
ആണ്‍കുട്ടികള്‍ മാത്രം പഠിക്കുന്ന ചാലപ്പുറം ഗണപത് ബോയ്‌സ് ഹൈസ്‌കൂളില്‍ സ്ഥലംമാറ്റം കിട്ടുമ്പോള്‍ മനസ്സില്‍ ആശങ്കയായിരുന്നു. പക്ഷേ, അവര്‍ണര്‍ക്ക് വിദ്യ അന്യമായപ്പോള്‍ സ്വന്തം വീട്ടുവളപ്പില്‍ വിദ്യാലയം തുടങ്ങിയ മഹാനായ ഗണപത്‌റാവുവിന്റെ സാന്നിധ്യമുള്ള മണ്ണില്‍ ഇപ്പോള്‍ പതിനഞ്ചു വര്‍ഷങ്ങള്‍ പിന്നിടുന്നു.
അനുഭവങ്ങളും ഓര്‍മകളും ചികഞ്ഞുനോക്കിയാല്‍ മനസ്സില്‍ തെളിയുന്ന ഒരു മുഖമുണ്ട്. ഗോപീകൃഷ്ണന്‍. ഒപ്പം കണ്ണീരൊഴിയാത്ത അവന്റെ അമ്മയുടെയും. ചെറുപ്പത്തിലേ അച്ഛന്‍ നഷ്ടപ്പെട്ടു. പ്രസ്സിലെ തുച്ഛമായ വരുമാനത്തില്‍ ജീവിക്കുന്ന അമ്മയും മൂന്നുകുട്ടികളും.
എന്റെ എട്ടാംക്ലാസ്സിലെ കൊച്ചുകുട്ടികളുടെ ഇടയില്‍, കട്ടിമീശയും, 'സോഡാഗ്ലൂസ്' കണ്ണടയുമായി കാരണവരെപ്പോലെ' ഒരു പതിനേഴുകാരന്‍. അക്ഷരങ്ങളും അക്കങ്ങളും ഒരു കരുണയും കാണിക്കാതെ അവന് വഴങ്ങാതെ നിന്നു. എട്ടാം ക്ലാസ്സിലും രണ്ടാമൂഴക്കാരന്‍. എന്നാലും സ്‌കൂളിലെ മൈക്ക്‌സെറ്റ് റെഡിയാക്കാനും പൊട്ടിയ പൈപ്പ് നന്നാക്കാനും ഓടിയെത്തുമായിരുന്നു. പത്താംക്ലാസ്സ്‌വരെയെങ്കിലും മകനെ പഠിപ്പിക്കണം എന്നാഗ്രഹിച്ച അമ്മ എന്നെ കാണുമ്പോളൊക്കെ പറയും: ''28-ാമത്തെ വയസ്സില്‍ ഒറ്റപ്പെട്ടുപോയതാ... എത്രവേണമെങ്കിലും കഷ്ടപ്പെടാം. ഒന്നു പാസായാല്‍ മതിയായിരുന്നു. അച്ഛനില്ലാത്ത കുട്ടിയെ പഠിപ്പിക്കാതെ, പണിക്കയച്ചാല്‍ നാട്ടുകാരും വീട്ടുകാരും കുറ്റപ്പെടുത്തും.'' നന്നായി പഠിക്കുവാനും പരീക്ഷ എഴുതാനും അമ്മയോട് നീതി കാണിക്കാനും ഉപദേശിച്ചുകൊണ്ടേയിരുന്നു. അച്ഛനില്ലാത്ത കുട്ടികളോട് എന്നും പ്രത്യേക വാത്സല്യമായിരുന്നു.
മാര്‍ച്ച് 31ന് യാത്രയയപ്പ് മീറ്റിംങ് കഴിഞ്ഞ് സന്ധ്യക്ക് ധൃതിയില്‍ മടങ്ങുമ്പോഴാണ് മുറ്റത്തെ വലിയ മരത്തിനിടയില്‍ മറഞ്ഞുനിന്ന അവനെ കണ്ടത്.
''ടീച്ചര്‍ എന്നെ ഈ വര്‍ഷവും തോല്‍പ്പിക്കണം. പ്ലീസ്... പാസായാല്‍ അമ്മ പിന്നെയും പഠിപ്പിക്കും. എനിക്ക് എന്തെങ്കിലും ജോലി ചെയ്താല്‍മതി. അമ്മയ്ക്ക് ശ്വാസംമുട്ടലാണ്. അതൊന്നും വകവെയ്ക്കാതെയാണ് പ്രസ്സില്‍ പോവുന്നത്. ഇനിയും തോറ്റുതോറ്റ് പത്തിലെത്തുമ്പോള്‍ ഇരുപത് വയസ്സാകും. എന്റെ ക്ലാസ്സിലെ 'കാരണവരു'ടെ കണ്ണില്‍ നനവ്. അമ്മയുടെ മുഖം ഒരു നോവായി ഉള്ളിലുള്ളപ്പോള്‍ ഒന്നും പറയാന്‍ കഴിഞ്ഞില്ല. എന്നും കുട്ടികളുടെ ഭാഗത്ത് നില്‍ക്കാനായിരുന്നു താത്പര്യം.
പിന്നീട്... എട്ടു വര്‍ഷങ്ങള്‍ക്കുശേഷം മിഠായിത്തെരുവിലെ തിരക്കിനിടയില്‍ 'എന്നെയോര്‍മ്മയുണ്ടോ ടീച്ചറേ?' എന്നു പറഞ്ഞു കൈപിടിച്ചപ്പോള്‍ ആദ്യമൊന്നു പകച്ചുപോയി. മീശ ഒന്നുകൂടി കനത്തിട്ടും നല്ല സ്റ്റൈലന്‍ കണ്ണടയിലും ഞാനവനെ തിരിച്ചറിഞ്ഞു. ''ഇപ്പോള്‍ പ്ലംബിങ്, ഇലക്ട്രിക് വര്‍ക്ക് ഒക്കെയുണ്ട്. ടൗണില്‍ രണ്ടുഷോപ്പുണ്ട്. നഗരത്തിലെ പ്രശസ്തമായ ഹോസ്പിറ്റലിന്റെ മുഴുവന്‍ വര്‍ക്കും ഞങ്ങളുടെ യൂണിറ്റാണ് ചെയ്തത്. പിന്നെ സുഹൃത്തിനോടൊപ്പം വാങ്ങിയ ടൂറിസ്റ്റ് വണ്ടിയും.'' അവന്റെ വാക്കുകളില്‍ നിറയുന്ന ആഹ്ലൂദം ഞാനും അനുഭവിച്ചറിഞ്ഞു. ചേച്ചിയുടെ കല്യാണം കഴിഞ്ഞു. അനിയന്‍ ബി.ടെക്കിനു പഠിക്കുന്നു. അമ്മ സ്വസ്ഥമായി എന്റെ കൂടെ (അവന്റെ അമ്മയുടെ മുഖം ഒരു നനഞ്ഞ കരടായി ഉള്ളില്‍ എപ്പോഴും ഉണ്ടായിരുന്നു).
എട്ടാം ക്ലാസ്സില്‍ രണ്ടുതവണ തോറ്റത് അവന്‍ ജീവിതത്തില്‍ വിജയിക്കാനായിരുന്നു! ആഹ്ലൂദംകൊണ്ട് എന്റെ കണ്ണും നിറഞ്ഞുപോയി.'
കോഴിക്കോട് ജില്ലയിലെ ചാലപ്പുറം ഗവ. ഗണപത് ബോയ്‌സ് ഹൈസ്‌കൂളില്‍ അധ്യാപികയാണ് ലേഖിക.
(അധ്യാപകരുടെ വിദ്യാലയാനുഭവങ്ങള്‍ ഉള്‍ക്കൊള്ളിച്ച് മാതൃഭൂമി ആഴ്ചപ്പതിപ്പിലെ 'ചോക്കുപൊടി' എന്ന പംക്തിയില്‍ പ്രസിദ്ധപ്പെടുത്തിയ അനുഭവം.)