ഇനിയും തുമ്പികളെക്കൊണ്ട് ഇങ്ങനെ കല്ലെടുപ്പിക്കരുത്‌

Posted on: 01 Jun 2015


നമ്മുടെ പറമ്പുകളില്‍ പാറിപ്പറന്നുനടന്നിരുന്ന തുമ്പികളെ ഇപ്പോള്‍ മിക്കവാറും കാണാതായിരിക്കുന്നു. കീടനാശിനികളുടെയും രാസവളങ്ങളുടെയുമൊക്കെ അതിപ്രയോഗത്തിലൂടെ നാം നമ്മുടെ പ്രകൃതിയുടെ മുഖച്ഛായതന്നെ മാറ്റിയെഴുതിയിട്ടുണ്ട്. ഒരധ്യയനവര്‍ഷത്തിനുകൂടി തുടക്കമാകുന്ന ഈദിവസം നമ്മുടെ കുട്ടിക്കാലത്തിന്റെ മാറുന്ന മുഖത്തെക്കുറിച്ചൊരു പുനര്‍വിചിന്തനത്തിന് ഏവരും തയ്യാറാകണം. പഠനമെന്നപേരിലുള്ള അതിഭാരം തലയില്‍ക്കയറ്റിവെയ്ക്കാന്‍ വിധിക്കപ്പെട്ട കുട്ടികളുടെ ജീവിതത്തില്‍നിന്ന് കളി ഇന്നു മിക്കവാറും എടുത്തെറിയപ്പെട്ടിരിക്കുന്നു. ഡ്രില്‍മാസ്റ്റര്‍മാരും ക്രാഫ്റ്റ് ടീച്ചര്‍മാരുമൊക്കെ വംശനാശംവന്ന മാതൃകകളാണിന്ന്. ഡോക്ടറോ എന്‍ജിനീയറോ ഒക്കെ ആക്കപ്പെടാനുള്ള നുകംവെച്ച കാളകളെപ്പോലുള്ള ആട്ടിത്തെളിക്കപ്പെടലില്‍ പഠിക്കാനും പഠിപ്പിക്കാനും വിട്ടുപോകുന്നത് മൂല്യങ്ങളുടെ കൈമാറലാണ്. 'തുമ്പികളെക്കൊണ്ട് ഇങ്ങനെ കല്ലെടുപ്പിക്കല്ലേ' എന്നു പറയിക്കുംമട്ടില്‍ കുട്ടികളുടെ തലയില്‍ നാം കെട്ടിവെയ്ക്കുന്ന ഭാരം പ്രകൃതിക്കുമേല്‍ മനുഷ്യന്‍ നടത്തുന്ന കീടനാശിനി/രാസവളപ്രയോഗത്തെക്കാള്‍ ഭയാനകമാകുന്നു. രണ്ടിന്റെയും പ്രത്യാഘാതങ്ങള്‍ തകര്‍ക്കുന്നത് മനുഷ്യപ്രകൃതിയെത്തന്നെയാണ്.

ആരും ഒരുക്‌ളാസ്സിലും തോല്പിക്കപ്പെടാത്ത ഒരു സ്‌കൂള്‍വിദ്യാഭ്യാസസമ്പ്രദായം എല്ലാവരും ജയിക്കുന്ന ഒരു വ്യവസ്ഥയെ അല്ല ഇവിടെ സൃഷ്ടിച്ചത്. മുകളിലേക്കു കടന്നുകയറുമ്പോള്‍മാത്രമാണ് ഈ ജയപരാജയങ്ങള്‍ക്കപ്പുറത്താണു കാര്യങ്ങളെന്നു തിരിച്ചറിയുക. വിലകൊടുത്തുമാത്രം വാങ്ങാനാവുന്ന വിദ്യാഭ്യാസസമ്പ്രദായമാണ് മുകളില്‍ക്കിടക്കുന്നത്. മഹാവിജയമാഘോഷിച്ച ഇക്കഴിഞ്ഞ എസ്.എസ്.എല്‍.സി. പരീക്ഷയെ പിന്തുടര്‍ന്ന് 'മാതൃഭൂമി'യില്‍ വിദ്യാഭ്യാസമന്ത്രി അബ്ദുറബ്ബും മുന്‍ വിദ്യാഭ്യാസമന്ത്രി എം.എ. ബേബിയും തമ്മില്‍ നടന്ന സംവാദം പ്രശ്‌നവത്കരിക്കുന്നത് 'ചാക്കീരിപ്പാസി'ന്റെ അന്തസ്സത്തയെയും ഗുണനിലവാരത്തെയുമാണ്. ആ സംവാദത്തിലിടപെട്ടുകൊണ്ട് വായനക്കാരുടെ കത്തുകളിലൂടെ പ്രതികരിച്ച ശിശുരോഗവിദഗ്ധനും ഇംഹാന്‍സ് ഡയറക്ടറുമായ ഡോ. പി. കൃഷ്ണകുമാര്‍ ചൂണ്ടിക്കാട്ടിയതുപോലെ എസ്.എസ്.എല്‍.സി. പാസ്സാകുമ്പോഴും 'ആന' എന്നെഴുതാനറിയാത്ത കുട്ടികളിവിടെയുണ്ടാകുന്നുണ്ടെങ്കില്‍ അതിന്റെ ഉത്തരവാദിത്വം ആര്‍ക്ക് എന്നതാണിവിടെ ഏറ്റവും പ്രസക്തമായ കാര്യം. അതെ, നാം പകര്‍ന്നുനല്‍കുന്ന വിദ്യാഭ്യാസത്തിന്റെ ഉള്ളടക്കവും അതിന്റെ ഗുണനിലവാരവും ഇനിയെങ്കിലും നമ്മുടെ ശ്രദ്ധയ്ക്കു വിഷയമാകുന്നില്ലെങ്കില്‍ അത് ഗുരുതരമായ കുറ്റമായിമാറും. പുതിയൊരുതരം നിരക്ഷരതയാണ് അതിവിടെയുണ്ടാക്കുന്നത്. ചാക്കീരിപ്പാസിലൂടെ നാം സൃഷ്ടിക്കുന്ന, ആരുംതോല്‍ക്കാത്ത മഹാഭൂരിപക്ഷം പ്‌ളസ്ടു പിന്നിടുന്നതോടെ എവിടെപ്പോയൊടുങ്ങുന്നുവെന്നത് പഠിക്കപ്പെടണം. പ്രത്യേകിച്ചൊന്നിലും താത്പര്യമില്ലാത്ത കുട്ടികളുടെ ഒരു തലമുറയെയാണ് നാമിവിടെ ഉത്പാദിപ്പിക്കുന്നതെങ്കില്‍ അത് ആ കുട്ടികളുടെ ഭാവിയോടുതന്നെ നാം ചെയ്യുന്ന തെറ്റായേ കണക്കാക്കാനാവൂ.

പഠനത്തിലും കളിയിലും കലയിലും പ്രതിഭതെളിയിക്കുന്നവര്‍ ഇവിടെയുണ്ടാകുന്നില്ലെന്നല്ല വിവക്ഷ. അതല്ല മുഖ്യധാര; അതാണു പ്രശ്‌നം. മഹാഭൂരിപക്ഷവും മുകളിലെത്തുമ്പോള്‍ കൊഴിഞ്ഞുവീഴാന്‍ വിധിക്കപ്പെട്ട, അതിജീവനശേഷികുറഞ്ഞ കുട്ടികളായാണു വളര്‍ന്നുവരുന്നത്. മര്യാദയ്‌ക്കൊന്ന് ഓടാനോ ചാടാനോ നീന്താനോ അറിയാത്തവര്‍. നമ്മുടെ പഠിപ്പ് എത്രമാത്രം പിഴച്ചുപോയെന്ന് ഇവിടെ തൊട്ടറിയാം. അതിന്റെ മാറ്ററിയാന്‍ കേരളസമൂഹം നേരിടുന്ന അടിസ്ഥാനപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ നമ്മുടെ പഠിപ്പ് എത്രമാത്രം ഉപകാരപ്പെട്ടുവെന്നു പരിശോധിച്ചാല്‍മതി. ഏതു കൃഷിയാണ്, ഏതു വ്യവസായമാണ് ഇവിടെ പ്രതിസന്ധിയിലല്ലാത്തത്. ഒരു സര്‍ക്കാര്‍/രാഷ്ട്രീയ സംവിധാനത്തിനും അഴിമതി തടയാനാവുന്നില്ല. കുന്നിടിച്ചും പുഴനികത്തിയും പ്രകൃതിയെ നാം തകിടംമറിക്കുന്നു. ഓരോ മഴക്കാലവും കൂട്ടമരണംവിതയ്ക്കുന്ന രോഗങ്ങളുടെ കലവറയാകുംമട്ടിലാണ് മലിനീകരണമെത്തിനില്‍ക്കുന്നത്. പണക്കാര്‍ക്കുമാത്രം തുറന്നുകിട്ടുന്ന വാതിലായിമാറുന്നു ഉന്നതവിദ്യാഭ്യാസം. എന്തു സാക്ഷരതയാണിത്. പിഴച്ചപഠിപ്പിന്റെ ബാക്കിപത്രമായാണ് നമ്മുടെ സമൂഹജീവിതം മാറിത്തീര്‍ന്നതെങ്കില്‍ തിരുത്തുതുടങ്ങേണ്ടത് ഈ പ്രവേശനോത്സവംമുതല്‍ക്കുതന്നെയല്ലേ. നാമതിന് എന്തുചെയ്തു? എന്തുചെയ്യും?





GraphicStory
school zoomin

 

ga