
ശിശിരത്തില്‍ വിരുന്നെത്തുന്ന വെയില്‍പോലെ പുഞ്ചിരിച്ചുകൊണ്ടാണ് ടീച്ചര്‍ ക്ലാസ്സിലെത്തുക. ക്ലാസ്സിലെത്താന്‍ കൊടുങ്കാറ്റിന്റെ വേഗമായിരുന്നു ടീച്ചര്‍ക്ക്. എത്ര തിരക്കോടെ, ധൃതിയോടെ പഠിപ്പിച്ചാലും തീരാത്തത്രയായിരുന്നു ടീച്ചറുടെ സിലബസ്. വ്യക്തിപരമായ പ്രശ്‌നങ്ങള്‍ക്ക് ഔദ്യോഗിക കൃത്യനിര്‍വഹണത്തില്‍ ഒട്ടും ഇടം നല്‍കാതിരിക്കാന്‍ ടീച്ചര്‍ എന്നും ശ്രദ്ധാലുവായിരുന്നു.
ഞങ്ങള്‍ യു.പി.വിഭാഗം പഠനം നടത്തിയിരുന്നകാലം. യു.പി.ക്ലാസ്സുകളില്‍ മലയാളം അധ്യാപനം ജീവനവ്രതമായി സ്വീകരിച്ച് കാലത്തിന്റെ ഗതിവേഗത്തിനും അല്പം മുകളില്‍ സഞ്ചരിച്ചു ഞങ്ങളുടെ പ്രിയപ്പെട്ട ഗീതട്ടീച്ചര്‍.
പത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഗീതട്ടീച്ചര്‍ സേവനത്തില്‍നിന്ന് വിരമിച്ചു. പാലക്കാട് ജില്ലയിലെ വിദൂര ഗ്രാമങ്ങളിലൊന്നായ ചളവറയുടെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന ചളവറ എ.യു.പി.സ്‌കൂളില്‍ ഏതാണ്ട് മുപ്പത് കൊല്ലം ജോലി ചെയ്തു ടീച്ചര്‍. ചളവറ എന്ന കൊച്ചുഗ്രാമത്തിന്റെ പെരുമകുറഞ്ഞ വിഹായസ്സില്‍ ടീച്ചറും കുടുംബവും ഇടവഴിയില്‍ പെയ്ത മഴപോലെ ഒലിച്ചുചേര്‍ന്നു. പണവും പ്രതാപവുമുള്ളവര്‍ക്കാണ് പഠനം എളുപ്പമാവുക എന്ന മിഥ്യാധാരണയില്‍ സ്‌കൂളിലെ ഭൂരിഭാഗത്തെയും അവഗണിക്കാന്‍ കിട്ടുന്ന അവസരങ്ങളൊന്നും അക്കാലത്ത് പാഴാക്കപ്പെട്ടിരുന്നില്ല. ഇതിനെതിരെ ബാഹ്യജടിലമായ വിപ്ലവ പ്രവര്‍ത്തനങ്ങളൊന്നും ടീച്ചര്‍ ഏറ്റെടുത്തില്ല. എന്നാല്‍ ചില്ലറ അത്യാവശ്യങ്ങള്‍ക്കായി സ്‌കൂളിലെത്തുന്ന സാധാരണക്കാരും നിരക്ഷരരുമായ രക്ഷിതാക്കളെ ദയ-വാത്സല്യങ്ങളോടെ ടീച്ചര്‍ എതിരേറ്റു. ദരിദ്രവിദ്യാര്‍ഥികള്‍ക്കുള്ള ചെറുതെങ്കിലും ഉപകാരപ്രദമായിരുന്ന സര്‍ക്കാര്‍ സഹായങ്ങള്‍ അര്‍ഹരായവരിലെത്തിക്കാന്‍ നയപരമായ ഇടപെടലുകള്‍ നടത്താന്‍ ടീച്ചര്‍ക്ക് പ്രത്യേക കഴിവുണ്ടായിരുന്നു. പഠിക്കാന്‍ മിടുക്കരായവര്‍ക്ക് സ്വന്തം പേഴ്‌സില്‍നിന്ന് പണം മുടക്കി നോട്ടുപുസ്തകങ്ങളും മറ്റു പഠനോപകരണങ്ങളും വാങ്ങിനല്‍കുക എന്നത് ടീച്ചറുടെ അധ്യാപനത്തിന്റെ ഭാഗമായിരുന്നു.
മലയാളം കവിതകള്‍ ഈണത്തില്‍ ഉറക്കെ ച്ചൊല്ലുന്ന ശീലമായിരുന്നു ടീച്ചര്‍ക്ക്. തന്റെ മുന്‍പിലുള്ള ജീവനുകള്‍ക്ക് സ്‌നേഹമൂട്ടി പഠിപ്പിക്കാന്‍ ടീച്ചര്‍ക്ക് സര്‍വീസ് ട്രെയിനിങ്ങിന്റെ ആവശ്യമില്ലായിരുന്നു. പഠിക്കാന്‍ ബുദ്ധിപരമായി കഴിവുള്ളവര്‍ പഠിക്കാതെ ക്ലാസ്സിലെത്തുന്നത് കണ്ടെത്തി അവരെ കണക്കിന് ശിക്ഷിക്കുക എന്നത് ടീച്ചറുടെ പാഠാസൂത്രണത്തിന്റെ ഭാഗമായിരുന്നിരിക്കണം. ഇത്തരം സാഹചര്യങ്ങളില്‍ പ്രയോഗിക്കാനുള്ള പ്രത്യേകം 'പുളിവാറലുകള്‍' ടീച്ചറുടെ പക്കല്‍ എന്നുമുണ്ടായിരുന്നു. ആരും ടീച്ചറുടെ ശിക്ഷണരീതിയെപ്പറ്റി പരാതി പറഞ്ഞതായി അറിവില്ല.
ഞങ്ങള്‍ ആറാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ടീച്ചര്‍ കുറേദിവസം ക്ലാസ്സില്‍ വന്നില്ല. ടീച്ചര്‍ക്ക് ഭയങ്കര അസുഖമാണെന്നും ആസ്പത്രിയിലാണെന്നും അറിഞ്ഞു. ഒരു ദിവസം ക്ലാസ്സില്‍ വരാന്‍ ആളില്ലാത്തവിധം അധ്യാപകര്‍ സ്‌കൂളില്‍ കുറവായിരുന്നു. ഗീതട്ടീച്ചര്‍ക്ക് അസുഖം അധികമായതിനാല്‍ ടീച്ചറെ കാണാന്‍ എല്ലാവരും ആസ്പത്രിയില്‍ പോയതാണെന്ന് ഞങ്ങളറിഞ്ഞു. എന്താണാവോ ഇത്ര കടുത്ത അസുഖം? എന്തായാലും ക്ലാസ്സില്‍ അധ്യാപകരില്ലാത്തതിന്റെ ആവേശമൊന്നും ഞങ്ങള്‍ക്കുണ്ടായില്ല. ഘടികാരസൂചിയുടെ വേഗത്തിലലിഞ്ഞ് പതുക്കെപ്പതുക്കെ ഞങ്ങള്‍ ഗീതട്ടീച്ചറുടെ അസുഖത്തെ മറന്നു. ഒന്നുരണ്ട് മാസങ്ങള്‍ക്ക് ശേഷം ടീച്ചര്‍ ക്ലാസ്സില്‍ വന്നു. തലമുടിയൊക്കെ കുറഞ്ഞ്, പിന്നിലേക്ക് കെട്ടിവെച്ച് രോഗലക്ഷണങ്ങളും പേറിയായിരുന്നു ടീച്ചര്‍ വന്നത്. വിധിയോട് പരിതപിക്കാതെ, മറ്റുള്ളവരുടെ സഹതാപങ്ങള്‍ക്ക് കാത്തുനില്‍ക്കാതെ ടീച്ചര്‍ കുട്ടികളില്‍ ലയിച്ചു.
ഇന്നും ടീച്ചറുമൊത്തുള്ള ക്ലാസ്സനുഭവങ്ങള്‍ നനുത്ത ഓര്‍മകളായി ഞങ്ങളെ കുളിരണിയിക്കുന്നു. ശിശിരത്തിന്റെ കമ്പിളിപുതച്ച് കൂനിക്കൂടിയിരിക്കുന്ന പ്രതീതിയാണ് ടീച്ചറെക്കാണുമ്പോഴിന്ന്. ആസ്പത്രി വരാന്തകളും ഭര്‍ത്താവിന്റെ ആകസ്മിക അന്ത്യവും ടീച്ചറെ ക്ഷീണിപ്പിച്ചിരിക്കുന്നു. എങ്കിലും പ്രതീക്ഷയുടെ ഒരു വലിയ വെളിച്ചക്കീറ് ആ മുഖത്തിപ്പോഴും കളിയാടുന്നത് ഞങ്ങളെ ആഹ്ലാദിപ്പിക്കുന്നു. കാലത്തിന്റെ വസൂരിപ്പാടുകള്‍ക്ക് ഏത് തേജസ്സാര്‍ന്ന മുഖത്തെയാണ് ഒഴിവാക്കാനാവുക?'
(മറക്കാനാവാത്ത ഒരു അധ്യാപികയെ/അധ്യാപകനെ കുറിച്ച് വായനക്കാര്‍ എഴുതുന്ന മാതൃഭൂമി ആഴ്ചപ്പതിപ്പിലെ 'മധുരച്ചൂരല്‍' എന്ന പംക്തിയില്‍ പ്രസിദ്ധീകരിച്ച ലേഖനം.)