ഇല്ല; കുട്ടികളുടെ ചുമലില്‍ ഭാരം കയറ്റാന്‍ മുകേഷ് സമ്മതിക്കില്ല
വി.പി. ശ്രീലന്‍
Posted on: 01 Jun 2015
മട്ടാഞ്ചേരി: സ്‌കൂള്‍ തുറക്കുമ്പോള്‍ ഇപ്പോഴും മട്ടാഞ്ചേരിക്കാരന്‍ മുകേഷ് ജെയിന്‍ അസ്വസ്ഥനാകും. ഓരോ കാലത്തും പലപല കാരണങ്ങളാല്‍ കുട്ടികളുടെ ചുമലില്‍ കൂടുതല്‍ ഭാരം കയറുന്നതുതന്നെയാണ് പ്രശ്‌നം. കേരളത്തിലെ സ്‌കൂള്‍കുട്ടികളുടെ ചുമലില്‍നിന്ന് എടുത്താല്‍പ്പൊങ്ങാത്ത ഭാരം കുറച്ചെങ്കിലും ഇറക്കിവെക്കാന്‍ വഴിയൊരുക്കിയത് ഈ ഗുജറാത്തിവംശജന്റെ ഇടപെടലുകളാണ്.
തടിയന്‍പുസ്തകങ്ങളും ചോറ്റുപാത്രവും കുടിവെള്ളക്കുപ്പിയും കുടയുമൊക്കെ കുത്തിനിറച്ച് ഇത്തിരിപ്പോന്ന കുഞ്ഞിന്റെ ചുമലിലേക്ക് കയറ്റിവെക്കുന്നതുകണ്ട്, മനംനൊന്ത് ഇറങ്ങിത്തിരിച്ചതാണ് മുകേഷ്. അഞ്ച്‌വര്‍ഷത്തോളം നീണ്ട ഇടപെടലുകളിലൂടെ, തോള്‍ഭാരം കുറയ്ക്കുന്ന കാര്യത്തില്‍ സര്‍ക്കാറിനെക്കൊണ്ട് തീരുമാനമെടുപ്പിക്കുവാന്‍ കഴിഞ്ഞു.
തോള്‍ഭാരം ലഘൂകരിക്കാന്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചതും ഉത്തരവ് നേടിയെടുത്തതും മുകേഷായിരുന്നു.2005ല്‍ മനുഷ്യാവകാശ കമ്മീഷന്‍ ജസ്റ്റിസ് വി.പി. മോഹന്‍കുമാറാണ് ആ ഉത്തരവ് പുറപ്പെടുവിച്ചത്.
മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവിനെത്തുടര്‍ന്ന് വിദ്യാഭ്യാസ വകുപ്പ് വഴങ്ങി.?വലിയ ടെക്സ്റ്റ്ബുക്കുകള്‍ രണ്ടാക്കുവാന്‍ തീരുമാനമായി. അതേ വര്‍ഷംതന്നെ സ്‌കൂളുകളില്‍ പുസ്തകങ്ങള്‍ രണ്ടായി മുറിച്ച്, ആവശ്യമുള്ള ഭാഗം മാത്രം ക്ലാസില്‍ കൊണ്ടുപോകുവാന്‍ നിര്‍ദേശം നല്‍കി. 200 പേജ് നോട്ട്ബുക്ക് 100 പേജാക്കി നിജപ്പെടുത്തി. ഹൈസ്‌കൂളിന് മേല്‌പോട്ട്, നോട്ട്ബുക്കിന് പകരം ഫയലിങ് സമ്പ്രദായം നിര്‍ദേശിച്ചു. ഇക്കാര്യങ്ങള്‍ വ്യക്തമാക്കി വിദ്യാഭ്യാസ വകുപ്പിന്റെ മാര്‍ഗനിര്‍ദേശക രേഖ പുറത്തിറക്കി.
കുടിവെള്ളക്കുപ്പികള്‍ ബാഗില്‍ നിന്ന് ഒഴിവാക്കുവാന്‍, എല്ലാ സ്‌കൂളുകളിലും സൗരോര്‍ജത്താല്‍ പ്രവര്‍ത്തിക്കുന്ന അണുനശീകരണ കുടിവെള്ള സംവിധാനം നടപ്പാക്കണമെന്നായിരുന്നു മുകേഷിന്റെ നിര്‍ദേശം. ഇതിന്റെ ഒരു മാതൃക അദ്ദേഹം രൂപപ്പെടുത്തി.
ഇപ്പോള്‍ പുതുതായി പുറത്തിറങ്ങുന്ന ബാഗുകളെക്കുറിച്ചാണ് മുകേഷിന്റെ ആശങ്ക. ഒരു ബാഗിന് 750 ഗ്രാം വരെ ഭാരമുണ്ട്. ?തുണികൊണ്ടുള്ള ബാഗുകള്‍ ഉപയോഗിക്കണമെന്നാണ് മുകേഷിന്റെ അപേക്ഷ.