സ്‌കൂള്‍ തുറക്കുമ്പോള്‍

എം. രഘുനാഥ് Posted on: 28 May 2015

അവധിക്കാലം കഴിഞ്ഞു. ഇനി അക്ഷരങ്ങളുടെയും അറിവിന്റെയും ലോകത്തേക്ക് കടക്കുകയാണ് കൂട്ടുകാര്‍. സ്‌കൂളില്‍ കൂട്ടുകാരെ കാത്തിരിക്കുന്ന അവസരങ്ങള്‍ നന്നായി പ്രയോജനപ്പെടുത്താന്‍ പുതിയ അധ്യയനവര്‍ഷം ഉപയോഗിക്കുമല്ലോ.

ജൂണില്‍ സ്‌കൂള്‍ തുറക്കുന്നതോടെ പുതിയ അധ്യയനവര്‍ഷം ആരംഭിക്കുന്നു. ഒരുപാടൊരുപാട് അറിവുകളുമായാണ് കുട്ടി സ്‌കൂളിലെത്തുന്നത്. ലോകത്തെങ്ങുമുള്ള അറിവുകള്‍ വിരല്‍ത്തുമ്പിലെത്തുന്ന വര്‍ത്തമാനകാലത്ത് വിജ്ഞാന സമ്പാദനം മാത്രമല്ല വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം. കുട്ടികളുടെ സര്‍ഗശേഷിയെ ഉത്തേജിപ്പിക്കുന്നതാവണം വിദ്യാഭ്യാസം. വിദ്യാലയം കുട്ടികള്‍ക്ക് സന്തോഷകരമായ അനുഭവങ്ങള്‍ നല്കുന്നതും ആകര്‍ഷകവുമായിരിക്കണം. സ്‌കൂള്‍ പ്രവേശനം ഉത്സവാന്തരീക്ഷത്തിലാവുന്നത് ഈ ലക്ഷ്യത്തോടെയാണ്. പ്രകൃതിയുമായി ഇണങ്ങി ആകാശത്തെയും ഭൂമിയെയും വൃക്ഷങ്ങളെയും ജീവികളെയും സമൂഹത്തെയും നിരീക്ഷിച്ച് സ്വയം പഠനത്തിനുള്ള അവസരമൊരുക്കുന്നതാവണം വിദ്യാലയാന്തരീക്ഷം. സ്‌കൂളിലെ സൗകര്യങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്താന്‍ കൂട്ടുകാര്‍ ശ്രദ്ധിക്കണം.

ബഹുമുഖ പ്രതിഭകള്‍! കൂട്ടുകാര്‍ക്കോരോരുത്തര്‍ക്കും വ്യത്യസ്തമായ കഴിവുകളുണ്ട്. ഈ കഴിവുകള്‍ കൂട്ടുകാരില്‍ ഒളിഞ്ഞും തെളിഞ്ഞും കൂടിയും കുറഞ്ഞുമെല്ലാമിരിക്കും. ഒരു പാട്ടിന്റെ പശ്ചാത്തലസംഗീതം കേള്‍ക്കുമ്പോള്‍ അതിന്റെ പല്ലവി ഓര്‍മയിലെത്തുന്നവരില്ലേ? വ്യത്യസ്ത രാഗത്തിലും താളത്തിലുമുള്ള പാട്ടുകള്‍ കണ്ടെത്താനും ചൊല്ലാനും ഇവര്‍ മിടുക്കരായിരിക്കും.

എന്നാല്‍ ചിലരുണ്ട്. വരയിലായിരിക്കും മിടുക്ക്. നിറക്കൂട്ടുകള്‍ ഇവരെ ഏറെ ആകര്‍ഷിക്കും. ചിലര്‍ക്ക് യുക്തിബോധമാണ് പ്രധാനം. കാര്യങ്ങളെ യുക്തിപൂര്‍വം വിലയിരുത്തുന്നവര്‍. ഇനിയൊരു കൂട്ടര്‍ നല്ല ഭാവനാശാലികളായിരിക്കും.

Pappa pappa ptiy take
Poem shall I never make'
(അച്ഛാ, അച്ഛാ ദയ കാട്ടൂ
കാവ്യം ഞാനിനി എഴുതൂല്ല).

എന്ന വരികള്‍ പ്രസിദ്ധമാണ്. എട്ടുവയസ്സുകാരനായ മകന്‍ പഠിക്കേണ്ട സമയത്ത് കവിതയെഴുതുകയാണ്. ശുണ്ഠി മൂത്ത അച്ഛന്‍ മകനെ ശാസിച്ചു, അടിച്ചു. അടികൊണ്ട വേദനയില്‍ മകന്‍ കരഞ്ഞപേക്ഷിച്ചതാണ് മുകളിലെ വരികള്‍. കരഞ്ഞു പറഞ്ഞതും കവിതയിലായിപ്പോയത് സ്വാഭാവികം. പില്ക്കാലത്ത് ലോകപ്രശസ്തനായ ഇംഗ്ലീഷ് കവി അലക്‌സാണ്ടര്‍ പോപ്പായിരുന്നു ഈ കൊച്ചുകുട്ടിയെന്നത് ചരിത്രം.

നാലാം വയസ്സില്‍ ഒരു ബാലന് സമ്മാനമായി ഒരു കാന്തസൂചി കിട്ടി. എങ്ങോട്ടു തിരിച്ചാലും ഒടുവില്‍ വടക്കോട്ട് തിരിച്ചെത്തുന്ന സൂചി ശ്രദ്ധയില്‍പ്പെട്ട കുട്ടിയുടെ ചിന്ത ഉണര്‍ന്നു. ഇതിന്റെ കാരണമെന്തായിരിക്കും? ശാസ്ത്രലോകത്തെ മഹാപ്രതിഭയായ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനായിരുന്നു ആ കുട്ടി. കോഴിമുട്ട വിരിയുമോ എന്നു നോക്കാന്‍ മുട്ടയുടെ പുറത്ത് അടയിരുന്ന വിരുതനായിരുന്നു തോമസ് ആല്‍വാ എഡിസണ്‍. ആയിരത്തിലേറെ കണ്ടുപിടുത്തങ്ങള്‍ നടത്തിയ എഡിസണ്‍ കണ്ടുപിടുത്തങ്ങളുടെ രാജാവുമായി.

ഇവരെപ്പോലെ അവസരങ്ങള്‍ പ്രയോജനപ്പെടുത്തി സ്വന്തം കഴിവുകള്‍ മെച്ചപ്പെടുത്താന്‍ ഓരോ കുട്ടിയും ശ്രദ്ധിക്കണം. നിരീക്ഷണം, പരീക്ഷണം, അന്വേഷണം, ഭാവന തുടങ്ങി എല്ലാ കഴിവുകള്‍ക്കും നിത്യജീവിതത്തില്‍ നിന്നുകിട്ടുന്ന സന്ദര്‍ഭങ്ങള്‍ കൂടി ഉപയോഗപ്പെടുത്തണം.

വ്യത്യസ്ത കഴിവുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനു യോജിച്ച പഠനപ്രവര്‍ത്തനങ്ങള്‍ ക്ലാസുമുറികളില്‍ ഒരുക്കിയിരിക്കും. ഇവയില്‍ സജീവമായി ഇടപെടുമ്പോഴാണ് പഠനം അര്‍ഥപൂര്‍ണമാവുന്നത്.

പഠനം മാത്രമല്ല

കേവലമായ ആശയങ്ങളുടെയും വസ്തുതകളുടെയും കാണാപ്പാഠപഠനം മാത്രമല്ല സ്‌കൂളില്‍ നടക്കുന്നത്. വ്യക്തിത്വവികാസവും വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമാണ്. ക്ലാസ്സിലും സ്‌കൂളിലും സ്വാഭാവികമായി നടക്കുന്ന പഠനപ്രവര്‍ത്തനങ്ങളില്‍ സജീവമാവുമ്പോള്‍ അത് മികച്ച വ്യക്തിത്വത്തിലേക്കു നയിക്കും. താഴെ കൊടുത്ത കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുക.

പഠനവുമായി ബന്ധപ്പെട്ടതു മാത്രമല്ല മറ്റു വ്യക്തിപരമായ പ്രശ്‌നങ്ങളും അടുത്ത കൂട്ടുകാരുമായി പങ്കുവെക്കുക.
കൂട്ടുകാരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കുകയും അവരുടെ ഭാഗത്തുനിന്ന് ചിന്തിക്കുകയും ചെയ്യുക.
പഠനപ്രവര്‍ത്തനങ്ങള്‍ക്കായി ശേഖരിച്ച വിവരങ്ങള്‍ കൂട്ടുകാരുമായി പങ്കുവെക്കുക.
സ്‌കൂളില്‍ നടക്കുന്ന പൊതുപരിപാടികളില്‍ സജീവമായി പങ്കെടുക്കുക.
ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടി വരുന്ന സന്ദര്‍ഭങ്ങളില്‍ ഒഴിഞ്ഞുമാറരുത്.
ഏറ്റെടുത്ത കാര്യങ്ങള്‍ ഭംഗിയായി പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുക.
ഗ്രൂപ്പ് ചര്‍ച്ചകളില്‍ സജീവമായി പങ്കെടുക്കുക.
തോല്‍ക്കുമെന്ന് പേടിച്ച് മത്സരങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറാതിരിക്കുക.
കൂട്ടുകാര്‍ തെറ്റിലേക്കു നീങ്ങുമ്പോള്‍ അത് ചൂണ്ടിക്കാട്ടി യുക്തിപൂര്‍വ്വം സംസാരിക്കുക.
സഹപാഠികളുടെ സന്തോഷത്തിലും ദുഃഖത്തിലും പങ്കാളിയാവുക.
കാര്യങ്ങള്‍ പരമാവധി ചിട്ടയോടെ ചെയ്യാന്‍ ശ്രമിക്കുക.
ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുക.
സ്വന്തം പോരായ്മകള്‍ മറ്റുള്ളവര്‍ ചൂണ്ടിക്കാട്ടുമ്പോള്‍ അത് അംഗീകരിക്കാനും ആവശ്യമായ തിരുത്തലുകള്‍ വരുത്താനും തയ്യാറാവുക.

മൊബൈല്‍ എന്ന വില്ലന്‍

വളരെ ഉപയോഗപ്രദമായ മൊബൈല്‍ കുട്ടികളുടെ ഇടയില്‍ വില്ലനാവുന്നു. മൊബൈല്‍ ദുരുപയോഗം ഉണ്ടാക്കുന്ന പ്രശ്‌നങ്ങളും ചെറുതല്ല. അതുകൊണ്ടുകൂടിയാണ് സ്‌കൂളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം നിരോധിച്ചതും. സ്‌കൂളിലേക്ക് മൊബൈല്‍ കൊണ്ടുപോവരുതെന്ന് മാത്രമല്ല, ചങ്ങാതികളാരെങ്കിലും വഴിതെറ്റുന്നെങ്കില്‍ അധ്യാപകരെ അറിയിക്കാനും മറക്കരുത്.

ചര്‍ച്ച ചെയ്ത് പഠിക്കാം

ആശയങ്ങള്‍ പരസ്പരം ചര്‍ച്ച ചെയ്തും പങ്കുവെച്ചുമുള്ള പഠനരീതിയാണ് സംവാദാത്മകപഠനം. ചര്‍ച്ച, സെമിനാര്‍, സംവാദം, സിമ്പോസിയം തുടങ്ങിയവയെല്ലാം ഇതില്‍പ്പെടും. വെറുതെ റിപ്പോര്‍ട്ട് തയ്യാറാക്കിയതുകൊണ്ടായില്ല, നന്നായി റഫര്‍ ചെയ്ത് ആശയങ്ങള്‍ സ്വീകരിച്ച്, പരസ്പരം പങ്കുവെച്ച് മുന്നേറണം. അപ്പോഴാണ് പഠനം ലക്ഷ്യത്തിലെത്തുന്നത്.

നിരീക്ഷണം, അഭിമുഖം തുടങ്ങിയ മാര്‍ഗങ്ങളിലൂടെയും വിവരം ശേഖരിക്കാം. സൂക്ഷ്മതയാണ് പ്രധാനം. നിരീക്ഷിച്ച് കണ്ടെത്തേണ്ട വിവരങ്ങളാണെങ്കില്‍ കൃത്യമായ ആസൂത്രണത്തോടെ വേണം കണ്ടെത്താന്‍. നിരീക്ഷണകാലം, നിരീക്ഷിക്കണ്ട വിവരങ്ങള്‍ തുടങ്ങിയവയെല്ലാം രേഖപ്പെടുത്താം. പത്രവായനയും മറ്റ് മാധ്യമങ്ങളിലൂടെയുള്ള വിവരങ്ങളും പ്രയോജനപ്പെടുത്തണം.

ലഹരിക്ക് വിട!

പല രൂപത്തില്‍ ലഹരിവസ്തുക്കള്‍ സ്‌കൂളിലെത്തുന്നുവെന്ന് അന്വേഷണറിപ്പോര്‍ട്ടുകള്‍ പറയുന്നു. സ്‌കൂളിന് 400 മീറ്റര്‍ പരിധിയില്‍ നിരോധിച്ചതാണ് ലഹരിവസ്തുക്കള്‍. എങ്കിലും ഇവ മിഠായിയുടെ രൂപത്തില്‍പ്പോലും കടന്നുവരും. ഇവയുടെ ദൂഷ്യ വശങ്ങള്‍ മനസ്സിലാക്കി ഭാവിജീവിതം തകര്‍ക്കുന്ന ഇത്തരം വില്ലന്മാര്‍ക്കെതിരെ ഉണര്‍ന്നിരിക്കുകയാണ് വേണ്ടത്.

ലൈബ്രറിയും പഠനവും

വായിച്ച് ആസ്വദിക്കാനും വിവരശേഖരണത്തിനും പുസ്തകങ്ങള്‍ കൂട്ടാവുന്നു. ക്ലാസ് ലൈബ്രറി, സ്‌കൂള്‍ ലൈബ്രറി എന്നിവയ്‌ക്കൊപ്പം പ്രാദേശിക ലൈബ്രറികളും കുട്ടികള്‍ക്ക് പ്രയോജനപ്പെടുത്താം. കുട്ടികള്‍ക്ക് റഫറന്‍സിനുള്ള സൗകര്യം ലൈബ്രറിയില്‍ കിട്ടുന്നു. പുസ്തകവായനയ്‌ക്കൊപ്പം വായനക്കുറിപ്പ് തയ്യാറാക്കുന്നതും പ്രയോജനപ്പെടും.

സന്നദ്ധ സംഘടനകള്‍

ജൂനിയര്‍ റെഡ്‌ക്രോസ്, എന്‍.സി.സി. ഭാരത് സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ്, എസ്.പി.സി. തുടങ്ങിയ സംഘടനകളുടെ യൂണിറ്റുകളുള്ള സ്‌കൂളുകളേറെയുണ്ട്. ദേശീയഅന്തര്‍ദേശീയ തലത്തില്‍ ശ്രദ്ധേയമായ ഇത്തരം സംഘടനകള്‍ ജില്ലാസംസ്ഥാന തലങ്ങളില്‍ ക്യാമ്പുകളും മറ്റു പരിപാടികളും സംഘടിപ്പിക്കാറുണ്ട്. മികച്ച പ്രകടനം നടത്തുന്നവര്‍ക്ക് പൊതുപരീക്ഷയില്‍ ഗ്രേസ് മാര്‍ക്ക് കിട്ടുകയും ചെയ്യും.

ക്ലബ്ബുകളില്‍ അംഗത്വം

വ്യത്യസ്ത അഭിരുചിയും കഴിവുമുള്ളവരാണ് കുട്ടികള്‍. അതുകൊണ്ടുതന്നെ വിവിധ ക്ലബ്ബുകള്‍ സ്‌കൂളുകളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഓരോ വിഷയവുമായി ബന്ധപ്പെട്ടും ക്ലബ്ബുകള്‍ രൂപവത്കരിച്ചിട്ടുണ്ട്. ഇതുകൂടാതെ പരിസ്ഥിതി ക്ലബ്ബ്, റോഡ് സുരക്ഷാ ക്ലബ്ബ്, ലഹരിവിരുദ്ധ ക്ലബ്ബ് തുടങ്ങിയവ വേറെയും. ക്ലബ്ബുകളില്‍ വെറുതെ അംഗമായതുകൊണ്ടായില്ല, ക്ലാസ് തലത്തിലും സ്‌കൂള്‍ തലത്തിലും വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യണം. വിവിധ ദിനാചരണങ്ങളുടെ ഭാഗമായി ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ പരിപാടികള്‍ ആസൂത്രണം ചെയ്യാം. കാര്യപരിപാടി, അറിയിപ്പ്, സംഘാടനം തുടങ്ങിയവയെല്ലാം കൂട്ടുകാര്‍ ഏറ്റെടുത്തു ചെയ്യുമ്പോഴാണ് വ്യക്തിത്വവികസനമെന്ന ലക്ഷ്യത്തിലെത്തുന്നത്.

ഉണര്‍ന്നിരിക്കണം

കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ പതിവുവാര്‍ത്തകളാണ്. ശാരീരിക മാനസിക പീഡനം, ബാലവേല തുടങ്ങിയവയെല്ലാം ഇതില്‍ വരുന്നു. നഴ്‌സറി ക്ലാസ്സിലെ കുട്ടികള്‍ മുതല്‍ കൗമാരക്കാര്‍വരെ ഇതിന് വിധേയരാവുന്നു.

കുട്ടികളുടെ അറിവില്ലായ്മയും പേടിയും മറ്റുമാണ് കുറ്റവാളികള്‍ മുതലെടുക്കുന്നത്. അതിനാല്‍ എല്ലാ കാര്യങ്ങളും അച്ഛനോടോ അമ്മയോടോ അധ്യാപകരോടോ തുറന്നുപറയാന്‍ ശ്രമിക്കണം. എല്ലാ കാര്യങ്ങളും തുറന്നു സംസാരിക്കാന്‍ പറ്റിയ നല്ല സുഹൃത്തുക്കളെയും സമ്പാദിക്കണം. ചെറിയ തെറ്റില്‍നിന്ന് വലിയ തെറ്റിലേക്ക് വഴുതിവീഴുന്ന അവസ്ഥ ഉണ്ടാവരുത്. തെറ്റും ശരിയും തിരിച്ചറിഞ്ഞ് ചുറ്റുമുള്ള ചതിക്കുഴികളില്‍ പെടാതെ തന്റേടത്തോടെ പ്രതികരിക്കാനും കഴിയണം.



GraphicStory
school zoomin

 

ga