
തിരുവനന്തപുരം: ഈ അധ്യയനവര്‍ഷം മുതല്‍ എയ്ഡഡ് സ്‌കൂളുകളിലെ കുട്ടികള്‍ക്കും സര്‍ക്കാര്‍ യൂണിഫോം നല്‍കും. മുന്‍ വര്‍ഷം വരെ സര്‍ക്കാര്‍ സ്‌കൂളുകളിലെ കുട്ടികള്‍ക്ക് മാത്രമായിരുന്നു യൂണിഫോം നല്‍കിയിരുന്നത്. എട്ടാംക്ലാസ് വരെയുള്ള എല്ലാ പെണ്‍കുട്ടികള്‍ക്കും എസ്.സി., എസ്.ടി. വിഭാഗത്തില്‍പ്പെടുന്ന ആണ്‍കുട്ടികള്‍ക്കും ബി.പി.എല്‍. വിഭാഗത്തില്‍പ്പെടുന്ന ആണ്‍കുട്ടികള്‍ക്കുമാണ് ഈരണ്ട് ജോടി യൂണിഫോം നല്‍കുക. സ്‌കൂള്‍തലത്തില്‍ പി.ടി.എ.യ്ക്കായിരക്കും വിതരണച്ചുമതല. പണം പി.ടി.എ.യെ ഏല്പിക്കും.
സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി അധ്യാപകസംഘടനാ നേതാക്കളുമായി നടത്തിയ ചര്‍ച്ചയിലാണ് ഇതുസംബന്ധിച്ച തീരുമാനം മന്ത്രി പി.കെ.അബ്ദുറബ്ബ് പ്രഖ്യാപിച്ചത്.
സ്‌കൂളിലെ പീരിയഡുകള്‍ എട്ടാക്കി കലാകായിക പഠനത്തിന് അവസരമൊരുക്കും. 10 മുതല്‍ 4 വരെ തന്നെയാണ് അധ്യയനസമയം. പീരിയഡുകളുടെ സമയം കുറച്ചാണ് ഏഴ് എന്നത് എട്ടാക്കുന്നത്. ഉച്ചയ്ക്ക് 12.45 മുതല്‍ 1.45 വരെയാണ് ഭക്ഷണസമയം. വെള്ളിയാഴ്ച 12.15 മുതല്‍ 2.15 വരെയും. സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലെ പ്രീപ്രൈമറി വിദ്യാര്‍ഥികള്‍ക്കും ഉച്ചഭക്ഷണം നല്‍കും. ഹയര്‍ സെക്കന്‍ഡറി ക്ലാസ്സുകള്‍ ജൂലായ് എട്ടിന് തുടങ്ങും. അധ്യാപക, വിദ്യാര്‍ഥി അനുപാതം 1:35 ഉം 1:30 ഉം ആക്കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലാണ്.
ഹെഡ്മാസ്റ്റര്‍ സ്ഥാനക്കയറ്റത്തിന് ഡിപ്പാര്‍ട്ട്‌മെന്റ് ടെസ്റ്റ് ജയിക്കണമെന്ന വ്യവസ്ഥ 50 വയസ് കഴിഞ്ഞവര്‍ക്ക് ഇളവുചെയ്യുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കും.
പാഠപുസ്തകങ്ങളുടെ അച്ചടി കഴിവതും വേഗത്തില്‍ തീര്‍ക്കാന്‍ ശ്രമിക്കുമെന്ന് മന്ത്രി പറഞ്ഞു. കെ.ബി.പി.എസ്സിനെ ഒന്നരക്കോടി പുസ്തകം അച്ചടിക്കാന്‍ ഏല്പിച്ചതില്‍ 17 ലക്ഷം കൂടിയേ അടിക്കാനുള്ളൂ. സര്‍ക്കാര്‍ പ്രസ്സുകളെ 70 ലക്ഷം പുസ്തകം അച്ചടിക്കാന്‍ ഏല്പിച്ചെങ്കിലും 64 ലക്ഷം ഇനിയും അച്ചടിക്കാനുണ്ട്.
അധ്യാപകരുടെ സര്‍വീസ് പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ എല്ലാ ജില്ലകളിലും അദാലത്ത് നടത്തും. പൊതുവിദ്യാഭ്യാസ സെക്രട്ടറി വി.എസ്.സെന്തില്‍, ഡി.പി.ഐ. എല്‍.രാജന്‍, ഡി.ഡി.മാര്‍, ഹയര്‍ സെക്കന്‍ഡറി അക്കാദമിക് ഡയറക്ടര്‍ താജുദ്ദീന്‍, അധ്യാപകസംഘടനാ നേതാക്കളായ കെ.സി.ഹരികൃഷ്ണന്‍, പി.ഹരിഗോവിന്ദന്‍, എം.സലാഹുദ്ദീന്‍, എന്‍.ശ്രീകുമാര്‍, ജോസ് ടി.ആന്റണി, ജെയിംസ് കുര്യന്‍, കെ.പ്രസന്നകുമാര്‍, സി.പി.ചെറിയമുഹമ്മദ്, ആര്‍.ശരത്ചന്ദ്രലാല്‍, എ.വി.ഇന്ദുലാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.