എല്ലാം ഒരുക്കി; ഇനി വിളക്കുകണ്ട് തൊഴാം

Posted on: 13 Jan 2014


ശബരിമല: കറുപ്പണിഞ്ഞ ശബരിമലയില്‍ ചൊവ്വാഴ്ചത്തെ മകരവിളക്കിന് എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി.

കുടിവെള്ളം, വെളിച്ചം, ഭക്ഷണം എന്നിവ മുടങ്ങാതിരിക്കാനും തിക്കുംതിരക്കും ഒഴിവാക്കാനും തീര്‍ഥാടക സുരക്ഷയ്ക്കുമാണ് മുന്‍ഗണന. ശബരിമലയുടെ മടക്കുകളും കാട്ടുപാതകളും കാട്ടരികുമൊക്കെ ഭക്തരെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്.

മകരജ്യോതി കാണാന്‍ ഭക്തര്‍ തമ്പടിക്കുന്ന പമ്പ ഹില്‍ടോപ്പില്‍ കുടിവെള്ളവിതരണം തുടങ്ങി. ടാങ്കറുകളിലാണ് ഇവിടെ വെള്ളം എത്തിക്കുന്നത്. ശരംകുത്തിയില്‍ 60 ലക്ഷംലിറ്റര്‍ വെള്ളം വേറെ കരുതലുണ്ട്. ദേവസ്വംബോര്‍ഡ് ആവശ്യപ്പെടുന്നമുറയ്ക്ക് സന്നിധാനത്തേയ്ക്ക് ഈ വെള്ളം തുറന്നുവിടും. പമ്പയിലും പരിസരത്തും വെള്ളവും വെളിച്ചവും മുടങ്ങാതിരിക്കാന്‍ വാട്ടര്‍ അതോറിട്ടി, കെ.എസ്.ഇ.ബി., ദേവസ്വംബോര്‍ഡ് എന്നിവചേര്‍ന്നാണ് തയ്യാറെടുപ്പ് തുടരുന്നത്.

13 ദശലക്ഷം ലിറ്റര്‍ വെള്ളമാണ് ശേഖരിച്ചിട്ടുള്ളത്. പരമാവധി വെള്ളം കരുതുന്നുമുണ്ട്. നിലയ്ക്കല്‍ പാര്‍ക്കിങ് ഗ്രൗണ്ടിലും ടാങ്കുകളിലൂടെ വെള്ളം വിതരണമുണ്ട്. തിരക്കുണ്ടായിരുന്നപ്പോള്‍ കൂടുതല്‍ വെള്ളം വേണ്ടിവന്നിരുന്നു. ഇതുകൂടി കണക്കിലെടുത്താണ് ഇവിടത്തെ ക്രമീകരണം. പമ്പയില്‍ എട്ട്, പത്തുലക്ഷങ്ങള്‍ വീതം സംഭരണശേഷിയുള്ള ടാങ്കുകള്‍ നിറഞ്ഞുകിടക്കുകയാണ്. ശരംകുത്തിവരെ പമ്പയില്‍നിന്നാണ് വെള്ളം എത്തിക്കുന്നത്.

സന്നിധാനത്തും പരിസരത്തും ദേവസ്വംബോര്‍ഡിനാണ് കുടിവെള്ളവിതരണ ചുമതല. ഒരുകോടി 76 ലക്ഷം ലിറ്റര്‍ വെള്ളമാണ് കരുതലുള്ളത്. ഇക്കൊല്ലം പണിത 20 ലക്ഷത്തിന്റെ രണ്ട് ടാങ്കുകളിലും വെള്ളം ശേഖരിക്കുന്നു. കുന്നാര്‍ ഡാമില്‍നിന്ന് സന്നിധാനത്തെ ടാങ്കുകളിലേക്ക് വെള്ളത്തിന്റെ നല്ല ഒഴുക്കുണ്ട്.

തീര്‍ഥാടകര്‍ തങ്ങുന്ന സ്ഥലങ്ങളിലെല്ലാം വെള്ളം എത്തിക്കും. പൊതുവിതരണ ടാപ്പുകള്‍ സ്ഥാപിച്ചുതുടങ്ങി. തീര്‍ഥാടക ക്യൂവില്‍ വെള്ളം നല്‍കുന്നുണ്ട്.

പാണ്ടിത്താവളം പാതയില്‍ ടെലികോം സെന്ററിനു സമീപം പുതിയ സ്ഥിരംബാരിക്കേഡുകള്‍ സ്ഥാപിക്കുന്നത് പൂര്‍ത്തിയാകുന്നു. ബാക്കിയുള്ളിടങ്ങളിലും താത്കാലിക ബാരിക്കേഡ് പണിയും. പുല്‍മേട്ടിലും ഒരുക്കം തുടരുന്നു. വെളിച്ചത്തിന് കെ.എസ്.ഇ.ബി.യുടെയാണ് വിപുലമായ തയ്യാറെടുപ്പ്.

സന്നിധാനത്ത് നല്‍കിവരുന്ന കുടിവെള്ളം ശബരിപീഠംവരെ വ്യാപിപ്പിക്കും. സന്നിധാനത്തും പുല്‍മേട്ടിലും ബി.എസ്.എന്‍.എല്‍. ഉപഭോക്താക്കള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കും.

സന്നിധാനത്തെ ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ചീഫ് വിജിലന്‍സ് ഓഫീസര്‍ സി.പി.ഗോപകുമാറിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. ദേവസ്വം എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ബി.മോഹന്‍ദാസ്, ഫെസ്റ്റിവല്‍ കണ്‍ട്രോളര്‍ സി.പത്മകുമാര്‍, പ്രസാദവിതരണം സ്‌പെഷല്‍ ഓഫീസര്‍ എസ്.രാജശ്രീ, വാട്ടര്‍ അതോറിട്ടി, പൊതുമരാമത്ത്, പോലീസ്, വനം, എകൈ്‌സസ്, ആരോഗ്യം, അഗ്‌നിശമനസേന, മലിനീകരണ നിയന്ത്രണബോര്‍ഡ്, ധനലക്ഷ്മിബാങ്ക് തുടങ്ങിയവയിലെ പ്രതിനിധികള്‍ പങ്കെടുത്തു.

പമ്പ, സന്നിധാനം ഭാഗങ്ങളില്‍ വിവിധ വകുപ്പ്ഉദ്യോഗസ്ഥര്‍ ക്രമീകരണങ്ങളുടെ തിരക്കിലാണ്. മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പമ്പയിലും സന്നിധാനത്തും തങ്ങിയാണ് മേല്‍നോട്ടം വഹിക്കുന്നത്.

മലമടക്കുകളില്‍ പര്‍ണശാലകള്‍ ഉയര്‍ന്നുകഴിഞ്ഞു. കൊടും തണുപ്പുപോലും വകവയ്ക്കാതെയാണ് ഇവര്‍ കൊച്ചുകുടിലുകളില്‍ കഴിഞ്ഞുകൂടുന്നത്. ദേവസ്വംബോര്‍ഡിന്റേതടക്കം അന്നദാനം തുടരുന്നു.

കാട്ടുമൃഗശല്യം ഒഴിവാക്കാന്‍ വഴിനീളെയും പമ്പ, സന്നിധാനം പുല്‍മേട് ഭാഗങ്ങളിലും വനംവകുപ്പ് ശ്രദ്ധിക്കുന്നുണ്ട്. കാട്ടുതീ തടയും. ലക്ഷങ്ങള്‍ തമ്പടിക്കാറുള്ള പുല്‍മേട്ടില്‍ തീര്‍ഥാടകര്‍ക്ക് ബാരിക്കേഡ് പണിയും.

പുല്‍മേട്ടിലെ പുല്ലിന് തീയിട്ടാണിവിടെ ഇരിപ്പിടം ഒരുക്കുക. കര്‍പ്പൂരാഴിയും മറ്റും നടത്തി കാട്ടിലേക്ക് തീപടരുന്നത് തടയാനാണ് പുല്ലിന് തീയിട്ട് തറയൊരുക്കിയത്. മൂന്നുവര്‍ഷംമുമ്പത്തെ ദുരന്തംകൂടി കണക്കിലെടുത്താണ് സുരക്ഷാക്രമീകരണങ്ങള്‍.





zoomin
Virtual Tour

 

ga