സ്‌കൂള്‍ തുറക്കുന്ന കാലത്ത് എന്തുകൊണ്ടാണ് മഴ പെയ്യുന്നതെന്ന് പലപ്പോഴും ആലോചിച്ചിട്ടുണ്ട്. മഴക്കാലത്ത് സ്‌കൂള്‍ തുറക്കുന്നു എന്നു പറയുന്നതിനേക്കാള്‍ സ്‌കൂള്‍ തുറക്കുമ്പോള്‍ മഴ പെയ്യുന്നു എന്നു വിശ്വസിക്കാനാണ് എനിക്കിഷ്ടം.
മഴ ഒരു അനുഗ്രഹമാണ്; ആദ്യമായി സ്‌കൂളിലേക്ക് പോകുന്ന കുട്ടികള്‍ക്ക്. മഴ ഒരു തണുപ്പുമാണ് ഒരു വേനല്‍മുഴുവന്‍ കളിച്ചുതളര്‍ന്ന ബാല്യത്തിന്. മഴ ചിലപ്പോഴൊക്കെ ആശ്വാസവുമായി മാറുന്നു എല്ലാവരും പുതിയ കുപ്പായങ്ങളും പുസ്തകങ്ങളുമായി സ്‌കൂളിലേക്ക് പോകുമ്പോള്‍ ആരോ പഠിച്ചുതേഞ്ഞ പുസ്തകക്കെട്ട് പഴയൊരു സഞ്ചിയില്‍ ഒളിപ്പിച്ച് ഒഴിഞ്ഞ വയറുമായി ക്ലാസ്സിലേക്ക് നടക്കുന്നവര്‍ക്ക്. കുടയില്ലാത്ത അവര്‍ക്ക് മീതേ മഴ കോരിച്ചൊരിയുന്നത് കണ്ണീര് മുഴുവന്‍ അലിയിച്ചുകളയാനാണ്. അങ്ങനെ മഴ പലതരത്തില്‍ സ്‌കൂള്‍ കാലത്തിന്റെ ഒന്നാംപാഠമായി മാറുന്നു.
പഠിക്കുന്ന കാലത്ത് നമ്മള്‍ പറയുക എനിക്ക് വലിയ ആളാകണമെന്നാണ്. പക്ഷേ, മുതിര്‍ന്നപ്പോള്‍ കുട്ടിക്കാലത്തേക്ക് മടങ്ങിപ്പോകാനും കൊതിക്കുന്നു. അതുകൊണ്ട് മുതിര്‍ന്നവരെ സംബന്ധിച്ചിടത്തോളം സ്‌കൂളിനൊപ്പം ഓര്‍മകളും കൂടി തുറക്കപ്പെടുന്നു. അപ്പോള്‍ മഴ ഇന്നലെകളെ ഒഴുക്കിക്കൊണ്ടുവരുന്ന കാലപ്രവാഹം കൂടിയാകുന്നു.
എന്റെ സ്‌കൂള്‍കാല ഓര്‍മകള്‍ തുടങ്ങുന്നത് നാഗര്‍കോവിലില്‍ നിന്നാണ്. അച്ഛന് അന്ന് അവിടെയാണ് ജോലി. സ്‌കൂള്‍ എനിക്ക് മുന്നില്‍ ആദ്യം ഒരു അസൂയയായാണ് അനുഭവപ്പെട്ടത്. ചേട്ടന്‍ സ്‌കൂളില്‍പ്പോകുന്നത് കണ്ട് കുശുമ്പുകാട്ടിയ കുട്ടിയായിരുന്നു ഞാന്‍.
ബാഗും പുസ്തകവും പുതിയ ഉടുപ്പുമായി ചേട്ടന്‍ സ്‌കൂളില്‍പ്പോകുന്നത് കണ്ടപ്പോള്‍ ഞാന്‍ വാശിപിടിച്ച് കരഞ്ഞത് അമ്മ എപ്പോഴും പറയാറുണ്ട്. അന്നത്തെ കാര്യങ്ങളൊക്കെ അമ്മ പറഞ്ഞ അറിവായി പില്‍ക്കാലത്ത് വലിയൊരു ചിരിയും കൗതുകവുമായി മാറി. എനിക്കും ചേട്ടനോടൊപ്പം പോകണമെന്നായിരുന്നു നിര്‍ബന്ധം. അത് സഹിക്കവയ്യാതെ അമ്മ ഒരു കാര്യം ചെയ്തു. പെറ്റിക്കോട്ട് ഇട്ടുനില്കുന്ന എന്റെ കഴുത്തില്‍ ചേട്ടനെപ്പോലെ തന്നെ ടൈ കെട്ടിത്തന്നു.
അതോടെ എനിക്ക് സന്തോഷമായി. ഞാനും സ്‌കൂളില്‍ പോകുകയാണെന്ന് സങ്കല്പിച്ച് നിന്നു. അന്ന് പെറ്റിക്കോട്ടിട്ട് ടൈയും കെട്ടി ചേട്ടനുനേരെ അല്പം കെറുവോടെ നോക്കിനില്കുന്ന എന്റെ ഒരു ഫോട്ടോയുണ്ട്. അതാണ് എന്റെ സ്‌കൂള്‍കാലത്തിന്റെ ഏറ്റവും വലിയ അവശേഷിപ്പ്. ഓരോ തവണയും ആ ഫോട്ടോ കാണുമ്പോള്‍ സ്‌കൂളില്‍പോകാന്‍ വാശിപിടിച്ച് നില്കുന്ന ഒരു കുട്ടി ഉള്ളില്‍ ചിണുങ്ങുന്നത് എനിക്കറിയാനാകും. ഇപ്പോഴെവിടെയാണ് ആ ഫോട്ടോയെന്നറിയില്ല. ബാല്യംപോലെ അതും വലിയൊരു നഷ്ടമായിത്തീര്‍ന്നു.
സ്‌കൂളില്‍ പോകണമെന്ന വാശി കലശലായതോടെ അമ്മയും അച്ഛനും അധ്യാപകരെ ചെന്ന് കണ്ടു. സ്‌കൂള്‍ വിടാന്‍നേരത്തോ മറ്റോ അല്പസമയം എന്നെയും സ്‌കൂളില്‍ പ്രവേശിപ്പിക്കാമോ എന്ന് ചോദിച്ചു. സ്‌കൂളിലെ കളിപ്പാട്ടങ്ങളെക്കുറിച്ചുള്ള ചേട്ടന്റെ വിവരണമായിരുന്നു യഥാര്‍ഥത്തില്‍ എന്റെ പ്രചോദനം. അവിടെ ഒരുപാട് കളിയുപകരണങ്ങളുണ്ടായിരുന്നു. സ്‌കൂളില്‍ ചെന്നാല്‍ കളിക്കാന്‍ പറ്റും എന്നതായിരുന്നു എന്റെ ധാരണ. അച്ഛനും അമ്മയും അഭ്യര്‍ഥിച്ചപ്പോള്‍ അധ്യാപകര്‍ സമ്മതിച്ചു. അങ്ങനെ ചേട്ടന്റെ സ്‌കൂളില്‍ ഞാനുമൊരു കളിപ്പാട്ടക്കുട്ടിയായി ചേര്‍ന്നു.
ഊഞ്ഞാലായിരുന്നു സ്‌കൂളില്‍ എനിക്കേറ്റവും ഇഷ്ടം. നിന്നുകൊണ്ടാണ് ഊയലാട്ടം. ആയത്തില്‍ വീണ്ടും കൂടുതല്‍ ആയത്തില്‍ ആകാശംതൊടാന്‍ കൊതിച്ചുകൊണ്ടുള്ള ആട്ടം. നില്കുന്ന ഞാനും ഊഞ്ഞാലും ചേര്‍ന്ന് തൊണ്ണൂറുഡിഗ്രിയിലൊരു കളിക്കളം.
സ്‌കൂള്‍മുറ്റത്ത് ധാരാളം പുളിമരങ്ങളുണ്ടായിരുന്നു. അതിന്റെ രുചിയാണ് അങ്ങോട്ട് മാടിവിളിച്ച മറ്റൊന്ന്.
ഞാന്‍ സ്‌കൂളില്‍പോകാന്‍ തുടങ്ങിയപ്പോഴും ഈ ആവേശത്തിന്റെ തുടര്‍ച്ചയുണ്ടായെന്ന് അമ്മ പറയുന്നു. മൂന്നാംവയസ്സിലാണ് സ്‌കൂളില്‍ ചേരുന്നത്. കളിക്കാന്‍ പുതിയ കൂട്ടുകാരെ കിട്ടിയതിന്റെ സന്തോഷമായിരുന്നു അന്ന് കളിപ്പാട്ടങ്ങളേക്കാള്‍ സ്‌കൂളില്‍ പോക്കിന്റെ ആകര്‍ഷണം.
ഓരോ സ്‌കൂള്‍ തുറപ്പിനും ഒരു ഗന്ധമുണ്ട്. അത് പുതിയ പുസ്തകങ്ങളുടെയും കുപ്പായത്തിന്റെയുമാണ്. പുതിയ പാഠപുസ്തകങ്ങള്‍ വാസനിക്കാന്‍ എനിക്ക് വലിയ ഇഷ്ടമായിരുന്നു. അത് എല്ലാ കുട്ടികള്‍ക്കും അങ്ങനെ തന്നെയാണല്ലോ..
ലോകത്ത് മറ്റെവിടെയും കിട്ടാത്ത ഗന്ധമാണ് പുതിയ പുസ്തകങ്ങളുടേത്. മഴയും ആ മണവും ചേരുമ്പോള്‍ സ്‌കൂള്‍ കൊതിപ്പിക്കുന്നൊരു കളിപ്പാട്ടമായി മാറുന്നു. ഇന്നും...