ശബരിമല: സന്നിധാനത്തും പരിസരപ്രദേശങ്ങളിലും അനധികൃത കച്ചവടം നടത്തിയവര്‍ക്ക് 2,24,000 രൂപ പിഴചുമത്തി. പത്തനംതിട്ട ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള സ്‌ക്വാഡാണ് പരിശോധനനടത്തിയത്.
ഹോട്ടലുകള്‍, വിരികള്‍, കച്ചവടസ്ഥാപനങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് അനധികൃത കച്ചവടം, അമിതവില ഈടാക്കല്‍, വിരികളില്‍ അമിതവാടക, വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ഭക്ഷണവിതരണം, അളവിലും തൂക്കത്തിലും വെട്ടിപ്പ് തുടങ്ങിയ കുറ്റകൃത്യങ്ങള്‍ക്കായിരുന്നു പിഴ.
സന്നിധാനം ഡ്യൂട്ടിമജിസ്‌ട്രേട്ട് സി.ആര്‍.കൃഷ്ണകുമാര്‍, എക്‌സിക്യൂട്ടീവ് മജിസ്‌ട്രേട്ടുമാരായ എം.പി.വിനോദ്, സന്തോഷ്‌കുമാര്‍ തുടങ്ങിയവര്‍ പരിശോധനയ്ക്ക് നേതൃത്വം നല്‍കി.
വിവിധ സര്‍ക്കാര്‍വിഭാഗം ജീവനക്കാരായ വിദ്യാധരന്‍, സുബ്ബയ്യാപിള്ള, രതീഷ്, സൈലസ്, ഉണ്ണികൃഷ്ണന്‍നായര്‍, എ.സുരേന്ദ്രന്‍, മനോജ്കുമാര്‍, ആര്‍.എസ്.രവികൃഷ്ണ എന്നിവരായിരുന്നു സ്‌ക്വാഡില്‍. വരുംദിവസങ്ങളിലും പരിശോധന തുടരും.