കറുപ്പണിഞ്ഞ പന്തളത്തിനുമേല്‍ വെളുത്ത ഇരുമുടിപോലെ തൂമഞ്ഞ്. ഈ പുലരിക്ക് പ്രത്യേകതയുണ്ട്. തിരുവാഭരണം തിരുസന്നിധിയിലേക്ക് യാത്രതുടങ്ങുന്ന സുദിനം.
രാജനഗരമായ പന്തളം ഭാരതത്തിന്റെ പ്രതീകമാകുന്നത് മണ്ഡല-മകരവിളക്ക് കാലത്താണ്. പലദേശം, ഭാഷ, വര്‍ണം. പക്ഷെ എല്ലാറ്റിനെയും ഒന്നിപ്പിക്കുന്ന ദര്‍ശനം. വേഷം കറുപ്പും കാവിയും നീലയും. അണിയാന്‍ ശരണമുദ്ര, നാവില്‍ സ്വാമികീര്‍ത്തനം. സ്വാമി സംഗീതമാലപിക്കുന്ന വലിയകോയിക്കല്‍ ക്ഷേത്രത്തിനെ തഴുകിയൊഴുകുന്ന പുഴ. ഈറനണിഞ്ഞ്, കര്‍പ്പൂരദീപം കണ്ണിലേക്ക് ആവാഹിച്ചെടുത്ത്, വ്രതശുദ്ധിയുടെ ചര്യകളില്‍ വഴിനടന്ന് എത്തുന്നവര്‍. ഈ പുലരിയില്‍ താളമിട്ട് അയ്യപ്പനാമങ്ങള്‍ പാടി സ്വയം മറക്കുന്നവരേയുള്ളൂ. പതിന്‍മടങ്ങ് പകിട്ടില്‍ പന്തളം.
പഞ്ചവാദ്യവും ചെണ്ടയും കൊട്ടാരമുറ്റത്തെ ക്ഷേത്രത്തില്‍ കൊട്ടിക്കയറിയിട്ടും ശരണംവിളികളില്‍ അതെല്ലാം ലയിച്ചുചേര്‍ന്നു. പന്ത്രണ്ട് മണിയായതോടെ എല്ലാവരുടെയും പ്രതീക്ഷയും പ്രാര്‍ഥനയും അയ്യപ്പസ്വാമി വരവറിയിക്കുന്ന ആകാശത്തേക്കായി. ദര്‍ശനംനല്‍കി കൃഷ്ണപ്പരുന്ത് വട്ടമിട്ട് പറന്നതോടെ ശരണംവിളികളും ആകാശത്തോളമെത്തി.
ഭഗവാന്റെ സാന്നിധ്യവും അനുമതിയും ലഭിച്ചതോടെ പോടകങ്ങള്‍ യാത്രയ്‌ക്കൊരുക്കി. പ്രാര്‍ഥനയും പന്തളം രാജാവിന്റെ അനുമതിയും വാങ്ങി പെരിയസ്വാമി കുളത്തിനാല്‍ ഗംഗാധരന്‍പിള്ള ആഭരണപേടകം ശിരസിലേറ്റി ക്ഷേത്രത്തിനു പുറത്തേക്ക്. ക്ഷേത്രം വലംവച്ച് ആഭരണയാത്ര കൊട്ടാരപാതയിലൂടെ മണികണ്ഠനാല്‍ത്തറ പിന്നിട്ടു.
ശരണംവിളിയുടെ ശക്തിയില്‍ വെയിലിന്റെ ചൂടറിയാതെ ശരവേഗത്തില്‍ യാത്ര. കൈപ്പുഴ ക്ഷേത്രത്തിലെത്തി പിന്നീട് പന്തളത്തിന്റെ പാതകള്‍താണ്ടി കുളനടദേവിയുടെ അടുത്തേക്ക്. തിങ്ങിനിറഞ്ഞ ഭക്തര്‍ക്കിടയില്‍നിന്ന് ശരണംവിളികളല്ലാതെ ഒന്നുമില്ല.
ഭഗവാന് ഉള്ളന്നൂര്‍ ഭഗവതിക്ഷേത്രത്തില്‍ ആചാരപരമായി സ്വീകരണം. യാത്ര തുടങ്ങിയതോടെ മൂന്നു പേടകങ്ങള്‍ക്കും വേഗതയേറി. ശരണംവിളികള്‍ക്കൊപ്പം നിര്‍ത്താതെയുള്ള ഓട്ടവും ഇതിനുമുണ്ടൊരു താളം. വേഗം കുറയുമ്പോള്‍ പെരിയസ്വാമിയുടെ നിര്‍ദേശങ്ങളെത്തും. പൊരിവെയിലത്തും ക്ഷീണമറിയാത്ത യാത്രയ്ക്ക് അയ്യപ്പനും കഠിനവ്രതവും തന്നെ തുണ.
യാത്ര പരമ്പരാഗത പാതയിലൂടെയായി. 70 വര്‍ഷങ്ങള്‍ക്കുശേഷമാണ് ഈ വഴിയിലൂടെ. ദേശം മുഴുവന്‍ അനുഗ്രഹംതേടി കാത്തുനിന്നു. കരിയാകുഴി, പറയങ്കര തവിട്ട്‌പൊയ്കവഴി കുറിയാനപ്പള്ളി ക്ഷേത്രത്തിലെത്തി കാത്തിരുന്നവര്‍ക്ക് ദര്‍ശനം. വീണ്ടും തവിട്ടുപൊയ്ക, കാടുവെട്ടിക്കല്ലിലൂടെ കാവുംപടി ക്ഷേത്രത്തില്‍ വിശ്രമം. വിരലിലെണ്ണാവുന്നവര്‍ക്കൊഴികെ ഇത് ആദ്യാനുഭവം.
വെയില്‍ താണുതുടങ്ങി. ശരണംവിളിക്ക് ശക്തികൂടി. പാതകള്‍നീളെ സ്വീകരണം. കിടങ്ങന്നൂരും നാല്‍ക്കാലിക്കലും ഐക്കരപ്പടിയും കടന്ന് പാര്‍ഥസാരഥിയുടെ പതിനെട്ടാംപടിക്കു താഴെ വലിയ സ്വീകരണം. ഗോപുരത്തറയിലും പടികളിലും നിന്നവരുടെ പുഷ്പവൃഷ്ടി.
കിഴക്കേനടയിലെ വിശ്രമശേഷം നിറഞ്ഞ കൃഷ്ണന്റെ നാട്ടിലൂടെ പൊന്നുംതോട്ടം ഭഗവതിയുടെ അനുഗ്രഹത്തിലേക്ക് നാടുമുഴുവന്‍ ഉത്സവച്ഛായ. ഇരുട്ടുവീണുതുടങ്ങുമ്പോഴേക്കും പാമ്പാടിമണ്ണിലെ വലിയ സ്വീകരണത്തിലിടചേര്‍ന്ന് ക്ഷേത്രത്തിലെത്തി. പുലര്‍ച്ചെ തുടങ്ങിയ അന്നദാനം ഇപ്പോഴും തുടരുന്നു. ചെറിയ വിശ്രമവും ദീപാരാധനയും. എത്തിയവര്‍ക്കൊക്കെ കനകാഭരണങ്ങളുടെ ദര്‍ശനപുണ്യം.
കര്‍പ്പൂരാഴികള്‍ നിറഞ്ഞ പാതയിലൂടെയായി പിന്നീട് യാത്ര. വീടുകള്‍ മുഴുവന്‍ ദീപാലങ്കാരങ്ങള്‍. പടിക്കല്‍ വിളക്കും അയ്യപ്പചിത്രങ്ങളുമില്ലാത്ത വീടുകളില്ല. അവര്‍ക്ക് ഇത് ആഭരണയാത്രയല്ല, പന്തളകുമാരന് നല്‍കുന്ന എതിരേല്പാണ്.
ചെറുകോല്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്രവും നീര്‍പ്പാലവും കടന്ന് അയിരൂര്‍ ഭഗവതിയുടെ അടുത്തേക്ക്. അമ്മയുടെ മടിത്തട്ടിലാണ് ആദ്യദിനവിശ്രമം. ആഭരണപേടകങ്ങള്‍ എത്തുമ്പോഴേക്കും വിരിവച്ചവരെക്കൊണ്ട് നിറഞ്ഞിരുന്നു പുതിയകാവ് ക്ഷേത്രപരിസരം. ആഭരണങ്ങള്‍ ദര്‍ശിക്കാനായി നാടുമുഴുവന്‍ ഇവിടെ ഒഴുകിയെത്തി. അന്നദാനത്തില്‍ പങ്കുചേര്‍ന്ന് ചെറിയ വിശ്രമശേഷം പുലര്‍ച്ചെ രണ്ടരയോടെ ഇവിടെനിന്ന് തുടര്‍യാത്ര.
(തുടരും)