ടീച്ചറുടെ അടി കൊള്ളാതിരിക്കാന്‍ പാറപ്പുല്ല് കീശയിലിട്ട് പോയത്
സ്ലേറ്റ് മായ്ക്കാന്‍ വെള്ളം കുടിയന്‍ തണ്ട് പറിച്ചുകൊണ്ടുപോയത്.
ജനഗണനമന തീരും മുമ്പെ ജനല് വഴി പുറംലോകത്തേക്ക് ചാടിപ്പോയത്
കാരപ്പഴവും ചൂരിപ്പഴവും നെല്ലിക്കയും മാങ്ങാപ്പരലും പരസ്പരം പങ്കുവെച്ചത്
കളിച്ചുതിമിര്‍ത്ത് പൊടിമണ്ണിന്റെ ഷൂസിട്ടത്
കണ്ണിച്ചിറച്ചാലിലേക്ക് കൂട്ടത്തോടെ മലക്കം മറിഞ്ഞത്
മൈനയെ പിടിക്കാന്‍ മരം കയറിയത്
നീലാകാശം പീലികള്‍ വിടര്‍ത്തും പച്ചത്തെങ്ങോലകളൊക്കെ
കൂച്ച് കെട്ടി തൊണ്ട പൊളിയുന്ന ഒച്ചയില്‍ ഒന്നിച്ച് പാടിയത്
അസംബ്ലിയില്‍ വെയില് കൊണ്ട് ഉറക്കം തൂങ്ങിയത്
മഴയെ പാഞ്ഞുതോല്‍പ്പിച്ചത്
സ്‌കൂളിന്റെ മേല്‍ക്കൂരയില്‍ വലിഞ്ഞുകയറി സ്വന്തം പേരെഴുതി വെച്ചത്
പൊള്ളിക്കായ റോഡില്‍ ഉരച്ചുരച്ച് കൂട്ടുകാരനെ പൊള്ളിച്ചത്
മരക്കൊമ്പില്‍ കാലുകള്‍ കെട്ടി, വേതാളമായി തൂങ്ങിയാടിയത്
മഴയത്ത് കബഡി കളിച്ചത്
ആഗസ്റ്റ് 15 ന് പായസം കുടിക്കാന്‍ ഉഷാറോടെ പോയത്
തീപ്പെട്ടിക്കളി കളിച്ചത്
മൂക്കില്‍ തൊട്ട് അടി കൂടിയത്
പെയ്താലും പെയ്താലും തീരില്ല ഉസ്‌കൂളോര്‍മകള്‍..
നരിക്കാടന്‍ കണ്ണേട്ടനാണ് മടിയും പേടിയും പിടിച്ച് സ്‌കൂളില്‍ പോവാതെ വീട്ടിന്റെ മച്ചിലും പറങ്കിമാവിലും ഒളിച്ച
എന്നെ പേടിപ്പിച്ച് സ്‌കൂളില്‍ പോകാന്‍ ശീലിപ്പിച്ചത്.. നാട്ടുകാരുടെ ചെവിയടപ്പിക്കുന്ന എന്റെ നിലവിളിയെ നിശബ്ദമാക്കാന്‍ കണ്ണേട്ടന്റെ ചോരക്കണ്ണുകള്‍ക്ക് മാത്രമേ കഴിയുമായിരുന്നുള്ളൂ.
കുട്ടിക്കാലത്ത് കണ്ണേട്ടനെ കാണുമ്പോള്‍ എന്റെ ഉള്ളില്‍ നിന്ന് ആളിക്കത്തുന്ന ഒരു പേടി..
ഹൊ.. എന്നാലും എന്റെ കണ്ണേട്ടാ....
ഉസ്‌കൂളില്‍ പോകുന്ന എല്ലാ കുഞ്ഞുമക്കള്‍ക്കും ഈ കുഴിമടിയന്റെ സ്‌നേഹാശംസകള്‍...