
വയനാട് ജില്ലയിലെ വെള്ളമുണ്ട എ.യു.പി. സ്‌കൂളിലായിരുന്നു എന്റെ ബാല്യകാലപഠനം. പ്രകൃതിയെ തൊട്ടറിഞ്ഞ് ഏറെ ദൂരം നടന്നാണ് സ്‌കൂളിലെത്തിയിരുന്നത്. സ്വാതന്ത്ര്യത്തിന്റെയും സൗഹൃദത്തിന്റെയും വിശാലലോകമാണ് എനിക്കാ വിദ്യാലയം സമ്മാനിച്ചത്.
ആ ക്ലാസ് മുറികളും ഇടനാഴികളും മൈതാനവും അതിലെ പുല്‍ക്കൊടികള്‍പോലും എനിക്കു സ്വന്തമെന്നൊരു തോന്നലായിരുന്നു അന്നുണ്ടായിരുന്നത്. ആ കാലം മനസ്സിലൊരു മധുരസ്മരണയായി തെളിയുമ്പോഴെല്ലാം കാണാനാഗ്രഹിക്കുന്ന പ്രിയപ്പെട്ട അധ്യാപകരുടെ മുഖങ്ങളേറെയുണ്ട്. അവരില്‍ ചിലര്‍ യാത്രപറയാതെന്നേയ്ക്കുമായി അകന്നതൊരു നോവായി മാറാറുമുണ്ട്.
ഞാനന്ന് ഏഴാം ക്ലാസ് വിദ്യാര്‍ഥിനി. കണക്കിനോട് ഇഷ്ടക്കൂടുതലുള്ള മനസ്സ്. കരുണാകരന്‍ മാഷെന്ന ഗണിതാധ്യാപകനായിരുന്നു ക്ലാസധ്യാപകന്‍. നാടകാചാര്യനായ മാഷ് മറ്റധ്യാപകരില്‍ നിന്നേറെ വ്യത്യസ്തന്‍. അച്ചടക്കത്തിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലാത്ത മാഷിന്റെ ഭാവം പരുക്കനാവുമ്പോള്‍ പതിവുവേഷമായ ജുബ്ബയ്ക്കകത്തു നിന്നും ചൂരല്‍ പ്രത്യക്ഷപ്പെടും. വരാന്തയില്‍ ആ കാലടികള്‍ പതിയുമ്പോള്‍ നിശ്ശബ്ദമാകുന്ന ക്ലാസ് മുറികള്‍. പഠിപ്പിച്ചത് കുട്ടികള്‍ ഹൃദിസ്ഥമാക്കണമെന്ന നിര്‍ബന്ധമുണ്ടായിരുന്നതിനാല്‍ ചോദ്യം ചോദിച്ചു മാത്രം തുടങ്ങുന്ന ക്ലാസുകള്‍. ഒരിക്കല്‍ ക്ലാസാരംഭത്തിനു മുന്‍പ് മാഷിന്റെ ചോദ്യമെത്തി. അനുപൂരകകോണെന്നാല്‍ എന്താണ്? അധ്യാപകരില്‍നിന്നും ശിക്ഷയേക്കാളേറെ ലാളനകള്‍ ഏറ്റുവാങ്ങിയതിനാലാവാം മനസ്സൊന്ന് അഹങ്കരിച്ചു. ഉത്തരമറിയാവുന്ന ഒരേയൊരാള്‍ ഞാന്‍ മാത്രം. എനിക്കപ്പുറവും ഇപ്പുറവും ചൂരല്‍ ഉയര്‍ന്നുതാഴുന്നത് ഞാനറിഞ്ഞു. ഉത്തരം പറയാനുള്ള എന്റെ ഊഴമെത്തി. എഴുന്നേറ്റുനിന്ന് ഞാന്‍ പറഞ്ഞ ഉത്തരവും തെറ്റി. ഇന്നെനിക്കാ തെറ്റുത്തരം ഓര്‍ത്തെടുക്കാനാവുന്നില്ല. പക്ഷേ, രണ്ടടിയുടെ അകമ്പടിയോടെ മാഷ് പറഞ്ഞത് വ്യക്തമായി മനസ്സിലിന്നുമുണ്ട്. ''നിനക്കൊരു അനുരൂപനെ കണ്ടെത്താനുള്ള സമയമായെന്നു തോന്നുന്നു.'' അന്ന് കണ്ണുനനയിച്ച ഈ വാക്കുകളിലെ നര്‍മം ചുണ്ടിലൂറുന്ന ചിരിയോടെ മാത്രമേ ഓര്‍ക്കാനാവൂ. അനുപൂരകവും അനുരൂപവും. ആ പ്രാസം ഇന്നെന്നെ ചിരിപ്പിക്കുന്നു.
പിന്നീട് ഞാന്‍ അധ്യയനത്തിന്റെ പാതയില്‍ത്തന്നെ എത്തിച്ചേര്‍ന്നപ്പോള്‍ കരുണാകരന്‍ മാഷിനെ ഓര്‍ക്കാന്‍ കാരണങ്ങളേറെ. ഗണിത ക്ലാസുകള്‍ മാത്രമല്ല സ്‌കോളര്‍ഷിപ്പ് പരീക്ഷയ്ക്കായി നക്ഷത്രങ്ങളെക്കുറിച്ച് പറഞ്ഞുതന്നതും മാഷായിരുന്നു. എന്നാലെന്നെ കാത്തിരുന്നത് മറ്റൊരതിശയമായിരുന്നു. എനിക്ക് ഹൈസ്‌കൂള്‍ മലയാളം അധ്യാപികയായി ജോലിക്കയറ്റം ലഭിച്ചതറിയിക്കാന്‍ ഏറെ കാലത്തിനുശേഷം മാഷുെട അരികിലെത്തിയപ്പോള്‍ മലയാള വ്യാകരണഗ്രന്ഥം വായിച്ചുകൊണ്ടിരിക്കുകയായിരുന്നു എന്റെയാ ഗണിതാധ്യാപകന്‍. ഞാന്‍ വിഷമിച്ചു പഠിച്ച് ഹൃദിസ്ഥമാക്കിയ ധ്വനിയും രസവും മറ്റും കഥ വായിക്കുന്ന ലാഘവത്വത്തോടെ വായിച്ചാസ്വദിക്കുന്ന കരുണാകരന്‍ മാഷിനെ ഒരദ്ഭുതത്തോടെ മാത്രമേ നോക്കിനില്‍ക്കാനായുള്ളൂ. ''പഠിപ്പിക്കുന്നവരെല്ലാം ഗുരുവല്ല, ആരില്‍ നിന്നും പഠിക്കുന്നുവോ അവരാണ് ഗുരു'' എന്ന മഹദ്‌വചനമാണ് ആ സമയത്ത് മനസ്സിലോടിയെത്തിയത്.
''വായന ഒരിക്കലും മുടക്കരുതെന്നും വ്യാകരണ സംബന്ധിയായ സംശയങ്ങള്‍ക്കെന്നെ വിളിച്ചോളൂ'' എന്നും പറഞ്ഞാണ് മാഷെന്നെ യാത്രയയച്ചത്. എന്റെ അറിവുകള്‍ നിഷ്‌നപ്രഭമായതുപോലൊരു തോന്നലില്‍, ഗണിതാധ്യാപകനായ കരുണാകരന്‍ മാഷിനെ മലയാളധ്യാപകനായും പുനഃപ്രതിഷ്ഠിക്കുന്ന തിരക്കിലായിരുന്നു മനസ്സപ്പോള്‍.'
(മറക്കാനാവാത്ത ഒരു അധ്യാപികയെ/അധ്യാപകനെ കുറിച്ച് വായനക്കാര്‍ എഴുതുന്ന മാതൃഭൂമി ആഴ്ചപ്പതിപ്പിലെ 'മധുരച്ചൂരല്‍' എന്ന പംക്തിയില്‍ പ്രസിദ്ധീകരിച്ച ലേഖനം.)