയാനുഭവങ്ങള്‍ ഉള്‍ക്കൊള്ളിച്ച് മാതൃഭൂമി ആഴ്ചപ്പതിപ്പിലെ 'ചോക്കുപൊടി' എന്ന പംക്തിയില്‍ പ്രസിദ്ധപ്പെടുത്തിയ അനുഭവം.)



GraphicStory
school zoomin

 

ga