മറക്കാനാവാത്ത ട്രെയിന്‍ യാത്ര

എന്‍.എം. സാവിത്രി Posted on: 01 Jun 2015

രണ്ടു ദിവസം മുന്‍പ് പത്രത്തില്‍ വന്ന ഒരു വാര്‍ത്തയാണ് ഈ കുറിപ്പിനാധാരം. പത്തുവയസ്സുള്ള ഒരു കുട്ടി ട്രെയിനില്‍ രക്ഷിതാക്കളോടൊപ്പം അവന്റെ ചേട്ടനെ കണ്ടു മടങ്ങുകയായിരുന്നു. തിരുവനന്തപുരത്തുനിന്ന്. ബാത്ത്റൂമില്‍ പോയ ആ കുട്ടി പിന്നെ തിരിച്ചുവന്നില്ല. എങ്ങനെയോ ട്രെയിനില്‍നിന്നും വീണ ആ കുട്ടി ഈ ലോകത്തോടുതന്നെ വിട പറഞ്ഞു.

1969-ല്‍ കാഞ്ഞിലേരി യു.പി. സ്‌കൂളില്‍ ചേരുമ്പോള്‍ ടീച്ചേര്‍സ് ട്രെയിനിങ്ങില്‍നിന്നും കിട്ടിയ പരിചയം മാത്രമായിരുന്നു കൈമുതലായുണ്ടായിരുന്നത്. പ്രായവും വളരെ കുറവ്. ഗണിതശാസ്ത്രം പഠിക്കുന്ന സമയത്തുതന്നെ ഇഷ്ടവിഷയമായിരുന്നു. അന്ന് കണക്ക് പഠിപ്പിക്കാന്‍ ഇഷ്ടമുള്ളവര്‍ കുറവായിരുന്നതിനാല്‍ എന്നെ ഏല്‍പ്പിച്ച വിഷയവും അതായിരുന്നു. അവിടുന്നിങ്ങോട്ട് പ്രധാനാധ്യാപിക ആകുന്നതുവരെയുള്ള 23 വര്‍ഷങ്ങള്‍ ഞാനും കുട്ടികളും കണക്കുമായി കടന്നുപോയി.
വിനോദപഠനയാത്ര അന്നും ഞങ്ങളുടെ സ്‌കൂളില്‍ നടന്നുവരുന്ന ഒന്നായിരുന്നു. വര്‍ഷം ഓര്‍ത്തെടുക്കാന്‍ കഴിയുന്നില്ല. പക്ഷേ, ആ വര്‍ഷം പതിവിനു വിപരീതമായി കുറച്ചു ദൂരെയുള്ള സ്ഥലങ്ങളില്‍ പോകണമെന്ന ഒരഭിപ്രായം ഉയര്‍ന്നുവന്നു. അതനുസരിച്ച് ഞങ്ങള്‍ തിരുവനന്തപുരം-കന്യാകുമാരി തുടങ്ങിയ സ്ഥലങ്ങളില്‍ പോകാനായി പദ്ധതിയിട്ടു. കുട്ടികള്‍ വളരെ ഉത്സാഹത്തിലായിരുന്നു. ആ കാലത്ത് വീടുവിട്ട് ഇത്ര ദൂരെ ഒരു സ്ഥലത്ത് പോവുക എന്നത് കുട്ടികളെ സംബന്ധിച്ച് എന്തിനേറെ അധ്യാപകരെ സംബന്ധിച്ചുപോലും ആഹ്ലാദകരമായ കാര്യമായിരുന്നു.
തലശ്ശേരി വരെ ബസ്സിലും അവിടെനിന്ന് ട്രെയിനിലും പോകാന്‍ ഞങ്ങള്‍ തീരുമാനിച്ചു. രാത്രി ട്രെയിന്‍ കയറിയാല്‍ രാവിലെ തിരുവനന്തപുരത്തെത്താം. റിസര്‍വേഷന്‍ രീതികളൊന്നും അന്ന് പ്രായോഗികമല്ലാത്തതിനാല്‍ ജനറല്‍ കംപാര്‍ട്ട്മെന്റിലാണ് ഞങ്ങള്‍ യാത്ര തുടങ്ങിയത്.
പൊതുവേ ഉറക്കത്തില്‍ ഞാന്‍ അല്പം പിന്നോട്ടാണ്. എവിടെയും എപ്പോഴും ഉറങ്ങാന്‍ അന്നുമിന്നും എനിക്ക് സാധിക്കാറില്ല. ട്രെയിനില്‍ രാത്രി ഞാന്‍ ഓരോന്നാലോചിച്ച് അങ്ങനെ ഇരുന്നു. എന്റെ മടിയില്‍ നാലോ അഞ്ചോ കുട്ടികള്‍ തലവെച്ച് ഉറങ്ങുന്നുമുണ്ടായിരുന്നു. ഏകദേശം ഒരു മണിയായിക്കാണും- കുട്ടികളുടെ ഇടയില്‍ നിന്നും സുധാകരന്‍ (യഥാര്‍ഥ പേരല്ല-പേര് ഓര്‍മയില്ല എന്നതാണ് യാഥാര്‍ഥ്യം) എഴുന്നേറ്റ് നടന്നു. ബാത്ത്റൂമിലേക്കായിരിക്കും എന്നാണ് ഞാന്‍ കരുതിയത്. എല്ലാവരും മയക്കത്തിലായിരുന്നു. എനിക്ക് അവന്റെ നടത്തത്തില്‍ എന്തോ പന്തികേട് തോന്നി. എന്റെ മടിയില്‍ കുട്ടികള്‍ ഉണ്ടായിരുന്നതു കൊണ്ട് അടുത്തുണ്ടായിരുന്ന സഹപ്രവര്‍ത്തകനെ ഞാന്‍ വിളിച്ചുണര്‍ത്തി പറഞ്ഞു: ''മാഷേ അവനെ ഒന്നു പിടിക്കൂ.'' മാഷ് വേഗം അവന്റെ അടുത്തേക്കു ചെന്നു. അവന്‍ വാതിലിന്റെ അടുത്തേക്കാണ് നടന്നു പോയ്ക്കൊണ്ടിരുന്നത്. മാഷ് വേഗം ചെന്ന് അവനെ പിടിച്ചുകുലുക്കി. അവന്‍ കണ്ണു മിഴിച്ചു. അവന്‍ ഉറക്കത്തിലായിരുന്നു നടന്നുകൊണ്ടിരുന്നത്. അന്ന് ഞാനും കൂടി മയങ്ങിപ്പോയിരുന്നെങ്കില്‍...
വര്‍ഷങ്ങള്‍ക്കുശേഷം ഗുരുവായൂര്‍ അമ്പലത്തില്‍ തൊഴുത് ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ ഇരിക്കുമ്പോള്‍ ഒരു ശബ്ദം: ''ടീച്ചറേ ഓര്‍മയുണ്ടോ?'' അന്നത്തെ സുധാകരന്‍. കൂടെ ഭാര്യയും രണ്ടു കുഞ്ഞുങ്ങളും. അന്നത്തെ സംഭവമെല്ലാം അന്നത്തെ പതിനൊന്നു വയസ്സുകാരന്റെ ഓര്‍മയില്‍നിന്നും മാഞ്ഞുപോയിരുന്നു. പക്ഷേ, കുട്ടീ, നിന്നെ ഞാന്‍ എങ്ങനെ മറക്കാനാണ്?'

കാഞ്ഞിലേരി യു.പി. സ്‌കൂളില്‍ പ്രധാനാധ്യാപികയായിരുന്നു ലേഖിക.


(അധ്യാപകരുടെ വിദ്യാലയാനുഭവങ്ങള്‍ ഉള്‍ക്കൊള്ളിച്ച് മാതൃഭൂമി ആഴ്ചപ്പതിപ്പിലെ 'ചോക്കുപൊടി' എന്ന പംക്തിയില്‍ പ്രസിദ്ധപ്പെടുത്തിയ അനുഭവം.)




GraphicStory
school zoomin

 

ga