തൃശ്ശൂര്‍: തിങ്കളാഴ്ച മണത്തല ഗവണ്മെന്റ് സ്‌കൂളിലെ പ്രവേശനോത്സവത്തിന് ഒന്നാംക്ലാസ്സുകാരന്‍ യാസിം ഉണ്ടാവില്ല. ചികിത്സ പൂര്‍ത്തിയായിട്ടും ബില്ലടയ്ക്കാന്‍ പണമില്ലാത്തതിനാല്‍ ആസ്പത്രിയില്‍ കഴിയുന്ന പിതാവിനൊപ്പം തൃശ്ശൂരിലെ സ്വകാര്യ ആസ്പത്രിയിലാണ് യാസിം. ഒപ്പം ചേട്ടന്‍ നാലാം ക്ലാസ്സുകാരന്‍ ലുക്ക്മാന്‍ ഹക്കീം, അനിയന്‍ മൂന്നര വയസ്സുകാരന്‍ റിഷാദ്, അനിയത്തി ഒന്നര വയസ്സുള്ള അയിഷ, അമ്മ ഷഹറാസ്, അമ്മൂമ്മ സൈനബ എന്നിവരുമുണ്ട്.
യാസിമിന്റെ പിതാവ് ഷഹനാസിന് മെയ് 15ന് ആലത്തൂരില്‍ വെച്ച് ബൈക്കപകടത്തിലാണ് കാലിന് പരിക്കേറ്റത്. പിറ്റേന്ന് തൃശ്ശൂരിലെ ആസ്പത്രിയില്‍ എത്തിച്ചു. അന്നുതന്നെ ശസ്ത്രക്രിയ നടത്തി കാലില്‍ സ്റ്റീല്‍ കമ്പി പിടിപ്പിച്ചു. 27ന് ഡിസ്ചാര്‍ജും ചെയ്തു. പക്ഷേ, ആസ്പത്രിയില്‍ അടയ്‌ക്കേണ്ട 80,000-ത്തോളം രൂപ കണ്ടെത്താന്‍ കഴിയാത്തതിനാല്‍ അവിടെ തന്നെ തുടരുകയാണ് ഈ കുടുംബം. ചാവക്കാട് മണത്തല പള്ളിത്താഴം മേനോത്ത് വീട്ടില്‍ റസാഖിന്റെ മകനായ ഷഹനാസ് ഡ്രൈവറാണ്.
അപകടത്തില്‍ ഇടതുകാല്‍ പൂര്‍ണമായും തകര്‍ന്നു. ചികിത്സയ്ക്ക് ഡോക്ടര്‍മാര്‍ ആവുന്നത്ര ഇളവ് ചെയ്തു കൊടുത്തെങ്കിലും ബാക്കി തുക അടയ്ക്കാന്‍ പോലും ഈ കുടുംബത്തിന് വഴിയില്ല. ഉമ്മ സൈനബ നാട്ടില്‍ പോയി കടം വാങ്ങിയതു കൊണ്ടാണ് ഇതുവരെ ചികിത്സ നടത്തിയത്.
ഇളയ രണ്ടു കുട്ടികള്‍ക്കും വളര്‍ച്ചക്കുറവുണ്ട്. ആസ്പത്രി വാര്‍ഡിലെ അടുത്ത കട്ടിലിന്റെ അടിയില്‍ ഷാളുകൊണ്ട് തൊട്ടില്‍ കെട്ടി അതിലാണ് ഇളയമകളെ കിടത്തിയുറക്കുന്നത്. ഈ കുട്ടിക്ക് ഇരിക്കാനും നടക്കാനും കഴിയില്ല. സദാ എടുത്തുകൊണ്ടു നടക്കണം. ഷഹനാസിന് നിത്യവും മരുന്നിനു ചെലവിനു പുറമെ കുട്ടികളടക്കം അഞ്ചുപേര്‍ക്ക് ഭക്ഷണച്ചെലവിനും വക കണ്ടെത്തണം. ഹക്കീമിനും യാസിമിനും തിങ്കളാഴ്ച മുതല്‍ സ്‌കൂളില്‍ പോകണമെങ്കിലും സ്‌കൂള്‍ ബാഗും പുസ്തകങ്ങളും ഒന്നും വാങ്ങാനായിട്ടില്ല. യൂണിഫോമും ഇല്ല. ആട്ടവും പാട്ടും മധുരപലഹാരങ്ങളുമായി കൂട്ടുകാര്‍ പ്രവേശനോത്സവം ആഘോഷിക്കുമ്പോള്‍ ഈ കുട്ടികള്‍ മരുന്നുമണം നിറഞ്ഞ ആസ്പത്രി വാര്‍ഡില്‍ പിതാവിന്റെ മോചനം കാത്തിരിക്കുന്നു.
വി.ജെ.റാഫി, മാതൃഭൂമി ലേഖകന്‍, ഒല്ലൂര്‍, തൃശൂര്‍, മൊബൈല്‍: 9846052261