
2010 ഫിബ്രവരിയിലെ ഒരു ഉച്ചനേരം. ചൂടുകാലമായതിനാല്‍ ഉണങ്ങിവരണ്ടുകിടക്കുന്ന സ്‌കൂള്‍മുറ്റം. കുട്ടികളുടെ ഒരേയൊരു തണലായ വലിയ ചുണ്ടന്‍മാവും ചില്ലകളുണങ്ങി ഇലപൊഴിഞ്ഞ് നില്‍ക്കുന്നു. ഓഫീസ് മുറിയില്‍ ഞാനും ഹെഡ്മിസ്ട്രസ് ശശികലടീച്ചറുമിരിപ്പുണ്ട്. ഉച്ചകഴിഞ്ഞ ആദ്യ പിര്യേഡ്. കുട്ടികളെല്ലാം ക്ലാസ്മുറിയിലാണ്.
''മുക്കാലാ... മുക്കാബലാ... ലൈലാ...''
വരാന്തയിലൂടെ ഒഴുകിവന്ന പാട്ട് കേട്ടപ്പോഴേ മനസ്സിലായി ഡോമിനിക് പുറത്തിറങ്ങിയിരിക്കുന്നു. ശശികലടീച്ചര്‍ ചോദ്യഭാവത്തിലെന്നെ നോക്കി. ടീച്ചര്‍ ചാര്‍ജെടുത്തിട്ട് അധികനാളായിട്ടില്ല.
''ഡോമിനിക്കാണ് ടീച്ചര്‍.''
ഡോമിനിക് അങ്ങനെയാണ്. സ്‌കൂളിന്റെ ചട്ടങ്ങളും നിയമങ്ങളുമൊന്നും അവന്‍ കാര്യമായെടുക്കാറില്ല. തോന്നുമ്പോള്‍ ക്ലാസില്‍ വരും. തോന്നുമ്പോള്‍ ഇറങ്ങിപ്പോകും. ഏഴാം ക്ലാസിലാണെങ്കിലും എഴുതാനും വായിക്കാനുമറിയില്ല. പഠിക്കാന്‍ താത്പര്യമേയില്ല. പാന്റ്‌സിന്റെ പോക്കറ്റില്‍ കളിക്കാനുള്ള വകകള്‍ കാണും. ടീച്ചര്‍ ബോര്‍ഡിലേക്ക് തിരിയുന്ന നേരം ക്ലാസിന് നടുവിലേക്ക് ഒരു പന്തുരുണ്ട് വന്നിട്ടുണ്ടാകും. ഓര്‍ക്കാപ്പുറത്ത് ഒരു പൊട്ടാസ് പൊട്ടിച്ച് ക്ലാസിനെ ഒന്ന് പിടിച്ചുകുലുക്കും.
ഹെഡ്മിസ്ട്രസ് വരാന്തയിലേക്കിറങ്ങി. കൂടെ ഞാനും.
''എവിടെപ്പോകുന്നു നീ?''
''ഓ! ഞാനിനി പഠിക്കുന്നില്ല.''
''അതെന്താ?''
''പഠിച്ചിട്ടെന്ത് കാര്യത്തിനാ?''
''ഞാന്‍ ഏഴ് കൊല്ലായി ടീച്ചറെ ഇവിടെ പഠിക്കണ്. എനിക്കെഴുതാനും അറീല്ല, വായിക്കാനും അറീല്ല, കണക്ക് ചെയ്യാനും അറീല്ല. പിന്നെന്തിനാ പഠിക്കണ്? ഞാന്‍ പോണ്.''
അവനിറങ്ങിപ്പോയി. ശശികലടീച്ചര്‍ അന്തംവിട്ടുനിന്നു. ഓള്‍പ്രമോഷന്റെ ബലത്തില്‍ ഡോമിനിക്കും അങ്ങനെ എന്റെ ക്ലാസായ ഒന്‍പത്-എ യില്‍ എത്തി. അപ്പോഴേക്കും അവന്‍ അക്ഷരങ്ങളൊക്കെ ഒരുവിധം പഠിച്ചിരുന്നു. ഏത് കുട്ടിയെയും നന്നാക്കിയെടുക്കാനാവും എന്ന അമിത ആത്മവിശ്വാസമോ, അഹങ്കാരമോ? ഞാന്‍ ഡോമിനിക്കിനെ ഏറ്റെടുത്തു. ക്ലാസിലെ മിടുക്കനായ ബ്ലസന്റെ അടുത്ത് ഡോമിനിക്കിന് ഇരിപ്പിടം കൊടുത്തു. ഒരുപാട് പ്രോത്സാഹിപ്പിച്ചു. ഏതായാലും അവന്‍ വൃത്തിയായി പൊതിഞ്ഞ കണക്ക് നോട്ടുപുസ്തകം ക്ലാസില്‍ കൊണ്ടുവന്ന് തുടങ്ങി. ബ്ലസന്റെ നോട്ടുപുസ്തകം നോക്കി അതുപോലെ പകര്‍ത്തിയെഴുതാന്‍ ഞാനവനെ ശീലിപ്പിച്ചു. കണക്ക് ക്ലാസില്‍ ഡോമിനിക് ശല്യക്കാരനായില്ല. അഭിനന്ദിക്കാനുള്ള ഒരവസരവും ഞാന്‍ പാഴാക്കിയില്ല. ക്ലാസ് പി.ടി.എ.യില്‍ ഡോമിനിക്കിന്റെ അമ്മ കണ്ണുനിറച്ചു. ''എനിക്കിനി ഒന്നും വേണ്ട ടീച്ചറേ. ഈ സ്‌കൂളിലെ ഒരു ടീച്ചര്‍, അവനെക്കുറിച്ച് നല്ല വാക്കു പറഞ്ഞല്ലോ.'' അവരുടെ സന്തോഷം എന്റെ മനസ്സും നിറച്ചു. ഞാനവനെയും കൂട്ടി ശശികലടീച്ചറിന്റടുത്തേക്ക് ചെന്നു. അഭിമാനത്തോടെ നോട്ടുപുസ്തകം കാണിച്ചുകൊടുത്തു. ടീച്ചര്‍ അവനൊരു പേന സമ്മാനിച്ചു. പക്ഷേ, ഇതൊന്നും തന്നെ ബാധിക്കുന്ന പ്രശ്‌നമേയല്ലെന്ന മട്ടില്‍ ഡോമിനിക് നിസ്സംഗനായി നിന്നു.
ഓണപ്പരീക്ഷ കഴിഞ്ഞു. ഡോമിനിക്കിന്റെ ഉത്തരക്കടലാസ് ഞാനാകാംക്ഷയോടെ നോക്കി. അദ്ഭുതവും സന്തോഷവും അടക്കാനായില്ല. 80-ല്‍ 30 മാര്‍ക്ക്. ക്ലാസില്‍ അവനെ വാനോളം പുകഴ്ത്തി.
ഡോമിനിക് പതിയെ ബഞ്ചില്‍ നിന്നെഴുന്നേറ്റു. എന്നെ ഇങ്ങനെ വിഡ്ഢിയാക്കുന്നതില്‍ അവനല്പം കുറ്റബോധം തോന്നിയോ?
''ടീച്ചറേ...ഞാന്‍ നോക്കി എഴുതീതാ...''
ക്ലാസില്‍ കൂട്ടച്ചിരി. തോല്‍ക്കാന്‍ എനിക്ക് മനസ്സില്ലായിരുന്നു. പരീക്ഷയ്ക്ക് നിര്‍മിതികളുടെ മൂന്ന് ചോദ്യങ്ങളുണ്ടായിരുന്നു. അവ മൂന്നും, വളരെ കൃത്യമായി അവന്‍ വരച്ചിട്ടുണ്ട്.
''സാരമില്ല... നീ വരക്കാനെങ്കിലും പഠിച്ചല്ലോ.''
''ഞാനൊന്നും വരച്ചില്ല. എന്റെ പേപ്പറില്‍ ബ്ലസന്‍ വരച്ചതാ.''
കാല്‍ക്കീഴിലെ മണ്ണൊലിച്ചുപോയോ.
എന്റെ നിസ്സഹായത കണ്ടിട്ടാവാം കുട്ടികളും മൗനികളായി. ''ടീച്ചറേ...വരച്ചുകൊടുത്തില്ലേല്‍ ഇടിക്കുംന്ന് പറഞ്ഞിട്ടാ.''
ബ്ലസന്‍ സങ്കടത്തോടെ എന്നെ നോക്കി.'