ഫീലിങ്ങ് നൊസ്റ്റാള്‍ജിയ...

Posted on: 29 May 2015

പണ്ട് കാലത്തെ കുട്ടികള്‍ പഠിച്ച ചില പാട്ടുകളും കഥകളും


വേനലില്‍ ഒരു മഴ
എന്നും കളവുര ചെയ്യും വിണ്ണിന്‍,
കണ്ണില്‍ നിന്നൊരു ജല ബിന്ദു,
പൊട്ടിച്ചിതറിയണഞ്ഞൂ മണ്ണില്‍,
പെട്ടെന്നൊരു പെരു മഴ വന്നൂ
സത്യം പറയാന്‍ തേങ്ങീ ഗഗനം,
നിര്‍ത്തീ വണ്ടുകള്‍ മൃദുഗാനം,
മേടച്ചൂടിന്‍ ചുമടേറ്റുകയായ്
വാടിയുരച്ചൊരു ചുടുകാറ്റോ,
താങ്ങിയ കാര്‍മ്മുകില്‍ മാലയിറക്കി
ഏങ്ങിവലിഞ്ഞു കിതക്കുകയായ്,
പൊടിപടലത്താല്‍ കുടകുളയര്‍ത്തി
ചെടിയും ചേമ്പും ചെറുപുല്ലും
നനയും മണ്ണും ലതകളുമെങ്ങും,
കുനു കുനെ വീഴും മാമ്പൂവും
ഒരു സുഖ ഗന്ധമുണര്‍ത്തീ കാറ്റിന്‍,
കരളില്‍ ഗാനധ്വനിപോലെ....

തിങ്കളും താരങ്ങളും
തിങ്കളും താരങ്ങളും, തൂവെള്ളി കതിര്‍ ചിന്നും
തുംഗമാം വാനിന്‍ ചോട്ടിലാണെന്റെ വിദ്യാലയം
ഇന്നലെ കണ്ണീര്‍വാര്‍ത്തു കരഞ്ഞീടിനവാന
മിന്നതാ ചിരിക്കുന്നു പാലോളി ചിതറുന്നു
മുള്‍ച്ചെടിത്തലപ്പിലും പുഞ്ചിരിവിരിയാറു
ണ്ടച്ചെറു പൂന്തോപ്പിലെ പനിനീരുരയ്ക്കുന്നു
മധുവിന്‍ മത്താല്‍ പാറി, മൂളുന്നു മധൂപങ്ങള്‍ ,
മധുരമീ ജീവിതം, ചെറുതാണെന്നാകിലും
ആരെല്ലെന്‍ ഗുരുനാഥരാല്ലെന്‍ ഗുരുനാഥന്
പാരിതിലെല്ലാമെന്നെ പഠിപ്പിക്കുന്നുണ്ടെന്തോ..'

നീലാകാശം പീലികള്‍ വിരിയും
പച്ചത്തെങ്ങോല
തെളിഞ്ഞമഞ്ഞപ്പൂങ്കുല,
ആകെച്ചുവന്ന റോസാപ്പൂ
തവിട്ടുപശുവിന്‍ വെളുത്തപാല്
കുടിച്ചതില്‍പ്പിന്നെ
കറുത്തരാത്രിയിലീനിറമെല്ലാം
ഓര്‍ത്തുകിടന്നൂ ഞാന്‍!


കുട്ടിയും തള്ളയും
കുമാരനാശാന്‍

ഈ വല്ലിയില്‍നിന്നു ചെമ്മേ പൂക്കള്‍
പോവുന്നിതാ പറന്നമ്മേ!
തെറ്റീ! നിനക്കുണ്ണി ചൊല്ലാം നല്‍പൂ
മ്പാറ്റകളല്ലേയിതെല്ലാം!
മേല്ക്കുമേലിങ്ങിവ പൊങ്ങീ വിണ്ണില്‍
നോക്കമ്മേ, യെന്തൊരു ഭംഗി!
അയ്യോ! പോയ്ക്കൂടിക്കളിപ്പാന്‍ അമ്മേ!
വയ്യേയെനിക്കു പറപ്പാന്‍!
ആകാത്തതിങ്ങനെ എണ്ണീചുമ്മാ
മാഴ്‌കൊല്ലായെന്നോമലുണ്ണീ!
പിച്ചനടന്നു കളിപ്പൂനീയി
പ്പിച്ചകമുണ്ടോ നടപ്പൂ!
അമ്മട്ടിലായതെന്തെന്നാല്‍ ഞാനൊ
രുമ്മതരാമമ്മ ചൊന്നാല്‍.
നാമിങ്ങറിയുവതല്പം എല്ലാ
മോമനേ, ദേവസങ്കല്പം!

മല്ലനും മാതേവനും

മല്ലനും മാതേവനും ഉറ്റച്ചങ്ങാതികളായിരുന്നു. ഒരിക്കല്‍ രണ്ടുപേരും കൂടി കാട്ടില്‍ പോയി. മല്ലന് മരം കയറാന്‍ അറിയാം. മാതേവന് അറിയില്ല. അപ്പോള്‍ ഒരു കരടി വന്നു. മല്ലന്‍ ജീവനും കൊണ്ട് ഓടി മരത്തില്‍ കയറി. അവിടെ ഇരുന്നുകൊണ്ട് കരടി മാതേവനെ കടിച്ചു കീറുന്നുണ്ടോ എന്ന് ഒളിഞ്ഞുനോക്കി. മരം കയറാന്‍ അറിയാത്ത മാതേവന്‍ ശ്വാസമടക്കിപ്പിടിച്ച് ചത്തതുപോലെ കിടന്നു. മരത്തിന്റെ മുകളില്‍ ഇരുന്ന മാതേവനെ കരടി കണ്ടില്ല. മല്ലന്റെ അടുത്തെത്തിയ കരടി ചുറ്റും നടന്ന് അവനെ മണത്തുനോക്കി. ശ്വാസം അടക്കിപ്പിടിച്ച് കിടന്ന മല്ലന്‍ മരിച്ചു കിടക്കുകയാണെന്ന് കരുതി കരടി സ്ഥലം വിട്ടു. കരടി ദൂരെ എത്തിയെന്ന് ഉറപ്പായ മാതേവന്‍ മരത്തില്‍ നിന്ന് നിലത്തിറങ്ങി മല്ലന്റെ അടുത്തെത്തി. അവനെ തട്ടിയുണര്‍ത്തിക്കൊണ്ട് മാതേവന്‍ ചോദിച്ചു, 'കരടി എന്താ നിന്റെ ചെവിയില്‍ പറഞ്ഞത്?'
മല്ലന്‍ പറഞ്ഞു, 'ആപത്തിലുപേക്ഷിക്കുന്ന ചങ്ങാതി ചങ്ങാതിയല്ല..'

മുത്തപ്പന്‍

വിഷ്ണുനാരായണന്‍ നമ്പൂതിരി
പേരാല്‍ മുത്തപ്പാ
എത്ര വയസ്സായി?
നാമം ചൊല്ലുമ്പോള്‍
താടി വിറയ്ക്കുന്നോ?
കുത്തിയിരിക്കാനും
മുട്ടന്‍വടി വേണോ?
ആരെ കാക്കുന്നൂ
ദൂരേ നോക്കുന്നൂ
പെരുവഴിയോരത്തെ
പേരാല്‍ മുത്തപ്പാ?
ഒത്തിരി നാളായി
ട്ടൊറ്റയ്ക്കാണല്ലോ.
ആരും തുണയില്ലേ?
നേരം പോയില്ലേ?
പെരുമഴ വന്നാലും
പൊരിവെയിലായാലും
ഒന്നും കൂസാതേ
നിന്നോളാമെന്നോ
പെരുമരമുത്തപ്പാ?
പേരാല്‍ മുത്തപ്പാ

മണ്ണാങ്കട്ടയും കരിയിലയും
ഒരിടത്ത് രാവും പകലും ഊണിലും ഉറക്കത്തിലും സുഖത്തിലും ദു:ഖത്തിലും ഒരിക്കലും വിട്ടുപിരിയാത്ത രണ്ടു ചങ്ങാതിമാരുണ്ടായിരുന്നു. അവരാണ് മണ്ണാങ്കട്ടയും കരിയിലയും. അങ്ങിനെ ജീവിച്ചുപോരുന്ന കാലത്ത് അവര്‍ക്ക് കാശിയില്‍ പോകാന്‍ ആശ തോന്നി. പിറ്റേ ദിവസം രണ്ടാളും കൂടി കാശിയിലെക്ക് യാത്രയായി, മണ്ണാങ്കട്ട നിലത്തുകൂടി ഉരുണ്ടുരുണ്ടും കരിയില കാറ്റത്തു പറന്നുപറന്നും!
കഥ പറഞ്ഞും പാട്ടുപാടിയും നാമം ചൊല്ലിയും അവര്‍ മുന്നോട്ടു നീങ്ങി. ഇനിയെത്ര നടന്നീടേണമയ്യോ! അവര്‍ക്കറിയില്ല. എങ്കിലും ഒട്ടും മടുപ്പു തോന്നിയില്ല.
കുറെക്കൂടി നടന്നുകഴിഞ്ഞപ്പൊള്‍ മന്ദമായി കാറ്റു വീശിത്തുടങ്ങി, കരിയിലക്ക് പരിഭ്രമമായിത്തുടങ്ങി. ''പേടിയ്ക്കണ്ട, ഞാന്‍ നിന്നെ കാത്തുകൊള്ളാം'എന്നു മണ്ണാങ്കട്ട സമാധാനിപ്പിച്ചു. കുറച്ചു കഴിഞ്ഞപ്പോള്‍ കാറ്റിന്റെ ശക്തി കൂടി. മണ്ണാങ്കട്ട പെട്ടെന്ന് കരിയിലയുടെ മുകളില്‍ കയറിയിരുന്നു. അതുകൊണ്ട് കാറ്റ് കുറെനേരം അടിച്ചിട്ടും കരിയിലക്ക് ഒന്നും പറ്റിയില്ല. കാറ്റു ശമിച്ചപ്പോള്‍ അവര്‍ വീണ്ടും യാത്ര തുടര്‍ന്നു.
കുറച്ച് നേരം കഴിഞ്ഞപ്പോല്‍ മാനം ഇരുളാന്‍ തുടങ്ങി. കാര്‍മേഘങ്ങള്‍ നിറഞ്ഞുവന്നു. അപ്പോള്‍ മണ്ണാങ്കട്ട പേടിച്ചു. ''കാറ്റടിച്ചപ്പോള്‍ നീ എന്നെ രക്ഷിച്ചില്ലേ? അതുകൊണ്ട് മഴയില്‍ നിന്ന് ഞാന്‍ നിന്നെ രക്ഷിക്കും. സംശയിക്കണ്ട. '' എന്നു കരിയില പറഞ്ഞു. പറഞ്ഞുനാക്കെടുത്തതിനുമുമ്പു മഴ തുടങ്ങി. മണ്ണാങ്കട്ടയുടെ പുറത്ത് മഴവെള്ളം വീഴാതെ കരിയില അതിനു മീതെ ഇരുന്നു. മഴ നിന്നപ്പോള്‍ കരിയില മണ്ണാങ്കട്ടയുടെ പുറത്തു നിന്നു താഴെ ഇറങ്ങി. അവര്‍ വീണ്ടും യാത്ര തുടര്‍ന്നു.
അയ്യോ! ഇനി നമ്മളെന്തു ചെയ്യും? വരുന്നതു വരട്ടേ അല്ലേ ചങ്ങാതീ.'
രണ്ടാളും അന്യോന്യം കെട്ടിപ്പിടിച്ചു കിടന്നു. കാറ്റിനും മഴക്കും ശക്തി കൂടി. എന്തു ചെയ്യാന്‍! പാവം! കനത്ത മഴയില്‍ മണ്ണാങ്കട്ട അലിഞ്ഞലിഞ്ഞുപോയി. കരിയിലയെ കാറ്റടിച്ച് ദൂരെയെങ്ങോട്ടോ കൊണ്ടുപോയീ..

മാവേലി നാടുവാണീടും കാലം...

മാനുഷരെല്ലാരുമൊന്നുപോലെ...
ആമോദത്തോടെ വസിക്കും കാലം..
ആപത്തെങ്ങാര്‍ക്കുമൊട്ടില്ല താനും...
ആധികള്‍ വ്യാധികളൊന്നുമില്ലാ...
ബാല മരണങ്ങള്‍ കേള്‍പ്പാനില്ലാ..
കള്ളവുമില്ല ചതിയുമില്ലാ,,,
എള്ളോളമില്ലാ പൊളിവചനം,,
കള്ളപ്പറയും ചെറുനാഴിയും,
കള്ളത്തരങ്ങള്‍ മറ്റൊന്നുമില്ല.

പൂവന്‍ കോഴി

പൂവന്‍ കോഴി പതിവായെന്നും
കൂവിയുണര്‍ത്തും പൂങ്കോഴി,
മുറ്റത്തങ്ങനെ തലയും പൊക്കി
ചുറ്റിനടക്കും പൂങ്കോഴി,
എന്തൊരു ചന്തം നിന്‍ തൊപ്പീ
എങ്ങനെ കിട്ടീ ചെന്തൊപ്പി..

നിങ്ങള്‍ സ്‌കൂളില്‍ പഠിച്ച കഥകളും കവിതകളും ഇവിടെ എഴുതിവെയ്ക്കാം

 



GraphicStory
school zoomin

 

ga