ഒരു കരച്ചിലിന്റെ ഓര്‍മയ്ക്ക്‌

ശ്രീജ എടക്കാനം Posted on: 01 Jun 2015

സ്‌കൂള്‍ തുറന്ന് അധികദിവസം കഴിയുന്നതിനുമുമ്പാണ് ഒരമ്മയും മൂന്ന് പെണ്‍കുട്ടികളുംകൂടി ഗേറ്റ് കടന്നുവന്നത്. അഡ്മിഷനു വരുന്ന ആള്‍ക്കാര്‍ക്ക് പരിചിതഭാവത്തിന്റെ ചെറുചിരി സമ്മാനിച്ച് ക്ലാസിലേക്ക് യാത്രയായി. അല്പം കഴിഞ്ഞ് ആ അമ്മ പെണ്‍കുട്ടികളെയുംകൊണ്ട് ഏഴാം ക്ലാസിന്റെ വാതില്‍ക്കല്‍ നില്ക്കുന്നതുകണ്ടു. ക്ലാസ് ടീച്ചറോട് എന്തൊക്കെയോ സംസാരിക്കുകയാണ്.

പിന്നീട് എന്റെ നാലാംക്ലാസിലെത്തി. രണ്ടു പെണ്‍കുട്ടികള്‍ കൂടെയുണ്ട്. ഒറ്റനോട്ടത്തില്‍ ഇരട്ടകളാണെന്നു തോന്നില്ല. എന്നാല്‍ ഇരട്ടകളായിരുന്നു അവര്‍. അല്പം മുമ്പ് കണ്ണുനിറച്ച മുഖമായിരുന്നു അമ്മയ്ക്ക്. 'അച്ഛന്‍ കുറച്ചുമാസം മുമ്പ് മരണപ്പെട്ടിരുന്നു. അമ്മയ്ക്ക് പണിക്ക് പോകണം. പെണ്‍കുട്ടികളെ ഒറ്റയ്ക്ക് വീട്ടില്‍ നിര്‍ത്തുക വയ്യ. സ്‌കൂളിനടുത്തുള്ള ഹോസ്റ്റലിലാക്കിയിരിക്കുന്നു. ടീച്ചറും കൂടിയൊന്നു ശ്രദ്ധിക്കണം.' അമ്മയുടെ സംഭാഷണത്തിന്റെ ചുരുക്കം അതായിരുന്നു.
ആതിരയും അശ്വതിയും; അതായിരുന്നു അവരുടെ പേര്. ഇരുവരും അടുത്തടുത്ത് തന്നെയിരുന്നു. പഠിക്കാന്‍ വലിയ മിടുക്കൊന്നുമില്ലെന്ന് രണ്ടുദിവസം കൊണ്ടുതന്നെ മനസ്സിലായി. മറ്റു കുട്ടികളുമായി അധികം കൂട്ടുകൂടാതെ അവര്‍ രണ്ടുപേരും മാത്രമായിരുന്നു പ്രധാന കൂട്ട്. വീടുവിട്ടുവന്നതിന്റെ വിഷമം തീരുന്നില്ലെന്ന് എനിക്കു തോന്നി. മ്യൂസിക് പീരിയഡിലൊക്കെ അവരെ ഉള്‍പ്പെടുത്തി പാട്ടുകളൊക്കെ പാടിച്ചു. ചെറിയ ചെറിയ തന്ത്രങ്ങളിലൂടെ ക്ലാസിലെ മറ്റു കുട്ടികളോടൊപ്പം അവരും ചേരാന്‍ തുടങ്ങി.
ഒന്നുരണ്ടു മാസങ്ങള്‍ കഴിഞ്ഞുകാണും. അമ്മയ്ക്ക് സുഖമില്ലെന്നും പറഞ്ഞ് മൂന്നുപേരെയും കൊണ്ടുപോകാന്‍ ബന്ധുക്കള്‍ വന്നു. ഒരുമിച്ചുവന്ന ഹോസ്റ്റല്‍ വാര്‍ഡന്‍ കാര്യം പറഞ്ഞു. ''അമ്മ കിണറില്‍ വീണു മരിച്ചു.''
ഏകദേശം ഒരുമാസമായിക്കാണും. വലിയമ്മ (അച്ഛന്റെ പെങ്ങള്‍)യുടെയും വലിയച്ഛന്റെയും കൂടെ മൂന്നുപേരും സ്‌കൂളില്‍ വന്നു. ''നല്ലൊരു പെണ്ണായിരുന്നു ടീച്ചറേ ഇവരുടെ അമ്മ. നന്നായി പണിചെയ്യും. വീടുനോക്കും. അവന്‍ പോയശേഷം അടച്ചിട്ടിരുന്ന വീട് തുറന്ന് വൃത്തിയാക്കുകയായിരുന്നു. മുറ്റമടിച്ചുകൊണ്ടിരിക്കെ അബദ്ധത്തില്‍ കിണറ്റില്‍ വീഴുകയായിരുന്നു.'' വലിയമ്മ കരഞ്ഞുകൊണ്ടു പറഞ്ഞു. ഞാനും വല്ലാത്തൊരവസ്ഥയിലായി. ഈ ഇരട്ടകളെ എങ്ങനെ കൈകാര്യം ചെയ്യുമെന്ന അങ്കലാപ്പിലായിരുന്നു ഞാന്‍. അന്നുമുഴുവന്‍ ആതിര കരയുകയായിരുന്നു. അശ്വതി വികാരരഹിതയായിരുന്നു.
പിറ്റേദിവസം അതിന്റെ തനിയാവര്‍ത്തനമായിരുന്നു. കൈ വേദനിക്കുന്നുവെന്നും പറഞ്ഞ് ആതിര കരച്ചിലോടു കരച്ചില്‍. ഞാന്‍ മീരടീച്ചറെ വിളിച്ചു. ടീച്ചര്‍ വന്ന് ആതിരയുടെ അടുത്തിരുന്ന് കൈപിടിച്ച് നന്നായി തടവിക്കൊണ്ട് അവളോട് സംസാരിച്ചു. ക്രമേണ കരച്ചില്‍നിന്നു. അടുത്ത ദിവസം ക്ലാസിലെത്തുമ്പോഴേ കേട്ടു ആതിരയുടെ കരച്ചില്‍. ടീച്ചറെ വീണ്ടും വിളിച്ചു. വേദന യഥാര്‍ഥമല്ലെന്നും ഹോസ്റ്റലിലും ഇതുതന്നെയാണ് പതിവെന്നും മറ്റു കുട്ടികളില്‍നിന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞു. അമ്മയുടെ സാന്നിധ്യം അവള്‍ അതിയായി ആഗ്രഹിക്കുന്നുണ്ടെന്നും മനസ്സിലായി. മീരടീച്ചറില്‍നിന്ന് അവള്‍ക്കെന്തോ ആ ഫീല്‍ കിട്ടിയിരിക്കാം. അതുവരെ, അങ്ങനെ ശരീരത്തോട് ചേര്‍ത്ത് പിടിച്ച് സാന്ത്വനിപ്പിക്കാനുള്ള ഒരു മനസ്സ് എനിക്കുണ്ടായില്ല എന്നു തോന്നുന്നു. പിന്നെ, കരഞ്ഞുതുടങ്ങിയ, ആതിരയുടെ കൈകള്‍ എന്റെ മടിയില്‍ ചേര്‍ത്തുവെച്ച് മെല്ലെ തടവാന്‍ തുടങ്ങി. ഞാന്‍ ആതിരയോട് ചേര്‍ന്നിരുന്നു. കൂട്ടുകാരിലേക്ക് അവളുടെ ശ്രദ്ധതിരിച്ചു.
ആതിര മെല്ലെ മെല്ലെ സാധാരണ നിലയിലേക്കു വന്നു. ഉയര്‍ന്ന ക്ലാസുകളില്‍ സ്‌പോര്‍ട്സില്‍, അവള്‍ മികച്ച ഓട്ടക്കാരിയായി. സമ്മാനങ്ങള്‍ കിട്ടാന്‍ തുടങ്ങി. എന്നാലും അമ്മയില്ലാത്തതിന്റെ വേദന ആ കണ്ണുകളില്‍ എപ്പോഴും ഉണ്ടായിരുന്നു.
''ടിന്റുലൂക്കയുടെ അനിയത്തിയോടൊപ്പം ഓടി ടീച്ചറേ''യെന്ന് വിളിച്ചുപറഞ്ഞ് ആതിര ഒരിക്കല്‍ ഓടിയടുത്തേക്കുവന്നു. ടിന്റുലൂക്കയും അനുജത്തിയും ഓടി ഫിനിഷിങ് പോയന്റിലെത്തുമ്പോഴേക്കും അവര്‍ക്കുള്ള വെള്ളവുമായി ട്രാക്കിനുപുറത്ത്, കാണികള്‍ക്കും പിറകിലൂടെ ഓടി ഫിനിഷിങ് പോയന്റിനടുത്ത് കിതച്ചുകൊണ്ടെത്തുന്ന അവരുടെ അമ്മയെയാണ് ഞാനപ്പോഴോര്‍ത്തത്. ഉള്ളില്‍ കരഞ്ഞുകൊണ്ട് ഞാന്‍ ആതിരയെ ചേര്‍ത്തുപിടിച്ചു.'

കണ്ണൂര്‍ ജില്ലയിലെ ഇരിട്ടി,കീഴൂര്‍ വി.യു.പി. സ്‌കൂളിലെ അധ്യാപികയാണ് ലേഖിക.


(അധ്യാപകരുടെ വിദ്യാലയാനുഭവങ്ങള്‍ ഉള്‍ക്കൊള്ളിച്ച് മാതൃഭൂമി ആഴ്ചപ്പതിപ്പിലെ 'ചോക്കുപൊടി' എന്ന പംക്തിയില്‍ പ്രസിദ്ധപ്പെടുത്തിയ അനുഭവം.)






GraphicStory
school zoomin

 

ga