വേനലവധി കഴിഞ്ഞ് പള്ളിക്കൂടത്തില്‍ പുതുവര്‍ഷത്തിന്റെ മണി മുഴങ്ങുന്നു.പുതിയ അധ്യയന വര്‍ഷത്തിന് കൂടുതല്‍ മേന്മ പകരാന്‍ കുട്ടികള്‍ക്ക്, മാതാപിതാക്കള്‍ക്ക്, അധ്യാപകര്‍ക്കുമൊക്കെ ചില തയ്യാറെടുപ്പുകളാവാം...
വിദ്യാര്‍ത്ഥികള്‍ അറിയാന്‍
പുതിയ സ്‌കൂള്‍ വര്‍ഷത്തില്‍ ക്ലാസ് മുറിയും അധ്യാപകരുമൊക്കെ മാറാം.പുതിയ ചങ്ങാതികള്‍ ഉണ്ടാകാം.പ്രായത്തിനനുസരിച്ച് ഇത്തരം മാറ്റങ്ങളോടുള്ള പ്രതികരണങ്ങള്‍ വ്യത്യസ്തമാവാം. നേഴ്‌സറി കുട്ടിക്ക് മാതാപിതാക്കളെ പിരിയുന്നതിലെ ആധി ഉണ്ടാകാം.പത്താം ക്ലാസിലേക്ക് കയറുമ്പോള്‍ പൊതുപരീക്ഷയെക്കുറിച്ചുള്ള േവവലാതികളാകും. കടിച്ചു കീറുന്ന ഏതോ ടീച്ചറാണ് മുഖ്യ അധ്യാപികയെന്ന മട്ടിലുള്ള സവിശേഷ പ്രശ്‌നങ്ങള്‍ വേറെയുണ്ടാകും. മടിയന്മാര്‍ക്ക് ഒഴിവുകാലം കഴിഞ്ഞ് 'സ്‌കൂള്‍ വാപ്പസി' വല്ലാത്ത ബോറടിയാകും. ആഹ്ലാദത്തോടെ വരവേല്‍ക്കുന്നവരും ധാരാളമുണ്ട്. ക്ലാസ് തുടങ്ങുകയും അവസാനിക്കുകയും ചെയ്യുന്ന മണിമുഴക്കങ്ങള്‍ക്കിടയിലെ സമയത്തിലെ ഹാജര്‍ വിളിയും ക്ലാസെടുപ്പുമൊക്കെ പഴയപോലെ തന്നെയാകും. എന്നാല്‍ പുതിയൊരു മനോഭാവത്തോടെ ഈ പള്ളിക്കൂട വര്‍ഷത്തെ സ്വീകരിച്ച് ഗുണം കൂട്ടാനായി ഇതാ ചില മാര്‍ഗരേഖകള്‍. വിദ്യാര്‍ത്ഥികളേ ഇതിലേ, ഇതിലേ....
പഠനം ഈ വര്‍ഷത്തില്‍ കൂടുതല്‍ ചിട്ടയോടെയാകാം. ക്ലാസ്സില്‍ നന്നായി ശ്രദ്ധിക്കാം. അന്നന്നത്തെ പാഠങ്ങള്‍ അതേ ദിവസം തന്നെ പഠിച്ച് ബുദ്ധിയില്‍ ഉറപ്പിച്ചു നിര്‍ത്താം. അടുത്ത ദിവസത്തെ ക്ലാസ്സില്‍ ഉള്‍പ്പെടുന്ന ഭാഗങ്ങളില്‍ ഒന്നു കണ്ണോടിക്കാം. പ്രോജക്ടും ഹോംവര്‍ക്കുമൊക്കെ നീട്ടിവയ്ക്കാതെ തീര്‍ക്കാം. ഇങ്ങനെ നന്നായി സമയത്തെ കൈകാര്യം ചെയ്താല്‍ ഉല്ലാസവേളകള്‍ക്ക് കൂടുതല്‍ സമയം ബോണസായി കിട്ടുമെന്ന ഗുണവുമുണ്ട്. പഠനത്തില്‍ മറ്റാരുമായി മത്സരിക്കണ്ട. അവനവനാകുന്നത് നന്നായി ചെയ്തുവെന്ന് ഉറപ്പാക്കിയാല്‍ മാത്രം മതി.
ജീവിതം കൂടി പഠിക്കാന്‍ സഹായിക്കുന്ന കളരിയാണ് പള്ളിക്കൂടമെന്ന് ഓര്‍ക്കാം. നല്ലതും കെട്ടതുമൊക്കെ വന്നുചേരുന്നത് കൂട്ടുകെട്ടുകളിലൂടെയാണെന്ന് തിരിച്ചറിയാം. സ്വഭാവരൂപീകരണത്തെ നല്ല ദിശയിലേക്ക് നയിക്കുന്ന ചങ്ങാതിമാര്‍ മാത്രം മതിയെന്നാകട്ടെ ഈ വര്‍ഷത്തെ തീരുമാനം.
കല, സാഹിത്യം, കളികള്‍ തുടങ്ങിയ പാഠ്യേതര താത്പര്യങ്ങള്‍ പ്രകടിപ്പിക്കാനുള്ള അവസരങ്ങള്‍ പാഴാക്കരുത്. പുസ്തകപ്പുഴുവായി ഒതുങ്ങാതെ വ്യക്തിത്വത്തിലെ മറ്റു നല്ല ഭാവങ്ങള്‍ക്ക് കൂടി ചിറക് നല്‍കി പറക്കാന്‍ ശ്രദ്ധിക്കണം. എല്ലാം ചേരുമ്പോഴാണ് പുതിയകാലം ആവശ്യപ്പെടുന്ന മിടുക്ക് ഉണ്ടാകൂ.
നിരീക്ഷണ സ്വഭാവത്തിലൂടെ അറിവിനേയും ജീവിത ദര്‍ശനങ്ങളേയും പൂര്‍ണമാക്കുന്ന ശൈലി ശക്തമാവണം. പൂവിെനക്കുറിച്ചുള്ള പാഠപുസ്തക വിവരണം അക്ഷരങ്ങളിലൊതുങ്ങും. പൂവിനെ നിരീക്ഷിച്ചാല്‍ നിറം കണ്ടറിയാം, മാര്‍ദവം സ്പര്‍ശിച്ചറിയാം, ഗന്ധം മണത്തറിയാം. മറ്റ് പൂക്കള്‍ കാണുമ്പോള്‍ സാമ്യങ്ങളേയും വ്യത്യാസങ്ങളേയും കുറിച്ചുള്ള വിശകലന ചിന്ത ഉണര്‍ത്തിയെടുക്കാം. എന്തുകൊണ്ട്, എപ്പോള്‍, എങ്ങനെ എന്നൊക്കെയുള്ള ചോദ്യങ്ങള്‍ മനസ്സില്‍ ഉയരട്ടെ. അതിനുള്ള ഉത്തരം തേടാനുള്ള ആവേശം ഉണ്ടാകട്ടെ. സ്‌കൂള്‍ വര്‍ഷത്തിലെ ആവര്‍ത്തന വിരസത തീര്‍ച്ചയായും ഇല്ലാതാകും.
അച്ചടക്കമില്ലായ്മകളും ലഹരിപദാര്‍ത്ഥങ്ങളുടെ ഉപയോഗം പോലെയുള്ള ദുശ്ശീലങ്ങളും വേണ്ടേ വേണ്ടായെന്ന ദൃശനിശ്ചയത്തോടെയാകണം പുതിയ സ്‌കൂള്‍ വര്‍ഷം തുടങ്ങേണ്ടത്. ഈ വക പ്രശ്‌നങ്ങളുള്ള സഹപാഠികളെ പിന്‍തിരിപ്പിക്കാന്‍ സ്‌നേഹപൂര്‍വമായ പിന്തുണ നല്‍കുകയും വേണം.പള്ളിക്കൂട പരിസരത്ത് മയക്കുമരുന്ന് വില്പനയുണ്ടെങ്കില്‍ അത് മുതിര്‍ന്നവരോട് പറയാന്‍ മടിക്കരുത്. ലഹരിമുക്തമാകണം പള്ളിക്കൂടത്തിന്റെ പരിസരങ്ങള്‍.
വീഡിയോ, ഗെയിം, ഇന്റര്‍നെറ്റ്, മൊബൈല്‍ ഫോണ്‍, ടെലിവിഷന്‍ തുടങ്ങിയവയോട് ലഹരിയിലെന്ന പോലെ അടിമപ്പെട്ടു പോകാതിരിക്കാന്‍ ജാഗ്രത വേണം. അവ ഉത്തരവാദിത്വങ്ങളേയും ദിനചര്യകളേയും താളം തെറ്റാതിരിക്കാന്‍ ശ്രദ്ധിക്കണം.തെറ്റായ പ്രവൃത്തികളിലേക്കുള്ള പ്രലോഭനങ്ങളുണ്ടാകുമ്പോള്‍ പറ്റില്ലെന്നു പറയുകയും വേണം. മാതാപിതാക്കളോ അധ്യാപകരോ അറിയരുതെന്ന നിര്‍േദശത്തോടെ വച്ചു നീട്ടുന്ന സമ്മാനങ്ങളും സത്കാരങ്ങളും വേണ്ടെന്ന് പറയാന്‍ മടിക്കരുത്.
മാതാപിതാക്കള്‍ അറിയാന്‍
പിള്ളേരുടെ പള്ളിക്കൂടം തുറന്നാല്‍ പിന്നെ മാതാപിതാക്കള്‍ക്ക് ടെന്‍ഷന്‍ കാലമാണ്, പ്രത്യേകിച്ചും അമ്മക്ക്. യൂണിഫോം, സ്‌കൂള്‍ ബാഗ്, പുസ്തകങ്ങള്‍ തുടങ്ങി നൂറുകൂട്ടം കാര്യങ്ങള്‍ ഒരുക്കണം. അവധിക്കാലത്തിന്റെ മന്ദഗതിയിലുള്ള താളത്തെ മാറ്റി കുട്ടികളുടെ പള്ളിക്കൂടം പോക്കിന് അനുസൃതമാക്കണം. പഠിക്കുന്നുണ്ടോയെന്ന് നോക്കണം. ആകെ ഒരു പിരിമുറുക്കം. ശാന്തതയോടെയും സ്വസ്ഥതയോടെയും വേണം പള്ളിക്കൂടം നാളുകളില്‍ കുട്ടികളെ നയിക്കേണ്ടത്. ചില കാര്യങ്ങള്‍ മനസ്സില്‍ കുറിച്ചുവച്ചോളൂ.
പഠനം ഉള്‍പ്പെടെയുള്ള ഉത്തരവാദിത്വങ്ങള്‍ സ്വയം നിറവേറ്റാനുള്ള വൈഭവം വളര്‍ത്തിയെടുക്കാനാണ് ശ്രദ്ധിക്കേണ്ടത്. കൂടെയിരുന്ന് ചെയ്യിച്ചും ഇടയ്‌ക്കൊക്കെ ഇടപെട്ടും സ്വയം ചെയ്തു കൊടുത്തും ഈ മിടുക്ക് നഷ്ടമാക്കില്ലെന്ന് ഈ വര്‍ഷം തീരുമാനിക്കുക.
സ്‌കൂള്‍ വര്‍ഷത്തിലെ മാറ്റങ്ങളില്‍ കുട്ടികള്‍ക്ക് വേവലാതികളുണ്ടാകും. പുതിയ സ്‌കൂളുകളില്‍ കൂട്ടുകാരും അധ്യാപകരും പുതിയതാകുമെന്ന വിഷമം, ക്‌ളാസ് ടീച്ചര്‍ മാറുന്നതിലെ വേവലാതി, ഉയര്‍ന്ന ക്‌ളാസിലെ പഠനഭാരം താങ്ങാനാകുമോയെന്ന ആശങ്ക, അങ്ങനെ പലതും. അവരോടൊപ്പം ചേര്‍ന്ന് ഉല്‍ക്കണ്ഠപ്പെടാതെ ആത്മവിശ്വാസം നല്‍കണം. ഇതൊക്കെ അതിജീവിക്കാനുള്ള കഴിവുണ്ടെന്നു കുട്ടിയെ ബോധ്യപ്പെടുത്തണം. മടിയനെ പള്ളിക്കൂടത്തില്‍ പതിവായി എത്തിച്ച് പഠനത്തിന്റെ ട്രാക്കില്‍ കയറ്റാന്‍ സ്‌നേഹത്തോടെയുള്ള സമ്മര്‍ദം ചെലുത്തണം.
കുട്ടിയുടെ മിടുക്കും പോരായ്മകളുമൊക്കെ ഉള്‍ക്കൊണ്ട് യാഥാര്‍ത്ഥ്യ ബോധത്തോടെ വേണം പുതു സ്‌കൂള്‍ വര്‍ഷത്തെ ലക്ഷ്യങ്ങള്‍ കുറിക്കാന്‍. ഒന്നാമനാകണമെന്നോ, മറ്റ് ഏതെങ്കിലും കുട്ടിയേക്കാള്‍ മാര്‍ക്ക് വാങ്ങണമെന്നോ പറയാതിരിക്കുക. കഴിവിന്റെ പരമാവധിയെത്തിക്കുവാനുള്ള പ്രേരണകള്‍ മാത്രമാണ് നല്‍കേണ്ടത്. കൊച്ചു നേട്ടങ്ങളില്‍ പോലും പ്രശംസകള്‍ നല്‍കണം.പഠനത്തോടൊപ്പം മറ്റു അഭിരുചികളും വളരാന്‍ സൗകര്യമൊരുക്കുക. ആവശ്യത്തിന് ഉല്ലാസവേളകളും നല്‍കുക.
പഠന കാര്യത്തില്‍ മാത്രമൊതുക്കാതെയുള്ള തുറന്ന ആശയവിനിമയം ഉണ്ടാകണം. സ്‌കൂള്‍ വിശേഷങ്ങളും കൂട്ടുകാരെ കുറിച്ചുമൊക്കെ കേള്‍ക്കണം. കുട്ടിക്ക് പറയണമെന്ന് തോന്നുന്ന എന്തും കേള്‍ക്കാനുള്ള മനസ്സുണ്ടാകണം. എന്തും പങ്കുവെക്കാനുള്ള സ്വാതന്ത്ര്യം തോന്നുന്ന വിധത്തിലാകണം ആത്മബന്ധം.
ക്‌ളാസ് ടീച്ചറും മറ്റ് അധ്യാപകരുമായി നല്ല ബന്ധമുണ്ടാക്കണം. കുട്ടി ബുദ്ധിമുട്ടുകള്‍ നേരിടുമ്പോള്‍ കൂട്ടായ ചര്‍ച്ചയിലൂടെയും പ്രവൃത്തികളിലൂടെയും പരിഹാരം കാണണം. പെരുമാറ്റങ്ങളില്‍ മാറ്റങ്ങള്‍ ശ്രദ്ധിച്ചാല്‍, അത് ആദ്യം മനസ്സിലാക്കുന്നയാള്‍ മറ്റേയാളെ അറിയിച്ചിരിക്കണം. വിശകലനത്തിനും പരിഹാരത്തിനുമുള്ള വഴി തേടണം.
കുട്ടിയുടെ ചങ്ങാതിമാരെ വ്യക്തിപരമായി തന്നെ മനസ്സിലാക്കണം. സ്‌കൂള്‍ സാഹചര്യത്തില്‍ കുട്ടി ഇടപെടുന്ന എല്ലാവരെയും കുറിച്ചുള്ള വിവരങ്ങള്‍ അറിയണം. സ്‌കൂള്‍ ബസ്സിലെ െ്രെഡവര്‍, കണ്ടക്ടര്‍, സ്‌കൂളിലെ ആയമാര്‍, അറ്റന്‍ഡര്‍മാര്‍, ഇവരൊക്കെ ഉള്‍പ്പെടും. അവരോടും ബഹുമാനത്തോടെ പെരുമാറാന്‍ കുട്ടികളെ ശീലിപ്പിക്കുകയും വേണം.
ഇതൊന്നും അതിരുവിടുന്ന ഇടപെടലുകളായി തോന്നരുത്. എല്ലാം സ്‌നേഹത്തിന്റെയും കരുതലിന്റെയും പ്രകടനമായി അനുഭവപ്പെടണം.
അധ്യാപകര്‍ അറിയാന്‍
സ്വയം പ്രേരണയാല്‍ പഠിക്കുവാനുള്ള മനോഭാവവും നല്ല പ്രകൃതങ്ങളോടെ വളരുവാനുള്ള ഉത്തേജനങ്ങളും നല്‍കുന്ന ക്‌ളാസ് സാഹചര്യമൊരുക്കുന്ന ദൗത്യമാണ് അധ്യാപകര്‍ക്കുള്ളതും അതിന് മാതാപിതാക്കളുമായുള്ള കൂട്ടായ്മയും ഉണ്ടാകണം. പലതരം കഴിവുള്ളവരാണ് കുട്ടികള്‍. അത് കണ്ടെത്താന്‍ അവരെ സഹായിച്ച് സ്വയം മതിപ്പ് വളര്‍ത്തിയാല്‍ നല്ല പെരുമാറ്റങ്ങള്‍ സ്വാഭാവികമായി തന്നെ ഉണ്ടായിക്കോളും. പ്രയോഗിക്കാന്‍ പലപ്പോഴും മറന്നുപോകുന്ന ചില കാര്യങ്ങള്‍ വായിക്കുക.ഇതൊക്കെ നിഷ്‌കര്‍ഷയോടെ നടപ്പിലാക്കുവാനാകട്ടെ പുതു സ്‌കൂള്‍ വര്‍ഷത്തെ ശ്രമം.
പഠന മികവിന്റെ വേര്‍തിരിവില്ലാതെ എല്ലാ കുട്ടികളുടെയും കാര്യങ്ങള്‍ അറിയാനും അവര്‍ പറയുന്നത് കേള്‍ക്കാനും ഉത്സുകരാണെന്ന വിശ്വാസം അധ്യാപകര്‍ ചെയ്തികളിലൂടെ സൃഷ്ടിക്കണം. പക്ഷപാതങ്ങള്‍ പാടില്ല.
നാട്യങ്ങള്‍ ഒഴിവാക്കി, സൗഹൃദത്തിന്റെ ഇഴകള്‍ ചേര്‍ന്ന ആത്മാര്‍ത്ഥവും സത്യസന്ധതവുമായ ഇടപെടലുകേളാടാണ് പുതിയ കാലത്തെ വിദ്യാര്‍ത്ഥികള്‍ക്ക് പ്രിയമെന്ന വസ്തുത ഓര്‍ക്കണം. അത് നിയന്ത്രണങ്ങളുടെ ചരട് പോകാതെ നടപ്പിലാക്കുകയും വേണം.
ചൊല്ലിക്കൊടുക്കുന്ന പാഠങ്ങളോടുള്ള താല്പര്യം ഉണര്‍ത്താന്‍ പോന്ന വിധത്തില്‍ കഥകളും അനുഭവങ്ങളും മറ്റു വിവരങ്ങളും ഉള്‍പ്പെടുത്തി ക്‌ളാസിെന ആസ്വാദ്യമാക്കാം. ഉചിതമായ സന്ദര്‍ഭങ്ങളില്‍ ജീവിതത്തെ നേരിടാനുള്ള വൈഭവങ്ങളെ കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തലുകളുമാവാം.കുട്ടികള്‍ അറിയേണ്ട വര്‍ത്തമാന കാല സംഭവങ്ങള്‍ പരിചയപ്പെടുത്താം.
വിദ്യാര്‍ത്ഥിയെ വാക്കുകൊണ്ടോ, പ്രവൃത്തികൊണ്ടോ താഴ്ത്തിക്കെട്ടാതിരിക്കുക, ഇളം മനസ്സിനെ മുറിപ്പെടുത്തുന്ന വിമര്‍ശനങ്ങളും കുറ്റപ്പെടുത്തലുകളും ഒഴിവാക്കുക, മേന്മകളെ ചൂണ്ടിക്കാണിച്ചു വേണം പോരായ്മകളെ തിരുത്താനുള്ള സമ്മര്‍ദം ചെലുത്തേണ്ടത്.
പഠനത്തില്‍ പിന്നാക്കമുള്ള കുട്ടികള്‍ക്ക് എളുപ്പം ഉത്തരം നല്‍കാവുന്ന ചോദ്യങ്ങള്‍ ആദ്യം നല്‍കുക. പ്രശംസകളിലൂടെ സ്വയം മതിപ്പുണ്ടാക്കുക. അങ്ങനെ നേടുന്ന ആത്മവിശ്വാസത്തിന്റെ ചിറകില്‍ അവര്‍ പതുെക്ക തുടര്‍ വിജയം നേടിക്കോളും. ഓരോ കുട്ടിയുടെയും പഠനത്തിന്റെ ഗതിവേഗം വ്യത്യസ്തമായിരിക്കും.അതുകൊണ്ട് കുട്ടികളെ താരതമ്യപ്പെടുത്തി തളര്‍ത്തരുത്. മണ്ടനെന്ന മുദ്രചാര്‍ത്തി തകര്‍ക്കരുത്.
വിദ്യാര്‍ത്ഥികളുടെ കൊച്ചു കൊച്ചു ഭാവനകളും കൗതുകങ്ങളുമൊക്കെ പങ്ക് വയ്ക്കാന്‍ അവസരം നല്‍കാം.ക്‌ളാസ്സുമുറിയില്‍ എല്ലാവരുടെയും മുമ്പില്‍ പരിഹസിച്ച് ഉത്സാഹം കെടുത്തരുത്. പറയാന്‍ കാണിക്കുന്ന ആവേശത്തിലുമുണ്ട് ഒരു വലിയ ഗുണവും ധൈര്യവും.
വിദ്യാര്‍ത്ഥികളെ വിശ്വസിക്കുകയും സ്‌നേഹിക്കുകയും വേണം.ജന്മദിനങ്ങളില്‍ ആശംസകള്‍ നേരാം. ഗാര്‍ഹിക സാഹചര്യങ്ങള്‍ മനസ്സിലാക്കാം.ഇത്തരം താല്പര്യമെടുക്കലിലൂടെ തരമാകുന്ന ആദരവിന്റെ ശക്തിയില്‍ തിരുത്തപ്പെടാത്ത പെരുമാറ്റ വൈകല്യങ്ങളില്ല.വികസിക്കാത്ത പ്രതിഭകളില്ല. സമയോചിതമായ പ്രശംസ, അനുമോദനത്തിന്റെ ഹസ്തദാനം,ആശ്വസിപ്പിക്കുന്ന മൃദുസ്പര്‍ശം, ഇവയൊക്കെ വ്യക്തിത്വ വികസനത്തില്‍ അത്ഭുതങ്ങള്‍ ഉണ്ടാക്കും. അധ്യാപകരും മാതാപിതാക്കളും പുതുവര്‍ഷത്തില്‍ ഇതില്‍ പിശുക്ക് കാട്ടരുത്.