മുതുതലയുടെ രഘുമാഷ്‌

ശ്രീജ ദിവാകരന്‍ Posted on: 01 Jun 2015

ഓര്‍മവെച്ച നാള്‍ മുതല്‍ രഘുമാഷുടെ തീക്ഷ്മായ കണ്ണുകളും ചിരിക്കുന്ന മുഖവും എന്റെ മനസ്സിലുണ്ട്. എന്റെ മാത്രമല്ല എല്ലാവരുടേയും രഘുമാഷായിരുന്നു അദ്ദേഹം. മറ്റുള്ളവര്‍ക്കായ് പുലരുന്ന പ്രഭാതങ്ങള്‍ സ്വന്തമാക്കിയ ഒരാളായിരുന്നു അദ്ദേഹം. അതിരാവിലെത്തന്നെ അദ്ദേഹത്തിന്റെ വീടിന്റെ പൂമുഖത്ത് ധാരാളം ആളുകളെ കാണാം. ജാതി മത രാഷ്ട്രീയ ലിംഗ ഭേദമില്ലാതെ ജനങ്ങളുടെ ഏതു പ്രശ്നവും തീര്‍ക്കാന്‍ അദ്ദേഹത്തിന് അനായാസം കഴിയുമായിരുന്നു. മുതുതലയിലെ ദരിദ്ര കര്‍ഷക തൊഴിലാളികള്‍ക്ക് അദ്ദേഹം എല്ലാമായിരുന്നു. പ്രഗത്ഭനായ പ്രാസംഗികനും അതിസമര്‍ഥനായ അധ്യാപകനുമായിരുന്നു രഘുമാഷ്. ഒരു കാലഘട്ടത്തില്‍ ജില്ലയിലെ മുഴുവന്‍ യുവാക്കളുടേയും ആവേശം. നല്ല വായനക്കാരനും എഴുത്തുകാരനും കവിയും പ്രാസംഗികനും അധ്യാപകനും എന്നതിലുപരി, ഒരു മനുഷ്യസ്നേഹിയും ആയിരുന്നു. ഒട്ടേറെ കവിതകള്‍ എഴുതിയിട്ടുണ്ട്. ഒരു നിമിഷകവിയാണോ എന്നു തോന്നുംവിധം കണ്ണുചിമ്മി തുറക്കുമ്പോഴേയ്ക്കും ഉള്ളിന്റെയുള്ളില്‍ നിന്നും കവിത ഒഴുകിയൊഴുകിയെത്തും. മനുഷ്യനെ സ്നേഹിച്ച മാഷുടെ ജീവിതം മുഴുവനും ഒരു കവിതയായിരുന്നു. മരണത്തിന്റെ പടി വാതില്‍ വരെ നടന്നടുത്ത മനുഷ്യരെ സാന്ത്വനത്തിന്റെ തൂവല്‍സ്പര്‍ശംകൊണ്ടു ജീവിതത്തിലേയ്ക്ക് ഉയര്‍ത്തിക്കൊണ്ടു വരാന്‍ രഘുമാഷക്കല്ലാതെ ആര്‍ക്കു കഴിയും?

എന്റെ അച്ഛന്റെ സുഹൃത്തും വഴികാട്ടിയും സഹോദരനുമെല്ലാമായിരുന്നു അദ്ദേഹം. ഞാന്‍ ചെറിയ ക്ലാസ്സുകളില്‍ പഠിക്കുമ്പോള്‍ എനിക്ക് കുട്ടിക്കവിതകള്‍ പാടിത്തരും. ഓരോ ക്ലാസ്സുകള്‍ കയറുമ്പോഴും അദ്ദേഹത്തിന്റെ കവിതകളും വളര്‍ന്നു. സ്വന്തം കവിതകളും എനിക്കു പറഞ്ഞു തരാറുണ്ട്. പരുതൂര്‍ ഹൈസ്‌കൂളിലെ മലയാളം അധ്യാപകനായിരുന്ന രഘുമാഷാണ് എനിക്ക് മലയാള ഭാഷയോട് അടുപ്പം തോന്നാനും, കൂടുതല്‍ പഠിക്കാനും കാരണമായത്.

രഘുമാഷ് മുതുതല പഞ്ചായത്ത് പ്രസിഡന്റ് ആയിരിക്കുന്ന സമയം. ഞാനന്ന് പത്താം ക്ലാസ്സില്‍ മുതുതല പഞ്ചായത്തില്‍ നിന്നും ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങി വിജയിച്ചു. സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ക്യാഷ് അവാര്‍ഡ് സമ്മാനിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു: ''എല്ലാ സാഹചര്യങ്ങളും അനുകൂലമായ ഇവള്‍ക്ക് ഈ സമ്മാനം ലഭിച്ചതില്‍ അത്ഭുതമൊന്നും ഇല്ല''. അന്ന് മാഷ് അങ്ങനെ പറഞ്ഞത് എന്നെ വല്ലാതെ വിഷമിപ്പിച്ചു. കഷ്ടപ്പെട്ട് പഠിച്ച് മാര്‍ക്ക് വാങ്ങിയിട്ട് എന്റെ പ്രിയപ്പെട്ട മാഷ് ഇങ്ങനെ പറഞ്ഞല്ലോയെന്ന്. പക്ഷേ, ഇന്നൊരധ്യാപികയായ ഞാന്‍ മാഷ് അന്നു പറഞ്ഞത് എത്രയോ ശരിയാണെന്ന് മനസ്സിലാക്കുന്നു.

ചില ജീവിതങ്ങള്‍ വിശേഷണങ്ങള്‍ക്കതീതമാണ്. ഒരു നാടിന്റെ ശ്വാസനിശ്വാസങ്ങളില്‍ എന്നും നിറഞ്ഞുനിന്ന ഞങ്ങളുടെ രഘുമാഷ്, ഒരു നവംമ്പറില്‍ പ്രിയപ്പെട്ടവരെ തീരാദുഃഖത്തിലാഴ്ത്തി യാത്രയായി. അദ്ദേഹത്തിന്റെ മരണം അറിഞ്ഞ് വന്ന് 'ഞങ്ങള്‍ക്കിനി ആരാ ഉള്ളത്?' എന്ന് അലമുറയിട്ടു കരയുന്ന കര്‍ഷകത്തൊഴിലാളി മുത്തശ്ശിയുടെ മുഖം ഇന്നും മനസ്സില്‍ മായാതെ കിടക്കുന്നു. മാഷുടെ മരണമറിഞ്ഞ് ആ വീട്ടുമുറ്റത്ത് വന്നടിഞ്ഞ ജനസാഗരത്തെ കണ്ടാല്‍ ആരും മനസ്സില്‍ അറിയാതെ ചോദിച്ചു പോകും, ഇത്രയേറെ ജനങ്ങളുടെ ഹൃദയത്തില്‍ ആഴത്തില്‍ സ്ഥലം പിടിക്കാന്‍ അദ്ദേഹത്തിനെങ്ങനെ സാധിച്ചു?

ഈയടുത്ത കാലത്ത് മുതുതലയില്‍ നിന്നും ഒരാളെ കാണാതായി. സ്വകാര്യമായ ചില ദുഃഖങ്ങള്‍ ഉള്ളതുകൊണ്ട് രണ്ടുദിവസം നാടും വീടും വിട്ടു നിന്നതാണ്. അദ്ദേഹം തിരിച്ചെത്തിയപ്പോള്‍ എന്റെ അച്ഛന്‍ അദ്ദേഹത്തോട് പറഞ്ഞു: ''രഘു ഉണ്ടായിരുന്നെങ്കില്‍ തനിക്ക് നാടുവിടേണ്ടി വരില്ലായിരുന്നു അല്ലേ?''

(മറക്കാനാവാത്ത ഒരു അധ്യാപികയെ/അധ്യാപകനെ കുറിച്ച് വായനക്കാര്‍ എഴുതുന്ന മാതൃഭൂമി ആഴ്ചപ്പതിപ്പിലെ 'മധുരച്ചൂരല്‍' എന്ന പംക്തിയില്‍ പ്രസിദ്ധീകരിച്ച ലേഖനം.)




GraphicStory
school zoomin

 

ga